ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിലെയും ഡൽഹി സർക്കാരിലെയും ശക്തമായ സാന്നിധ്യം കണക്കിലെടുക്കുമ്പോൾ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും അദ്ദേഹത്തിന്റെ പാർട്ടിക്കും വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഡൽഹി സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിന്റെ മുഖമായിരുന്നു സിസോദിയ. ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ വിപുലീകരണ പദ്ധതികളുടെ മുഖ്യസൂത്രധാരൻ കൂടിയാണ് അദ്ദേഹം.
സർക്കാരിലെ 18 വകുപ്പുകളുടെ തലവൻ കൂടിയായ സിസോദിയയുടെ പെട്ടെന്നുള്ള അസാന്നിധ്യം വലിയ ആഘാതം സൃഷ്ടിക്കുമെന്ന് കുറച്ചു പേർ കരുതുന്നുണ്ട്. കഴിഞ്ഞ വർഷം മേയിൽ കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ അദ്ദേഹത്തിന്റെ കാബിനറ്റ് സഹപ്രവർത്തകൻ സത്യേന്ദർ ജെയിൻ അറസ്റ്റിലായതിനെത്തുടർന്ന് അദ്ദേഹത്തിന്റെ വകുപ്പുകളുടെ ചുമതല വർധിച്ചിരുന്നു.
കേജ്‌രിവാളിന്റെ വിശ്വസ്തനായ സിസോദിയ, സർക്കാർ രൂപീകരിക്കുന്നതിനു മുൻപ് ഇരുവരും ഒന്നിച്ച് എൻജിഒ പരിവർത്തനിൽ പ്രവർത്തിച്ചിരുന്നു. റേഷൻ ലഭ്യത, വൈദ്യുതി ബില്ലുകൾ, വിവരാവകാശം തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ചു. സിസോദിയയുടെ പ്രധാന വകുപ്പുകളിൽ ഇവയും ഉൾപ്പെടുന്നു. ജെയിനിന്റെ അറസ്റ്റിന് ശേഷം ആരോഗ്യം, പൊതുമരാമത്ത് വകുപ്പ്, ആഭ്യന്തരം എന്നിവയുടെ ചുമതലയും സിസോദിയയ്ക്ക് ലഭിച്ചു. ധനമന്ത്രി കൂടിയായ സിസോദിയയുടെ അറസ്റ്റ് മാർച്ച് ആദ്യവാരം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഡൽഹി സർക്കാരിന്റെ ബജറ്റ് സമ്മേളനത്തെയും ബാധിച്ചേക്കാം.
വിദ്യാഭ്യാസ നയത്തിലൂടെയാണ് സിസോദിയ ഡൽഹിയിലും ദേശീയ തലത്തിലും ശ്രദ്ധേയനായത്. വിദ്യാർത്ഥികളുമായുള്ള അദ്ദേഹത്തിന്റെ ആശയവിനിമയത്തിന്റെ ക്ലിപ്പുകളും വിദ്യാർഥികൾ അദ്ദേഹത്തോട് നന്ദി പ്രകടിപ്പിക്കുന്നതും അറസ്റ്റിന് ശേഷം വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേജ്‌രിവാളും അദ്ദേഹത്തിന്റെ പാർട്ടിയും അദ്ദേഹത്തെ “ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രി” എന്ന് പലപ്പോഴും വിളിച്ചിട്ടുണ്ട്. മികച്ച സർക്കാർ സ്‌കൂളുകളുടെ വാഗ്ദാനം ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയത്തിന്റെ ഒരു പ്രധാന ഘടകമാണ്.
സിസോദിയ എത്രകാലം കസ്റ്റഡിയിൽ തുടരും എന്നതിനെ ആശ്രയിച്ച്, പാർട്ടിക്ക് ആദ്യം അദ്ദേഹത്തിന്റെ വകുപ്പുകൾ വിഭജിച്ചു നൽകുക എന്ന വലിയ ദൗത്യം ഉണ്ടാകും. ഇവ നൽകാൻ നിരവധി പ്രമുഖ നേതാക്കളുണ്ടെങ്കിലും, ആരും പൊതുജനങ്ങൾക്കിടയിൽ തിരിച്ചറിയപ്പെടുന്നവരോ കേജ്‌രിവാളിന് വിശ്വസിക്കുന്നവരോ ആയിട്ടില്ല.
”പാർട്ടി രൂപീകരണത്തിനു മുൻപേ ഞങ്ങൾ സുഹൃത്തുക്കളാണ്. പാർട്ടി അംഗവും മന്ത്രിയും എന്ന നിലയിൽ അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിൽ എനിക്ക് അഭിമാനമുണ്ട്. നിങ്ങളുടെ മേധാവി നിങ്ങളെ വിശ്വസിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ ജോലി ആസ്വദിച്ച് ചെയ്യും. ഞങ്ങൾ പ്രവർത്തകരായിരിക്കുമ്പോൾ മുതൽ ഒരുമിച്ചാണ്. മുഖ്യമന്ത്രി എന്ന നിലയിൽ ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഞങ്ങൾ ഇപ്പോഴും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, ഞങ്ങളുടെ കുടുംബങ്ങൾ പരസ്പരം സമയം ചെലവഴിക്കുന്നു,” 2021 ഡിസംബറിൽ ദി ഇന്ത്യൻ എക്സ്പ്രസിന്റെ ഐഡിയ എക്സ്ചേഞ്ചിൽ കേജ്‌രിവാളുമായുള്ള ബന്ധത്തെക്കുറിച്ച് സിസോദിയ പറഞ്ഞത്.
ദേശീയ രാഷ്ട്രീയത്തിലേക്ക് കേജ്‌രിവാൾ പുതിയ ചുവടുവയ്പ് നടത്താൻ ഒരുങ്ങുന്ന രാഷ്ട്രീയമായി നിർണായകമായ സമയത്താണ് സിസോദിയയുടെ അറസ്റ്റ്. പഞ്ചാബിൽ സർക്കാർ രൂപീകരിക്കുകയും ഗുജറാത്തിൽ ബിജെപിക്ക് വെല്ലുവിളി ഉയർത്തുകയും ചെയ്ത സാഹചര്യത്തിൽ, കർണാടക, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ നാലു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കാൻ അടുത്ത മാസം പര്യടനം നടത്താനുള്ള നീക്കത്തിലായിരുന്നു കേജ്‌രിവാൾ.
“സിസോദിയയുടെ അറസ്റ്റ് ഭരണത്തെ മാത്രമല്ല, മനോവീര്യത്തെയും ബാധിക്കും. എട്ട് മാസമായി ജെയിൻ ജയിലിലാണ്, ഭരണപ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ അഭാവം അനുഭവപ്പെടുന്നു,” ഒരു പാർട്ടി നേതാവ് പറഞ്ഞു. സിസോദിയയ്ക്കെതിരായ ആരോപണങ്ങൾ വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് പാർട്ടി നേതാക്കൾ പറയുമ്പോഴും, അദ്ദേഹത്തിന്റെ അറസ്റ്റ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയുണ്ടെന്ന് മുതിർന്ന നേതാക്കൾ സമ്മതിക്കുന്നു.
”കേജ്‌രിവാൾ പൊതുമുഖമാണ്, സിസോദിയ സർക്കാരിന്റെ ഭരണപരമായ മുഖമാണ്. ഓഫീസുകളിലും ഡിപ്പാർട്ട്‌മെന്റുകളിലും അപ്രതീക്ഷിത റെയ്ഡ് നടത്തുകയും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയും ചെയ്യാറുണ്ടായിരുന്നു. ഈ ചിത്രങ്ങളും ക്ലിപ്പുകളും പാർട്ടിയുടെ പ്രതിച്ഛായ കെട്ടിപ്പടുക്കാൻ സഹായിച്ചു,” ബിജെപി നേതാവ് പറഞ്ഞു. സമീപകാല സംഭവവികാസങ്ങൾ എഎപി അധികാരത്തിൽ വരാൻ ഉപയോഗിച്ചിരുന്ന അഴിമതി വിരുദ്ധ നയത്തെ ചോദ്യം ചെയ്യാൻ ഞങ്ങൾക്ക് അവസരം നൽകിയെന്ന് മറ്റൊരു ബിജെപി നേതാവ് പറഞ്ഞു.