scorecardresearch
Latest News

മൾട്ടിസ്റ്റേറ്റ് കോഓപ്പറേറ്റീവ് എന്താണ്, എന്തിനാണ് കേന്ദ്രസർക്കാർ നിയമ ഭേദഗതി കൊണ്ടുവരുന്നത്?

2002ലെ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു

മൾട്ടിസ്റ്റേറ്റ് കോഓപ്പറേറ്റീവ് എന്താണ്, എന്തിനാണ് കേന്ദ്രസർക്കാർ നിയമ ഭേദഗതി കൊണ്ടുവരുന്നത്?


2002ലെ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി (എംഎസ്‌സിഎസ്) നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. പൂനെ വൈകുണ്ഠ് മേഹ്ത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റിന്റെ കോൺവൊക്കേഷനിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

എന്താണ് നിയമം, മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങൾ എന്തൊക്കെയാണ്?

സഹകരണ സ്ഥാപനങ്ങൾ ഒരു സംസ്ഥാന വിഷയമാണ്. എന്നാൽ സഹകരണ സൊസൈറ്റികളിൽ പലതിനും ഒന്നിലധികം സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അംഗങ്ങളും പ്രവർത്തന മേഖലകളും ഉണ്ട്. പഞ്ചസാര, പാൽ സൊസൈറ്റികൾ, ബാങ്കുകൾ തുടങ്ങിയവ ഇത്തരത്തിൽ പ്രവർത്തിക്കുന്നു. ഇത്തരം സഹകരണ സംഘങ്ങളെ ഭരിക്കുന്നതിനാണ് നിയമം പാസാക്കിയത്.

ഉദാഹരണത്തിന്, കർണാടക-മഹാരാഷ്ട്ര അതിർത്തിയിലുള്ള ജില്ലകളിലെ മിക്ക പഞ്ചസാര മില്ലുകളും ഇരു സംസ്ഥാനങ്ങളിൽ നിന്നും കരിമ്പ് സംഭരിക്കുന്നു.

അവർ രണ്ട് സംസ്ഥാനങ്ങളിൽ നിന്നും അവരുടെ അംഗത്വം എടുക്കുന്നു, അങ്ങനെ അവർ എംഎസ്‌സിഎസ് നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്യപ്പെടുന്നു. അവരുടെ ഡയറക്ടർ ബോർഡിന് അവർ പ്രവർത്തിക്കുന്ന എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാതിനിധ്യമുണ്ടാവും. ഈ സൊസൈറ്റികളുടെ ഭരണപരവും സാമ്പത്തികവുമായ നിയന്ത്രണം കേന്ദ്ര രജിസ്ട്രാർക്കാണ്. ഒരു സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനും അവരുടെമേൽ യാതൊരു നിയന്ത്രണവും ചെലുത്താൻ കഴിയില്ലെന്ന് നിയമം വ്യക്തമാക്കുന്നു.

Also Read: സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തല്‍: നിയമം, കാരണങ്ങള്‍, വിമര്‍ശനം

നിയമം നിലവിൽ വന്നതിനുശേഷം, 1,479 അത്തരം സൊസൈറ്റികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ ഒമ്പത് എണ്ണത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ടു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർ – 567, ഉത്തർപ്രദേശ് (147), ന്യൂഡൽഹി (133) എന്നിവയാണ് തൊട്ടടുത്തുള്ള സ്ഥാനങ്ങളിൽ. രജിസ്റ്റർ ചെയ്ത സൊസൈറ്റികളിൽ ഭൂരിഭാഗവും ക്രെഡിറ്റ് സൊസൈറ്റികളാണ്. 610 സൊസൈറ്റികൾ ഇത്തരത്തിലുള്ളതാണ്. കാർഷികാധിഷ്ഠിത (പഞ്ചസാര മില്ലുകൾ, സ്പിന്നിംഗ് മില്ലുകൾ മുതലായവ ഉൾപ്പെടുന്നു) ആണ് രണ്ടാമത്, 244 എണ്ണംം. 96 മൾട്ടിസ്റ്റേറ്റ് സഹകരണ ഡയറികളും 66 മൾട്ടിസ്റ്റേറ്റ് സഹകരണ ബാങ്കുകളുമുണ്ട്.

എന്തുകൊണ്ടാണ് സർക്കാർ നിയമം ഭേദഗതി ചെയ്യാൻ ഉദ്ദേശിക്കുന്നത്?

സഹകരണ സ്ഥാപനങ്ങളിലെ വിദഗ്ധർ നിയമത്തിലെ പഴുതുകളെ കുറിച്ച് സംസാരിക്കുന്നു. കേന്ദ്ര സഹകരണ കമ്മീഷണർ കൂടിയായ സെൻട്രൽ രജിസ്ട്രാറുടെ പ്രത്യേക നിയന്ത്രണം ഈ സൊസൈറ്റികളുടെ സുഗമമായ പ്രവർത്തനം അനുവദിക്കുന്നതിനായി വിഭാവനം ചെയ്തിരിക്കുന്നു. ഈ സൊസൈറ്റികൾക്ക് ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ സംസ്ഥാന അധികാരികളുടെ ഇടപെടലിൽ നിന്ന് കേന്ദ്ര നിയമം അവരെ ഒഴിവാക്കുന്നു. എന്നാൽ സുഗമമായ പ്രവർത്തനം ലക്ഷ്യമിട്ട് നടപ്പാക്കിയ കാര്യങ്ങൾ പിന്നീട് തടസ്സങ്ങൾ സൃഷ്ടിച്ചു.

സംസ്ഥാന-രജിസ്‌ട്രേഡ് സൊസൈറ്റികളുടെ സാമ്പത്തിക, ഭരണപരമായ നിയന്ത്രണം സംസ്ഥാന രജിസ്ട്രാർമാരിൽ നിക്ഷിപ്തമാണെന്ന് സഹകരണ സംഘങ്ങളിലെ വിദഗ്ധനായ വിജയ് ഔതാഡെ ചൂണ്ടിക്കാട്ടി.

Also Read: എന്താണ് ലോഗ്4ജെ വൾനറബിലിറ്റി? എന്തുകൊണ്ടാണ് ഇത് ടെക് കമ്പനികളെ ആശങ്കപ്പെടുത്തുന്നത്?

“അതിനാൽ ഒരു പഞ്ചസാര മില്ല് പുതിയ യന്ത്രസാമഗ്രികൾ വാങ്ങാനോ വിപുലീകരണത്തിനോ പോകണമെങ്കിൽ, രണ്ടിനും അവർ ആദ്യം പഞ്ചസാര കമ്മീഷണറുടെ അനുമതി വാങ്ങണം. ഇതിനുശേഷം, നിർദ്ദേശം സംസ്ഥാനതല സമിതിയിലേക്ക് പോകും, അത് ടെൻഡറുകൾ നടത്തുകയും നടപടിക്രമങ്ങൾ നടത്തുകയും ചെയ്യും, ”അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് രജിസ്‌റ്റർ ചെയ്‌ത സൊസൈറ്റികൾക്കുള്ള സംവിധാനത്തിൽ പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കുന്നതിന് ഒന്നിലധികം തലങ്ങളിൽ പരിശോധനകളും ബാലൻസുകളും ഉൾപ്പെടുന്നുണ്ടെങ്കിലും, മൾട്ടിസ്റ്റേറ്റ് സൊസൈറ്റികളുടെ കാര്യത്തിൽ ഈ തലങ്ങൾ നിലവിലില്ല. പകരം, ഡയറക്ടർ ബോർഡിന് എല്ലാ ധനകാര്യങ്ങളുടെയും ഭരണത്തിന്റെയും നിയന്ത്രണമുണ്ട്. ഒരു പരിധിക്ക് മുകളിലുള്ള ചെലവുകൾക്ക് സൊസൈറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം വിളിക്കണം. ഈ സൊസൈറ്റികളുടെ വാർഷിക റിപ്പോർട്ട് എല്ലാ വർഷവും സെപ്റ്റംബറിന് മുമ്പ് കേന്ദ്ര രജിസ്ട്രാർക്ക് ഓൺലൈനായോ ഓഫ്‌ലൈനായോ സമർപ്പിക്കണം. ഈ വർഷം 1,458 റിപ്പോർട്ടുകൾ സമർപ്പിച്ചു.

നിയമത്തിലെ മറ്റ് പ്രശ്നങ്ങൾ എന്തൊക്കെയാണ്?

സഹകരണ സൊരൈറ്റികളിൽ ദൈനംദിന സർക്കാർ നിയന്ത്രണത്തിന്റെ അഭാവം പ്രകടമായതായി പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. സംസ്ഥാന രജിസ്ട്രാർക്ക് ഒന്നിലധികം റിപ്പോർട്ടുകൾ സമർപ്പിക്കേണ്ട സംസ്ഥാന സഹകരണ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി, മൾട്ടിസ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങൾക്ക് അത് ആവശ്യമില്ല.

പ്രത്യേക വ്യവസ്ഥകളിൽ മാത്രമേ കേന്ദ്ര രജിസ്ട്രാർക്ക് സൊസൈറ്റികളുടെ പരിശോധന അനുവദിക്കാൻ കഴിയൂ. അതിനായി ബോർഡിലെ മൂന്നിലൊന്നിൽ കുറയാത്ത അംഗങ്ങൾ അല്ലെങ്കിൽ സൊസൈറ്റിയിലെ അഞ്ചിലൊന്നിൽ കുറയാതെ രജിസ്ട്രാറുടെ ഓഫീസിലേക്ക് ഒരു രേഖാമൂലമുള്ള അഭ്യർത്ഥന അയയ്‌ക്കേണ്ടതാണ്. സൊസൈറ്റികളെ മുൻകൂട്ടി അറിയിച്ചതിന് ശേഷം മാത്രമേ പരിശോധനകൾ നടക്കൂ.

Also Read: കണ്ണൂർ സർവകലാശാലാ വിവാദവും അതിനപ്പുറവും: സംസ്ഥാന, കേന്ദ്ര സർവകലാശാലകളിലെ ഗവർണറുടെ പങ്ക്

സെൻട്രൽ രജിസ്ട്രാർക്കുള്ള ഗ്രൗണ്ട് ഇൻഫ്രാസ്ട്രക്ചർ വളരെ കുറവാണ് – സംസ്ഥാന തലത്തിൽ ഓഫീസർമാരോ ഓഫീസുകളോ ഇല്ല, മിക്ക ജോലികളും ഓൺലൈനായോ കത്തിടപാടുകൾ വഴിയോ നടക്കുന്നു.

സൊസൈറ്റികളിലെ അംഗങ്ങൾക്ക്, അവർക്ക് നീതി തേടാൻ കഴിയുന്ന ഒരേയൊരു ഓഫീസ് ഡൽഹിയിലാണ്, അവരുടെ പരാതികൾ കേന്ദ്ര രജിസ്ട്രാർക്ക് കൈമാറുന്നതല്ലാതെ മറ്റൊന്നും ചെയ്യാനുള്ള ശേഷിയില്ലായ്മ സംസ്ഥാന അധികാരികൾ പ്രകടിപ്പിക്കുന്നു.

ഈ പഴുതുകൾ മുതലെടുത്ത് ക്രെഡിറ്റ് സൊസൈറ്റികൾ തട്ടിപ്പ് പദ്ധതികൾ ആരംഭിച്ച സംഭവങ്ങൾ രാജ്യത്തുടനീളം ഉണ്ടായിട്ടുണ്ട്. ഇത്തരം സ്കീമുകൾ കൂടുതലും ലക്ഷ്യമിടുന്നത് ഉയർന്ന വരുമാനം എന്ന മോഹത്തോടെ നിക്ഷേപിക്കുന്ന ചെറുകിട ഇടത്തരം ഉടമകളെയാണ്. പിന്നീട് ഉപേക്ഷിച്ച് പോകാൻ പ്രോത്സാഹിപ്പിക്കുന്ന ഓപ്പറേറ്റർമാർ ആളുകളെ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും കുറച്ച് തവണകൾക്ക് ശേഷം അവരുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും ചെയ്യുന്നു.

മഹാരാഷ്ട്രയിൽ, സംസ്ഥാന കമ്മീഷണർക്ക് ഇത്തരത്തിലുള്ള ഒന്നിലധികം പരാതികൾ ലഭിച്ചിരുന്നുവെങ്കിലും അത്തരം സൊസൈറ്റികളുടെ പശ്ചാത്തലം പരിശോധിക്കുന്നതിന് ആവശ്യമായ ഗ്രൗണ്ട് സ്റ്റാഫിന്റെ അഭാവം കാരണം ഒരു നടപടിയും സ്വീകരിക്കാൻ കഴിഞ്ഞില്ല.

പഞ്ചസാര വ്യവസായ വിദഗ്ധർ സാംഗ്ലിയിലെ ഒരു മില്ലിനെക്കുറിച്ച് സംസാരിച്ചു, അത് കേന്ദ്ര നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്യുകയും അന്നത്തെ ഡയറക്ടർ ബോർഡ് പ്രമേയം പാസാക്കിയ ശേഷം സ്വകാര്യവൽക്കരിക്കുകയും ചെയ്തു. വായ്പാ തിരിച്ചടവ് മുടങ്ങിയതിന് മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് വിറ്റ 68 എണ്ണത്തിൽ ഈ മില്ലും ഉൾപ്പെടുന്നു. മൾട്ടിസ്റ്റേറ്റ് പദവി മുതലെടുത്ത്, ലേലം ചെയ്യുന്നതിനുമുമ്പ് മിൽ സ്വയം തകർന്ന യൂണിറ്റായി പ്രഖ്യാപിച്ചിരുന്നു.

ഏതുതരം ഭേദഗതികൾ പ്രതീക്ഷിക്കാം?

ബാങ്കർമാർ, ഷുഗർ കമ്മീഷണർമാർ, സഹകരണ കമ്മീഷണർമാർ, ഹൗസിംഗ് സൊസൈറ്റി ഫെഡറേഷനുകൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുമായി കേന്ദ്രം വിപുലമായ കൂടിയാലോചനകൾ നടത്തുന്നുണ്ട്. മെച്ചപ്പെട്ട ഭരണം ഉറപ്പാക്കുന്നതിനായി ആദ്യം ഡൽഹിയിലും പിന്നീട് സംസ്ഥാനങ്ങളിലും തങ്ങളുടെ ജീവനകാകരുടെ എണ്ണംവർദ്ധിപ്പിക്കുമെന്ന് മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

കൂടാതെ, സുതാര്യത കൊണ്ടുവരാൻ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും അവർ പറഞ്ഞു.

ഇത്തരം സൊസൈറ്റികളുടെ ഭരണപരമായ നിയന്ത്രണം സംസ്ഥാന കമ്മീഷണർമാരിൽ നിക്ഷിപ്തമാക്കണമെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ഷുഗർ ഫാക്ടറി ഫെഡറേഷന്റെ മുൻ മാനേജിംഗ് ഡയറക്ടർ സഞ്ജീവ് ബാബർ നിർദ്ദേശിച്ചു. “ഇതുവഴി, തട്ടിപ്പ് കേസുകൾ ഒഴിവാക്കാൻ ദൈനംദിന നിയന്ത്രണം ഉപയോഗിക്കാനാകും,” എന്നും അദ്ദേഹം പറഞ്ഞു.

തയ്യാറാക്കിയത്: പാർത്ഥസാരഥി ബിശ്വാസ്

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Multistate cooperatives how they function why govt plans to amend the law