scorecardresearch

ഇന്ത്യ അനുമതി നൽകിയ കോവിഡ് ഗുളിക, എന്താണ് മോൾനുപിരാവിർ?

പ്രായപൂർത്തിയായ കോവിഡ് രോഗികളിൽ രോഗം ഗുരുതരമാകുന്ന അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായാണ് ഇന്ത്യയിൽ ഗുളികയ്ക്ക് അനുമതി നൽകിയിരിക്കുന്നത്

പ്രായപൂർത്തിയായ കോവിഡ് രോഗികളിൽ രോഗം ഗുരുതരമാകുന്ന അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായാണ് ഇന്ത്യയിൽ ഗുളികയ്ക്ക് അനുമതി നൽകിയിരിക്കുന്നത്

author-image
WebDesk
New Update
molnupiravir, മോൾനുപിരാവിർ, molnupiravir vaccine, Molnupiravir india, covid drug india, what is molnupiravir, molnupiravir covid vaccine, molnupiravir covid pill, ie malayalam

കോവിഡ് ചികിത്സയ്‌ക്കുള്ള ആന്റി വൈറൽ ഗുളികയായ മോൾനുപിരാവിറിന് ഇന്ത്യൻ ഡ്രഗ് റെഗുലേറ്റർ ചൊവ്വാഴ്ച അനുമതി നൽകി. അമേരിക്കയിലെ ഭീമൻ മരുന്ന് കമ്പനിയായ മെർക്കുമായി സഹകരിച്ച് ബയോടെക്നോളജി കമ്പനിയായ റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്സ് വികസിപ്പിച്ച മരുന്ന് ഇനിമുതൽ ഇന്ത്യയിലെ 31 മരുന്ന് കമ്പനികളും നിർമ്മിക്കും.

Advertisment

പ്രായപൂർത്തിയായ കോവിഡ് രോഗികളിൽ രോഗം ഗുരുതരമാകുന്ന അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായാണ് ഇന്ത്യയിൽ ഗുളികയ്ക്ക് അനുമതി നൽകിയിരിക്കുന്നത്.

എന്താണ് മോൾനുപിരാവിർ?

പകർച്ചപ്പനി പോലുള്ള അസുഖങ്ങൾക്കായി ആദ്യം വികസിപ്പിച്ച്, പിന്നീട് കോവിഡ് ചികിത്സയ്ക്കായി പുനർനിർമ്മിച്ച ഓറൽ ആന്റി വൈറൽ മരുന്നാണ് മോൾനുപിരാവിർ (MK-4482, EIDD-2801) ഗുളിക.

സാർസ്-കോവ്-2 വൈറസിന്റെ ജനിതക കോഡിൽ പിശകുകൾ വരുത്തി പ്രവർത്തിക്കുന്ന ഒരു ആന്റി-വൈറൽ ഗുളികയാണ് മോൾനുപിരാവിർ, ഇത് വൈറസ് പെരുകുന്നതിൽ നിന്നും തടയുന്നു. 200 മില്ലിഗ്രാം വരുന്ന മൊൾനുപിരാവിർ ഓരോ 12 മണിക്കൂറിലും അഞ്ച് ദിവസത്തേക്കാണ് കഴിക്കേണ്ടത്.

ഇന്ത്യക്ക് പുറത്ത് ഈ മരുന്നിന് അംഗീകാരം നൽകിയിട്ടുണ്ടോ?

Advertisment

ഉണ്ട്. നവംബർ നാലിന്, മോൾനുപിരാവിറിന് ബ്രിട്ടൻ അംഗീകാരം നൽകിയിരുന്നു. അങ്ങനെ ഈ ഗുളികയ്ക്ക് അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി യുകെ മാറി. വൈറസിന്റെ പകർപ്പുകൾ ഉണ്ടാകുന്നത് തടസ്സപ്പെടുത്തുന്നതിലൂടെയാണ് മോൾനുപിരാവിർ പ്രവർത്തിക്കുന്നതെന്ന് യുകെ റെഗുലേറ്റർ പറഞ്ഞു. “ഇത് പെരുകുന്നതിൽ നിന്ന് തടയുന്നു, ശരീരത്തിൽ വൈറസിന്റെ അളവ് കുറയ്ക്കുന്നു, അതിനാൽ രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നു,” മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) പറഞ്ഞു.

ലഭ്യമായ തെളിവുകൾ അവലോകനം ചെയ്തതിൽ നിന്ന് മോൾനുപിരാവിർ "സുരക്ഷിതവും ഫലപ്രദവുമാണെന്ന്" കണ്ടെത്തിയതായി എംഎച്ച്ആർഎ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ, കുറഞ്ഞതോ മിതമായതോ ആയ കോവിഡ് രോഗികളിൽ മോൾനുപിരാവിറിന്റെ ഉപയോഗം റെഗുലേറ്റർ അംഗീകരിച്ചിട്ടുണ്ട്. ഒപ്പം അമിതവണ്ണം, വാർദ്ധക്യം (> 60 വയസ്സ്), പ്രമേഹം അല്ലെങ്കിൽ ഹൃദ്രോഗം എന്നിവയുള്ള രോഗം ഗുരുതരാകാൻ സാധ്യതയുള്ളവർക്കും മോൾനുപിരാവിർ നൽകാൻ അനുമതിയുണ്ട്.

അമേരിക്കയിൽ ഈ മരുന്നിന്റെ അവസ്ഥ എന്താണ്?

ഡിസംബർ 23ന്,അമേരിക്കയിലെ "ചില മുതിർന്നവരിൽ" മോൾനുപിരാവിർ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. കോവിഡ് പരിശോധനയിൽ പോസിറ്റീവാകുന്ന മുതിർന്നവർക്കും രോഗം ഗുരുതരമാകാനും മരണപ്പെടാനും സാധ്യതയുള്ളതും ആശുപത്രിവാസം വേണ്ടി വരുന്നതുമായ രോഗികളിൽ അടിയന്തര ഉപയോഗത്തിന് അനുമതിയുണ്ടെന്ന് ഡ്രഗ് റെഗുലേറ്റർ പറഞ്ഞു.

തുടർച്ചയായി അഞ്ച് ദിവസത്തിൽ കൂടുതൽ മോൾനുപിരാവിർ ഉപയോഗിക്കുന്നതിന് അനുമതിയില്ലെന്നും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ(യുഎസ്എഫ്ഡിഎ) ശുപാർശ ചെയ്യുന്നു.

18 വയസ്സിന് താഴെയുള്ള രോഗികളിൽ മോൾനുപിരാവിർ ഉപയോഗിക്കാൻ അനുമതിയില്ലെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്, കാരണം മോൾനുപിരാവിർ എല്ലുകളുടെയും തരുണാസ്ഥികളുടെയും വളർച്ചയെ ബാധിച്ചേക്കാവുന്നതാണ്. “കോവിഡ് വരുന്നത് തടയുന്നതിനോ കോവിഡിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ ചികിത്സ ആരംഭിക്കുന്നതിനോ ഇത് ഉപയോഗിക്കാൻ അനുമതിയില്ല, കാരണം അത്തരം രോഗികളിൽ ഇതിന്റെ ഗുണം നിരീക്ഷിച്ചിട്ടില്ല” യുഎസ്എഫ്ഡിഎ പറഞ്ഞു.

ഏതൊക്കെ കമ്പനികളാണ് ഇന്ത്യയിൽ ഈ മരുന്ന് നിർമ്മിക്കുന്നത്?

ഇന്ത്യയിലെ 13 മരുന്ന് നിർമ്മാതാക്കൾ മരുന്ന് ഉത്പാദിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഡോ. റെഡ്ഡി ലബോറട്ടറീസ്, സിപ്ല, നാറ്റ്‌കോ ഫാർമ, ഒപ്റ്റിമസ് ഫാർമ പ്രൈവറ്റ് ലിമിറ്റഡ്, സ്‌ട്രൈഡ്, ഹെറ്ററോ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: