ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ഞായറാഴ്ച നടത്തിയ രണ്ട് മിസൈല്‍ പരീക്ഷണങ്ങള്‍ വ്യോമപ്രതിരോധ സംവിധാനത്തില്‍ നിര്‍ണായക ചുവടുവയ്പായി മാറിയിരിക്കുകയാണ്. ഒഡിഷ തീരത്തെ ചണ്ഡിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍നിന്നായിരുന്നു പരീക്ഷണ വിക്ഷേപണങ്ങള്‍.
കരയില്‍നിന്ന് ആകാശത്തേക്കുന്ന വിക്ഷേപിക്കാവുന്ന മിസൈലി(എംആര്‍എസ്എഎം)ന്റെ കരസേനയുടെ ഉപയോഗത്തിനുള്ള പതിപ്പിപ്പിന്റെ പരീക്ഷണങ്ങളാണു നടത്തിയത്. മിസൈലിന്റെ പ്രധാന സവിശേഷതകള്‍ പരിശോധിക്കാം.
എന്തുതരണം പരീക്ഷണങ്ങളാണു നടത്തിയത്?
അതിവേഗ വ്യോമലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ കഴിയുന്ന ലൈവ് ഫയറിങ് പരീക്ഷണങ്ങളുടെ ഭാഗമായിരുന്നു ഇന്നലത്തെ വിക്ഷേപണം. മിസൈലുകള്‍ ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. ആദ്യ വിക്ഷേപണം ഇടത്തരം ഉയരത്തിലുള്ള ദീര്‍ഘദൂര ലക്ഷ്യത്തെ പ്രതിരോധിക്കുന്നതായിരുന്നു. താഴ്ന്ന ഉയരത്തില്‍ പറക്കുന്ന ഹ്രസ്വദൂര ലക്ഷ്യത്തെ പ്രതിരോധിക്കാനുള്ള കഴിവ് തെളിയിക്കുന്നതായിരുന്നു രണ്ടാമത്തെ പരീക്ഷണം. കരസേനയുടെ ഉപയോക്തൃ പരീക്ഷണങ്ങളായിരുന്നു രണ്ടും.
എന്താണ് എംആര്‍എസ്എഎം?
കരസേനയുടെ ഉപയോഗത്തിനായി ഡിആര്‍ഡിഒയും ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസും (ഐഎഐ) സംയുക്തമായി വികസിപ്പിച്ച കരയില്‍നിന്ന് ആകാശത്തേക്കു തൊടുക്കാവുന്ന മിസൈലാണ് എംആര്‍എസ്എഎം. കരസേനയുടെ പഴകിയ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കു പകരമായിരിക്കും ഈ മിസൈല്‍. എംആര്‍എസ്എഎം ആയുധ സംവിധാനത്തില്‍ മള്‍ട്ടി-ഫങ്ഷന്‍ റഡാര്‍, മൊബൈല്‍ ലോഞ്ചര്‍ സംവിധാനം, മറ്റു വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ മിസൈലിനു കര, നാവിക, വ്യോമ വകഭേദങ്ങളുണ്ട്.
മൊബൈല്‍ ലോഞ്ചറിന് എട്ട് കാനിസ്റ്ററൈസ്ഡ് മിസൈലുകള്‍ കൊണ്ടുപോകാനും വിന്യസിക്കാനും വിക്ഷേപിക്കാനും കഴിയും. സിംഗിള്‍ മോഡില്‍ അല്ലെങ്കില്‍ റിപ്പിള്‍ ഫയറിങ് മോഡില്‍ വെര്‍ട്ടിക്കല്‍ ഫയറിങ് പൊസിഷനില്‍ ഇവ വിക്ഷേപിക്കാം.
റഡാര്‍ ഉപയോഗിച്ച് മിസൈലിന്റെ മാനേജ്‌മെന്റ് സിസ്റ്റം ശത്രുലക്ഷ്യം ട്രാക്ക് ചെയ്യുകയും കൃത്യമായി തിരിച്ചറിയുകയും ചെയ്യും. തുടര്‍ന്ന് ലക്ഷ്യത്തിന്റെ ദൂരം കണക്കാക്കി അതിനെ തടസപ്പെടുത്തുന്നതിനെക്കുറിച്ചുള്ള തീരുമാനത്തിനായി എല്ലാ വിവരങ്ങളും കമാന്‍ഡര്‍ക്ക് നല്‍കുന്നു. 275 കിലോഗ്രാം ഭാരമുള്ള മിസൈലിന് 4.5 മീറ്ററാണു നീളം. മിസൈലിന്റെ പറക്കല്‍ സുസ്ഥിരമാക്കുന്നതിനും കുതിപ്പ് നല്‍കുന്നതിനുമായി ചിറകുകളും മുന്‍ചിറകുകളുമുണ്ട്.
എംഎര്‍എസ്എഎം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?
ത്രസ്റ്റ് വെക്റ്റര്‍ കണ്‍ട്രോള്‍ സിസ്റ്റത്തിനൊപ്പം സോളിഡ് പ്രൊപ്പല്‍ഷന്‍ സംവിധാനമാണു മിസൈലിന് കരുത്ത് പകരുന്നത്. മിസൈലിന് മാക് 2 (ശബ്ദത്തിന്റെ ഇരട്ടി വേഗത) വേഗതയില്‍ സഞ്ചരിക്കാനാകും. 70 കിലോമീറ്റര്‍ പരിധിവരെയുള്ള ഒന്നിലധികം ലക്ഷ്യങ്ങളെ പ്രതിരോധിക്കാനും കഴിയും.
Also Read: ഇന്ത്യയിൽ പ്രവേശിക്കാൻ അനുമതി നിഷേധിക്കപ്പെട്ട കേരളത്തിന്റെ പണ്ഡിതൻ; ആരാണ് ഫിലിപ്പോ ഓസെല്ല?