scorecardresearch
Latest News

ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് കണ്ണെറിയുന്നത് ആരൊക്കെ? തിരഞ്ഞെടുപ്പ് എങ്ങനെ?

കൺസർവേറ്റീവ് പാർട്ടി നേതൃ സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ നിയമങ്ങൾ ഈ ആഴ്ച പ്രഖ്യാപിക്കും

കഴിഞ്ഞയാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുകയാണെന്ന് ബോറിസ് ജോൺസൺ പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി കൺസർവേറ്റീവ് പാർട്ടി അംഗംങ്ങളാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ തയ്യാറായത്.

എന്നാൽ പാർട്ടിക്ക് വ്യക്തമായി ഒരാളെ ആ സ്ഥാനത്തേക്ക് തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം, കൺസർവേറ്റീവ് പാർട്ടി നേതൃ സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ നിയമങ്ങൾ ഈ ആഴ്ച പ്രഖ്യാപിക്കും.

പ്രധാനമന്ത്രി പദത്തിലേക്ക് കണ്ണെറിയുന്നവർ ഇവർ

കെമി ബാഡെനോക്ക്: 2017 ൽ ആദ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാഡെനോക്ക് ജൂനിയർ അടുത്തിടെ തുല്യതാ മന്ത്രിയായും മറ്റു പദവികളും വഹിച്ചിട്ടുണ്ട്. എന്നാൽ ഒരിക്കലും കാബിനറ്റിൽ സേവനമനുഷ്ഠിച്ചിട്ടില്ല. ലണ്ടൻ അസംബ്ലിയിലെ മുൻ കൺസർവേറ്റീവ് അംഗമായ അവർ കൺസർവേറ്റീവ് പാർട്ടിയുടെ വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016ലെ റഫറണ്ടത്തിൽ യൂറോപ്യൻ യൂണിയൻ വിടുന്നതിനെ 42കാരനായ ബാഡെനോക്ക് പിന്തുണച്ചിരുന്നു.

സുവെല്ല ബ്രാവർമാൻ : നോർത്തേൺ അയർലണ്ടിലെ ബ്രെക്‌സിറ്റിനു ശേഷം വ്യാപാര നിയമങ്ങളിൽ സർക്കാർ അന്താരാഷ്ട്ര നിയമം ലംഘിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് അറ്റോർണി ജനറൽ എന്ന നിലയിൽ, 42 കാരനായ ബ്രാവർമാൻ അഭിഭാഷകരുടെ നിശിതമായി വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്.

യൂറോപ്യൻ യൂണിയൻ വിടാൻ അവർ പ്രചാരണം നടത്തിയിരുന്നു, മുൻ പ്രധാനമന്ത്രി തെരേസ മേയുടെ കീഴിൽ ബ്രെക്‌സിറ്റ് വകുപ്പിൽ ജൂനിയർ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്, എന്നാൽ അവരുടെ നിർദിഷ്ട ബ്രെക്‌സിറ്റ് കരാറിൽ പ്രതിഷേധിച്ച് രാജിവച്ചു.

റഹ്മാൻ ചിഷ്തി: 2010 മുതൽ പാർലമെന്റ് അംഗമായ ചിഷ്തിയെ ഈ മാസം ജോൺസൺ വിദേശകാര്യ ഓഫീസിലെ ജൂനിയർ മന്ത്രിയായി നിയമിച്ചിരുന്നു. അദ്ദേഹം മറ്റ് മന്ത്രിസ്ഥാനങ്ങളൊന്നും വഹിച്ചിട്ടില്ല.

ജെറമി ഹണ്ട്: മുൻ വിദേശകാര്യ സെക്രട്ടറിയായ ഇദ്ദേഹം, 2019 ലെ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അദ്ദേഹം കൂടുതൽ ഗൗരവമേറിയതും വിവാദപരമല്ലാത്തതുമായ നേതൃത്വ ശൈലി വാഗ്ദാനം ചെയ്യുമായിരുന്നു എന്ന ചർച്ചകൾ നിൽക്കുന്നുണ്ട്.

മുൻ ആരോഗ്യ സെക്രട്ടറിയായ അദ്ദേഹം കഴിഞ്ഞ രണ്ട് വർഷമായി പാർലമെന്റിന്റെ ഹെൽത്ത് സെലക്ട് കമ്മിറ്റി അധ്യക്ഷനായി പ്രവർത്തിക്കുന്നുണ്ട്. നിലവിലെ സർക്കാരിൽ സേവനമനുഷ്ഠിച്ചത് അദ്ദേഹത്തിന്റെ പേരിന് കളങ്കമുണ്ടാക്കിയിട്ടില്ല. കഴിഞ്ഞ മാസം നടന്ന വിശ്വാസ വോട്ടെടുപ്പിൽ ജോൺസണെ പുറത്താക്കാൻ താൻ വോട്ട് ചെയ്തതായി ഹണ്ട് പറഞ്ഞിരുന്നു.

കോർപ്പറേഷൻ നികുതി 15 ശതമാനമായി വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെയുള്ള നികുതി ഇളവുകൾ നടത്തുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു. വ്യവസായങ്ങൾക്ക് നികുതിയിളവ് നല്കുന്നതിനെയാണ് അദ്ദേഹം പിന്തുണച്ചത്, അത് സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കും എന്നായിരുന്നു വിലയിരുത്തൽ. 2016ലെ വോട്ടെടുപ്പിന് മുന്നോടിയായി യൂറോപ്യൻ യൂണിയനിൽ തുടരുന്നതിനെയും ഹണ്ട് പിന്തുണച്ചിരുന്നു.

സാജിദ് ജാവിദ്: ഒരു കൺസർവേറ്റീവ് മന്ത്രിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളെക്കുറിച്ച് ജോൺസൺ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണത്തിൽ പ്രതിഷേധിച്ച് രാജിവച്ച ആദ്യത്തെ കാബിനറ്റ് മന്ത്രിയാണ് ജാവിദ്. മുൻ ബാങ്കറും സ്വതന്ത്ര വിപണിയുടെ ചാമ്പ്യനുമായ ജാവിദ് നിരവധി കാബിനറ്റ് പദവികൾ വഹിച്ചിട്ടുണ്ട്, ഏറ്റവും ഒടുവിൽ ആരോഗ്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. 2020ൽ ജോൺസന്റെ മന്ത്രിസഭയിൽ നിന്ന് ധനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

പാകിസ്ഥാൻ മുസ്ലീം കുടിയേറ്റ കുടുംബത്തിൽ നിന്നുള്ള അദ്ദേഹം മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറിന്റെ ആരാധകനാണ്, 2019 ലെ പാർട്ടി നേതൃത്വ മത്സരത്തിൽ നാലാം സ്ഥാനത്തെത്തിയിരുന്നു.

കോർപ്പറേഷൻ നികുതി 15 ശതമാനമായി കുറയ്ക്കുമെന്നും ദേശീയ ഇൻഷുറൻസിന്റെ വർദ്ധനവ് മാറ്റുമെന്നും ആദായനികുതിയിൽ ഒരു പെൻസ് നികുതി അടുത്ത വർഷത്തേക്ക് കൊണ്ടുവരുമെന്നും 52 കാരനായ ജാവിദ് പറഞ്ഞു. യൂറോപ്യൻ യൂണിയനിൽ തുടരുന്നതിനെ ജാവീദ് പിന്തുണച്ചിരുന്നു.

പെന്നി മോർഡൗണ്ട്: 2019 ലെ നേതൃത്വ മത്സരത്തിനിടെ തന്റെ എതിരാളിയായ ഹണ്ടിനെ അംഗീകരിച്ചതിന് ജോൺസൺ മുൻ പ്രതിരോധ സെക്രട്ടറിയായ മോർഡൗഡിനെ പുറത്താക്കിയിരുന്നു. 49 കാരിയായ മോർഡൗണ്ട്, യൂറോപ്യൻ യൂണിയൻ വിടുന്നതിനെ പിന്തുണച്ചിരുന്നു, ബ്രെക്‌സിറ്റിന്റെ നേട്ടങ്ങൾ നൽകാനും പാൻഡെമിക് പോലുള്ള സമീപകാല സാമ്പത്തിക ആഘാതങ്ങളിൽ നിന്ന് കരകയറാനും താൻ ലക്ഷ്യമിടുന്നതായും പറഞ്ഞിരുന്നു.

ഗ്രാന്റ് ഷാപ്പ്സ്: 2005ൽ ആദ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷാപ്പ്സ്, 2019ൽ ജോൺസൺ അധികാരമേറ്റതു മുതൽ ട്രാൻസ്പോർട്ട് സ്റ്റേറ്റ് സെക്രട്ടറിയാണ്. മുമ്പ് അദ്ദേഹം ജൂനിയർമന്ത്രി സ്ഥാനങ്ങൾ വഹിക്കുകയും കൺസർവേറ്റീവ് പാർട്ടിയുടെ സഹ-അധ്യക്ഷനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ജോൺസന്റെ വിശ്വസ്ത സംരക്ഷകനായിരുന്നു, സർക്കാരിനുവേണ്ടി പലപ്പോഴും മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രി എന്ന നിലയിൽ ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കുമെന്നും ഏറ്റവും പാവപ്പെട്ടവരുടെ നികുതി വെട്ടികുറയ്ക്കുമെന്നും അവർക്ക് പിന്തുണനൽകുമെന്നും പറഞ്ഞിരുന്നു. കോർപ്പറേഷൻ നികുതിയിൽ ആസൂത്രിതമായ വർദ്ധനവ് മരവിപ്പിക്കാനും ആദായനികുതി വെട്ടിക്കുറയ്ക്കാനും താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 53 കാരനായ ഷാപ്പ്സ് 2016 ലെ വോട്ടെടുപ്പിന് മുമ്പ് യൂറോപ്യൻ യൂണിയനിൽ തുടരുന്നതിനെ പിന്തുണച്ചിരുന്നു.

ഋഷി സുനക്: ഭാവി തലമുറയുടെ മേൽ ഭാരം ചുമത്തുന്നതിനുപകരം “സത്യസന്ധത, ഗൗരവം, നിശ്ചയദാർഢ്യം” എന്നിവ കൊണ്ട് സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുമെന്ന് സുനാക് പ്രഖ്യാപിച്ചിട്ടുണ്ട്. 42 കാരനായ സുനക്, 2020 ആദ്യം ധനകാര്യ മന്ത്രിയായി, വൻതോതിലുള്ള തൊഴിലില്ലായ്മ ഒഴിവാക്കുന്നതിനും കോവിഡ് സാമ്പത്തിക രക്ഷാ പാക്കേജിന്റെ പേരിലും പ്രശംസിക്കപ്പെട്ടു.

എന്നാൽ കുടുംബങ്ങൾക്ക് മതിയായ ജീവിതച്ചെലവ് നൽകാത്തതിന് പിന്നീട് അദ്ദേഹം വിമർശനങ്ങൾ നേരിട്ടു. സമ്പന്നയായ ഭാര്യയുടെ നികുതിയെ കുറിച്ചും കോവിഡ് ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് ലഭിച്ച പിഴയെക്കുറിച്ചുമുണ്ടായ വെളിപ്പെടുത്തലുകൾ അദ്ദേഹത്തിന്റെ നില പരുങ്ങലിലാക്കി.

ലിസ് ട്രസ്: വിദേശകാര്യ സെക്രട്ടറിയായ ഇവർ കൺസർവേറ്റീവ് പാർട്ടിയുടെ താഴെത്തട്ടിലുള്ളവരുടെ പ്രിയങ്കരനാണ്. ട്രസിന് മികച്ച പൊതുസ്വീകാര്യതയുണ്ട്. ജോൺസന്റെ ഭരണത്തിൽ ആദ്യ രണ്ട് വർഷം ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറിയായി അദ്ദേഹം ചെലവഴിച്ചു, ഇപ്പോൾ ബ്രെക്‌സിറ്റിനു ശേഷമുള്ള നോർത്തേൺ അയർലണ്ടിനായുള്ള വ്യാപാര നിയമങ്ങളെക്കുറിച്ച് യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്തുന്നതിന്റെ ചുമതലയാണ്. 46 കാരിയായ ട്രസ് ആദ്യം ബ്രെക്‌സിറ്റിനെതിരെ പ്രചാരണം നടത്തിയെങ്കിലും 2016 ലെ റഫറണ്ടത്തിന് ശേഷം തന്റെ മനസ്സ് മാറിയതായി പറഞ്ഞിരുന്നു.

ടോം തുഗെന്ധത്: പാർലമെന്റിന്റെ വിദേശകാര്യ സമിതിയുടെ അധ്യക്ഷനായ ഇദ്ദേഹം, ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുദ്ധം ചെയ്ത മുൻ സൈനികൻ കൂടിയാണ്. എന്നാൽ ഒരിക്കലും മന്ത്രിസഭയിൽ എത്തിയിട്ടില്ല. 49 കാരനായ തുഗെന്ധത് ജോൺസന്റെ സ്ഥിരം വിമർശകനാണ്. യൂറോപ്യൻ യൂണിയനിൽ തുടരാൻ അദ്ദേഹം വോട്ട് ചെയ്തിട്ടുണ്ട്.

നാദിം സഹവി: ലോകത്ത് ഏറ്റവും വേഗത്തിൽ കോവിഡ് വാക്‌സിൻ പുറത്തിറക്കിയ രാജ്യം എന്ന നിലയിൽ യുകെ പേരെടുത്തപ്പോൾ പുതുതായി ധനമന്ത്രിയായി നിയമിതനായ സഹവി പേരെടുത്തിരുന്നു. കുട്ടിക്കാലത്ത് ബ്രിട്ടനിലെത്തിയ ഇറാഖിൽ നിന്നുള്ള അഭയാർത്ഥി എന്ന നിലയിലും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. 2010 ൽ പാർലമെന്റിൽ പ്രവേശിക്കുന്നതിന് മുമ്പ് അദ്ദേഹം യൂഗോവ് എന്ന പോളിംഗ് കമ്പനിയുടെ സഹസ്ഥാപകനായിയിരുന്നു. വിദ്യാഭ്യാസ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നികുതി ഭാരം വളരെ കൂടുതലാണെന്നും വ്യക്തികൾക്കും കുടുംബങ്ങൾക്കും ബിസിനസുകൾക്കുമുള്ള നികുതി കുറയ്ക്കുമെന്നും 55 കാരനായ സഹവി പറയുന്നു. യൂറോപ്യൻ യൂണിയൻ വിടുന്നതിനെ അദ്ദേഹം പിന്തുണച്ചു.

ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയെ എങ്ങനെയാണ് തീരുമാനിക്കും?

പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ, ഒരു കൺസർവേറ്റീവ് എംപിയെ മറ്റ് എട്ട് ടോറി എംപിമാരെങ്കിലും നാമനിർദ്ദേശം ചെയ്യേണ്ടതുണ്ട്. കമ്മിറ്റി ഈ പരിധി പുനഃപരിശോധിച്ചേക്കുമെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അടുത്ത ഘട്ടത്തിൽ, രണ്ടിൽ കൂടുതൽ എംപിമാർ വേണ്ടത്ര നാമനിർദ്ദേശം നേടിയാൽ, സ്ഥാനാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിന് പാർട്ടി എംപിമാർ രഹസ്യ ബാലറ്റിലൂടെ വോട്ട് ചെയ്യും. രണ്ട് സ്ഥാനാർത്ഥികൾ മാത്രം മത്സരത്തിനായി അവശേഷിക്കുന്നത് വരെ ഇത് തുടരും.

അതിന് ശേഷമാണ് അടുത്ത ഘട്ടം ആരംഭിക്കുന്നത്. ഇതിൽ, 1922 കമ്മിറ്റി (സർക്കാരിൽ യാതൊരു ചുമതലകളും വഹിക്കാത്ത കോൺസർവേറ്റിവ് പാർട്ടി അംഗങ്ങളുടെ സമിതി) നിശ്ചയിച്ച സമയപരിധിക്ക് മുമ്പായി താഴെത്തട്ടിലുള്ള പാർട്ടി അംഗങ്ങൾ ശേഷിക്കുന്ന രണ്ട് എംപിമാരെ തീരുമാനിക്കുന്നു. ഈ റൗണ്ടിലെ വിജയി കൺസർവേറ്റീവ് പാർട്ടിയുടെ നേതാവായി മാറും, നിലവിലെ സാഹചര്യത്തിൽ പ്രധാനമന്ത്രി.

ഇതിന് എത്ര സമയമെടുക്കുമെന്ന് വ്യക്തമല്ല. 2019ൽ ജോൺസൺ മേയെ മാറ്റിയപ്പോൾ, മുഴുവൻ നേതൃത്വ പ്രക്രിയയ്ക്കും ഏകദേശം ആറ് ആഴ്ചയെടുത്തിരുന്നു.

1922 കമ്മറ്റി അധ്യക്ഷന് നൽകിയ കത്തിൽ, മുൻ പ്രധാനമന്ത്രി മേജർ, ജോൺസണെ നീക്കം ചെയ്തതിന് ശേഷം മറ്റൊരു ടോറി നേതാവ് ചുമതലയേൽക്കാൻ തീരുമാനിക്കുന്നത് വരെ ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് ഇടക്കാല പ്രധാനമന്ത്രിയാകണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ, ഇതിന് ഭരണഘടനാപരമായ പിൻബലമില്ലെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. പാർട്ടി അംഗങ്ങളുടെ വോട്ട് ഒഴിവാക്കുകയും ഭാവി പ്രധാനമന്ത്രിയെ തീരുമാനിക്കാൻ എംപിമാരെ മാത്രം അനുവദിക്കുകയും ചെയ്യുക എന്നതാണ് ജോൺസന്റെ നീക്കം വേഗത്തിലാക്കാനുള്ള മറ്റൊരു സാധ്യതയെന്ന് മേജർ പറയുന്നു.

ജോൺസൺ തന്റെ പിൻഗാമി വരുന്നതുവരെ ഇടക്കാല പ്രധാനമന്ത്രിയായി അധികാരത്തിൽ തുടരാൻ ആഗ്രഹിക്കുന്നുവെങ്കിലും, നേതൃത്വ മത്സരത്തിനുള്ള ടൈംടേബിൾ അദ്ദേഹത്തിന്റെ കൈയിലല്ലെന്നും അതിന് കൃത്യമായ നിയമങ്ങളില്ലെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, വേനൽക്കാല അവധി കഴിഞ്ഞ് ഹൗസ് ഓഫ് കോമൺസ് മടങ്ങിയെത്തുമ്പോൾ, സെപ്റ്റംബർ അഞ്ചിനകം പുതിയ പ്രധാനമന്ത്രി അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

1922 കമ്മിറ്റി തിങ്കളാഴ്ച (ജൂലൈ 11) എക്‌സിക്യൂട്ടീവ് തിരഞ്ഞെടുപ്പ് നടത്തും, അതിനുശേഷം ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാവാനുള്ള ടോറി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നിയമങ്ങളും ടൈംടേബിളും പ്രഖ്യാപിക്കും എന്നാണ് വിവരം.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Leaders in the race to become uks next prime minister how britains next pm is decided