മീടൂ പ്രസ്ഥാനത്തിലെ നിര്‍ണായക വഴിത്തിരിവാണ് കഴിഞ്ഞ ദിവസം ലൈംഗികാതിക്രമ കേസുകളില്‍ പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റൈന്‍ (67) കുറ്റക്കാരനാണെന്നുള്ള മാന്‍ഹട്ടന്‍ കോടതിയുടെ വിധിയിലൂടെ ഉണ്ടായത്.
ഹോളിവുഡില്‍ അതിപ്രഭാവനായി വാണ വെയ്ന്‍സ്റ്റൈന്‍ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് 2017-നൊടുവില്‍ നാടകീയമായി നാണക്കേടിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അനവധി സ്ത്രീകള്‍ അദ്ദേഹത്തിനെതിരെ വെളിപ്പെടുത്തൽ നടത്തിയത് ലോകമെമ്പാടും സ്ത്രീകള്‍ക്ക് ജോലിസ്ഥലത്തുള്ള സ്വന്തം പീഡന അനുഭവങ്ങള്‍ തുറന്നുപറയാൻ പ്രചോദനം നല്‍കി. ഇത് പല പ്രമുഖരുടെയും മുഖംമൂടികള്‍ അഴിച്ചിട്ടു. ഓസ്‌കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുള്ള നിര്‍മാതാവാണ് വെയ്ന്‍സ്റ്റൈന്‍.
വിധിയില്‍ പരാതിക്കാര്‍ ആശ്വാസം പ്രകടിപ്പിച്ചു. കേസുകളില്‍നിന്നു വെയ്ന്‍സ്റ്റൈന്‍ അനുകൂലമായ വിധി നേടി സിനിമാരംഗത്തേക്ക് തിരിച്ചുവരുമെന്ന ഭീതി പരാതിക്കാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. ആറ് പരാതിക്കാരാണ് നിര്‍മാതാവിനെതിരെ പരാതി നല്‍കി തെളിവുകള്‍ ഹാജരാക്കിയത്. ഏറ്റവും ഗൗരവകരമായ കുറ്റങ്ങളില്‍നിന്ന് അദ്ദേഹത്തെ ആരോപണവിമുക്തനാക്കിയതു പരാതിക്കാർക്ക് ചെറിയ നിരാശയുണ്ടാക്കുന്നതാണ്. ഒരു ഡസനോളം സത്രീകളാണ് ആരോപണം ഉന്നയിച്ചത്.
ആശ്വാസം, വെയ്ന്‍സ്റ്റൈന്‍ ഓസ്‌കാര്‍ വേദിയിലേക്ക് തിരിച്ചെത്തില്ല
വിധി കേട്ട് നടി മിറ സോര്‍വിനോ കരഞ്ഞു. ആശ്വാസം അവര്‍ പറഞ്ഞു. ഞങ്ങളില്‍ പലരുടെയും ജീവിതത്തെ ദീര്‍ഘകാലം വെയ്ന്‍സ്റ്റൈന്‍ വേട്ടയാടി. ഞങ്ങളുടെ രാത്രി സ്വപ്‌നങ്ങളില്‍ പോലും, അവര്‍ പറഞ്ഞു. ഫോണിലൂടെ റിപ്പോര്‍ട്ടേഴ്‌സിനോടും മറ്റ് പരാതിക്കാരോടും സംസാരിക്കുമ്പോള്‍ അവരുടെ സ്വരം ഇടറുന്നുണ്ടായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തിലെ തിന്മയെ വെളിച്ചത്ത് കൊണ്ടുവന്നുവെന്നു മിറ കൂട്ടിച്ചേര്‍ത്തു.
ഞങ്ങള്‍ ഏറ്റവും മോശമായതാണ് പ്രതീക്ഷിച്ചിരുന്നതെന്ന് മറ്റൊരു പരാതിക്കാരിയായ സോ ബ്രോക്ക് പറഞ്ഞു. കാരണം, മോശം കാര്യങ്ങള്‍ ലൈംഗികാതിക്രമ ഇരകളുടെ ജീവിതത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്ന് ന്യൂസിലന്റില്‍നിന്നു സോ പറഞ്ഞു. കുറ്റങ്ങളില്‍നിന്നും വിടുതല്‍ നേടുക മാത്രമല്ല സിനിമയിലേക്ക് തിരിച്ചെത്തി വീണ്ടും ഓസ്‌കാര്‍ നേടുമെന്ന് പേടിച്ചിരുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
” അത് ഇനി സംഭവിക്കാന്‍ പോകുന്നില്ല. കാരണം ഹാര്‍വി വെയ്ന്‍സ്റ്റൈന്‍ ഇപ്പോള്‍ കുറ്റക്കാരനാണ്. ഇപ്പോള്‍ അയാള്‍ ജയിലിലാണ്. ഞാന്‍ അതില്‍ അതിയായി സന്തോഷിക്കുന്നു,” സോ പറയുന്നു.
വീട്ടില്‍ അതിക്രമിച്ചുകയറി പീഡനങ്ങള്‍, ഒടുവില്‍ കുടുങ്ങി
2013-ല്‍ അഭിനേത്രിയാകാന്‍ ആഗ്രഹിച്ചെത്തിയ യുവതിയെ വെയ്ന്‍സ്‌റ്റൈന്‍ പീഡിപ്പിച്ചു. മറ്റൊരു സ്ത്രീയെ 2006-ലും ലൈംഗികമായി ഉപദ്രവിച്ചിരുന്നു. ഈ രണ്ട് കേസുകളിലും അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചുവെങ്കിലും ലൈംഗിക വേട്ടക്കാരനാണെന്ന ആരോപണത്തില്‍നിന്ന് അദ്ദേഹം വിമുക്തി നേടി. ഇതിലും കുറ്റക്കാരനാണെന്ന് വിധിക്കപ്പെട്ടിരുന്നുവെങ്കില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുമായിരുന്നു. ഇപ്പോള്‍ പരമാവധി 25 വര്‍ഷത്തെ ജയില്‍ശിക്ഷ ലഭിക്കാനാണ് സാധ്യത. അപ്പീല്‍ കൊടുക്കുമെന്ന് വെയന്‍സ്റ്റൈന്റെ അഭിഭാഷകര്‍ പറയുന്നു. എല്ലാം ലൈംഗിക ബന്ധങ്ങളും അനുവാദത്തോടെയായിരുന്നുവെന്ന നിലപാടാണ് വെയന്‍സ്റ്റൈന്‍ സ്വീകരിച്ചിരുന്നത്.
2013-ല്‍ മുന്‍ ടെലിവിഷന്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റായ മിരിയം ഹാലിയും 2006-ല്‍ ജെസ്സിക്ക മന്നുമാണ് അക്രമത്തിന് ഇരയായത്. അതിക്രമത്തിന് ഇരയായെങ്കിലും വെയ്ന്‍സ്റ്റൈനുമായി ബന്ധം തുടര്‍ന്ന ഇരുവരും പിന്നീട് ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധം നടത്തിയെന്നും സമ്മതിച്ചത് കേസിനെ സങ്കീര്‍ണമാക്കിയിരുന്നു. വെയ്ന്‍സ്റ്റൈന്‍ കൗശലക്കാരനായ വേട്ടക്കാരനാണെന്നും ഇരകളെ നിയന്ത്രിക്കുന്നതിന് സിനിമ വ്യാവസായത്തില്‍ തനിക്കുള്ള അധികാരം ഉപയോഗിച്ച് തന്റെ കൂടെ നിര്‍ത്തിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.
ഒരിക്കല്‍ ശക്തനായിരുന്ന നിര്‍മാതാവ് കോടതി മുറിയില്‍ കൈവിലങ്ങുമണിഞ്ഞ് നില്‍ക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇത് പരാതിക്കാര്‍ക്ക് ആശ്വാസം പകരുന്ന ശക്തമായ ചിത്രമായിരുന്നു.
എന്താണ് മീടൂ
വെയ്ന്‍സ്‌റ്റൈനിനെതിരായ വെളിപ്പെടുത്തല്‍ വന്നതിനുശേഷം സിനിമ മേഖലയില്‍ മാത്രമല്ല മറ്റ് മേഖലകളിലെ തൊഴിലിടങ്ങളിലും അധികാര സ്ഥാനങ്ങളിലുള്ളവര്‍ നടത്തുന്ന ലൈംഗിക ചൂഷണത്തെ കുറിച്ച് സ്ത്രീകള്‍ തുറന്ന് പറഞ്ഞ് തുടങ്ങി. എനിക്കും ഇതേ അനുഭവം ഉണ്ട് എന്ന് സ്ത്രീകള്‍ വിളിച്ച് പറഞ്ഞു. മീടൂ ഹാഷടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങിലായി. 2006-ല്‍ തരാനാ ബുര്‍ക്കാണ് മീടൂവെന്ന പ്രയോഗം ആരംഭിക്കുന്നത്. അവര്‍ ഇതേ പേരില്‍ ഒരു ഡോക്യുമെന്ററിയും നിര്‍മ്മിച്ചിരുന്നു.
ഇരകളല്ല, അവര്‍ ധൈര്യശാലികള്‍
കൂട്ടായ രോഗശാന്തിയിലേക്കുള്ള ഒരു വലിയ ചുവടെന്നാണ് കേസിലെ മറ്റൊരു പരാതിക്കാരിയായ റോസ് മക്‌ഗോവന്‍ പറഞ്ഞത്. “പരാതിയുമായി മുന്നോട്ടുവന്ന ഞങ്ങളില്‍ ഓരോരുത്തര്‍ക്കും ഒരു പേരുണ്ട്, ചരിത്രമുണ്ട്, ഒരു ജീവിതമുണ്ട്. തങ്ങളുടെ ആഴമേറിയ മുറിവുകള്‍ ലോകത്തിന് മുന്നില്‍ തുറന്നുകാണിച്ച ധൈര്യശാലികളായ സ്ത്രീകള്‍ കാരണം അയാള്‍ ഇപ്പോള്‍ റൈക്കേഴ്‌സ് ദ്വീപിലാണ്,” റോസ് പറഞ്ഞു. റൈക്കേഴ്‌സ് ദ്വീപിലെ ജയിലിലാണ് വെയ്ന്‍സ്റ്റൈനെ തടവില്‍ പാര്‍പ്പിക്കുക.
കോടതി വിധി വന്നശേഷം, ബെല്ലേവ് ആശുപത്രിയിലെ സെല്ലിലാണ് വെയ്ന്‍സ്റ്റൈനിനെ അടച്ചത്. അടുത്തിടെ ഒരു ശസ്ത്രക്രിയക്ക് വിധേയനായ വെയ്ന്‍സ്റ്റൈന് ഡോക്ടര്‍മാരുടെ ശ്രദ്ധ ആവശ്യമാണെന്ന് അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
സ്ത്രീകള്‍ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകളുമായി വരുമ്പോള്‍ അവരെ വിശ്വാസത്തിലെടുക്കാന്‍ സമൂഹം ഒടുവില്‍ തയാറാകുന്നുവെന്നതാണ് ഈ കോടതി വിധിയുടെ ഏറ്റവും വലിയ വിജയമെന്ന് പരാതിക്കാര്‍ പറഞ്ഞു. സ്ത്രീകള്‍ പരാതിയുമായി മുന്നോട്ടുവരുമ്പോള്‍ അവരെ വിശ്വാസത്തിലെടുക്കുമെന്നതിലുള്ള തന്റെ വിശ്വാസം താന്‍ പുതുക്കുകയാണെന്ന് കെയ്റ്റ്‌ലിന്‍ ദുലാനി പറഞ്ഞു. ലോകം മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ആ മാറ്റത്തിലേക്കുള്ള പാതയിലാണെന്നുള്ളതിന്റെ നല്ലൊരു സൂചകമാണിതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ആകാശം വീണ്ടും തെളിഞ്ഞുവെന്നും അവര്‍ പറഞ്ഞു.
നിയമവ്യവസ്ഥ ഇനിയും ശക്തിപ്പെടണമെന്ന് പരാതിക്കാർ
നിയമവ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പരാതിക്കാര്‍ സംസാരിക്കുന്നുണ്ട്. ” നാം മുന്നോട്ടു പോകുമ്പോള്‍, ഉറപ്പായും നിയമങ്ങള്‍ ശക്തിപ്പെടുത്തുകയും നിയമവ്യവസ്ഥയിലെ വിടവുകള്‍ അടയ്ക്കുകയും വേണം. അപ്പോള്‍ കൂടുതല്‍ ബലാത്സംഗ കേസുകളില്‍ വിചാരണ നടക്കുകയും പ്രതികൾ അവരുടെ കുറ്റങ്ങള്‍ക്ക് കണക്കുപറയേണ്ടിയും വരികയും ചെയ്യും,” അഭിനേത്രിയായ റോസന്ന ആര്‍ക്വറ്റെ പറഞ്ഞു.
1990-കളുടെ പകുതിയില്‍ വെയ്ന്‍സ്‌റ്റൈന്‍ സോപ്രാണോസിലെ അഭിനേത്രിയായ അന്നാബെല്ല ഷിയോറയുടെ വീട്ടില്‍ അതിക്രമിച്ചുകയറി അവരെ ബലാത്സംഗം ചെയ്തിരുന്നു. മൊഴികൊടുക്കല്‍ വേദനാജനകമായിരുന്നുവെങ്കിലും അത് അത്യാവശ്യമായിരുന്നുവെന്ന് അന്നാബെല്ല പറഞ്ഞു. അവര്‍ വെളിപ്പെടുത്തലുമായി മുന്നോട്ടുവന്നത് ഏറെ പ്രശംസ നേടിയിരുന്നു.
ഈ പരാതിക്കാരെല്ലാം വര്‍ഷങ്ങളായി അടുത്തുപരിചയമുള്ളവരായിരുന്നു. എന്നാല്‍ തമ്മില്‍ ഇങ്ങനെയൊരു കറുത്ത ബന്ധമുണ്ടായിരുന്നുവെന്നത് തിരിച്ചറിഞ്ഞത് മീടു ആരോപണം വന്നപ്പോഴാണ്.