രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം സെപ്റ്റംബര്‍ ഒന്നിനു ശേഷമുള്ള ഏറ്റവും താഴ്ന്ന സംഖ്യ. ഇന്നലെ 79,000 പുതിയ കേസുകളാണു സ്ഥിരീകരിച്ചത്. ഇതിനു മുന്‍പ് തിങ്കളാഴ്ചയാണ് ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കുണ്ടായത്. ഞായറാഴ്ച ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞതു കാരണമായിരുന്നു അത്. എന്നാല്‍ ഇന്നലത്തെ നിരക്ക് കുറവ് ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞതിനാലല്ല. ഒരു മാസത്തിനിടെ ഇത് നാലാം തവണ മാത്രമാണു പ്രതിദിന കേസുകള്‍ എണ്‍പതിനായിരത്തില്‍ താഴെയാവുന്നത്.

കുറച്ചുദിവസങ്ങളായി രാജ്യത്ത് പ്രതിദിന കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കുറയാന്‍ കാരണം മഹാരാഷ്ട്രയിലെ ഇടിവാണ്. രണ്ടാഴ്ച മുമ്പത്തെ അപേക്ഷിച്ച് മഹാരാഷ്ട്രയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മുന്‍പ് പ്രതിദിനം 22,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കില്‍ സമീപ ദിവസങ്ങളിലത് 15,000 മുതല്‍ 18,000 വരെയാണ്. രാജ്യത്തെ പ്രതിദിന കണക്കില്‍ രണ്ടാഴ്ച മുമ്പുവരെ രണ്ടാമതായിരുന്ന ആന്ധ്രാപ്രദേശിലെ ഇടിവും ഗുണകരമായിട്ടുണ്ട്.

ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയുടെ സ്വാധീനം പുതിയതല്ല. ഒരു ഘട്ടത്തില്‍, രാജ്യത്തെ കേസുകളുടെ 40 ശതമാനവും മഹാരാഷ്ട്രയില്‍നിന്നായിരുന്നു. ആ നിരക്കിപ്പോള്‍ 22 ശതമാനത്തില്‍ താഴെയാണ്. എങ്കിലും മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണമാണ് ഇപ്പോഴും രാജ്യത്തിന്റെ കോവിഡ് നിരക്കില്‍ പ്രതിഫലിക്കുന്നത്.

Also Read: നടപടികൾ കർശനമാക്കും, കോവിഡ് പ്രോട്ടോകോൾ ലംഘിച്ചാൽ പിഴ; ജാഗ്രത വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി

സെപ്റ്റംബറില്‍, മഹാരാഷ്ട്രയിലെ പ്രതിദിന നിരക്ക് കുത്തനെ ഉയര്‍ന്നു, പത്ത് ദിവസത്തിനുള്ളില്‍ ഏകദേശം 12,000 മുതല്‍ 22,000 വരെ. ഈ സമയത്ത് സംസ്ഥാനത്ത് സജീവമായ കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തില്‍നിന്ന് മൂന്ന് ലക്ഷമായി ഉയര്‍ന്നു. ഈ നിലയിലില്‍ കുറച്ചുദിവസം തുടര്‍ന്നശേഷം പ്രതിദിന കേസുകളുടെ എണ്ണം അതേ വേഗത്തില്‍ കുറഞ്ഞു. ഇതേത്തുടര്‍ന്ന് സജീവമായ കേസുകളുടെ 2.6 ലക്ഷമായി കുറഞ്ഞു.

മഹാരാഷ്ട്രയിലെ കോവിഡ് സംഖ്യയിലെ ദ്രുതഗതിയിലുള്ള വര്‍ധനയോ അല്ലെങ്കില്‍ തുടര്‍ന്നുള്ള കുറവോ വ്യക്തമായ വിശദീകരണം നല്‍കുന്നു. പുനെ മഹാരാഷ്ട്രക്കു നല്‍കുന്നതെന്താണോ അതാണ് മഹാരാഷ്ട്ര ഇന്ത്യയ്ക്കു നല്‍കുന്നത്. സെപ്റ്റംബറില്‍ രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകളുള്ള നഗരമായിരുന്നു പൂനെ. പുതിയ രോഗികള്‍ പ്രതിദിനം 6,000 വരെ ഉയര്‍ന്നു. വലിയ തോതില്‍ കേസുകളുള്ള സംസ്ഥാനങ്ങള്‍ പോലും ഒരു ദിവസം ഇത്രയും എണ്ണം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. പിന്നീട് പൂനെയിലെ പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞുവന്ന് മൂവായിരത്തില്‍ താഴെ എന്ന നിലവിലെ സ്ഥിതിയിലെത്തി. എന്നിട്ടും, രാജ്യത്തെ മറ്റ് നഗരങ്ങളൊന്നും പൂനെയെയും ഡല്‍ഹിയെയും പോലെ വന്‍തോതില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. പൂനെയിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം ഇന്ന് മൂന്ന് ലക്ഷം കടക്കും. കോവിഡ് ഏറ്റവും ബാധിച്ച അഞ്ച് സംസ്ഥാനങ്ങളിലാണ കൂടുതല്‍ കേസുകളുള്ളത്.

അതേസമയം, രാജ്യത്തെ പ്രതിദിന രോഗമുക്തി നിരക്ക് ഏതാനും ദിവസങ്ങളില്‍ ഗണ്യമായി കുറഞ്ഞു. രോഗമുക്തരാവുന്നവരുടെ എണ്ണം പ്രതിദിന കേസുകളേക്കാള്‍ കുറവാണെങ്കിലും ഇത് ആശ്ചര്യകരമായ കാര്യമല്ല. കോവിഡ് സ്ഥിരീകരിച്ച് 10 മുതല്‍ 14 ദിവസം കൊണ്ടാണ് രോഗമുക്തിയുണ്ടാവുക. പുതിയ പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞ് ദിവസങ്ങള്‍ക്കുശേഷം രോഗമുക്തി നിരക്കും കുറയുന്നു. അതേസമയം, കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സജീവ കേസുകള്‍ എഴുപതിനായിരത്തോളം കുറഞ്ഞു. സജീവ കേസുകളുടെ എണ്ണം വീണ്ടും ഉയരാന്‍ തുടങ്ങിയെങ്കിലും മുമ്പത്തേതിനേക്കാള്‍ പതുക്കെയാണ്.

Also Read: കോവിഡ്-19: ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി

രാജ്യത്ത് ഇതുവരെ 64.73 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ 84 ശതമാനമായ 54.27 ലക്ഷം പേര്‍ രോഗമുക്തി നേടി. മരണസംഖ്യ ലക്ഷം കവിഞ്ഞു. ഇതില്‍ 40 ശതമാനവും മഹാരാഷ്ട്രയിലാണ്.

ലോകത്തെ മൊത്തം കോവിഡ് മരണങ്ങളില്‍ പത്ത് ശതമാനത്തോളം ഇന്ത്യയിലാണ്. ലോകത്തെ പ്രതിദിന മരണസംഖ്യയില്‍ 15 മുതല്‍ 25 ശതമാനം വരെ ഇന്ത്യയിലാണ് സംഭവിക്കുന്നത്. അമേരിക്കയിലും ബ്രസീലിലുമാണ് കൂടുതല്‍ മരണങ്ങളുണ്ടായിരിക്കുന്നത്. അമേരിക്കയില്‍ 2.12 ലക്ഷത്തിലധികവും ബ്രസീലില്‍ 1.45 ലക്ഷവുമാണു മരണസംഖ്യ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook