scorecardresearch
Latest News

ഫെയ്സ്ബുക്കിന്റെ നഷ്ടക്കണക്കുകൾ: മെറ്റയെ കുഴപ്പത്തിലാക്കിയത് ഈ ആറ് കാര്യങ്ങൾ

കമ്പനിയുടെ ഓഹരി മൂല്യത്തിൽ ഒറ്റ ദിവസത്തെ ഏറ്റവും വലിയ ഇടിവായിരുന്നു വ്യാഴാഴ്ച രേഖപ്പെടുത്തിയത്

facebook, facebook changing name, facebook rebrand, facebook company name change, facebook new name, facebook metaverse, facebook name, facebook rebranding, facebook rename, Indian Express Malayalam, ie malayalam

മുൻപ് ഫെയ്സ്ബുക്ക് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കമ്പനിയായ മെറ്റയുടെ ഓഹരി മൂല്യം വ്യാഴാഴ്ച 26 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ചരിത്രത്തിൽ ഒറ്റ ദിവസം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവായിരുന്നു അത്.

സോഷ്യൽ നെറ്റ്‌വർക്കിംഗിൽ നിന്ന് മെറ്റാവേർസിന്റെ വെർച്വൽ ലോകത്തിലേക്ക് കമ്പനി എങ്ങനെ ഒരു തന്ത്രപരമായ പരിവർത്തനം നടത്തുന്നുവെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് മാർക്ക് സക്കർബർഗ് വിശദീകരിക്കുന്ന സമയത്ത് തന്നെ, ബുധനാഴ്ചയുണ്ടായ ഒരു മോശം വരുമാന റിപ്പോർട്ടിനെ തുടർന്നാണ് കമ്പനിയുടെ തകർച്ച. വ്യാഴാഴ്ച, ഒരു കമ്പനി വക്താവ് അതിന്റെ വരുമാന പ്രഖ്യാപനത്തിൽ നിന്നുള്ള പ്രസ്താവനകൾ ആവർത്തിക്കുകയും കൂടുതൽ പ്രതികരിക്കാൻ വിസമ്മതിക്കുകയും ചെയ്തു.

മെറ്റാ പ്രശ്നങ്ങളിലെത്തിയതിന്റെ ആറ് കാരണങ്ങൾ ഇതാ:

ഉപയോക്തൃ വളർച്ച അതിന്റെ പരമാവധിയിൽ

ഫേസ്ബുക്കിന്റെ വമ്പൻ ഉപയോക്തൃ വളർച്ചയുടെ ദിനങ്ങൾ അവസാനിച്ചു.

ഇൻസ്റ്റാഗ്രാം, മെസഞ്ചർ, വാട്ട്‌സ്ആപ്പ് എന്നിവ ഉൾപ്പെടുന്ന ഫെയ്സ്ബുക്ക് കുടുംബത്തിലെ മറ്റ് ആപ്പുകളിലെ പുതിയ ഉപയോക്താക്കളുടെ എണ്ണത്തിൽ കമ്പനി മിതമായ നേട്ടം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, പ്രധാന ആപ്പായ ഫേസ്ബുക്ക് സോഷ്യൽ നെറ്റ്‌വർക്കിംഗ് ആപ്പിന് മുൻ പാദത്തെ അപേക്ഷിച്ച് നാലാം പാദത്തിൽ ഏകദേശം അര ദശലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടുവെന്ന് ബുധനാഴ്ചത്തെ റിപ്പോർട്ട് പറയുന്നു.

കമ്പനിയുടെ 18 വർഷത്തെ ചരിത്രത്തിൽ ഇത്തരമൊരു ഇടിവ് ഇതാദ്യമാണ്. ഈ സമയത്ത് കൂടുതൽ പുതിയ ഉപയോക്താക്കളെ കൊണ്ടുവരാനുള്ള കഴിവ് കുറഞ്ഞെന്ന് അത് പ്രായോഗികമായി നിർവചിക്കപ്പെട്ടിരുന്നു.

Also Read: എന്താണ് ഡിജിറ്റൽ രൂപ; ബജറ്റ് പ്രഖ്യാപനം അർത്ഥമാക്കുന്നതെന്ത്?

ഇൻസ്റ്റാഗ്രാം പോലെയുള്ള മെറ്റയുടെ മറ്റ് ആപ്ലിക്കേഷനുകൾ ഉപയോക്തൃ വളർച്ചയിൽ മുകളിൽ എത്താൻ തുടങ്ങുമോ എന്ന് നിക്ഷേപകർ അടുത്തതായി പരിശോധിക്കാൻ സാധ്യതയുണ്ട്.

ആപ്പിളിന്റെ മാറ്റങ്ങൾ മെറ്റയെ ബാധിക്കുന്നു

അടുത്തിടെ ആപ്പിൾ അവരുടെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് ഒരു “ആപ്പ് ട്രാക്കിംഗ് സുതാര്യത” അപ്‌ഡേറ്റ് നൽകി. ഐഫോൺ ഉടമകൾക്ക് അവരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഫെയ്സ്ബുക്ക് പോലുള്ള ആപ്പുകൾക്ക് അനുമതി നൽകണോ എന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഇത് നൽകുന്നു. ആ സ്വകാര്യതാ നീക്കങ്ങൾ ഇപ്പോൾ മെറ്റയുടെ ബിസിനസിനെ ദോഷകരമായി ബാധിച്ചു. ആ മാറ്റങ്ങൾ തുടരാനും സാധ്യതയുണ്ട്.

ഇപ്പോൾ ഐഒഎസ് ഉപകരണങ്ങളിൽ ഫെയ്സ്ബുക്കും മറ്റ് ആപ്പുകളും ആളുകളുടെ ഇടപെടൽ പിന്തുടർന്ന് രേഖപ്പെടുത്തണമെങ്കിൽ അതിന് അവരോട് അനുമതി ചോദിക്കണം. പല ഉപയോക്താക്കളും ആ അനുമതി നൽകുന്നില്ല. അതിനർത്ഥം ഫെയ്സ്ബുക്കിന് ഉപയോക്തൃ ഡാറ്റ കുറയുന്ന എന്നതാണ്. ഉപയോക്തൃ ഡാറ്റ വച്ചയിരുന്നു കമ്പനി ടാർഗെറ്റുചെയ്യുന്ന പരസ്യങ്ങൾ ഉണ്ടാക്കിയത്. കമ്പനിയുടെ പണം സമ്പാദിക്കാനുള്ള പ്രധാന മാർഗങ്ങളിലൊന്ന് അത്തരം പരസ്യങ്ങളായിരുന്നു. ഇപ്പോൾ ആ സാധ്യത കുറഞ്ഞിരിക്കുന്നത് കമ്പനിക്ക് കൂടുതൽ ബുദ്ധിമുട്ടായി.

ആൻഡ്രോയിഡ് ആപ്പ് ഉപയോക്താക്കളെക്കാൾ ഐഫോൺ ഉപയോക്താക്കൾ ഫേസ്ബുക്കിന്റെ പരസ്യദാതാക്കൾക്ക് വളരെ ലാഭകരമായ വിപണിയാണ് എന്നത് കമ്പനിക്ക് നൽകുന്ന നഷ്ടം വലുതാണ്. ഇന്റർനെറ്റ് ആക്‌സസ് ചെയ്യാൻ ഐഫോണുകൾ ഉപയോഗിക്കുന്ന ആളുകൾ സാധാരണയായി മൊബൈൽ പരസ്യങ്ങളിൽ കാണുന്ന ഉൽപ്പന്നങ്ങൾക്കും ആപ്പുകൾക്കുമായി കൂടുതൽ പണം ചെലവഴിക്കുന്നു.

ആപ്പിളിന്റെ മാറ്റങ്ങൾ അടുത്ത വർഷം 10 ബില്യൺ ഡോളർ വരുമാനം നഷ്ടപ്പെടുത്തുമെന്ന് മെറ്റാ ബുധനാഴ്ച പറഞ്ഞു.

Also Read: എന്താണ് മൂക്കിലൂടെ നൽകുന്ന കോവിഡ് വാക്സിൻ; അത് കൂടുതൽ ഫലപ്രദമാണോ?

ആപ്പിളിന്റെ മാറ്റങ്ങളെ മെറ്റ കുറ്റപ്പെടുത്തുകയും ഉപഭോക്താക്കളിലേക്ക് എത്താൻ സോഷ്യൽ നെറ്റ്‌വർക്കിലെ പരസ്യങ്ങളെ ആശ്രയിക്കുന്ന ചെറുകിട ബിസിനസുകൾക്ക് ഇത് മോശമാണെന്നും പറയുകയും ചെയ്തു. എന്നാൽ ആപ്പിൾ അതിന്റെ സ്വകാര്യതാ മാറ്റങ്ങൾ മാറ്റാൻ സാധ്യതയില്ല, മെറ്റയുടെ ഓഹരി ഉടമകൾക്ക് അത് അറിയാം.

ഓൺലൈൻ പരസ്യ വിഹിതം ഗൂഗിൾ ചോർത്തുന്നു

മെറ്റയുടെ പ്രശ്‌നങ്ങൾ അതിന്റെ എതിരാളികളുടെ ഭാഗ്യമായി മാറുന്നു.

ആപ്പിളിന്റെ മാറ്റങ്ങൾ കാരണം പലരും തങ്ങളുടെ പരസ്യ ബജറ്റുകൾ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റാൻ തുടങ്ങിയെന്ന് ബുധനാഴ്ച, മെറ്റയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഡേവിഡ് വെഹ്‌നർ അഭിപ്രായപ്പെട്ടു. ഗൂഗിളിലേക്കാണ് ഇത്തരത്തിൽ കാര്യമായി മാറുന്നത്.

ഈ ആഴ്ച ഗൂഗിളിന്റെ വരുമാനം നോക്കുമ്പോൾ, കമ്പനി റെക്കോർഡ് വിൽപ്പന റിപ്പോർട്ട് ചെയ്തതായി കാണാം. പ്രത്യേകിച്ച് ഇ-കൊമേഴ്‌സ് സെർച്ച് പരസ്യത്തിലാണ് ഇത് കാണാവുന്നത്. 2021-ന്റെ അവസാന മൂന്ന് മാസങ്ങളിൽ മെറ്റ മുന്നേറ്റമുണ്ടാക്കിയതും ഇതേ വിഭാഗത്തിലായിരുന്നു.

മെറ്റയിൽ നിന്ന് വ്യത്യസ്തമായി, ഉപയോക്തൃ ഡാറ്റയ്ക്കായി ഗൂഗിൾ ആപ്പിളിനെ അധികം ആശ്രയിക്കുന്നില്ല. മെറ്റയുടെ പരസ്യ പ്ലാറ്റ്‌ഫോമിനേക്കാൾ ” ഗൂഗിളിന് കൂടുതൽ മൂന്നാം കക്ഷി ഡാറ്റ” ഉണ്ടെന്ന് വെഹ്നർ പറഞ്ഞു.

Also Read: 5ജിയും വിമാനസുരക്ഷയെക്കുറിച്ചുള്ള ആശങ്കയും

ആപ്പിളിന്റെ സഫാരി ബ്രൗസറിനുള്ള ഡിഫോൾട്ട് സെർച്ച് എഞ്ചിനാക്കുന്നതിനായി ആപ്പിളുമായി ഗൂഗിൾ കരാറിലെത്തിയതും വെഹ്നർ ചൂണ്ടിക്കാട്ടി. അതായത്, പരസ്യദാതാക്കൾക്ക് ഉപയോഗപ്രദമായേക്കാവുന്ന കൂടുതൽ ഡാറ്റ എടുത്ത് ഗൂഗിൾ സെർച്ച് പരസ്യങ്ങൾ കൂടുതൽ സ്ഥലങ്ങളിൽ ദൃശ്യമാകും. ദീർഘകാലാടിസ്ഥാനത്തിൽ മെറ്റയ്ക്ക് ഇതൊരു വലിയ പ്രശ്നമാണ്, പ്രത്യേകിച്ചും കൂടുതൽ പരസ്യദാതാക്കൾ ഗൂഗിൾ സെർച്ച് പരസ്യങ്ങളിലേക്ക് മാറുകയാണെങ്കിൽ.

ടിക്ക്ടോക്കും റീൽസും കാരണമുള്ള ആശയക്കുഴപ്പം

ഒരു വർഷത്തിലേറെയായി, ടിക്‌ടോക്ക് ഒരു എതിരാളിയെന്ന നിലയിൽ എത്രത്തോളം ശക്തമാണെന്ന് സക്കർബർഗ് ചൂണ്ടിക്കാട്ടുന്നുണ്ട്. ചൈനീസ് പിന്തുണയുള്ള ആപ്പ് ഷോർട്ട് വീഡിയോ പോസ്റ്റുകളുടെ പിൻബലത്തിൽ ഒരു ബില്യണിലധികം ഉപയോക്താക്കളായി വളർന്നു. മെറ്റയുടെ ഇൻസ്റ്റാഗ്രാമിന് ശക്തമായ മത്സരം ടിക്ക് ടോക്കിൽ നിന്ന് നേരിടേണ്ടി വരുന്നു.

ടിക് ടോക്കിനെ ക്ലോൺ ചെയ്ത് റീൽസ് എന്ന വീഡിയോ ഫീച്ചർ ഇൻസ്റ്റാഗ്രാമിൽ മെറ്റ ഉൾപ്പെടുത്തിയിരുന്നു. നിലവിൽ റീൽസ് വഴിയാണ് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ എൻഗേജുമെന്റ് ഉണ്ടാവുന്നതെന്ന് സക്കർബർഗ് ബുധനാഴ്ച പറഞ്ഞു.

റീലുകൾ ഉപയോക്താക്കളെ ആകർഷിക്കുന്നുണ്ടെങ്കിലും, സ്റ്റോറികളും പ്രധാന ഫീഡും പോലുള്ള ഇൻസ്റ്റാഗ്രാമിന്റെ മറ്റ് ഫീച്ചറുകളെപ്പോലെ ഇത് ഫലപ്രദമായി പണം സമ്പാദിക്കുന്നില്ല എന്നതാണ് പ്രശ്നം. വീഡിയോ പരസ്യങ്ങളിൽ നിന്ന് പണം സമ്പാദിക്കുന്നത് മന്ദഗതിയിലായതിനാലാണിത്. കാരണം വീഡിയോ പരസ്യം വന്നാൽ ആളുകൾ അത് സ്കിപ്പ് ചെയ്യാൻ ശ്രമിക്കുന്നു. അതിനർത്ഥം ഇൻസ്റ്റാഗ്രാം ആളുകളെ റീലുകൾ ഉപയോഗിക്കുന്നതിന് എത്രത്തോളം പ്രേരിപ്പിക്കുന്നുവോ അത്രയും കുറവാവും അവർ പണം ആ ഉപയോക്താക്കളിൽ നിന്ന് ഉണ്ടാക്കുക എന്നതാണ്.

മെറ്റാവേഴ്സിൽ ചെലവഴിക്കുന്നത്

ഇൻറർനെറ്റിന്റെ അടുത്ത തലമുറ മെറ്റാവേഴ്സ് ആണെന്ന് സക്കർബർഗ് വളരെയധികം വിശ്വസിക്കുന്നു. വ്യത്യസ്തമായ വെർച്വൽ, ഓഗ്മെന്റഡ്-റിയാലിറ്റി ലോകങ്ങളിലൂടെ സഞ്ചരിക്കുന്ന ആളുകളെ ഉൾക്കൊള്ളുന്ന ഇപ്പോഴും അവ്യക്തവും സൈദ്ധാന്തികവുമായ ആശയം ആണത്. അതിനായി വലിയ തുക ചെലവഴിക്കാൻ സുക്കർബർഗ് തയ്യാറാണ്.

കഴിഞ്ഞ വർഷം സുക്കർബർഗ് ഇതിനായി ചെലവഴിച്ചത് 10 ബില്യൺ ഡോളറിലധികം ആയിരുന്നു. ഭാവിയിൽ ഇനിയും കൂടുതൽ തുക ചെലവഴിക്കുമെന്ന് സക്കർബർഗ് പ്രതീക്ഷിക്കുന്നു.

എന്നിട്ടും അത് എത്രത്തോളം ഫലവത്താകും എന്നതിന് തെളിവുകളൊന്നുമില്ല.

വിസ്വാസ്യതയുടെ പ്രശ്നങ്ങൾ

സക്കർബർഗിന്റെ കമ്പനിക്കെതിരെ യുഎസ് റെഗുലേറ്റർമാർ വരുമെന്ന ഭീഷണി അവർക്ക് സ്ഥിരം തലവേദനയാണ്.

വിശ്വാസ്യത, മത്സരാധിഷ്ടിത വിപണിയുടെ സ്വഭാവത്തിന് വിരുദ്ധമായ പ്രവർത്തനം തുടങ്ങിയവ സംബന്ധിച്ച ഒന്നിലധികം അന്വേഷണങ്ങൾ മെറ്റ അഭിമുഖീകരിക്കുന്നു. കമ്പനിക്കെതിരെ അവിശ്വാസ ബില്ലുകൾ പാസാക്കാനുള്ള യുഎസ് കോൺഗ്രസിന്റെ ശ്രമങ്ങൾക്ക് നിയമനിർമാതാക്കളുടെ പിന്തുണയും ലഭിച്ചു.

മെറ്റ ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് കുത്തകയല്ലെന്ന് സക്കർബർഗ് വാദിച്ചു. ടിക് ടോക്ക്, ആപ്പിൾ, ഗൂഗിൾ, ഭാവിയിലെ എതിരാളികൾ എന്നിവരുൾപ്പെടെയുള്ളവരുമായി “അഭൂതപൂർവമായ തലത്തിലുള്ള മത്സരങ്ങൾ” നടക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ വിശ്വാസവിരുദ്ധ നടപടിയുടെ ഭീഷണി, പുതിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് ട്രെൻഡുകളിലേക്ക് വഴി കണ്ടെത്തുന്നത് മെറ്റയ്ക്ക് കൂടുതൽ ബുദ്ധിമുട്ടാക്കി.

മൈക്ക് ഐസക് എഴുതിയത്. ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനം.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Meta facebook mark zuckerberg shares user growth competition metaverse