ഈ വര്‍ഷം മുതല്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മണ്‍സൂണിന്റെ സാധാരണ ആരംഭവും പിന്‍വലിക്കല്‍ തിയതിയും പരിഷ്‌കരിക്കാന്‍ ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതേ തുടർന്ന് കേരളത്തില്‍ മണ്‍സൂണ്‍ മാറിയേക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു കാരണം. ചുരുക്കം ദിവസങ്ങളിൽ അതിതീവ്രമഴ പെയ്യുന്നതും ദീർഘനാൾ മഴയില്ലാതിരിക്കുന്നതും ഭാവിയിൽ മൺസൂണിൽ സ്ഥിരമാകുമെന്നും ശാസ്ത്രജ്ഞർ സൂചിപ്പിക്കുന്നു.

രാജ്യത്തിന്റെ പലഭാഗത്തായി ആകെ ലഭിക്കുന്ന 70 ശതമാനം മഴയും മൺസൂൺ കാലത്താണ്. ജൂൺ ഒന്നിന് ആരംഭിച്ച് സെപ്‌റ്റംബറിൽ അവസാനിക്കുന്നതാണ് പൊതുവേയുള്ള തെക്കു പടിഞ്ഞാറൻ മൺസൂൺ. കേരളത്തിൽ മൺസൂൺ കാലത്തിന് മാറ്റം ഉണ്ടായേക്കില്ല. എന്നാൽ, മുംബെെയിൽ മൺസൂൺ ആരംഭിക്കുന്നത് ജൂൺ പത്തിനു ശേഷമാകും. കുറച്ചു ദിവസങ്ങൾ വെെകിയായിരിക്കും മുംബെെയിൽ മൺസൂൺ എത്തുക. മുംബെെയിലെ പോലെ രാജ്യത്തെ മറ്റ് പല സ്ഥലങ്ങളിലും മൺസൂൺ മാറാൻ സാധ്യതയുണ്ട്.

Read Also: ഭരണഘടന ഉയർത്തിപ്പിടിക്കേണ്ടത് കേരളത്തിന്റെ കടമ

കേരളത്തിൽ മഴയുടെ വരവ് വലിയ രീതിയിൽ മാറിയിട്ടുണ്ട്. കഴിഞ്ഞ 13 വർഷത്തിനിടെ ഒരു തവണയാണ് കൃത്യം ജൂൺ ഒന്നിന് മൺസൂൺ മഴ ലഭിച്ചിട്ടുള്ളത്. മറ്റുള്ള സമയങ്ങളിലെല്ലാം മൺസൂൺ മാറിമറിയാറുണ്ട്. ആറോ ഏഴോ ദിവസങ്ങൾ വെെകിയെല്ലാം മൺസൂൺ കേരളത്തിലെത്താറുണ്ട്.

മഴ ലഭിക്കുന്ന സമയത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിലും മൺസൂൺ കാലത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. അങ്ങനെ മാറ്റം വന്നാൽ അതു വടക്കു കിഴക്കൻ മൺസൂണിന്റെ സമയത്തെ ബാധിച്ചേക്കും. അതുകൊണ്ടാണ് തെക്കു പടിഞ്ഞാറൻ മൺസൂണിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ലാത്തത്. ഒക്‌ടോബറിൽ ആണ് വടക്കു കിഴക്കൻ മൺസൂൺ കേരളത്തിൽ ആരംഭിക്കുന്നത്.

മൺസൂൺ കൂടുതൽ അസ്ഥിരമാകുന്നതായാണ് സമീപകാലത്തെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. വരും വർഷങ്ങളിൽ ഇത് വർധിക്കും. പ്രതിവർഷ വ്യതിയാനവും സീസണിലെ വ്യത്യാസവും കൂടുതൽ പ്രകടമാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook