scorecardresearch
Latest News

വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവർ ‘ഹണി ട്രാപ്പിൽ’: ചാരവൃത്തിയിൽ ലൈംഗികതയുടെ പങ്ക് എന്ത് ?

1980-കളിൽ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) ഉദ്യോഗസ്ഥനായ കെ.വി.ഉണ്ണികൃഷ്ണനെ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി ഹണി ട്രാപ്പിൽപ്പെടുത്തിയിരുന്നു

വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവർ ‘ഹണി ട്രാപ്പിൽ’: ചാരവൃത്തിയിൽ ലൈംഗികതയുടെ പങ്ക് എന്ത് ?

ചാരവൃത്തിയുമായി ബന്ധപ്പെട്ട കേസിൽ വിദേശകാര്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഒരു ഡ്രൈവറെ ഡൽഹി പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ഡ്രൈവർ ‘ഹണി ട്രാപ്പിൽ’ പെട്ടുവെന്നും കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്ക് രഹസ്യവിവരം കൈമാറിയതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പാക്കിസ്ഥാനിലുള്ള ആർക്കോ വിവരം കൈമാറുന്നുണ്ടെന്ന് സുരക്ഷാ ഏജൻസികൾ പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്. ഇയാളെ ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്.

ഹണി ട്രാപ്പ്’ എന്താണ് അർത്ഥമാക്കുന്നത്?

‘ഹണി ട്രാപ്പിങ്’ എന്നത് ഒരു ലക്ഷ്യത്തിൽ നിന്നോ ആളിൽ നിന്നോ വിവരങ്ങൾ ലഭിക്കുന്നതിന് പ്രണയമോ ലൈംഗികമോ ആയ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ലഭിക്കുന്ന വിവരങ്ങൾ ധനപരമായ മുന്നേറ്റത്തിനോ രാഷ്ട്രീയ ലക്ഷ്യങ്ങൾ കൈവരിക്കാനോ ഉപയോഗിക്കാം. രാഷ്ട്രത്തിന്റെ ചാരവൃത്തിയ്ക്കായും ഉപയോഗിക്കാം. ചിലപ്പോൾ, കൊള്ളയടിക്കുന്നതിനോ ബ്ലാക്ക്‌മെയിൽ ചെയ്യുന്നതിനോ വേണ്ടിയും ഹണി ട്രാപ്പുകൾ സ്ഥാപിക്കാറുണ്ട്.

വാക്ക് വന്ന വഴി

ഓക്‌സ്‌ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു പ്രകാരം , 1974-ൽ ജോൺ ലെ കാരെയുടെ ചാരനോവലായ ‘ടിങ്കർ, ടെയ്‌ലർ, സോൾജിയർ, സ്‌പൈ’ എന്നിവയിലൂടെയാണ് ഈ പദം ആദ്യമായി ഇംഗ്ലീഷ് ഭാഷയിൽ പ്രവേശിച്ചത്. “നിങ്ങൾക്ക് അറിയാമോ, വളരെക്കാലം മുമ്പ് ഞാൻ ഒരു ചെറിയ കുട്ടിയായിരുന്നപ്പോൾ ഞാൻ ഒരു തെറ്റ് ചെയ്തു, അങ്ങനെ ഞാനൊരു ഹണിട്രാപ്പിൽ അകപ്പെട്ടു,” നോവലിലെ ഒരു കഥാപാത്രം ഏറ്റുപറയുന്നു. നോവലിൽ ഉപയോഗിച്ചിരിക്കുന്ന മറ്റ് വാക്കുകളും ചാരപ്പണിയുടെ പദപ്രയോഗങ്ങളിൽ എത്തി.

ചാരവൃത്തിയിൽ ഹണി ട്രാപ്പ്

ഒന്നാം ലോകമഹായുദ്ധത്തിലെ മാതാ ഹരി കേസാണ് ഹണി ട്രാപ്പിന്റെ ഏറ്റവും പ്രശസ്തമായ കേസുകളിലൊന്ന്. മാർഗരേത ഗീർട്രൂയ്‌ഡ മക്‌ലിയോഡ് ഒരു ഡച്ച് വിദേശ നർത്തകിയായിരുന്നു. സ്റ്റേജ് നാമമായ മാതാ ഹരി എന്ന പേരിലാണ് അവർ പ്രശസ്തയായത്.

സ്‌പെയിനിലെ ഒരു ജർമ്മൻ എംബസിയിൽ നിന്നു പണം സ്വീകരിക്കുന്നതായി ടെലിഗ്രാമുകളുടെ അടിസ്ഥാനത്തിൽ തെളിഞ്ഞതോടെ അവർ ഒരു ജർമ്മൻ സ്പെയാണെന്ന് കണ്ടെത്തി. ഒടുവിൽ 1917-ൽ ഫ്രാൻസിലെ ഒരു ഫയറിങ് സ്ക്വാഡിനാൽ വധിക്കപ്പെട്ടു.

അവരുടെ ജീവചരിത്രകാരനായ പ്രൊഫസർ പാറ്റ് ഷിപ്പ്മാൻ തന്റെ ‘ഫെമ്മെ ഫാറ്റേൽ: ലവ്, ലൈസ് ആൻഡ് ദ അൺ നോൺ ലൈഫ് ഓഫ് മാതാ ഹരി’ എന്ന പുസ്തകത്തിൽ മാതാ ഹരി നിരപരാധിയാണെന്നും ഫ്രഞ്ച് സൈന്യത്തിന് ഒരു ബലിയാടിനെ ആവശ്യമായിരുന്നത് കൊണ്ടാണ് അവർ ശിക്ഷിക്കപ്പെട്ടതെന്നും പറഞ്ഞിട്ടുണ്ട്. അവർക്കെതിരെ യഥാർത്ഥ തെളിവുകളൊന്നും ഇല്ലെന്ന് യുദ്ധാനന്തരം ഫ്രഞ്ചുകാർ തന്നെ പറഞ്ഞിരുന്നു.

സോവിയറ്റ് യൂണിയന്റെ സുരക്ഷാ ഏജൻസിയായ കെജിബി ‘ഹണി ട്രാപ്പിങ്’ വ്യാപകമായി ഉപയോഗിച്ചു. ‘സ്‌പൈക്ലോപീഡിയ: ദി കോംപ്രിഹെൻസീവ് ഹാൻഡ്‌ബുക്ക് ഓഫ് എസ്പിയോണേജ് ‘ എന്ന പുസ്തകത്തിൽ ബ്രിട്ടീഷ് പത്രപ്രവർത്തകനും ചരിത്രകാരനുമായ ഡൊണാൾഡ് മക്കോർമിക് ശീതയുദ്ധകാലത്ത് വിദേശ ഉദ്യോഗസ്ഥരെ വശീകരിച്ച് ചാരപ്പണി ചെയ്യാൻ “മോഷ്നോ ഗേൾസ്”(Mozhno girls) അല്ലെങ്കിൽ “മോഷ്നോസ്”(Mozhnos) എന്ന് വിളിക്കപ്പെടുന്ന സ്ത്രീ ഏജന്റുമാരെ നിയോഗിച്ചിരുന്നെന്ന് പറയുന്നു.

റഷ്യൻ പദമായ ‘മോഷ്നോ’യിൽ നിന്നാണ് ‘Mozhno’ എന്ന വാക്ക് വന്നത്. “അത് അനുവദനീയമാണ്”എന്നും അർത്ഥമാക്കുന്നു. വിദേശികളുമായുള്ള റഷ്യൻ സമ്പർക്കത്തെ നിയന്ത്രിക്കുന്ന കാര്യങ്ങൾ ലംഘിക്കാൻ അവരെ അനുവദിച്ചതിനാലാണ് ഏജന്റുമാർക്ക് അങ്ങനെ പേര് നൽകിയിരിക്കുന്നത്.

2009-ൽ, ബ്രിട്ടീഷ് കൗണ്ടർ-ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി ഏജൻസിയായ MI5, രാജ്യത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ബിസിനസുകൾക്കും “ചൈനീസ് ചാരവൃത്തിയിൽ നിന്നുള്ള ഭീഷണി” എന്ന പേരിൽ 14 പേജുള്ള ഒരു രേഖ വിതരണം ചെയ്തു. “ദീർഘകാല ബന്ധങ്ങൾ” വളർത്തിയെടുക്കാനുള്ള ചൈനീസ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ശ്രമങ്ങളെക്കുറിച്ച് രേഖ വ്യക്തമായി മുന്നറിയിപ്പ് നൽകിയതായി ലണ്ടൻ ടൈംസ് അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

“ലൈംഗിക ബന്ധങ്ങൾ പോലുള്ള പരാധീനതകൾ മുതലെടുത്ത് അവരുമായി സഹകരിക്കാൻ വ്യക്തികളെ സമ്മർദ്ദത്തിലാക്കാൻ ചൈനീസുകാർ മിടുക്കരാണെന്നും” ബ്രിട്ടീഷ്, ഏജൻസി രേഖയിൽ പറഞ്ഞു.

ഇന്ത്യയിലെ ചാരവൃത്തി

റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) ഉദ്യോഗസ്ഥനായ കെ.വി.ഉണ്ണികൃഷ്ണനെ 1980-കളിൽ സിഐഎ (സെൻട്രൽ ഇന്റലിജൻസ് ഏജൻസി, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വിദേശ രഹസ്യാന്വേഷണ ഏജൻസി) എന്ന് സംശയിക്കുന്ന ഒരു സ്ത്രീ ഹണി ട്രാപ്പിൽപ്പെടുത്തി. അവർ ഇപ്പോൾ, പ്രവർത്തനരഹിതമായ പാൻ ആം എയർലൈൻസിൽ എയർ ഹോസ്റ്റസായി ജോലി ചെയ്യുകയായിരുന്നു.

ഉണ്ണികൃഷ്ണൻ അന്ന് റോയുടെ ചെന്നൈ ഡിവിഷന്റെ തലവനായിരുന്നു. ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ)യുമായി ഇടപഴകുകയും ചെയ്തത് ഉണ്ണികൃഷ്ണനായിരുന്നു. യുവതി വഴി വിവരങ്ങൾ ചോർന്നതിന് 1987ലാണ് ഉണ്ണികൃഷ്ണൻ അറസ്റ്റിലായത്. ഇന്ത്യയും ശ്രീലങ്കയും തമ്മിൽ സമാധാന ഉടമ്പടി ഒപ്പിടുന്നതിന് തൊട്ടുമുമ്പായിരുന്നു അറസ്റ്റ്.

1960-കളിൽ മോസ്‌കോയിലെ ഡെയ്‌ലി ടെലിഗ്രാഫിന്റെ ലേഖകനായിരുന്ന ബ്രിട്ടീഷ് പത്രപ്രവർത്തകൻ ജെറമി വോൾഫെൻഡന്റേതാണ് ഭിന്നലിംഗേതര ഹണി ട്രാപ്പ് കേസിലെ മറ്റൊരു പ്രശസ്തമായ ഉദാഹരണം. കെജിബിയുടെ ഉത്തരവനുസരിച്ച് വിദേശ വ്യാപാര മന്ത്രാലയവുമായി ബന്ധപ്പെട്ടയാൾ അദ്ദേഹത്തെ വശീകരിച്ചതായി ആരോപിക്കപ്പെടുന്നു. സുരക്ഷാ ഏജൻസി ഫോട്ടോകൾ എടുക്കാൻ ക്യാമറയുമായി ഒരാളെ അവിടെ അയയ്ക്കുകയും ചെയ്തു.

വോൾഫെൻഡനെ ഭീഷണിപ്പെടുത്താൻ കെജിബി ഈ ഫോട്ടോകൾ ഉപയോഗിച്ചു. മോസ്‌കോയിലെ പാശ്ചാത്യ സമൂഹത്തിൽ ചാരപ്പണി നടത്താനായിരുന്നു വോൾഫെൻഡിനോട് പറഞ്ഞത്. അടുത്ത ലണ്ടൻ സന്ദർശനവേളയിൽ വോൾഫെൻഡൻ ഈ വിവരങ്ങൾ സീക്രട്ട് ഇന്റലിജൻസ് സർവീസസിലെ (എസ്ഐഎസ്) ഉദ്യോഗസ്ഥനെ അറിയിച്ചെങ്കിലും ഡബിൾ ഏജന്റായി ജോലി ചെയ്യാനാണ് അവർ ആവശ്യപ്പെട്ടത്.

സമ്മർദം നിറഞ്ഞ ഈ സാഹചര്യം അയാളെ മദ്യപാനത്തിലേക്ക് നയിച്ചതായി പറയപ്പെടുന്നു. ചാരവൃത്തി ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാഹചര്യങ്ങൾ വോൾഫെൻഡനെ അതിനു നിർബന്ധിതനാക്കി. ബാത്ത്റൂമിൽ വീണതിനെ തുടർന്നുണ്ടായ മസ്തിഷ്ക രക്തസ്രാവം മൂലം 31-ാം വയസ്സിൽ അദ്ദേഹം മരിച്ചു. രണ്ട് സുരക്ഷാ ഏജൻസികളും ജീവിക്കാനുള്ള വോൾഫെൻഡന്റെ ആഗ്രഹത്തെ അപഹരിച്ചുവെന്ന് സുഹൃത്തുക്കൾക്ക് ബോധ്യപ്പെട്ടു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Ministry of external affairs staffer honey trapped whats the role of sex in espionage cases