scorecardresearch
Latest News

നായയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചു, പകര്‍ന്നതു മനുഷ്യനില്‍നിന്ന്; പിടിപെട്ടത് എങ്ങനെ?

പാരീസിലെ ഒരു ആശുപത്രിയിലാണു നായയില്‍ രോഗബാധ കണ്ടെത്തിയത്

Monkeypox, Dog Monkeypox, Monkeypox animals prevention

മനുഷ്യനില്‍നിന്നു മൃഗങ്ങളിലേക്കു മങ്കിപോക്‌സ് പടരുന്ന ആദ്യ കേസ് നായയില്‍ റിപ്പോര്‍ട്ട് ചെയ്തു. മെഡിക്കല്‍ ജേണലായ ദ ലാന്‍സെറ്റില്‍ ഓഗസ്റ്റ് 10-നു പ്രസിദ്ധീകരിച്ച ഗവേഷണമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാര്‍ത്തയെത്തുടര്‍ന്ന്, രോഗബാധിതര്‍ വ്യക്തികള്‍ വീട്ടില്‍ വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയായ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സി ഡി സി) ആന്‍ഡ് പ്രിവന്‍ഷന്‍ തങ്ങളുടെ പ്രതിരോധ ശിപാര്‍ശകള്‍ പുതുക്കി.

പാരീസിലെ ഒരു ആശുപത്രിയിലാണു നായയില്‍ രോഗബാധ കണ്ടെത്തിയത്. നായയുടെ ശരീരത്തില്‍ വ്രണങ്ങള്‍ പോലുള്ള ലക്ഷണങ്ങളുണ്ടായിരുന്നു. പ്രത്യേകിച്ച്, വയറ് ഭാഗത്തെ പഴുപ്പ് അടങ്ങിയ ചെറിയ കുമിളകളും നേരിയ ഗുദവ്രണവും ഉള്‍പ്പെടെയുള്ള മ്യൂക്കോക്യുട്ടേനിയസ് വ്രണങ്ങള്‍. നായ്ക്കള്‍ക്കു മറ്റു നായ്ക്കളിലേക്കോ മനുഷ്യരിലേക്കോ രോഗം പടര്‍ത്താന്‍ കഴിയുമോയെന്നു നിലവില്‍ വ്യക്തമല്ല.

ഇന്ത്യയില്‍ ഇതുവരെ എട്ട് മങ്കിപോക്‌സ് കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. ആഗോളതലത്തില്‍, മേയ് മുതല്‍ മങ്കിപോക്‌സ് കേസുകള്‍ 35,000 ആയി ഉയര്‍ന്നിരിക്കുകയാണ്. മധ്യ-പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഏതാനും രാജ്യങ്ങളിലെ പ്രാദേശിക പ്രദേശങ്ങള്‍ക്കു പുറത്ത് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതു മേയിലാണ്. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ഭൂരിഭാഗവും യൂറോപ്പിലും അമേരിക്കയിലുമാണെന്നാണു ലോകാരോഗ്യ സംഘടന പറയുന്നത്.

നായ്ക്കള്‍ക്കോ മറ്റു വളര്‍ത്തുമൃഗങ്ങള്‍ക്കോ മനുഷ്യരിലൂടെ എങ്ങനെ മങ്കിപോക്‌സ് പിടിപെടും?

ഒരാള്‍ മാത്രം ലൈംഗിക പങ്കാളിയല്ലാത്ത രണ്ട് പുരുഷന്മാര്‍ ഒരുമിച്ച് പങ്കിടുന്ന അതേ കിടക്കയില്‍ ഉറങ്ങിയ നായയ്ക്കാണു മങ്കിപോക് ബാധിച്ചതെന്നു ദ ലാന്‍സെറ്റ് റിപ്പോര്‍ട്ട് പറയുന്നു. പനി, തലവേദന, മലദ്വാരത്തിലെ വ്രണങ്ങള്‍ എന്നീ ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് മേയ് അവസാനത്തോടെ ഈ പുരുഷന്മാര്‍ക്കു മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു.

ഏകദേശം 12 ദിവസത്തിനു ശേഷമാണു നായ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. ഉടന്‍ തന്നെ പരിശോധന നടത്തുകയായിരുന്നു. തങ്ങളുടെ അതേ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതു മുതല്‍ നായ മറ്റു വളര്‍ത്തുമൃഗങ്ങളുമായോ മനുഷ്യരുമായോ സമ്പര്‍ക്കം പുലര്‍ത്തുന്നതു തടയാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് പുരുഷന്മാര്‍ പറഞ്ഞു.

നായയില്‍ വൈറസ് പകര്‍ന്നത് എങ്ങനെയെന്നു കൃത്യമായി മനസിലാക്കാനാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ വൈറസ് ബാധിച്ചവരുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും സാംക്രമികമായ തിണര്‍പ്പുകളിലൂടെയും ശരീരസ്രവങ്ങളിലൂടെയുമാണു മനുഷ്യരില്‍ മങ്കിപോക്‌സ് പടരുന്നത്. നിലവിലെ വ്യാപനത്തിലെ ഭൂരിഭാഗം കേസുകളും പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരിലാണു സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരുമായി കിടക്കവിരികള്‍ അല്ലെങ്കില്‍ വസ്ത്രങ്ങള്‍ പങ്കിടുന്നതിനെതിരെ സര്‍ക്കാരുകളും ആരോഗ്യ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പതിവായി മങ്കിപോക്‌സ് കണ്ടുവരുന്ന രാജ്യങ്ങളില്‍ വന്യജീവികള്‍ (എലി, അണ്ണാന്‍, മുയല്‍, ബീവര്‍, മുള്ളന്‍പന്നി, ഹാംസ്റ്റര്‍ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളിലും ആള്‍ക്കുരങ്ങളിലും) മാത്രമേ മങ്കിപോക്‌സ് വൈറസ് വഹിക്കുന്നതായി കണ്ടെത്തിയിട്ടുള്ളൂവെന്നു ദ ലാന്‍സെറ്റ് റിപ്പോര്‍ട്ട് പറയുന്നു. വളര്‍ത്തുമൃഗങ്ങളായ നായ്ക്കള്‍, പൂച്ചകള്‍ എന്നിവയില്‍ അണുബാധ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വളര്‍ത്തുമൃഗങ്ങളുള്ള വീടുകളില്‍ എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണം?

ഇതുവരെ ഒരു കേസ് മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെന്നതിനാല്‍, വളര്‍ത്തുമൃഗങ്ങള്‍ വഴിയുള്ള ദ്വിതീയ വ്യാപനത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ദ ലാന്‍സെറ്റ് അഭ്യര്‍ഥിച്ചിരിക്കുകയാണ്. എങ്കിലും ചില മുന്‍കരുതലുകള്‍ പാലിക്കാന്‍ യു എസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സി ഡി സി) നിര്‍ദേശിച്ചു.

ലാളിക്കുക, ആലിംഗനം ചെയ്യുക, ചുംബിക്കുക, നക്കുക, ഉറങ്ങുന്ന സ്ഥലങ്ങളും ഭക്ഷണവും പങ്കിടുക തുടങ്ങിയ അടുത്ത സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ ആളുകളില്‍നിന്ന് മൃഗങ്ങളിലേക്കു മങ്കിപോക്‌സ് വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന് സി ഡി സി പറയുന്നു. മങ്കിപോക്‌സ് ലക്ഷണങ്ങളുള്ളവരും അടുത്തിടെ പോസിറ്റീവായവരും അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം.

വളര്‍ത്തുമൃഗങ്ങള്‍ ഉടമകളുമായി അടുത്തിടപഴകിയില്ലെങ്കില്‍, രോഗം മാറുന്നതുവരെ അല്ലെങ്കില്‍ ഏകദേശം 21 ദിവസം വരെ അവയെ മറ്റൊരു സ്ഥലത്തേക്കു മാറ്റാം. മങ്കിപോക്‌സ് ബാധിച്ചയാള്‍ സുഖം പ്രാപിച്ച ശേഷം, രോഗബാധതയില്ലാത്ത മൃഗങ്ങളെ തിരികെ കൊണ്ടുവരുന്നതിനു മുമ്പ് നിങ്ങളുടെ വീട് അണുവിമുക്തമാക്കണമെന്നും സി ഡി സി നിര്‍ദേശിച്ചു. വളര്‍ത്തുമൃഗങ്ങളില്‍ സാനിറ്റൈസറുകളും മറ്റ് അണുനാശിനികളും ഉപയോഗിക്കരുത്.

രോഗലക്ഷണങ്ങള്‍ കാണിക്കുന്ന വളര്‍ത്തുമൃഗങ്ങളെ പരിശോധനയ്ക്കു വിധേയമാക്കണം. ഇത്തരം വളര്‍ത്തുമായുള്ള നേരിട്ടുള്ള ഇടപഴകല്‍ ഒഴിവാക്കാന്‍ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളോ നീളന്‍ കൈയുള്ള വസ്ത്രമോ ധരിക്കണം. വളര്‍ത്തുമൃഗത്തെ കൈകാര്യം ചെയ്യുന്നവര്‍ ഇടയ്ക്കിടെ കൈ കഴുകണമെന്നും സി ഡി സി ശിപാര്‍ശ ചെയ്യുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Monkeypox dog human animal transmission

Best of Express