പാസ്‌വേഡ് പങ്കിടൽ അവസാനിപ്പിക്കുമെന്ന് പറഞ്ഞതിനു പിന്നാലെ വലിയ തിരിച്ചടിയാണ് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് നേരിടുന്നത്. ഈ ആഴ്ച ആദ്യമാണ് പ്ലാറ്റ്‌ഫോമിന്റെ യുഎസ് സഹായ കേന്ദ്രം, നെറ്റ്ഫ്ലിക്സ് ആക്‌സസ് ചെയ്യാൻ മറ്റുള്ളവരുടെ അക്കൗണ്ട് ഉപയോഗിക്കുന്നതിൽനിന്ന് ആളുകളെ തടയുന്നതിനുള്ള പുതിയ പ്രോട്ടോക്കോളുകൾ വിശദമായി അവതരിപ്പിച്ചത്.
പുതിയ ചട്ടങ്ങൾ പ്രകാരം വരിക്കാർ നെറ്റ്ഫ്ലിക്സ് അക്കൗണ്ടിൽ കണക്റ്റ് ചെയ്തിട്ടുള്ള അവരുടെ വീട്ടിലെ ഡിവൈസുകൾ എല്ലാ മാസവും വെരിഫൈ ചെയ്യണം. വീടിനു പുറത്തുള്ള ഉപകരണങ്ങളിൽനിന്ന് അക്കൗണ്ട് ആക്സസ് ചെയ്യുന്നതു ബ്ലോക്ക് ചെയ്യപ്പെടും. എന്നാൽ പുതിയ ആശയത്തിൽ പ്രതീക്ഷിച്ചതുപോലെയുള്ള സ്വീകാര്യത നെറ്റ്ഫ്ലിക്സിന് ലഭിച്ചില്ല. സോഷ്യൽ മീഡിയയിൽ പലരും തങ്ങളുടെ നിരാശ പ്രകടിപ്പിച്ചു.
“ഒരു ചെറിയ സമയത്തേക്ക്… ചിലി, കോസ്റ്ററിക്ക, പെറു എന്നിവിടങ്ങളിൽ മാത്രം ബാധകമായ വിവരങ്ങൾ ഉൾപ്പെട്ട നിബന്ധനകൾ മറ്റു രാജ്യങ്ങളിലും പ്രാബല്യത്തിൽ വന്നു ” എന്ന് അവകാശപ്പെട്ടുകൊണ്ട് നെറ്റ്ഫ്ലിക്സ് പുതിയ പ്രോട്ടോക്കോളുകൾ എടുത്തുകളഞ്ഞു. എന്നിരുന്നാലും, യുഎസിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പാസ്‌വേഡ് പങ്കിടലിനെതിരെ കർശന നടപടി വരാനിരിക്കുകയാണ്.
നെറ്റ്ഫ്ലിക്സ് സബ്‌സ്ക്രൈബർ അടിത്തറയുടെ മുരടിച്ച വളർച്ച
പാസ്‌വേഡ് പങ്കിടൽ നെറ്റ്ഫ്ലിക്‌സിന് വളരെക്കാലമായുണ്ടായിരുന്ന ആശങ്കയാണ്. ഉപഭോക്താക്കളുടെ സന്തോഷം നിലനിർത്താൻ ആ ആശങ്ക മാറ്റിവച്ചിരിക്കുകയാണ്. കമ്പനിയുടെ സ്വന്തം വിലയിരുത്തൽ അനുസരിച്ച്, ഏകദേശം 100 ദശലക്ഷം ആളുകൾ നെറ്റ്ഫ്ലിക്സ് സ്വന്തമായി പണം നൽകാതെ ഉപയോഗിക്കുന്നു. അവർ സുഹൃത്തുക്കളിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും പാസ്‌വേഡ് “കടം” വാങ്ങിയാണു പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത്.
കോവിഡ് മഹാമാരിയുടെ സമയത്ത് വരിക്കാരുടെ എണ്ണത്തിൽ കുതിച്ചുച്ചാട്ടമുണ്ടായതിനാൽ, പാസ്‌വേഡ് പങ്കിടലിനു പരിഹാരം കാണേണ്ടത് ആവശ്യകതയായി നെറ്റ്ഫ്ലിക്സിനു തോന്നിയിരുന്നില്ല. എന്നാലും കമ്പനിയെ സംബന്ധിച്ച് 2022 നിർണായകമായിരുന്നു.
കടുത്ത മത്സരവും റഷ്യയുടെ യുക്രൈൻ അധിനിവേശവും കാരണം 200,000 വരിക്കാരെ നഷ്ടപ്പെട്ടതായി നെറ്റ്ഫ്ലിക്‌സ് അതിന്റെ 2022 ലെ ആദ്യപാദ റിപ്പോർട്ടിൽ പ്രഖ്യാപിച്ചിരുന്നു. പിന്നീട് റഷ്യയിലെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഇതോടെ നഷ്ടമായ ആകെ വരിക്കാരുടെ എണ്ണം 7,00,000 ആയി. രണ്ടാം പാദത്തിൽ കമ്പനിയുടെ സാമ്പത്തിക സ്ഥിതി കൂടുതൽ മോശമായി. ഈ കാലയളവിൽ കമ്പനിക്ക് ഏകദേശം 10 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു. ഇതു നെറ്റ്ഫ്ലിക്സിന്റെ ഓഹരി വിലയിൽ 26 ശതമാനം ഇടിവുണ്ടാക്കി. ഏകദേശം 40 ബില്യൺ ഡോളർ മൂല്യവും നഷ്ടമായി.
തുടർന്നുള്ള പാദങ്ങൾ അൽപ്പം മെച്ചപ്പെട്ടതാണെങ്കിലും, കമ്പനിയുടെ വരുമാന ആവശ്യങ്ങളുടെ കാര്യത്തിൽ “ഇപ്പോഴും അവർ ആഗ്രഹിക്കുന്നത്ര വേഗത്തിൽ വളരുന്നില്ല” എന്ന് നെറ്റ്ഫ്ലിക്സ് സിഇഒ സ്പെൻസർ ന്യൂമാൻ പറഞ്ഞു.
പാസ്‌വേഡ് പങ്കിടൽ അവസാനിപ്പിക്കുന്നതാണോ പരിഹാരം?
അക്കൗണ്ടിനായി പണമടയ്ക്കുന്ന വ്യക്തി അത് ഉപയോഗിക്കുന്ന ഡിവൈസുകളുടെ നിയന്ത്രണം നിലനിർത്തണമെന്നും പാസ്‌വേഡുകൾ പങ്കിടരുതെന്നും നെറ്റ്ഫ്ലിക്സിന്റെ സേവന നിബന്ധനകൾ പണ്ടേ പറയുന്നുണ്ട്. എന്നാൽ കമ്പനി ഒരിക്കലും വ്യവസ്ഥ കർശനമായി നടപ്പിലാക്കിയിരുന്നില്ല.
കൂടുതൽ സ്തംഭനാവസ്ഥയിലായ വിപണിയിൽ വളരാനുള്ള പുതിയ വഴികൾ കണ്ടെത്താനുള്ള അന്വേഷണത്തിൽ, പാസ്‌വേഡ് പങ്കിടൽ അവസാനിപ്പിക്കുന്നതു പ്രായോഗിക പരിഹാരമായി കമ്പനി തിരിച്ചറിഞ്ഞു. മറ്റൊരാളുടെ അക്കൗണ്ട് ഉപയോഗിച്ച് സേവനങ്ങൾ ആസ്വദിക്കുന്ന ആളുകൾ പുതിയ സബ്‌സ്ക്രൈബർമാരാവുമെന്നായിരുന്നു നെറ്റ്ഫ്ലിക്സ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്.
പെട്ടെന്നുണ്ടായ ചില സങ്കീർണതകൾ
പാസ്‌വേഡ് പങ്കിടൽ കമ്പനി ഒരിക്കലും വേണ്ടെന്ന് വയ്ക്കാത്തതിന്റെ ഒരു കാരണം അത് ഉയർത്തുന്ന പല സങ്കീർണതകളാണ്. ആദ്യത്തേത്, ആർക്കാണ് പാസ്‌വേഡ് പങ്കിടാൻ കഴിയുക? കോളജിൽ പോകുന്ന കുട്ടികൾക്കു മാതാപിതാക്കളുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഉപയോഗിക്കാമോ? അകലങ്ങളിൽ കഴിയുന്ന ദമ്പതികളുടെ കാര്യത്തിൽ ഇതു സാധ്യമാണോ?
പാസ്‌വേഡ് പങ്കിടൽ നിരോധനം നടപ്പിലാക്കുന്നതിന് നെറ്റ്ഫ്ലിക്സിന് എവിടെയങ്കിലും ഒരു രേഖ വരയ്ക്കേണ്ടതുണ്ട്. ഒന്നുകിൽ അങ്ങേയറ്റം ഏകപക്ഷീയമായിരിക്കും, അല്ലെങ്കിൽ തികച്ചും ന്യായമായതായിരിക്കും. അതായത് ആർക്കും പങ്കിടാൻ കഴിയില്ല. രണ്ടും നെറ്റ്ഫ്ലിക്സിൽനിന്നു ഉപയോക്താക്കളെ അകറ്റാനുള്ള അപകടസാധ്യതയുള്ളവയാണ്.
രണ്ടാമതായി, പാസ്‌വേഡ് പങ്കിടുന്നത് നെറ്റ്ഫ്ലിക്സ് എങ്ങനെ തിരിച്ചറിയും? ഉപയോക്താവിന്റെ ലൊക്കേഷൻ, ഐപി വിലാസം അല്ലെങ്കിൽ മറ്റെന്തെങ്കിലും അടിസ്ഥാനമാക്കിയാണോ ഇത് വിലയിരുത്തുന്നത്? പണമടയ്ക്കുന്ന സബ്‌സ്‌ക്രൈബർ അവരുടെ വീട് അല്ലാതെ മറ്റൊരു ലൊക്കേഷനിൽനിന്ന് അവരുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിലോ?
പാസ്‌വേഡ് പങ്കിടൽ അവസാനിപ്പിക്കുന്നതിനുള്ള ഏതൊരു നീക്കവും കൈകാര്യം ചെയ്യേണ്ട ചില സങ്കീർണതകൾ മാത്രമാണിത്. ഇക്കാര്യത്തിൽ ലളിതമായ ഉത്തരങ്ങളൊന്നുമില്ല. ഈ അസൗകര്യവും അധിക ചെലവും നികത്താൻ ഉപയോക്താക്കൾക്ക് “മതിയായ മൂല്യം” നെറ്റ്ഫ്ലിക്സ് നൽകുമോയെന്ന ചോദ്യം അവശേഷിക്കുന്നു.
എങ്ങും പ്രതിഷേധം
നെറ്റ്ഫ്ലിക്സിന്റെ പുതിയ തീരുമാനത്തോട് ഇതുവരെ, ഉപയോക്താക്കൾ അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നത് നിർത്തി മറ്റു സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലേക്കു മാറുമെന്നാണു പലരുടെയും നിലപാട്.
നിയമവിരുദ്ധമായ സ്ട്രീമിങ് സൈറ്റുകൾക്കോ പൈറേറ്റഡ് ഉള്ളടക്കത്തിനോ ബദലായ മോഡലിനെ തന്നെ നെറ്റ്ഫ്ലിക്സ് നശിപ്പിക്കുന്നുവെന്നതാണു ശ്രദ്ധേയമായ ഒരു വലിയ പരാതി. ആളുകൾ ഒരു നിശ്ചിത തുക അടയ്ക്കാൻ തയാറാണെങ്കിലും, ബദലുകൾ ഒരു ഗൂഗിൾ സെർച്ച് അകലെയായതിനാൽ നെറ്റ്ഫ്ലിക്സിന് നിരവധി ഉപയോക്താക്കളെ നഷ്ടപ്പെട്ടേക്കാം.
ഈ പ്രശ്‌നത്തിൽ നെറ്റ്ഫ്ലിക്‌സിന്റെ തന്റെ തന്നെ മുൻപേ ഉള്ള വാദങ്ങൾ മറന്നതിൽ ഉപയോക്താക്കൾ അസ്വസ്ഥരാണ്. നേരത്തെ, നെറ്റ്ഫ്ലിക്സ് പലപ്പോഴും പാസ്‌വേഡ് പങ്കിടൽ പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. ഇപ്രകരമുള്ള ട്വീറ്റുകൾ പുതിയ നിർദേശത്തിനുശേഷം സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഈ നീക്കത്തിനെതിരെ നെറ്റ്ഫ്ലിക്സ് എതിർപ്പ് പ്രതീക്ഷിച്ചിരുന്നു. “തെറ്റ് ചെയ്യരുത്, ഉപയോക്താക്കൾക്ക് ഇത് ഇഷ്ടപ്പെടുമെന്ന് ഞാൻ കരുതുന്നില്ല,” എന്നാണു നെറ്റ്ഫ്ലിക്സിന്റെ പുതിയ കോ-സിഇഒ ടെഡ് സരണ്ടോസ് ഡിസംബർ ആദ്യം നിക്ഷേപകരോട് പറഞ്ഞത്. കനത്ത തിരിച്ചടികൾക്കിടയിലും ഈ നീക്കത്തിലൂടെ കമ്പനിക്ക് ശക്തി പ്രാപിക്കാൻ കഴിയുമോയെന്നു കാലത്തിനു മാത്രമേ പറയാൻ കഴിയൂ.
ഭാവി പദ്ധതി
ഉപയോക്താക്കളുടെ പ്രതികരണങ്ങൾ ലഘൂകരിക്കുന്നതിന്, പാസ്‌വേഡ് പങ്കിടൽ ക്രമേണ അവസാനിപ്പിക്കാമെന്നു നെറ്റ്ഫ്ലിക്സ് തീരുമാനമെടുത്തു. നിലവിൽ, ദക്ഷിണ അമേരിക്കയിലും മധ്യ അമേരിക്കയിലും നെറ്റ്ഫ്ലിക്സ് ഇതു പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഉപയോക്താക്കൾ അവരുടെ പ്രാഥമിക താമസസ്ഥലത്തിനു പുറത്ത് രണ്ടാഴ്ചയിൽ കൂടുതൽ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഉപയോഗിക്കുകയാണെങ്കിൽ അധിക ഫീസ് നൽകേണ്ടിവരും, അത് ഏകദേശം മൂന്ന് ഡോളറാണ്. വിപണികൾക്കനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടാകുമെങ്കിലും മോഡലുകൾ സമാനമായിരിക്കുമെന്നു പ്രതീക്ഷിക്കാം.
കൂടാതെ, മറ്റു സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുമായി മത്സരിക്കുന്നതിനായി നെറ്റ്ഫ്ലിക്സ് അതിന്റെ യഥാർത്ഥ ഉള്ളടക്കത്തിന്റെ എണ്ണം വർധിപ്പിക്കും. അങ്ങനെ “മതിയായ മൂല്യം” നൽകി അതിന്റെ ഉപയോക്താക്കളെ പണം അടയ്ക്കാത്തവരിൽനിന്നു പണമടയ്ക്കുന്നവരാക്കി മാറ്റാൻ ശ്രമിക്കും. “എല്ലാ ആഴ്‌ചയും ഗ്ലാസ് ഒനിയൻ സീരീസ് പോലെയുള്ള ഉള്ളടക്കം നൽകിക്കൊണ്ട് എല്ലാവരെയും (അസംതൃപ്തരായ ഉപയോക്താക്കളെ) തിരികെ നേടാൻ അവർ (നെറ്റ്ഫ്ലിക്സ്) തീർച്ചയായും ആഗ്രഹിക്കുന്നു,” കോ-സിഇഒ ഗ്രെഗ് പീറ്റേഴ്‌സ് ബ്ലൂംബെർഗിനോട് പറഞ്ഞു. മികച്ച ഉപയോക്തൃ അനുഭവവും “മൂല്യവും” നൽകുന്നതിനു സ്പേഷ്യൽ ഓഡിയോ പോലുള്ള നിരവധി പ്രീമിയം ഫീച്ചറുകൾ കമ്പനി ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്.
എത്ര പുതിയ ഷോകൾ ആരംഭിച്ചാലും അതിന്റെ സവിശേഷതകൾ പരിഗണിക്കാതെ തന്നെ, നെറ്റ്ഫ്ലിക്സ് മിക്ക ആളുകൾക്കും കൂടുതൽ ചെലവേറിയതായിരിക്കുമെന്നു സാരം. പരസ്യങ്ങൾ ഉൾക്കൊള്ളുന്നവ ഉൾപ്പെടെ, കൂടുതൽ ചെലവ് കുറഞ്ഞ പ്ലാനുകൾ കമ്പനി പരീക്ഷിക്കുമ്പോൾ, പാസ്‌വേഡ് പങ്കിടൽ ഉപയോക്താക്കൾക്കു ചെലവ് കുറയ്ക്കാനുള്ള ഒരു മാർഗമാണ്.