/indian-express-malayalam/media/media_files/uploads/2023/10/mahuva.jpg)
ചോദ്യക്കോഴ വിവാദം: മഹുവ മൊയ്ത്രയ്ക്ക് നോട്ടിസയച്ച് ലോക്സഭ എത്തിക്സ് കമ്മിറ്റി
തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വെള്ളിയാഴ്ച (ഒക്‌ടോബർ 20) തനിക്കെതിരായ ‘ചോദ്യത്തിന് പണം’ എന്ന ആരോപണവുമായി ബന്ധപ്പെട്ട സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെയും (സിബിഐ) ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിയുടെയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുമെന്ന് അറിയിച്ചു.
“സി.ബി.ഐ ഉം എത്തിക്‌സ് കമ്മിറ്റി (ബിജെപി അംഗങ്ങൾക്ക് കേവലഭൂരിപക്ഷം ഉള്ളത്) അവർ എന്നെ വിളിക്കുമ്പോൾ, അവർക്കുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് ഞാൻ തയ്യാറാണ്.”എന്ന് എക്‌സിലെ (പഴയ ട്വിറ്റർ)പോസ്റ്റിൽ മൊയ്‌ത്ര വ്യക്തമാക്കി.
"തന്റെ പാർലമെന്റ് ലോഗിനും പാസ്‌വേഡും എംപി തനിക്ക് തന്നുവെന്നും അതിനാൽ “ആവശ്യമുള്ളപ്പോൾ മഹുവ മൊയ്ത്രയുടെ പേരിൽ” നേരിട്ട് “ചോദ്യങ്ങൾ പോസ്റ്റ്” ചെയ്യാമെന്നും ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരാനന്ദാനി എത്തിക്‌സ് കമ്മിറ്റിക്ക് നൽകിയ സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മഹുവാ മൊയ്ത്ര നിലപാട് വ്യക്തമാക്കിയത്.
പാർലമെന്റ് സമ്മേളിക്കുമ്പോള്‍, ലോക്‌സഭ പൊതുവെ ആരംഭിക്കുന്നത് ചോദ്യോത്തര വേളയോടെയായിരിക്കും- മന്ത്രിമാരോട് അവരുടെ മന്ത്രാലയങ്ങളുടെ പ്രവർത്തനത്തിലെ ഉത്തരവാദിത്തം ഉറപ്പുവരുത്തുന്നതിനായി ചോദ്യങ്ങൾ ചോദിക്കാൻ എംപിമാർക്ക് ഒരു മണിക്കൂർ സമയമാണ് അനുവദിച്ചിട്ടുള്ളത്. എംപിമാർക്ക് എന്ത് തരത്തിലുള്ള ചോദ്യങ്ങളാണ് ഉന്നയിക്കാൻ കഴിയുക, ചോദ്യങ്ങൾ ചോദിക്കുന്നതിനുള്ള നടപടിക്രമം എന്താണ്, ഇതിന്റെ പ്രാധാന്യം എന്താണ് എന്നിവ അറിയാം.
ചോദ്യങ്ങൾ ഉന്നയിക്കുന്നതിനുള്ള നടപടിക്രമം എന്താണ്?
ചോദ്യങ്ങൾ ഉന്നയിക്കുന്നതിനുള്ള നടപടിക്രമം നിയന്ത്രിക്കുന്നത് “ലോകസഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റത്തിന്റെയും നിയമങ്ങളുടെ” 32 മുതൽ 54 വരെയുള്ള ചട്ടങ്ങളും “ലോക്‌സഭയിലെ സ്പീക്കറുടെ നിർദ്ദേശങ്ങളിൽ” 10 മുതൽ 18 വരെയുള്ള നിർദ്ദേശങ്ങളുമാണ്.
ഒരു ചോദ്യം ചോദിക്കാൻ, ഒരു എംപി ചോദ്യം ചോദിക്കാനുള്ള അവരുടെ ഉദ്ദേശ്യം അറിയിച്ചു കൊണ്ട് ലോകസഭയുടെ സെക്രട്ടറി ജനറലിന് നോട്ടീസ് നൽകുകയാണ് ആദ്യം ചെയ്യേണ്ടത്. നോട്ടീസിൽ സാധാരണയായി ചോദ്യത്തിന്റെ വാചകം, ചോദ്യത്തിന് ഉത്തരം നൽകേണ്ടുന്ന മന്ത്രിയുടെ വകുപ്പ്, ഉത്തരം ലഭിക്കേണ്ടുന്ന തീയതി, ഒരു എംപി ഒരേ ദിവസം ഒന്നിലധികം ചോദ്യങ്ങൾ നോട്ടീസ് നൽകിയാൽ അതിലെ മുൻഗണനാക്രമം എന്നിവ ഉണ്ടാകണം.
ലോകസഭയിലെ ചോദ്യോത്തര സമയം എന്ന നിർവചനം സംബന്ധിച്ച സർക്കാർ രേഖ പ്രകാരം “വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ ഉത്തരങ്ങൾക്കായി, അഞ്ചിൽ കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് നോട്ടീസ് നൽകാൻ കഴിയില്ല. ഒരു അംഗത്തിൽ നിന്ന് ഒരു ദിവസത്തേക്ക് അഞ്ചിൽക്കൂടുതൽ നോട്ടീസ് ലഭിച്ചാൽ, ആ സമ്മേളനത്തിന്റെ കാലയളവിൽ ആ മന്ത്രി അല്ലെങ്കിൽ മന്ത്രിമാർക്ക് അതിന് ശേഷം വരുന്ന ദിവസങ്ങളിൽ മറുപടി നൽകേണ്ട സമയത്ത് മാത്രമേ പരിഗണിക്കുകയുള്ളൂ."
സാധാരണയായി, ഒരു ചോദ്യം ഉന്നയിക്കാനായി അറിയിപ്പ് നൽകേണ്ട കാലയളവ് മറുപടി നൽകേണ്ടതിനേക്കാൾ 15 ദിവസമെങ്കിലും മുൻപായിരിക്കണം.
എംപിമാർക്ക് അവരുടെ ചോദ്യങ്ങളുടെ നോട്ടീസ് സമർപ്പിക്കാൻ രണ്ട് വഴികളുണ്ട്. ഓൺലൈൻ വഴി നൽകുന്നതാണ് ആദ്യത്തേത്. 'മെമ്പേഴ്‌സ് പോർട്ടൽ' വഴി, ആക്‌സസ് ലഭിക്കുന്നതിന് അവർ അവരുടെ ഐഡിയും പാസ്‌വേഡും നൽകണം. രണ്ടാമതായി, പാർലമെന്ററി നോട്ടീസ് ഓഫീസിൽ ലഭ്യമായ അച്ചടിച്ച ഫോമുകൾ വഴി.
ചട്ടങ്ങളെ ആധാരമാക്കി ചോദ്യം സംബന്ധിച്ച നോട്ടീസ് ലോക്‌സഭാ സ്പീക്കർ പരിശോധിക്കുന്നതാണ് അടുത്ത ഘട്ടം. ഒരു ചോദ്യമോ അതിന്റെ ഭാഗമോ സ്വീകാര്യമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് സ്പീക്കറാണ്.
ചോദ്യങ്ങളുടെ സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ എന്തൊക്കെയാണ്?
ഒരു എംപി ഉന്നയിക്കുന്ന ചോദ്യത്തിന് അംഗീകാരം നൽകുന്നത് സംബന്ധിച്ച് നിരവധി നിയമങ്ങളുണ്ട്. ഉദാഹരണത്തിന്, ചോദ്യങ്ങളിൽ സാധാരണയായി 150 വാക്കുകളിൽ കൂടുതൽ പാടില്ല. അവയിൽ വിയോജിപ്പുകൾ, അപകീർത്തികരമായ പ്രസ്താവനകൾ എന്നിവ ഉണ്ടാകാൻ പാടില്ല, അവരുടെ ഔദ്യോഗിക അല്ലെങ്കിൽ പബ്ലിക് കപ്പാസിറ്റിയിൽ വരാത്ത ഏതെങ്കിലുമൊരു വ്യക്തിയുടെ സ്വഭാവത്തെയോ പെരുമാറ്റത്തെയോ പരാമർശിക്കരുത്. നയങ്ങൾ സംബന്ധിച്ച് വ്യാപകമായ പ്രത്യാഘാതങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾ അനുവദനീയമല്ല, കാരണം ഒരു ചോദ്യത്തിനുള്ള ഉത്തരത്തിന്റെ പരിമിതമായ പരിധിക്കുള്ളിൽ നയങ്ങൾ വിശദീകരിക്കാൻ കഴിയില്ല.
ഇവ കൂടാതെ, ഏതെങ്കിലും കോടതിയുടെയോ മറ്റേതെങ്കിലും ട്രൈബ്യൂണലിന്റെയോ നിയമപരമായ ഏതെങ്കിലും സംവിധാനത്തിന് മുമ്പാകെ തീർപ്പുകൽപ്പിക്കാതെ കിടക്കുന്ന വിഷയം ആണെങ്കിൽ അല്ലെങ്കിൽ ഒരു പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയിലാണെങ്കിൽ ആ ചോദ്യം സ്വീകരിക്കപ്പെടില്ല. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ദുർബലപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കാനും ചോദ്യോത്തിലൂടെ കഴിയില്ല.
വ്യത്യസ്ത തരത്തിലുള്ള ചോദ്യങ്ങൾ എന്തൊക്കെയാണ്?
നാല് വ്യത്യസ്ത തരം ചോദ്യങ്ങളുണ്ട്: നക്ഷത്രമിട്ടത്, നക്ഷത്രമിടാത്തത്, ഷോട്ട് നോട്ടീസ് ചോദ്യങ്ങൾ (ഹ്രസ്വ അറിയിപ്പ് ചോദ്യം എന്നത് അടിയന്തിര പൊതു പ്രാധാന്യമുള്ള ഒരു കാര്യവുമായി ബന്ധപ്പെട്ടതും ഒരു സാധാരണ ചോദ്യത്തിന് നിർദ്ദേശിച്ചിരിക്കുന്ന നോട്ടീസ് കാലയളവിനേക്കാൾ ചെറിയ സമയത്തെ അറിയിപ്പോടെ ചോദിക്കാവുന്ന ചോദ്യങ്ങൾ.), അംഗത്തോടുള്ള ചോദ്യം അഥവാ ക്വസ്റ്റൻ ടു പ്രൈവറ്റ് മെമ്പേഴ്സ്. (ചോദ്യത്തിന്റെ വിഷയം നിർദ്ദിഷ്ട അംഗത്തിന്റെ ഉത്തരവാദിത്തമുള്ള സഭയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട ബില്ലുകളുമായോ പ്രമേയവുമായോ മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിൽ ഉള്ളത്)
നക്ഷത്രചിഹ്നമിട്ട ഒരു ചോദ്യം ഒരു എംപി ചോദിക്കുകയും ചുമതലയുള്ള മന്ത്രി വാക്കാൽ ഉത്തരം നൽകുകയും ചെയ്യുന്നു. ഓരോ എംപിക്കും ഒരു ദിവസം നക്ഷത്രചിഹ്നമിട്ട ഒരു ചോദ്യം ചോദിക്കാൻ അനുവാദമുണ്ട്. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങൾ കുറഞ്ഞത് 15 ദിവസം മുമ്പെങ്കിലും സമർപ്പിക്കണം (അതിനാൽ ഉത്തരങ്ങൾ തയ്യാറാക്കാൻ ചുമതലയുള്ള മന്ത്രിക്ക് സമയം ലഭിക്കും) കൂടാതെ ഒരു ദിവസം 20 ചോദ്യങ്ങൾ മാത്രമേ വാക്കാലുള്ള ഉത്തരങ്ങൾക്കായി ലിസ്റ്റ് ചെയ്യാൻ കഴിയൂ. ഒരു ചോദ്യത്തിന് വാക്കാൽ ഉത്തരം നൽകുമ്പോൾ, അതുമായി ബന്ധപ്പെട്ട് അനുബന്ധ ചോദ്യങ്ങൾ ചോദിക്കാം.
നക്ഷത്രമിടാത്ത ചോദ്യത്തിന് മന്ത്രാലയത്തിൽ നിന്ന് രേഖാമൂലമുള്ള മറുപടി ലഭിക്കും. ഇവയും കുറഞ്ഞത് 15 ദിവസം മുമ്പെങ്കിലും സമർപ്പിക്കേണ്ടതുണ്ട്. ഒരു ദിവസം രേഖാമൂലമുള്ള ഉത്തരങ്ങൾക്കായി 230 ചോദ്യങ്ങൾ മാത്രമേ ലിസ്റ്റ് ചെയ്യാൻ കഴിയൂ. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, നക്ഷത്രചിഹ്നം ഇടാത്ത ചോദ്യങ്ങൾ തുടർചോദ്യങ്ങളൊന്നും അനുവദിക്കില്ല.
പ്രശ്‌നങ്ങളെക്കുറിച്ചുള്ള സർക്കാരിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും അതിന്റെ നയപരമായ ചായ്‌വുകളെക്കുറിച്ചും അന്വേഷിക്കാൻ നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങൾ കൂടുതൽ അനുയോജ്യമാണെങ്കിലും, ഡാറ്റയുമായോ വിവരവുമായോ ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നതിന് നക്ഷത്രമിടാത്ത ചോദ്യങ്ങൾ കൂടുതൽ സഹായകരമാണെന്ന് പി ആർ എസ് (PRS) ലെജിസ്ലേറ്റീവ് റിസർച്ചിന്റെ റിപ്പോർട്ട് പറയുന്നു.
അടിയന്തിര പൊതു പ്രാധാന്യമുള്ള വിഷയവുമായി ബന്ധപ്പെട്ടവയാണ് ഹ്രസ്വ നോട്ടീസ് ചോദ്യങ്ങൾ. ഹ്രസ്വ അറിയിപ്പിനുള്ള കാരണങ്ങൾ സഹിതം 10 ദിവസത്തിൽ കുറയാത്ത ദിവസത്തിനുള്ളിൽ നോട്ടീസ് നൽകി ചോദ്യം ഉന്നയിക്കാം. നക്ഷത്രചിഹ്നമിട്ട ചോദ്യം പോലെ, ഇതിനും വാക്കാൽ ഉത്തരം നൽകും, ഈ ഉത്തരത്തിന് അനുബന്ധ ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്.
ഒരു അംഗത്തോടുള്ള ചോദ്യം അഥവാ ക്വസ്റ്റ്ൻ ടു പ്രൈവറ്റ് മെമ്പേഴ്സ് എംപിയോട് തന്നെയാണ്. ഏതെങ്കിലും ബില്ല്, പ്രമേയം അല്ലെങ്കിൽ ആ എംപിയുടെ ഉത്തരവാദിത്തമുള്ള സഭയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും.
ഇങ്ങനെ ചോദ്യം ചോദിക്കുന്നതും തിരഞ്ഞെടുക്കുന്നതും സംബന്ധിച്ചുള്ള സർക്കാർ രേഖകൾ പ്രകാരം “ഇത്തരം ചോദ്യങ്ങൾക്ക്, സ്പീക്കർ ആവശ്യമോ സൗകര്യപ്രദമോ ആയി പരിഗണിക്കുന്ന തരത്തിലുള്ള വ്യത്യാസങ്ങൾ ഉണ്ടാകുമെങ്കിലും മന്ത്രിയോട് ഉന്നയിക്കുന്ന ചോദ്യങ്ങളുടെ കാര്യത്തിലെ അതേ നടപടിക്രമം തന്നെയാണ് ഇതിനും ആവശ്യമായുള്ളത്,”
ചോദ്യങ്ങൾ ഉന്നയിക്കുന്നതിന്റെ പ്രാധാന്യം എന്താണ്?
ലോക്സഭയിലെ ചോദ്യോത്തര വേളയിൽ ചോദ്യങ്ങൾ ചോദിക്കുന്നത് ഒരു എംപിയുടെ "സ്വാഭാവികമായും സ്വതന്ത്രമായതും" ആയ പാർലമെന്ററി അവകാശമാണ്. എക്സിക്യൂട്ടീവിന്റെ നടപടികളിന്മേൽ നിയമനിർമ്മാണ മേൽനോട്ടം വഹിക്കുന്നതിനുള്ള ഒരു പാർലമെന്ററി ഉപാധി എന്ന നിലയിൽ പ്രവർത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭരണത്തിന്റെയും സർക്കാർ പ്രവർത്തനത്തിന്റെയും വിവിധ വശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നേടാനും സർക്കാർ നയങ്ങളെയും പദ്ധതികളെയും വിമർശിക്കാനും സർക്കാരിന്റെ വീഴ്ചകൾ വെളിച്ചത്തുകൊണ്ടുവരാനും പൊതുനന്മയ്ക്കായി കാര്യമായ നടപടികൾ കൈക്കൊള്ളാൻ മന്ത്രിമാരെ പ്രേരിപ്പിക്കാനും ചോദ്യോത്തര വേള ഉപയോഗിക്കാം.
മറുവശത്ത്, സർക്കാരിന് അവരുടെ നയങ്ങളോടും ഭരണത്തോടുമുള്ള പൊതുജന പ്രതികരണം മനസ്സിലാക്കാൻ ഈ ചോദ്യങ്ങൾ സഹായകമാകും. ചില സമയങ്ങളിൽ, ചോദ്യങ്ങൾ ഒരു പാർലമെന്ററി കമ്മീഷൻ രൂപീകരിക്കുന്നതിലേക്കോ കോർട്ട് ഓഫ് എൻക്വറിയിലേക്കോ ഒരു നിയമനിർമ്മാണത്തിലേക്കോ നയിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.