തിരുവനന്തപുരം: ചെറിയ കാലയളവിന് ശേഷം മലങ്കര സഭയിലെ തര്‍ക്കം വീണ്ടും രൂക്ഷമായിരിക്കുകയാണ്. ഇത്തവണ സുപ്രീം കോടതി നേരിട്ട് ഇടപെട്ടതോടെ സംസ്ഥാന സര്‍ക്കാരും പ്രതിരോധത്തിലായി. സഭാ തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. 2017 ജൂലായ് മൂന്നിന് പുറപ്പെടുവിച്ച സുപ്രീം കോടതി വിധി നിറവേറ്റാത്തതിലാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. കോടതി വിധി നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ചീഫ് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാനും മടിക്കില്ല എന്നായിരുന്നു കോടതി കഴിഞ്ഞ ദിവസം നടത്തിയ വിമര്‍ശനം. മലങ്കര സഭയിലെ ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലാണ് സുപ്രീം കോടതി 2017 ജൂലായ് മൂന്നിന് വിധി പുറപ്പെടുവിച്ചത്.
Read Also: സഭാ തര്‍ക്കം; സുപ്രീം കോടതി വിധി സമവായത്തിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി
കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലെ പ്രബലരായ രണ്ട് വിഭാഗങ്ങളാണ് യാക്കോബായ വിഭാഗവും ഓര്‍ത്തഡോക്‌സ് വിഭാഗവും. മലങ്കര സഭയിലാണ് രണ്ട് വിഭാഗങ്ങളും ഉള്‍പ്പെടുന്നത്. 1912 ലാണ് മലങ്കര സഭ രണ്ട് വിഭാഗങ്ങളായി പിളരുന്നത്. ഒരു വിഭാഗം യാക്കോബായയും രണ്ടാമത്തേത്ത് ഓര്‍ത്തഡോക്‌സും. 1959 ല്‍ ഇരു വിഭാഗങ്ങളും യോജിച്ചു. എന്നാല്‍, ഈ യോജിപ്പ് 1972-73 വരെയാണ് നിലനിന്നത്. പിളര്‍പ്പ് രൂക്ഷമായ ശേഷം പള്ളികളുടെ പേരിലും സ്ഥാവര ജംഗമ വസ്തുക്കളുടെ പേരിലും യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടായി. അധികാരം ഉപയോഗിച്ച് ദേവാലയങ്ങളില്‍ അവകാശം സ്ഥാപിച്ചെടുക്കാന്‍ ഇരു വിഭാഗങ്ങളും പരിശ്രമിച്ചു. പിന്നീട് വിഷയം കോടതിയിലേക്ക് നീങ്ങി.
വിവിധ ഹര്‍ജികൾ കോടതികളിലെത്തി. വിവിധ ദേവാലയങ്ങളുടെ അവകാശത്തെ ചൊല്ലിയാണ് തര്‍ക്കം ഉണ്ടായിരുന്നത്. ഈ കേസുകളാണ് കോടതിയിലെത്തിയതും. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കേസായിരുന്നു സെന്റ്.മേരീസ് പിറവം പള്ളിക്കായുള്ള അവകാശവാദം. എറണാകുളം ജില്ലയിലാണ് പിറവം പള്ളി സ്ഥിതി ചെയ്യുന്നത്. യാക്കോബായ വിഭാഗത്തിന്റെ കൈവശം ഉള്ള പിറവം പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടുനല്‍കണമെന്ന സുപ്രധാന വിധിയാണ് 2017 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ചത്.
എന്നാല്‍, രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടും ഈ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ല. കോടതി വിധി നടപ്പിലാക്കുന്നത് വൈകിയതോടെ ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയെ സമീപിച്ചു. യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം കാരണമാണ് സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിക്കാതിരുന്നത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്നുള്ള വൈദികരെ കയറ്റാന്‍ പൊലീസ് സംരക്ഷണത്തില്‍ നടപടി സ്വീകരിച്ചെങ്കിലും യാക്കോബായ വിഭാഗം ആത്മഹത്യ ഭീഷണി മുഴക്കുകയും വലിയ പ്രതിഷേധ പരിപാടികള്‍ നടത്തുകയും ചെയ്തതോടെ സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പിലാക്കുന്നതില്‍ നിന്ന് പിന്നോട്ട് പോയി. പൊലീസ് ഇടപെടല്‍ ഉണ്ടായാല്‍ പള്ളി ചോരക്കളമാകാനുള്ള സാധ്യതകളുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
സ്ഥിരമായി പൊലീസ് സംരക്ഷണം ഒരുക്കണമെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി നിഷേധിച്ചു. വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം പിന്നീട് സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്.
1,064 ദേവാലയങ്ങളാണ് സഭാ തര്‍ക്കത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ പതിനഞ്ച് ദേവാലയങ്ങള്‍ തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. 200 ഓളം ദേവാലയങ്ങള്‍ക്ക് വേണ്ടിയുള്ള തര്‍ക്കം വളരെ രൂക്ഷമാണ്. ഇരു വിഭാഗങ്ങളും ഈ സ്ഥലങ്ങളില്‍ ശക്തരായ സാന്നിധ്യമാണ്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തുവന്നത്.
ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആസ്ഥാനം കോട്ടയത്താണ്. ബസേലിയോസ് മാര്‍ തോമസ് പൗലോസ് ദ്വിതീയനാണ് ഓര്‍ത്തഡോക്‌സ് വിഭാഗം തലവന്‍. അന്ത്യോക്യയിലെ പാട്രിയാക്കീസ് ആണ് യാക്കോബായ വിഭാഗം തലവന്‍. കേരളത്തിലെ യാക്കോബായ വിഭാഗം തലവന്‍ മാര്‍ ബസേലിയോസ് തോമസ് ഒന്നാമനാണ്.