കഴിഞ്ഞ ആഴ്ച, പോപ്പ് രാജാവ് മൈക്കിൾ ജാക്‌സന്റെ മൂന്ന് ഗാനങ്ങൾ സ്‌പോട്ടിഫൈ, ഐട്യൂൺസ് അടക്കമുള്ള പ്രധാന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും പിൻവലിച്ചു. 2010ൽ പുറത്തിറങ്ങിയ ആൽബത്തിലെ ‘മോൺസ്റ്റർ’, ‘ബ്രേക്കിംഗ് ന്യൂസ്’, ‘കീപ്പ് യുവർ ഹെഡ് അപ്പ്’ എന്നീ ഗാനങ്ങളാണ് പിൻവലിച്ചത്. മൈക്കിൾ ജാക്സൺ മരിക്കുന്നതിന് മുൻപ് ചെയ്ത ഗാനങ്ങളും നേരത്തെ റിലീസ് ചെയ്യാത്ത ഗാനങ്ങളും അടങ്ങിയ ആൽബത്തിൽ നിന്നുള്ളവയാണ് ഇത്.
മൈക്കിൾ ജാക്സന്റെ പേരിൽ അദ്ദേഹത്തിന്റേത് എന്ന നിലയിൽ വിൽക്കപ്പെട്ട ആൽബത്തിലെ ഈ ഗാനങ്ങൾ ജാക്‌സന്റേതല്ലെന്ന രീതിയിൽ വർഷങ്ങളായി വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഗാനങ്ങൾ നീക്കം ചെയ്തിരിക്കുന്നത്. നിരൂപകരും ആരാധകരും ഉൾപ്പെടെ പലരും ഈ ഗാനങ്ങളിൽ സംശയം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.
എസ്റ്റേറ്റ് ഓഫ് മൈക്കൽ ജാക്‌സണും സോണി മ്യൂസിക്കും ചേർന്നാണ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഗാനങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച തീരുമാനം എടുത്തത്. ഈ ആൽബത്തിന്റെ അവകാശവും ഇതിൽ നിന്നുള്ള വരുമാനത്തിന്റെ വലിയ പങ്കും ഇവർക്കാണ്. എല്ലാവർക്കും വേണ്ടി ഈ ഗാനങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ നിന്ന് പുറത്തുകടക്കാനുള്ള ഏറ്റവും ലളിതമായ മാർഗം ഇതാണ് എന്നാണ് ഗാനങ്ങൾ പിൻവലിച്ച ശേഷമുള്ള പ്രസ്താവനയിൽ രണ്ടു കമ്പനികളും പറഞ്ഞത്. ട്രക്കുകളുടെ ആധികാരികതയുമായി ബന്ധപ്പെട്ടല്ല പിൻവലിക്കുന്നതെന്നും മറ്റു ഗാനങ്ങൾ ലഭ്യമാകുമെന്നും അവർ പറഞ്ഞു.
എന്താണ് വിവാദം?
2010ൽ ആൽബം പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ മൂന്ന് ഗാനങ്ങളെയും ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. മൈക്കിൾ ജാക്സൺ മരിക്കുന്നതിന് മുൻപ്, ഒരു ആൽബത്തിന്റെ പണിപ്പുരയിൽ ആയിരുന്നു. ഇൻവിസിബിൾ (2001) എന്ന അദ്ദേഹത്തിന്റെ ജനപ്രിയ ആൽബത്തിന് ശേഷം ഏകദേശം ഒരു ദശാബ്ദത്തിന് ശേഷം ഒരുക്കുന്ന ആൽബം ആയിരുന്നു അത്. അത് അദ്ദേഹത്തിന് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ലോകം അതുവരെ കേട്ടതിൽ നിന്ന് വ്യത്യസ്‍തമാകുമായിരുന്നു എന്നതിൽ സംശയമില്ല. എന്നാൽ അദ്ദേഹത്തിന്റെ മരണ ശേഷം സോണി മ്യൂസികും ജാക്സന്റെ സുഹൃത്തുക്കളും സംഗീതജ്ഞരും ചേർന്നാണ് ആൽബം പൂർത്തിയാക്കിയത്. ഒരു സാധാരണ മൈക്കൽ ജാക്‌സൺ ആൽബത്തിന്റെയാതൊരു ശക്തിയും ഇല്ലാത്ത, ഒരുപാട് എഡിറ്റ് ചെയ്‌ത ഒരു ആൽബമായിരുന്നു പുറത്തുവന്നത്.
ആൽബത്തിൽ പോരായ്മകൾ ഉണ്ടായിരുന്നു എന്ന് മാത്രമല്ല, ഒരു ദശാബ്ദത്തിലേറെയായി, സംഗീതജ്ഞരും സംഗീതജ്ഞരും ആരാധകരും ഈ മൂന്ന് ഗാനങ്ങളെക്കുറിച്ച് തർക്കം തുടരുകയാണ്, ഗാനങ്ങൾ യഥാർത്ഥത്തിൽ ജാക്‌സൺ തന്നെ പാടിയതാണോ അതോ മറ്റാരെങ്കിലുമോ ആണോ എന്നതാണ് തർക്കവിഷയം. ജാക്സന്റെ ശബ്ദമല്ല ഇതെന്ന വാദവുമായി അദ്ദേഹത്തിന്റെ കുടുംബം പോലും രംഗത്ത് എത്തി. മറ്റൊരു ഗായകനെ ഉപയോഗിച്ചു ജാക്സന്റെ ശബ്ദം അനുകരിച്ചു ഗാനം റെക്കോർഡ് ചെയ്യുകയായിരുന്നു സോണി എന്ന ആരോപണങ്ങൾ ഉയർന്നു വന്നു. അത് സോണിയുടെയും എസ്റ്റേറ്റിന്റെയും വിശ്വാസീയത വരെ ചോദ്യം ചെയ്യുന്നതായിരുന്നു.
ജാക്‌സന്റെ കുടുംബാംഗങ്ങൾ, ജാക്‌സന്റെ ഒരു സഹോദരിയും അമ്മയും വരെ, ഗാനങ്ങൾ ജാക്‌സന്റേതാണെന്ന് തോന്നുന്നില്ലെന്ന് അവകാശപ്പെട്ടതോടെയാണ് വിവാദത്തിന് ചൂട് പിടിച്ചത്. “ഈ പ്രോജക്റ്റിൽ പ്രവർത്തിച്ച പലർക്കും ശക്തമായ സംശയങ്ങളും ചോദ്യങ്ങളും ഉണ്ട്, മറ്റുള്ളവർക്ക് സത്യം അറിയാം എന്നിട്ടും തിരിഞ്ഞു നോക്കുന്നില്ല” എന്ന് അദ്ദേഹത്തിന്റെ അനന്തരവൻ ടാരിൽ ജാക്‌സൺ പറഞ്ഞിരുന്നു.
ആരാധകരുടെ നിയമയുദ്ധം
2014ൽ, ഒരു ആരാധികയും അഭിഭാഷകയുമായ വെരാ സെറോവ സോണിക്കെതിരെ കോടതിയെ സമീപിച്ചു. മൈക്കിൾ ജാക്സണിന്റെ പേരിലായി ഇറക്കിയിരിക്കുന്ന മൂന്ന് ഗാനങ്ങളും കാലിഫോർണിയയുടെ അന്യായ മത്സര നിയമവും ഉപഭോക്തൃ നിയമ പരിഹാര നിയമവും പ്രകാരം തെറ്റിദ്ധാരണപരമായി അവതരിപ്പിച്ചിരിക്കുന്നവയാണെന്നായിരുന്നു വാദം. ജാക്സന്റെ സുഹൃത്ത് എഡ്ഡി കാസിയോയാണ് തന്റെ കമ്പനിയായ ആഞ്ചലിക്‌സൺ പ്രൊഡക്ഷൻസിലൂടെ ഗാനങ്ങൾ സൃഷ്ടിച്ച് ജാക്‌സന്റെ എസ്റ്റേറ്റ്, സോണി മ്യൂസിക് എന്നിവയിലൂടെ വിറ്റതെന്ന് പകർപ്പവകാശ, സംഗീത വ്യവസായ നിയമങ്ങളിൽ വിദഗ്ധയായ സെറോവ ആരോപിച്ചു.
ഓപ്ര വിൻഫ്രിക്ക് നൽകിയ അഭിമുഖത്തിൽ കാസിയോ ഇക്കാര്യം നിഷേധിച്ചിരുന്നു. ജെയ്‌സൺ മലാച്ചിയാണ് ഗാനങ്ങൾ ആലപിച്ചതെന്നും സെറോവ അവകാശപ്പെട്ടു, 2011 ൽ താൻ ഈ ഭാഗങ്ങൾ പാടിയതായി മേലാച്ചി ഫെയ്‌സ്ബുക്കിലൂടെ സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി മാനേജർ പറഞ്ഞു. 2007ൽ, ജാക്‌സന്റെ മാമാസിറ്റ മലാച്ചി പാടിയത് ഒരേ സമയം ആരാധകരെ ആശയക്കുഴപ്പത്തിലാക്കുകയും വിസ്മയിപ്പിക്കുകയും ചെയ്തിരുന്നു എന്നതും ശ്രദ്ധേയമാണ്.
സെറോവയുടെ കേസ്, സോണി മ്യൂസിക്കിനെതിരെ മാത്രമായിരുന്നില്ല, ജാക്സന്റെ മ്യൂസിക് ലൈസൻസിംഗും പ്രസിദ്ധീകരണവും കൈകാര്യം ചെയ്യുന്ന എംജെജെ പ്രൊഡക്ഷൻസ്, മൂന്ന് ഗാനങ്ങളുടെ സഹ രചയിതാക്കളായ കാസിയോ, ജെയിംസ് പോർട്ട്, ആഞ്ചലിക്സൺ പ്രൊഡക്ഷൻസ് എന്നിവർക്കെതിരെ കൂടിയും ആയിരുന്നു. ന്യൂജേഴ്‌സിയിലെ കാസിയോയുടെ ബേസ്‌മെന്റിലാണ് ട്രാക്കുകൾ റെക്കോർഡ് ചെയ്തതെന്ന വസ്തുത സോണി സ്ഥിരീകരിച്ചതിനാൽ. രണ്ട് കൂട്ടരും ഓഡിയോളജിസ്റ്റുകളെയും സംഗീതജ്ഞരെയും നിയമിക്കുകയും അവരുടെ സ്വന്തം പതിപ്പുകൾ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
“മൈക്കൽ ജാക്‌സൺ അവതരിപ്പിച്ച മുമ്പ് റിലീസ് ചെയ്യാത്ത ഒമ്പത് ട്രാക്കുകളും” പ്രൊമോഷണൽ വീഡിയോയും അടങ്ങിയ ആൽബം കവർ വാണിജ്യ താല്പര്യത്തോടെയുള്ള ഒന്നാണെന്ന് കാലിഫോർണിയ വിചാരണ കോടതി സമ്മതിച്ചപ്പോൾ, 2018ൽ സോണിയുടെയും എസ്റ്റേറ്റിൻെറയും ഹർജി കേട്ട കാലിഫോർണിയ അപ്പീൽ കോടതി സെറോവയുടെ ഹർജി തള്ളി. അത് അഭിപ്രായ സ്വന്തന്ത്ര്യവുമായി ബന്ധപ്പെട്ടതാണെന്നും പൊതുതാൽപ്പര്യത്തിലുള്ള വിഷയമാണെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തൽ.
ഇതിനെതിരെ സെറോവയും കൂട്ടരും സുപ്രീം കോടതിയെ സമീപിക്കുകയും ആൽബത്തിൽ നിന്ന് ധാരാളം പണം സമ്പാദിച്ചതിനാൽ ഇത് അഭിപ്രായ സ്വന്തന്ത്ര്യവുമായി ബന്ധപ്പെതാണെന്ന് പറയാൻ കഴിയില്ലെന്ന് അവകാശപ്പെടുകയും ചെയ്തു. മേയിൽ കോടതി കേസിൽ വാദം കേട്ടെങ്കിലും ഇതിൽ ഒരു അന്തിമ വിധി ഉണ്ടായിട്ടില്ല. കോടതിയുടെ തീരുമാനം വന്നാൽ തന്നെ കേസ് വീണ്ടും വിചാരണ കോടതിയിൽ എത്തുകയും, അവിടെ നിന്ന് ഒരു ജൂറിയിലേക്ക് എത്തുകയും ചെയ്യും. അവരാകും ഗാനത്തിന്റെ ആധികാരികത സംബന്ധിച്ച തീരുമാനം എടുക്കുക.
പാട്ടുകൾ നീക്കം ചെയ്തത്
കേസ് തുടരുന്നതിനിടയിൽ തന്നെയാണ് സോണി മ്യൂസിക്കും എസ്റ്റേറ്റും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഗാനങ്ങൾ നീക്കം ചെയ്‌തത് എന്നത് ശ്രദ്ധേയമാണ്. യഥാർത്ഥത്തിൽ ജാക്‌സനാണ് ഗാനങ്ങൾ ആലപിച്ചിരുന്നതെങ്കിൽ, സോണിയും എസ്റ്റേറ്റും ഗാനങ്ങൾ നീക്കം ചെയ്യില്ലായിരുന്നു എന്നാണ് ഒരു കൂട്ടർ പറയുന്നത്. മൊത്തത്തിൽ ഈ വിവാദങ്ങൾ വലിയ മ്യൂസിക് കമ്പനികൾ സംഗീതത്തോടും കലാകാരന്മാരോടും പെരുമാറുന്ന രീതി സംബന്ധിച്ചും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.