ടി 20 ലോകകപ്പിൽ വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീമിന്റെ ഉപദേശകനായി എം.എസ്.ധോണി എത്തുന്നുവെന്നത് ആശ്ചര്യപ്പെടുത്തുന്ന പ്രഖ്യാപനമായിരുന്നു. ആരാധകർ വളരെ ആവേശത്തോടെയാണ് അത് ഏറ്റെടുത്തത്. ഏകദിന, ടി20 മത്സരങ്ങളിൽ മുൻ ക്യാപ്റ്റനായ ധോണിയുടെ വിജയം അദ്ദേഹത്തെ ആ സ്ഥാനത്തേക്കുള്ള ശരിയായ തിരഞ്ഞെടുപ്പായി മാറ്റുന്നു.
എന്തുകൊണ്ടാണ് ധോണിയിലേക്കൊരു മടക്കം?
ധോണി ക്യാപ്റ്റനായിരുന്നപ്പോൾ ഇന്ത്യ പ്രധാനപ്പെട്ട മൂന്ന് കപ്പുകളാണ് നേടിയത്. ധോണി നായകനായി അരങ്ങേറിയ 2007ലെ ഐസിസി ടി20 ലോകകപ്പ്, 2011ൽ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യൻസ് ട്രോഫി.
ഈ ടൂർണമെന്റുകളിൽ എല്ലാം പ്രധാന പങ്കുവഹിച്ച ധോണി ഇപ്പോഴും ഐപിഎല്ലിലൂടെ സജീവ കളിക്കാരനായി തുടരുന്നുണ്ട്, അതായത് ഇപ്പോഴും ക്രിക്കറ്റിൽ തന്നെയുണ്ട്. അദ്ദേഹത്തിന്റെ ശാന്തമായ സ്വഭാവവും മത്സര സാഹചര്യങ്ങളെ വേഗത്തിൽ മനസിലാക്കാനുള്ള കഴിവും വേഗത്തിൽ തീരുമാനം എടുക്കാനുള്ള കഴിവും ഈ ഫോർമാറ്റിൽ ഒരു മുതൽക്കൂട്ടാണ്.
യുഎഇയിലെ വിക്കറ്റിന്റെ സ്വഭാവവും ആ സാഹചര്യങ്ങളിൽ തിളങ്ങാൻ സാധ്യതയുള്ള താരങ്ങളുടെ തിരഞ്ഞെടുപ്പും ധോണിയിലേക്ക് എത്താൻ ബിസിസിഐയെ സ്വാധീനിച്ചിട്ടുണ്ടെന്ന് വേണം കരുതാൻ.
സ്പിന്നിന് അനുകൂലമായ പിച്ചായിരിക്കുമെന്ന പ്രതീക്ഷയിൽ ടീമിൽ അഞ്ച് സ്പിന്നർമാരെയാണ് സെലക്ടർമാർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐപിഎല്ലിലെ പരിമിത ഓവർ ക്രിക്കറ്റിലും കണ്ടിട്ടുള്ള പോലെ സ്പിന്നർമാരെ ഉപയോഗിച്ച് ബാറ്സ്മാന്മാർക്കെതിരെ തന്ത്രം മെനയുന്നതിൽ ധോണി മിടുക്കനാണ്. ഇപ്പോൾ ഡഗ്ഔട്ടിൽ ആയിരിക്കും സ്ഥാനമെങ്കിലും ക്യാപ്റ്റൻ കോഹ്‌ലിയുടെ തീരുമാനങ്ങളെ സഹായിക്കാൻ ധോണിക്ക് സാധിക്കും. ടീമിലെ മിക്ക താരങ്ങളെയും ധോണിക്ക് അടുത്ത് അറിയാമെന്നതും ഗുണകരമാണ്.
Also read: ടി 20 ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ധോണി ഉപദേശകൻ
കോഹ്ലി-രവി ശാസ്ത്രി സഖ്യം പരിമിത ഓവർ ക്രിക്കറ്റിൽ വിജയിച്ചിട്ടില്ലേ?
കോഹ്‌ലിക്ക് കീഴിൽ ഇന്ത്യ പ്രധാന ടൂർണമെന്റുകളിൽ എല്ലാം അവസാനം പുറത്താകുന്ന കാഴ്ചയാണ് കണ്ടിട്ടുള്ളത്. 2017ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഫൈനലിൽ പാക്കിസ്ഥാനോടും 2019ലെ ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനോടും തോറ്റ് ഇന്ത്യ പുറത്തായിരുന്നു. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ കോഹ്‌ലിയുടെ ക്യാപ്റ്റൻസിയും അത്ര വിജയം കണ്ടിട്ടില്ല. മറുവശത്ത് ധോണി ചെന്നൈ സൂപ്പർ കിങ്സിനെ മൂന്ന് തവണ കപ്പിലേക്ക് നയിച്ചിട്ടുണ്ട്.
കോഹ്ലി ഓസ്‌ട്രേലിയയിൽ ഇന്ത്യയെ രണ്ടു ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനാണ്. വിദേശത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനും കോഹ്ലിയാണ്. എന്നാൽ പരിമിത ക്രിക്കറ്റിൽ ടീം ആഗ്രഹിക്കുന്ന വിജയലത്തിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഇതിന് കോഹ്‌ലിയെ മാത്രമായി കുറ്റപ്പെടുത്തുന്നതും ശരിയല്ലെങ്കിലും, എട്ട് വർഷമായി വൈറ്റ് ബോൾ ക്രിക്കറ്റിൽ ഒരു പ്രധാന കപ്പ് എന്നത് പിടികൊടുക്കാതെ നിൽക്കുകയാണ്.
എന്തുകൊണ്ടാണ് ഇത് ഒരു മാസ്റ്റേർസ്ട്രോക്ക് ആയി മാറുന്നത്?
മുഖ്യ പരിശീലകൻ രവി ശാസ്ത്രിയുടെയും മറ്റു സപ്പോർട്ട് സ്റ്റാഫുകളുടെയും കാലാവധി ടി20 ലോകകപ്പിന് ശേഷം അവസാനിക്കാനിരിക്കുകയാണ്. അവരുടെ കാലാവധി പുതുക്കുന്നത് സംബന്ധിച്ച് ബിസിസിഐ തീരുമാനം എടുത്തിട്ടുമില്ല. ആ സാഹചര്യത്തിൽ ധോണിയെ ഉപദേശകനായി നിയമിക്കുന്നത് അതിലൊരു താത്കാലിക ക്രമീകരണമായി പ്രവർത്തിക്കും.
പ്രധാനപ്പെട്ട ഒരു ഐസിസി ടൂർണമെന്റിന് മുന്നേ പുതിയ ഒരു പരിശീലകനെ ടീമിനൊപ്പം ചേർക്കുന്നതിനു പകരം മാനേജ്‍മെന്റിനു വിശ്വസ്തനായ ഒരാളെ ടീമിനൊപ്പം ചേർത്തത് ബിസിസിഐയുടെ മാസ്റ്റേർസ്ട്രോക്ക് തന്നെയാണ്.
വൈറ്റ്-ബോൾ ക്രിക്കറ്റിൽ മൂർച്ചയുള്ള തീരുമാനമെടുക്കുന്നയാൾ എന്ന ധോണിയുടെ ഖ്യാതിയും കോഹ്ലിയും ശാസ്ത്രിയുമായുള്ള ഊഷ്മളമായ ബന്ധവും ഇന്ത്യൻ ഡ്രസിങ് റൂമിലേക്കുള്ള ധോണിയുടെ തിരിച്ചുവരവിന് ഏറെ സഹായിച്ചിട്ടുണ്ട്. ഇപ്പോഴും ഐപിഎല്ലിലൂടെ സജീവ ക്രിക്കറ്റ് കളിക്കാരനായിരിക്കുകയും ഇന്ത്യൻ പരിശീലകനാകാൻ താൽപര്യം കാണിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ, ഒരു ഒറ്റത്തവണ ഉപദേഷ്ടാവായി എങ്കിലും ധോണിയെ ടീമിന്റെ ഭാഗമാക്കാൻ കഴിഞ്ഞത് എല്ലാവരുടെയും വിജയമാണ്.