കഴിഞ്ഞയാഴ്ചയാണ് 15 അംഗ എൻഡിഎ മന്ത്രിസഭ ബീഹാറിൽ ചുമതലയേറ്റത്. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി സംസ്ഥാനത്തിൽ അധികാരത്തിലെത്തിയ എൻഡിഎ മുന്നണിയുടെ മന്ത്രിസഭ ഒരു മുസ്ലീം പ്രതിനിധിയും ഇല്ലാതെയാണ് അധികാരമേറ്റത്. പതിറ്റാണ്ടുകൾക്കിടെ ഇതാദ്യമായാണ് ബീഹാറിൽ ഒരു മുസ്ലീം മന്ത്രി പോലും ഇല്ലാതെ സർക്കാർ അധികാരമേൽക്കുന്നത്.
സർക്കാരിൽ മുസ്‌ലിംകളുടെ പ്രാതിനിധ്യത്തിന്റെ അഭാവം ബീഹാറിൽ മാത്രമായി, അല്ലെങ്കിൽ എൻഡിഎ സർക്കാരിൽ മാത്രമായി പരിമിതപ്പെടുന്നില്ലെന്ന്, ഇന്ത്യൻ എക്സ്പ്രസ് പരിശോധിച്ച രേഖകൾ വ്യക്തമാക്കുന്നു.

വാസ്തവത്തിൽ, മിക്ക സംസ്ഥാനങ്ങളിലും, കാബിനറ്റുകളിലെ മുസ്‌ലിം പ്രാതിനിധ്യം സമൂഹത്തിലെ ജനസംഖ്യയിലുള്ള മുസ്ലിംകളുടെ ശതമാനത്തേക്കാൾ വളരെ താഴെയാണ്. ബിജെപിയുടെ രാഷ്ട്രീയം ഒരു ഇടവും തുറക്കുന്നില്ലെങ്കിൽ, കോൺഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങൾ പോലും പ്രാതിനിധ്യം കുറച്ചു മാത്രമാണ് നൽകുന്നത്.
ഇന്ത്യയിലെ 80 ശതമാനം മുസ്‌ലിംകളും താമസിക്കുന്ന ആകെ 10 സംസ്ഥാനങ്ങളിലെ മന്ത്രിസഭകളിലായുള്ള മന്ത്രിമാരുടെ മൊത്തം എണ്ണം 281 ആണ്. അതിൽ 16 പേർ മാത്രമാണ് മുസ്‌ലിംകൾ. മന്ത്രിസഭയിൽ സമുദായത്തിന്റെ പ്രാതിനിധ്യം 5.7 ശതമാനം മാത്രമാണ്. സംസ്ഥാനങ്ങളിലെ ജനസംഖ്യയിലെ മുസ്ലിംകളുടെ എണ്ണത്തിന്റെ മൂന്നിലൊന്നിലും കുറവാണത്.
Read More from Explained: ഗുപ്കർ അലയൻസുമായി കോൺഗ്രസ് സഖ്യമുണ്ടാക്കുന്നതിനെ ബിജെപി എതിർക്കുന്നതെന്തിന്? അറിയേണ്ടതെല്ലാം
ഈ 10 സംസ്ഥാനങ്ങളിൽ നാലിടത്ത്-ബിജെപി ഭരിക്കുന്ന അസം, കർണാടക, ഗുജറാത്ത്, ബീഹാർ എന്നിവിടങ്ങളിൽ- ഒരു മുസ്ലീം പ്രതിനിധിയും സർക്കാരിൽ ഇല്ല. അസം-18, കർണാടക-18, ഗുജറാത്ത്-23 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ ആകെ മന്ത്രിമാരുടെ എണ്ണം.
ഈ പത്ത് സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലുള്ള മറ്റൊരു സംസ്ഥാനം ഉത്തർ പ്രദേശാണ്. 54 അംഗ ഉത്തർ പ്രദേശ് മന്ത്രിസഭയിൽ അംഗം മാത്രമാണ് മുസ്ലിം സമുദായത്തിൽനിന്നുള്ളത്. ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി മൊഹ്സിൻ റാസയാണ് യുപി സർക്കാരിലെ ഏക മുസ്ലിം മന്ത്രി.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള കണക്ക് പരിശോധിച്ചാൽ ഈ 10 സംസ്ഥാനങ്ങളിൽ മുസ്ലിം മന്ത്രി ഇല്ലാത്ത ഒരേയൊരു സംസ്ഥാനം ഗുജറാത്ത് മാത്രമായിരുന്നു. ഈ 10 സംസ്ഥാനങ്ങളിലെ മുസ്ലീം മന്ത്രിമാരുടെ എണ്ണം 2014 ന് മുമ്പ് ഇന്നുള്ളതിന്റെ ഇരട്ടിയിലധികമായിരുന്നു, 34 പേർ.
2011 ലെ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 14.2 ശതമാനം മുസ്‌ലിംകളാണ്. എന്നാൽ മന്ത്രിമാർ എന്ന നിലയിൽ മുസ്ലീംകളുടെ പ്രാതിനിധ്യം 3.93 ശതമാനം മാത്രമാണ്.

ഈ പത്ത് സംസ്ഥാനങ്ങളിൽ, കോൺഗ്രസ് ഭരണ മുന്നണിയുടെ ഭാഗമായ രണ്ട് സംസ്ഥാനങ്ങളായ രാജസ്ഥാൻ, ഝാർഘണ്ഡ് എന്നിവിടങ്ങളിൽ ഓരോ മുസ്ലീം അംഗങ്ങൾ മാത്രമാണ് മന്ത്രിസഭയിൽ. ആകെ 11 അംഗങ്ങളാണ് ഝാർഘണ്ഡ് മന്ത്രിസഭയിലുള്ളത്, രാജസ്ഥാനിൽ 22 അംഗ മന്ത്രിസഭയാണ്. മുസ്ലീം ജനസംഖ്യ കുറവുള്ള പഞ്ചാബിലും ഛത്തീസ്ഗഢിലും കോൺഗ്രസ് സർക്കാരുകളിൽ ഓരോ മുസ്ലിം അംഗങ്ങളുണ്ട്. പഞ്ചാബിൽ ആകെ മന്ത്രിമാരുടെ എണ്ണം 17 ആണ്. ഛത്തീസ്ഗഡിൽ 13 ആണ് മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം.
ബിജെപി ഭരിക്കാത്ത ഏതാണ്ട് എല്ലാ പ്രധാന സംസ്ഥാനങ്ങളിലും ഒരു മുസ്ലീം മന്ത്രി എങ്കിലും ഉണ്ട്. പശ്ചിമ ബംഗാളിൽ ആണ് മന്ത്രിസഭയിൽ ഏറ്റവും ഉയർന്ന മുസ്ലിം പ്രാതിനിധ്യം. പശ്ചിമ ബംഗാളിൽ 48 അംഗ മന്ത്രിസഭയിൽ ഏഴ് പേർ മുസ്ലിംകളാണ്. തൊട്ടുപിന്നിൽ മഹാരാഷ്ട്രയും കേരളവുമാണ്. മഹാരാഷ്ട്രയിൽ 43 അംഗ മന്ത്രിസഭയിൽ നാല് പേരാണ് മുസ്ലിം സമുദായാംഗങ്ങൾ. കേരളത്തിൽ ഇത് 20 അംഗ മന്ത്രി സഭയിൽ രണ്ട് പേരാണ്.
Read More from Explained: എന്താണ് ഇന്ത്യയുടെ പ്രാദേശിക ഗതിനിർണയ ഉപഗ്രഹ സംവിധാനം? അറിയേണ്ടതെല്ലാം
പാർട്ടിക്ക് മുസ്ലീം സമുദായത്തിൽനിന്നുള്ള പിന്തുണ ഇല്ലാത്തതും പാർട്ടിയിൽ ചേരാൻ മുസ്ലിംകൾ മടിക്കുന്നതുമാണ് അവരുടെ സർക്കാരുകളിൽ മുസ്ലിം മന്ത്രിമാരുടെ അഭാവത്തിന് കാരണമെന്നാണ് ബിജെപി പറയുന്നത്.
“ഏതെങ്കിലും ബന്ധം മുന്നോട്ട് പോവണമെങ്കിൽ നിങ്ങൾക്ക് പരസ്പരസഹകരണം ആവശ്യമാണ്. നിങ്ങൾക്ക് ഒരു പാർട്ടിയെ മാറ്റിനിർത്തി അത് നിങ്ങളുമായി അധികാരം പങ്കിടുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. ബിജെപിയെക്കാൾ (മുസ്‌ലിം) സമുദായമാണ് ഈ വിഷയത്തിൽ ആത്മപരിശോധന നടത്തേണ്ടത്. സമുദായം പാർട്ടിയുമായി കൈകോർത്താൽ അധികാരത്തിനായി വിലപേശാൻ അത് കൂടുതൽ നല്ല നിലയിലായിരിക്കും,” ബിജെപി ന്യൂനപക്ഷ സെല്ലിന്റെ ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖി പറഞ്ഞു.
ഇന്ത്യയിലുടനീളം, തിരഞ്ഞെടുക്കപ്പെട്ട ഒരു മുസ്ലീം എംഎൽഎ മാത്രമാണ് ബിജെപിക്ക് ഉള്ളത്: അസമിലെ സോനായിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അമിനുൽ ഹക്ക് ലസ്‌കർ. അടുത്തിടെ അദ്ദേഹം നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.