/indian-express-malayalam/media/media_files/uploads/2023/04/cats-6.jpg)
മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞിനെ നിയമപരമായി ദത്തെടുക്കുന്ന സ്ത്രീകൾക്ക് 12 ആഴ്ചത്തെ പ്രസവാവധിക്ക് അർഹതയുണ്ടെന്ന് 1961ലെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിലെ സെക്ഷൻ 5(4) ന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി.
കർണാടകയിൽനിന്നുള്ള ഹംസാനന്ദിനി നന്ദൂരി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) ഏപ്രിൽ 28ന് പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് തീരുമാനിച്ചത്. നിയമത്തിലെ സെക്ഷൻ 5(4) ദത്തെടുക്കുന്ന അമ്മമാരോടും മൂന്ന് മാസത്തിലേറെ പ്രായമുള്ള അനാഥരായ കുട്ടികളോടുമുള്ള "വിവേചനപരവും" "സ്വേച്ഛാധിഷ്ഠിതവും" ആണെന്ന് ഹർജിയിൽ വെല്ലുവിളിക്കുന്നു.
എന്താണ് ഈ വ്യവസ്ഥ?
1961ലെ യഥാർത്ഥ നിയമനിർമ്മാണത്തിൽ ദത്തെടുക്കുന്ന അമ്മമാർക്കായി പ്രത്യേക വ്യവസ്ഥകൾ ചേർത്തിരുന്നില്ല. 2017 ലെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിലെ ഭേദഗതിയോടെയാണ് ഇവ ഉൾപ്പെടുത്തിയത്.
ഭേദഗതി ചെയ്ത നിയമത്തിലെ സെക്ഷൻ 5(4) പ്രകാരം, "മൂന്ന് മാസത്തിൽ താഴെയുള്ള കുട്ടിയെ നിയമപരമായി ദത്തെടുക്കുന്ന അമ്മയ്ക്ക് അല്ലെങ്കിൽ കമ്മീഷൻ ചെയ്യുന്ന അമ്മയ്ക്ക് കുട്ടിയെ കൈമാറിയ തീയതി മുതൽ പന്ത്രണ്ട് ആഴ്ചത്തേക്ക് മെറ്റേണിറ്റി ബെനിഫിറ്റിനുള്ള അർഹതയുണ്ട്. "കമ്മീഷനിങ് മദർ" എന്നത് സരോഗേറ്റ് മദറിനെയാണ് സൂചിപ്പിക്കുന്നത്. ദത്തെടുക്കുന്ന അമ്മമാരോടുള്ള "വിവേചനപരവും" "സ്വേച്ഛാധിഷ്ഠിതവും" ആണ് ഇതെന്ന്, പിഐഎല്ലിൽ പറയുന്നു.
“സെക്ഷൻ 5(4) ദത്തെടുക്കുന്ന അമ്മമാരോടു മാത്രമല്ല വിവേചനപരവും സ്വേച്ഛാപരവും കാണിക്കുന്നത്. മൂന്ന് മാസത്തിന് മുകളിലുള്ള അനാഥരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ കുട്ടികളോടും ഇത് ഏകപക്ഷീയമായി വിവേചനം കാണിക്കുന്നു. ഇത് മെറ്റേണിറ്റി ബെനഫിറ്റ് ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്ട്, എന്നിവയുടെ ലക്ഷ്യവുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നില്ല, ” എന്ന് ഹർജിയിൽ വാദിക്കുന്നു.
12 ആഴ്ചത്തെ പ്രസവാവധിയുടെ ഉദ്ദേശിക്കപ്പെട്ട ആനുകൂല്യത്തെ "വാക്കുകളിലൂടെ മാത്രമുള്ള സേവനം" എന്നും ഹർജിയിൽ ഇതിനെ വിശേഷിപ്പിക്കുന്നു. ബയോളജിക്കൽ അമ്മമാർക്കുള്ള 26 ആഴ്ചത്തെ ആനുകൂല്യവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ വ്യവസ്ഥ ഭരണഘടനയുടെ മൂന്നാം ഭാഗത്തിന്റെ അടിസ്ഥാന സൂക്ഷ്മപരിശോധനയ്ക്ക് വിധേയമല്ലെന്നും ഹർജിയിൽ പറയുന്നു.
കേസിൽ ഇതുവരെ സംഭവിച്ചത്?
സുപ്രീം കോടതി ഈ ഹർജി പരിഗണിക്കുന്നത് ഇതാദ്യമായല്ല. 2021 ഒക്ടോബർ 21-ന് അന്നത്തെ ജസ്റ്റിസ് എസ് അബ്ദുൾ നസീറിന്റെയും ജസ്റ്റിസ് കൃഷ്ണ മുരാരിയുടെയും ബെഞ്ച് ഈ ഹർജിയിൽ നിയമ-നീതി മന്ത്രാലയത്തിൽ നിന്നും വനിതാ ശിശു വികസന മന്ത്രാലയത്തിൽ നിന്നും പ്രതികരണം തേടിയിരുന്നു. അവരുടെ പ്രതികരണങ്ങൾ ഇതുവരെ ഫയൽ ചെയ്തിട്ടില്ല.
മൂന്നു മാസത്തിൽ കൂടുതൽ പ്രായമുള്ള അനാഥരായ കുട്ടികളെ ദത്തെടുക്കുന്ന അമ്മമാർക്ക് അവർക്ക് ലഭിക്കേണ്ട മെറ്റേണിറ്റി ആനുകൂല്യങ്ങൾ 2017ലെ ഭേദഗതിയോടെ നിഷേധിക്കപ്പെടുകയാണ്. ദത്തെടുക്കൽ നടപടിക്രമങ്ങൾക്ക് കാലതാമസം എടുക്കുന്നതിനാൽ, മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടിയെ ദത്തെടുക്കുന്നത് "ഏതാണ്ട് അസാധ്യമാണ്" എന്ന് ഹർജിയിൽ പറയുന്നു.
മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിലെ സെക്ഷൻ 5(4) , ജുവനൈൽ ജസ്റ്റിസ് ആക്ട്, 2015 ലെ സെക്ഷൻ 38 ന് വിരുധമാണെന്നും ഹർജിയിൽ പറയുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ടിൽ അനാഥരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ ഏതൊരു കുട്ടിയെയും നിയമപരമായി ദത്തെടുക്കാൻ സാധിക്കുമെന്ന് ശിശുക്ഷേമ സമിതി പ്രഖ്യാപിക്കണം. ദത്തെടുക്കൽ ചട്ടങ്ങൾ പ്രകാരം ഒരു കുട്ടിയെ "നിയമപരമായി ദത്തെടുക്കലിന്" പ്രഖ്യാപിക്കാൻ രണ്ട് മാസത്തെ സമയം ആവശ്യമാണ്.
എന്താണ് മെറ്റേണിറ്റി ബെനഫിറ്റ് ആക്ട്?
പ്രസവത്തിന് മുൻപും ശേഷവുമുള്ള കാലയളവിൽ "ചില സ്ഥാപനങ്ങളിലെ" സ്ത്രീകളുടെ തൊഴിൽ സംബന്ധമായ കാര്യങ്ങൾ നിയന്ത്രിക്കുന്നതിനും "പ്രസവ ആനുകൂല്യത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും" വേണ്ടിയുമാണ് 1961 ഡിസംബർ 12-ന് പാർലമെന്റ് മെറ്റേണിറ്റി ബെനഫിറ്റ് ആക്റ്റ് പാസാക്കിയത്. " ഫാക്ടറി, ഖനി, തോട്ടം" എന്നിങ്ങനെ എല്ലാ നിലയിലുമുള്ള സ്ഥാപനങ്ങൾക്കും ഇത് ബാധകമായിരുന്നു. പിന്നീട് 1973ൽ ഇത് "സർക്കാരിന്റെ ഉടമസ്ഥതയിലുള്ള അത്തരം ഏതെങ്കിലും സ്ഥാപനം, കൂടാതെ അശ്വാഭ്യാസം, അക്രോബാറ്റിക്, മറ്റ് പ്രകടനങ്ങൾ എന്നിവയുടെ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചു." ഇത് മൈൻസ് മെറ്റേണിറ്റി ബെനഫിറ്റ് ആക്ട്, 1941, മെറ്റേണിറ്റി ബെനഫിറ്റ് ആക്റ്റ്, 1929 എന്നിവ റദ്ദാക്കി.
1961ലെ നിയമത്തിലെ സെക്ഷൻ നാലിൽ, ഒരു നിശ്ചിത കാലയളവിൽ സ്ത്രീകൾ ജോലി ചെയ്യുന്നതിനെ വിലക്കുന്നു. ഉപവകുപ്പ് (1) പ്രകാരം, “ തൊഴിലുടമകൾ, ഒരു സ്ത്രീയെ അവരുടെ പ്രസവത്തിനോ ഗർഭം അലസിയതിനോ തൊട്ടുപിന്നാലെയുള്ള ആറ് ആഴ്ചകളിൽ ജോലിയിൽ ഏർപ്പെടുത്തരുത്.
1961ലെ നിയമത്തിലെ സെക്ഷൻ അഞ്ചിൽ പെയ്ഡ് മെറ്റേണിറ്റി അവധി എടുക്കാനുള്ള അവകാശത്തെപ്പറ്റി പറയുന്നു. എന്നിരുന്നാലും അത്തരം അവധിയുടെ കാലയളവ് പന്ത്രണ്ട് ആഴ്ചയിൽ കവിയാൻ പാടില്ല. "അതായത്, അവരുടെ ഡെലിവറി ദിവസം വരെയുള്ള ആറാഴ്ചയും ആ ദിവസത്തിന് ശേഷമുള്ള ആറ് ആഴ്ചയുമാണ് ഇതിൽ ഉൾപ്പെടുന്നത്."
കൂടാതെ, "പ്രതീക്ഷിച്ച പ്രസവ തീയതിക്ക് തൊട്ടുമുമ്പുള്ള പന്ത്രണ്ട് മാസത്തിനുള്ളിൽ നൂറ്റി അറുപത് ദിവസമെങ്കിലും" ജോലി ചെയ്തില്ലെങ്കിൽ അവിടെനിന്നു പ്രസവാനുകൂല്യം നേടാൻ സാധിക്കില്ല. സ്ത്രീ ജീവനക്കാരെ സർവീസിൽനിന്നു പിരിച്ചുവിടുകയോ വേതനം കുറയ്ക്കുകയോ ചെയ്യാതെ തന്നെ ഈ ആനുകൂല്യങ്ങൾ അനുവദിക്കും. നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ പിഴയോ, പിഴയോടുകൂടെ മൂന്ന് മാസത്തെ ശിക്ഷയും ലഭിക്കും. 2017 മാർച്ച് ഒൻപതിനാണ് മെറ്റേണിറ്റി ബെനഫിറ്റ് (ഭേദഗതി) നിയമം പാർലമെന്റ് പാസാക്കിയത്. ഇത് യഥാർത്ഥ നിയമത്തിൽ പ്രധാന മാറ്റങ്ങൾ കൊണ്ടുവന്നു.
2017 ലെ ഭേദഗതി എന്താണ് ചെയ്തത്?
മെറ്റേണിറ്റി ബെനഫിറ്റ് (ഭേദഗതി) നിയമം, 2017, പ്രസവശേഷം 26 ആഴ്ച ശമ്പളത്തോടെയുള്ള അവധി അനുവദിക്കുന്നതിനായി പഴയ നിയമത്തിലെ സെക്ഷൻ അഞ്ച് ഭേദഗതി ചെയ്തു. ഇത് ബയോളജിക്കൽ അമ്മമാർക്ക് മാത്രമാണ്.
മൂന്ന് മാസത്തിൽ താഴെയുള്ള കുട്ടിയെ നിയമപരമായി ദത്തെടുക്കുന്ന അമ്മമാർക്ക് കുഞ്ഞിനെ, കൈമാറുന്ന തീയതി മുതൽ 12 ആഴ്ചത്തെ മെറ്റേണിറ്റി ബെനിഫിറ്റ് കാലയളവിന് അർഹതയുണ്ടെന്ന് ഭേദഗതിയിലെ വകുപ്പ് 5(4) പറയുന്നു.
കൂടാതെ, അത് സെക്ഷൻ 5(5) പ്രകാരം സ്ത്രീകൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തി. “ഒരു സ്ത്രീയെ ഏൽപ്പിച്ച ജോലിയുടെ സ്വഭാവം അനുസരിച്ച്, അത് വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന തരത്തിൽ ഉള്ളതാണെങ്കിൽ, തൊഴിലുടമ ഇതിന് അനുവദിച്ചേക്കാം," അതിൽ പറയുന്നു.
"അമ്പതോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങൾക്കും പ്രത്യേകം അല്ലെങ്കിൽ പൊതുവായ സൗകര്യങ്ങൾക്കൊപ്പം നിർദ്ദേശിക്കാവുന്ന ദൂരത്തിനുള്ളിൽ കുഞ്ഞുങ്ങളെയും ചെറിയ കുട്ടികളെയും പരിപാലിക്കുന്ന ഒരു നഴ്സറി സൗകര്യം ഉണ്ടാകാം," ഭേദഗതി ചെയ്ത നിയമത്തിന് കീഴിൽ, ഉൾപ്പെടുത്തിയ സെക്ഷൻ 11ൽ പറയുന്നു. തൊഴിലുടമ ഇത്തരം സ്ത്രീകൾ ഇവ നാല് തവണ സന്ദർശിക്കാനും വിശ്രമ ഇടവേളകളും അനുവദിക്കണമെന്നും നിർബന്ധമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ഈ നിയമം അസംഘടിത മേഖലയ്ക്ക് ബാധകമല്ല എന്നതാണ് ഏറെ വിമർശനം ഏറ്റുവാങ്ങുന്നത്.
എല്ലാ മേഖലകൾക്കും ഇത് തുല്യമായി ബാധകമല്ലേ?
അസംഘടിത മേഖലയിലെ സ്ത്രീകൾക്ക് മെറ്റേണിറ്റി ബെനഫിറ്റ് (ഭേദഗതി) നിയമത്തിന്റെ ആനുകൂല്യങ്ങൾ 2017-ൽ പ്രയോജനപ്പെടുത്താൻ കഴിയില്ല. 2020-ൽ, ഹ്യൂമൻ റിസോഴ്‌സ് കമ്പനിയായ ടീം ലീസിന്റെ
ഒരു റിപ്പോർട്ട് പ്രകാരം, ഭേദഗതി നിയമം പാസാക്കിയിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും അത് “സ്ത്രീകളുടെ തൊഴിൽ അവസരങ്ങളിൽ സ്വാധീനെ ചെലുത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തി," ഇതുകൂടാതെ, നിയമം നടപ്പാക്കിയതിനുശേഷം പത്തിൽ അഞ്ചിലധികം മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞുവെന്നും റിപ്പോർട്ട് പറയുന്നു.
അവലോകനം ചെയ്ത 10 മേഖലകളിൽ 7 എണ്ണത്തിലും ഈ നിയമം മൂലം ഇടത്തരം കാലയളവിൽ (1-4 വർഷം) സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തത്തിൽ നല്ല ആക്കം കാണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നിരുന്നാലും, 10 മേഖലകളിൽ അഞ്ചെണ്ണം പിന്നാക്കമാണ്. ഈ തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ സാന്നിധ്യം കുറയുന്നതായി റിപ്പോർട്ടിൽ കാണിക്കുന്നു.
പ്രസവശേഷം സ്ത്രീകൾക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുന്നു. റിപ്പോർട്ട് പ്രകാരം മിക്ക സ്ത്രീകൾക്കും (30 ശതമാനം) വേതനം വെട്ടിക്കുറച്ചതിനെ തുടർന്ന് കുടുംബത്തിൽ നിന്നുള്ള പിന്തുണയോ ഇല്ലായ്മയും (25 ശതമാനം) കുഞ്ഞിനെ പരിചരിക്കുന്നതും (20 ശതമാനം) പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.