ഒഡേസ തീരത്തുണ്ടായിരുന്ന റഷ്യയുടെ കരിങ്കടല്‍ കപ്പല്‍ വ്യൂഹത്തിലെ മുന്‍നിര കപ്പലായ ‘മോസ്‌ക്‌വ’യ്ക്കു മിസൈല്‍ ആക്രമണത്തില്‍ കനത്ത നാശം വരുത്തിയതായി ബുധനാഴ്ച വൈകി ഒരു ടെലിഗ്രാം പോസ്റ്റ് വഴിയാണ് യുക്രൈന്‍ അറിയിച്ചത്.
നെപ്റ്റ്യൂണ്‍ കപ്പല്‍വേധ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് നടത്തിയ ആസൂത്രിത ആക്രമണമാണിതെന്ന് യുക്രൈന്‍ അവകാശപ്പെടുന്നു. എന്നാല്‍ വെടിക്കോപ്പുകള്‍ക്കു തീപിടിച്ചാണു കപ്പലില്‍ സ്‌ഫോടനമുണ്ടായതെന്നാണു റഷ്യ അറിയിച്ചത്.
നെപ്റ്റ്യൂണ്‍ കപ്പല്‍വേധ ക്രൂയിസ് മിസൈലുകള്‍ എന്താണെന്നും അവ എങ്ങനെ ലക്ഷ്യത്തിലെത്തുന്നുവെന്നും പരിശോധിക്കാം.
മോസ്‌ക്‌വയില്‍ പതിച്ച ക്രൂയിസ് മിസൈല്‍ ഏത്?
രണ്ട് നെപ്റ്റ്യൂണ്‍ കപ്പല്‍വേധ ക്രൂയിസ് മിസൈലുകളാണ് മോസ്‌ക്‌വയില്‍ പതിച്ചതെന്നാണ് യുക്രൈന്‍ അറിയിച്ചിരിക്കുന്നത്. വിരോധാഭാസമെന്നു പറയട്ടെ, ഈ മിസൈലിന്റെ രൂപകല്‍പ്പന റഷ്യയുടെ കെഎച്ച്-35 ക്രൂയിസ് മിസൈലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എഎസ്-20 കയാക് എന്ന നാറ്റോ പേരിലാണ് ഇത് അറിയപ്പെടുന്നത്.
ആറ് വര്‍ഷത്തോളമെടുത്ത് വികസിപ്പിച്ച നെപ്റ്റ്യൂണ്‍ മിസൈല്‍ സംവിധാനം 2021 മാര്‍ച്ചിലാണ് യുക്രൈന്‍ പ്രതിരോധ സേനയുടെ ഭാഗമായത്. 2014-ല്‍ റഷ്യയുടെ ക്രിമിയ അധിനിവേശത്തിനു ശേഷം യുക്രൈന്റെ തീരപ്രദേശങ്ങളിലേക്കുള്ള ഭീഷണി അതിവേഗം വളര്‍ന്ന സാഹചര്യത്തിലാണ് സൈന്യം തിടുക്കപ്പെട്ട് ഈ ക്രൂയിസ് മിസൈല്‍ വികസിപ്പിച്ചെടുത്തത്. 300 കിലോമീറ്റര്‍ പരിധിയിലുള്ള നാവികസേനാ കപ്പലുകളെ നശിപ്പിക്കാന്‍ കഴിയുന്ന തീരദേശ കപ്പല്‍വേധ ക്രൂയിസ് മിസൈലാണ് നെപ്റ്റ്യൂണ്‍ എന്നാണ് യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നത്.
കടലില്‍നിന്നുള്ള ഏത് ആക്രമണത്തെയും നേരിടാന്‍ കഴിയുന്ന സംയോജിത പ്രതിരോധ സംവിധാനമെന്ന നിലയില്‍ മിസൈല്‍ ബോട്ടുകള്‍, പട്രോളിങ് വെസലുകള്‍, കോര്‍വെറ്റുകള്‍ എന്നിവയുമായി നെപ്റ്റ്യൂണിനെ സംയോജിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മിസൈലിനെ സൈന്യത്തിന്റെ ഭാഗമാക്കുന്ന ചടങ്ങില്‍ യുക്രൈന്‍ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു.
എന്താണ് മോസ്‌ക്‌വ, മിസൈല്‍ പതിച്ച കപ്പല്‍?
മോസ്‌കോ നഗരത്തിന്റെ പേരിലുള്ള റഷ്യന്‍ നാവികസേനയുടെ ഗൈഡഡ് മിസൈല്‍ ക്രൂയിസറാണ് 12,490 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള മോസ്‌ക്‌വ. കരിങ്കടല്‍ കപ്പല്‍ വ്യൂഹത്തിലെ മുന്‍നിര കപ്പലായ മോസ്‌ക്‌വയില്‍ അഞ്ഞൂറോളം ജീവനക്കാരും ഉണ്ട്. മോസ്‌ക്വ യഥാര്‍ത്ഥത്തില്‍ 1983-ല്‍ സ്ലാവ എന്ന പേരിലാണ് കമ്മിഷന്‍ ചെയ്തത്. 2000-ല്‍ നവീകരിച്ച ആയുധ സംവിധാനങ്ങളും ഇലക്ട്രോണിക്‌സ് സംവിധാനങ്ങളും ഉള്‍പ്പെടുത്തി മോസ്‌ക്‌വ എന്ന പേരില്‍ കപ്പല്‍ വീണ്ടും കമ്മിഷന്‍ ചെയ്യുകയായിരുന്നു.
യുക്രൈന്‍ അധിനിവേശത്തിടെ ഇതാദ്യമായല്ല മോസ്‌ക്‌വ വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്. സ്‌നേക്ക് ഐലന്‍ഡിലെ യുക്രൈന്‍ സൈനികരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടതായും ‘റഷ്യന്‍ യുദ്ധക്കപ്പല്‍ തുലയെട്ട’ എന്ന മറുപടി ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എങ്ങനെയായിരുന്നു ആക്രമണം?
കപ്പലിന്റെ വ്യോമപ്രതിരോധ സംവിധാനം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ക്കൊപ്പം കബളിപ്പിക്കാനായി ടിബി-2 ഡ്രോണുകള്‍ പറത്തിയുമാണു നെപ്റ്റ്യൂണ്‍ ക്രൂയിസ് മിസൈല്‍ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് കപ്പലിലെ വ്യോമപ്രതിരോധ സംവിധാനത്തിന്റെ ശ്രദ്ധ മാറ്റുകയും ക്രൂയിസ് മിസൈലുകളെ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.
കരിങ്കടലിലെ റഷ്യന്‍ നാവികസേനാ കപ്പലുകള്‍ ആക്രമിച്ചതായി യുക്രൈന്‍ നേരത്തെയും അവകാശപ്പെട്ടിരുന്നുവെങ്കിലും അവ മോസ്‌ക്‌വയോളം വലുതോ അത്രയും കേടുപാടുകള്‍ സംഭവിച്ചതോ ആയിരുന്നില്ല.
കേടുപാടുകള്‍ എത്രത്തോളം വലുതാണ്?
മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് സാരമായി കേടുപാട് സംഭവിച്ച മോസ്‌ക്‌വ കപ്പല്‍ മുങ്ങാന്‍ പോകുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. യുക്രൈന്റെ ഭാഗത്തുനിന്നുള്ള ഈ റിപ്പോര്‍ട്ട് റഷ്യന്‍ നാവികസേന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മോസ്‌ക്‌വയുടേതെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള, കപ്പലിനു തീപിടിച്ച ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇവയും സ്ഥിരീകിക്കപ്പെട്ടിട്ടില്ല. മണിക്കൂറുകള്‍ കഴിയുന്തോറും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുകയാണ്. കപ്പല്‍ ഇതിനകം മുങ്ങിയതായി പലരും അവകാശപ്പെടുന്നു. അതേസമയം, കപ്പലിനു കേടുപാടുകള്‍ സംഭവിച്ചതായി റഷ്യ അംഗീകരിച്ചിട്ടുണ്ട്.
Also Read: നാരങ്ങയ്ക്ക് വില കൂടുന്നത് എന്തുകൊണ്ട്?