ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമ (എം‌ജി‌എൻ‌ആർ‌ഇജി‌എ) പ്രകാരമുള്ള തൊഴിലവസരങ്ങൾ കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് കുറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 2018-19 വർഷത്തിൽ പോലും നിരവധി കുടുംബങ്ങൾ തൊഴിലവസരങ്ങൾ ആവശ്യപ്പെടുകയും ഗ്രാമീണ പൊതുമരാമത്ത് പദ്ധതി പ്രകാരം തൊഴിൽ ലഭ്യമാക്കുകയും ചെയ്തിരിക്കെയാണിത്.

കണക്കുകൾ നോക്കുമ്പോൾ

ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അധികൃതർ രജിസ്റ്റർ ചെയ്ത, തൊഴിൽ ആവശ്യപ്പെടുന്ന മൊത്തം  കുടുംബങ്ങളുടെ എണ്ണവും നൽകിയ തൊഴിൽ ദിനങ്ങളുടെ എണ്ണവും ചാർട്ട് 1 സൂചിപ്പിക്കുന്നു.  (തൊഴിൽ ആവശ്യപ്പെടുന്ന ഓരോ ഗ്രാമീണ കുടുംബത്തിലെയും  മുതിർന്ന അംഗങ്ങൾക്ക് 100 തൊഴിൽ ദിനം ഉറപ്പുനൽകുന്നതാണ് എംജി‌എൻ‌ആർ‌ഇജി‌എ). 2018-19 ൽ 5.88 കോടി വീടുകളിൽനിന്ന് തൊഴിൽ ആവശ്യപ്പെട്ടു. അതിൽ 5.27 കോടി ആളുകൾക്ക് തൊഴിൽ നൽകി. നിലവിലെ സർക്കാരിന്റെ അവസാന അഞ്ച് വർഷം ഈ സംഖ്യ ഏറ്റവും ഉയർന്നതാണ്. വ്യക്തിഗത ദിവസങ്ങളുടെ കാര്യത്തിൽ പോലും ഈ സംഖ്യ ഉയർന്നതാണ്. 2014-15ൽ (നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ വർഷം) 165.64 കോടിയായിരുന്നു വ്യക്തിഗത തൊഴിൽദിനങ്ങളെങ്കിൽ 2018-19ൽ അത് 267.99 കോടിയായി ഉയർന്നു.

എന്നാൽ നടപ്പുവർഷം, എം‌ജി‌എൻ‌ആർ‌ജി‌എയുടെ കീഴിലുള്ള വ്യക്തിഗത തൊഴിൽ ദിനങ്ങളിൽ വ്യക്തമായ ഇടിവ് ഉണ്ടായിട്ടുണ്ട്. ഇത് ജൂലൈയ്ക്ക് ശേഷം പ്രകടമാണ്.  എന്നാൽ നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യമാസങ്ങളിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ-മേയ് മാസങ്ങളിലും തൊഴിൽ ദിനങ്ങൾ മുൻവർഷത്തെ ഇതേ കാലയളവിനേക്കാൾ കൂടുതലാണ് ( ചാർട്ട് 2 നോക്കുക).

തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിച്ചതാണ് ജൂലൈ മാസത്തിനുശേഷം എം‌ജി‌എൻ‌ആർ‌ജി‌എ പ്രകാരമുള്ള തൊഴിൽദിനങ്ങൾ കുറയാൻ കാരണമായതെന്നാണു സർക്കാർ ഉദ്യോഗസ്ഥർ പറയുന്നത്. ഈ വർഷം മൺസൂൺ (ജൂൺ-സെപ്റ്റംബർ) മഴ ചരിത്രപരമായ ദീർഘകാല ശരാശരിയേക്കാൾ 10 ശതമാനം കൂടുതലാണ്. 1994 നു ശേഷമുള്ള ഏറ്റവും ഉയർന്നതാണ്. എന്നാൽ ഇത് 2018 ലെ ശരാശരിയേക്കാൾ 9.4 കുറവാണ്.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചതാണ് ജൂലൈ മാസത്തിനുശേഷം എംജിഎന്‍ആര്‍ജിഎ പ്രകാരമുള്ള തൊഴില്‍ കുറയാന്‍ കാരണമായതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ വര്‍ഷം മണ്‍സൂണ്‍ (ജൂണ്‍-സെപ്റ്റംബര്‍) മഴ ചരിത്രപരമായ ദീര്‍ഘകാല ശരാശരിയേക്കാള്‍ 10% കൂടുതലാണ് – 1994 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്നത് – എന്നാല്‍ ഇത് 2018 ലെ ശരാശരിയേക്കാള്‍ 9.4% ആയിരുന്നു.

എന്നിരുന്നാലും ചാർട്ട് മൂന്നിൽ സൂചിപ്പിക്കുന്നതു പോലെ എം‌ജി‌എൻ‌ആർ‌ജി‌എ ആവശ്യപ്പെട്ട ജോലിയുടെ എണ്ണവും ലഭിച്ചതിന്റെ എണ്ണവും തമ്മിലുള്ള അന്തരം 2019-20 ൽ ഏറ്റവും ഉയർന്നതാണെന്ന് വ്യക്തമാണ്. ഡിമാൻഡ് കുറഞ്ഞാലും ജോലിയുടെ വിതരണം ഇനിയും കുറയുമെന്ന് ഇത് സൂചിപ്പിക്കുന്നു.

ഫണ്ടുകളുടെ അഭാവം

ഈ പ്രവണത ഫണ്ടിന്റെ അഭാവവുമായി ബന്ധപ്പെട്ടതാണോയെന്ന ചോദ്യം ഉയർത്തുന്നുണ്ട്. 2019-20 വർഷത്തിൽ നരേന്ദ്ര മോദി സർക്കാർ 60,000 കോടി രൂപ എം‌ജി‌എൻ‌ആർ‌ജി‌എയ്ക്ക് അനുവദിച്ചു. എന്നാൽ ഈ ബജറ്റ് തുകയിൽ 9,493.80 കോടി രൂപ മുൻവർഷങ്ങളിലെ വേതനം, വസ്തുക്കൾ, ഭരണച്ചെലവ് എന്നിവയുടെ ബാധ്യതകൾ പരിഹരിക്കാൻ ആവശ്യമായി വന്നു.

2018-19 ലെ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തൊഴിലാളികൾക്ക് വേതനം മുൻകൂർ നൽകാൻ കേന്ദ്രം ചില സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ തുക വായ്പയായി കണക്കാക്കി പുതിയ  സാമ്പത്തിക വർഷത്തിൽ തിരിച്ചുനൽകുമെന്നും മസ്ദൂർ കിസാൻ ശക്തി സംഘാഥന്റെ നിഖിൽ ഡേ അവകാശപ്പെട്ടു.

2019-20ൽ ഒരു വ്യക്തിക്ക് ഒരു ദിവസത്തെ ജോലി നൽകുന്നതിനുള്ള ചെലവ്ശരാശരി 249.86 രൂപയായി നിശ്ചയിട്ടുണ്ട്. 270.21 കോടി വ്യക്തിഗത തൊഴിൽ ദിനങ്ങൾക്കായി ഏകദേശം 67,514.67 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. വസ്തുക്കൾ, ഭരണച്ചുമതല എന്നി ഉൾപ്പെടെ മൊത്തം ബജറ്റ് വിഹിതം 60,000 കോടിയാണ്. ഇതിൽ 55,829.62 കോടി രൂപ ഡിസംബർ 24 വരെ ചെലവഴിച്ചു.

വ്യക്തിഗത തൊഴിൽദിനങ്ങൾ 260 കോടിയിൽനിന്ന് 2019-20 മുതൽ 316.73 കോടിയായി ഉയർത്താൻ കേന്ദ്രം പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. കർണാടക പോലുള്ള സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്ക ബാധിത ജില്ലകളിൽ എം‌ജി‌എൻ‌ആർ‌ജി‌എയ്ക്ക് കീഴിലുള്ള ഓരോ കുടുംബത്തിനും തൊഴിൽ ദിവസങ്ങൾ 100 ൽ നിന്ന് 150 ആക്കി ഉയർത്താനുള്ള തീരുമാനത്തെത്തുടർന്നാണിത്.

മറ്റ് പദ്ധതികൾ

എം‌ജി‌എൻ‌ആർ‌ജി‌എ മാത്രമല്ല, നടപ്പ് സാമ്പത്തിക വർഷം പ്രവർത്തനക്ഷമത കുറയുന്നതിന് സാക്ഷ്യം വഹിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2018 ഡിസംബറിൽ ആരംഭിച്ച മോദി സർക്കാരിന്റെ കാർഷിക വരുമാന സഹായ പദ്ധതിയായ പ്രധാൻ മന്ത്രി കിസാൻ സമൻ നിധിയുടെ (പിഎം-കിസാൻ) കാര്യവും ഇതിനു സമാനം.

8.05 കോടി കർഷകർക്കായി 2018 ഡിസംബർ മുതൽ 2019 മാർച്ച് വരെ കാലയളവിലേക്കായി നൽകിയ ആദ്യ ഗഡുവിൽ  ഓരോരുത്തർക്കും 2,000 രൂപ വീതം ലഭിച്ചു. എന്നാൽ  രണ്ടാം ഗഡു  (2019 ഏപ്രിൽ-ജൂലൈ) നൽകിയപ്പോൾ കർഷകരുടെ എണ്ണം 7.43 കോടിയായി കുറഞ്ഞു. മൂന്നാമത്തേതിൽ (ഓഗസ്റ്റ്-നവംബർ) 5.91 കോടിയായി. മൊത്തത്തിൽ, 2019-20 ൽ വരുമാന സഹായ പദ്ധതി പ്രകാരം വിതരണം ചെയ്ത ആകെ തുക 32,320.86 കോടി രൂപയാണ്.  75,000 കോടി രൂപയാണു വകയിരുത്തിയത് എന്നിരിക്കെയാണിത്. പദ്ധതി ആരംഭിച്ചതു മുതൽ അനുവദിച്ച മൊത്തം 95,000 രൂപയിൽ 48,421.65 കോടി രൂപ 2019 ഡിസംബർ വരെ ചെലവഴിച്ചിട്ടുണ്ട്. ഇത് അനുവദിച്ച തുകയുടെ പകുതിയാണ്.

പ്രധാനമന്ത്രി ആവാസ് യോജനക്കുകീഴിൽ ഗ്രാമീണമേഖലയിൽ നിർമിക്കുന്ന വീടുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 2014-15ൽ 11.96 ലക്ഷവും 2015-16ൽ 18.22 ലക്ഷവും വീടുകൾ നിർമിച്ചു. 2016-17- 32.13 ലക്ഷം, 2017-18- 44.55 ലക്ഷം, 2018-19- 47.33 ലക്ഷം എന്നിങ്ങനെയായിരുന്നു പദ്ധതി പ്രകാരം നിർമിച്ച വീടുകളടെ എണ്ണം.  എന്നാൽ 2019-20 ൽ ഇതുവരെ വെറും 7.2 ലക്ഷം വീടുകളാണ് നിർമിച്ചത്.

വർഷാവസാനം കൂടുതൽ വീടുകൾ നിർമിക്കുമെന്നു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 2020 ജൂണോടെ പദ്ധതിക്കു കീഴിൽ 60 ലക്ഷം വീടുകൾ നിർമിക്കുകയാണു ലക്ഷ്യം. 55 ലക്ഷം വരെ പുതിയ വീടുകൾ നിർമാണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook