/indian-express-malayalam/media/media_files/uploads/2023/08/neet-exam.jpg)
മുൻ എഐഎഡിഎംകെ ഭരണം രണ്ട് ബില്ലുകൾ കൊണ്ടുവന്നിരുന്നു
ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ യോഗ്യത പ്രവേശന പരീക്ഷയായ (നീറ്റ്) സംബന്ധിച്ച് തമിഴ്‌നാടും കേന്ദ്രവും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന തർക്കം മുറുകുന്നു. രണ്ട് തവണ പരീക്ഷയിൽ തോറ്റതിനെ തുടർന്ന് പത്തൊൻപതുകാരനായ ജഗദീശ്വരൻ കുറച്ച് ദിവസം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. അത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ജഗദീശ്വരന്റെ 48 കാരനായ പിതാവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
അഖിലേന്ത്യാ പ്രവേശന പരീക്ഷയുടെ പരിധിയിൽ നിന്ന് തമിഴ്‌നാടിനെ മാറ്റാനുള്ള നിയമനിർമ്മാണ ശ്രമങ്ങളെ ശക്തമായി എതിർത്ത സംസ്ഥാന ഗവർണർ ആർ എൻ രവി, നീറ്റ് വിരുദ്ധ ബിൽ നിയമസഭ പാസാക്കാൻ 'ഒരിക്കലും,' സമ്മതം നൽകില്ലെന്ന് പറഞ്ഞ അതേ ദിവസം തന്നെയാണ് ജഗദീശ്വരൻ ആത്മഹത്യ ചെയ്തു.
2013 മുതൽ നീറ്റ് പരീക്ഷ നടത്തുന്നുണ്ട്. 2017-ൽ സ്‌കൂൾ ടോപ്പർ ആയിരുന്നിട്ടും നീറ്റ് പാസാക്കാൻ കഴിയാതെ വന്ന 17 വയസ്സുള്ള പെൺകുട്ടി അനിത ആത്മഹത്യ ചെയ്തതാണ് പരീക്ഷയോടുള്ള ശക്തമായ രാഷ്ട്രീയ എതിർപ്പിന് കാരണമായത്.
എന്തുകൊണ്ടാണ് തമിഴ്നാട് നീറ്റിനെ എതിർക്കുന്നത്?
നീറ്റിന്റെ മാർക്കിലെ മെക്കാനിക്കൽ ഫോക്കസ് വിദ്യാർത്ഥികളുടെ ഗുണനിലവാരത്തിന്റെയും അഭിരുചിയുടെയും പ്രാധാന്യത്തെ അവഗണിക്കുന്നുവെന്ന് വിമർശകർ വാദിക്കുന്നു. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് (സിഎംസി) പോലെയുള്ള ആദരണീയമായ വിദ്യാഭ്യാസ മാതൃകകളെ ഇത് തടസ്സപ്പെടുത്തി. അവിടെ മാർക്കിനേക്കാൾ അഭിരുചിയ്ക്കാണ് ഊന്നൽ നൽകുന്നത്.
നീറ്റിന്റെ വരവ് സർക്കാർ മേഖലയിലെ മെഡിക്കൽ ബിരുദധാരികൾക്കുള്ള സംസ്ഥാനത്തിന്റെ ഇൻ-സർവീസ് ക്വാട്ടയും ഇല്ലാതാക്കി. ഇത് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണത്തെ ദുർബലപ്പെടുത്തിയെന്ന് വിമർശകർ അഭിപ്രായപ്പെട്ടു.
എന്തുകൊണ്ടാണ് ഇതൊരു വൈകാരിക പ്രശ്നമായിരിക്കുന്നത്?
വിദ്യാഭ്യാസ സ്വയംഭരണത്തിനുള്ള ആവശ്യം സാമൂഹിക നീതിയെക്കുറിച്ചുള്ള ശക്തമായ സങ്കൽപ്പങ്ങളിലേക്കും കേന്ദ്രീകൃത നിയന്ത്രണത്തിനെതിരായ പ്രാദേശിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിലേക്കും ലയിച്ചു. വിദ്യാഭ്യാസത്തിൽ തുല്യത വേണമെന്ന ആവശ്യത്തിലാണ് നീറ്റിനെതിരായ എതിർപ്പ്.
"ഓരോ മൂന്ന് കിലോമീറ്ററിലും ഒരു പ്രൈമറി സ്കൂൾ, ഓരോ അഞ്ച് കിലോമീറ്ററിലും ഒരു ഹൈസ്കൂൾ" എന്നിങ്ങനെയുള്ള നിർണായക പരിഷ്കാരങ്ങൾക്ക് തുടക്കമിട്ട മുഖ്യമന്ത്രി കെ കാമരാജാണ് (1954-63) വിദ്യാഭ്യാസത്തിനായുള്ള തമിഴ്നാടിന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ ക്വോട്ടയിൽ പ്രവേശനത്തിനായി ഒരു വലിയ കൂട്ടം അപേക്ഷകളിൽ നിന്ന് 10 ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാൻ അദ്ദേഹം കുറച്ച് മിനിറ്റുകൾ മാത്രമേ എടുത്തിട്ടുള്ളൂവെന്നാണ് കാമരാജിനെക്കുറിച്ചുള്ള സ്ഥിരീകരിക്കപ്പെട്ട ഒരു കഥയിൽ പറയുന്നത്.
ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ എങ്ങനെ തിരഞ്ഞെടുപ്പ് നടത്താൻ കഴിയുമെന്ന് സെക്രട്ടറിയുടെ ചോദ്യത്തിന്, മാതാപിതാക്കളുടെ ഒപ്പിന് പകരം വിരലടയാളം പതിപ്പിച്ച അപേക്ഷകളാണ് താൻ തിരഞ്ഞെടുത്തതെന്ന് കാമരാജ് പറഞ്ഞു. അദ്ദേഹത്തിന്റെ തീരുമാനം അക്ഷരജ്ഞാനമില്ലാത്ത ജനങ്ങളോടുള്ള ആഴത്തിലുള്ള സഹാനുഭൂതിയും മനുഷ്യന്റെ കഴിവുകളെയും അഭിരുചികളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രാഹ്യത്തിന്റെ പ്രതിഫലനമായും കാണുന്നു.
നിയമസഭയിൽ നീറ്റ്
മുൻ എഐഎഡിഎംകെ ഭരണം രണ്ട് ബില്ലുകൾ കൊണ്ടുവന്നിരുന്നു. എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള തമിഴ്‌നാട് പ്രവേശന ബിൽ 2017, തമിഴ്‌നാട് മെഡിസിൻ ആൻഡ് ഡെന്റിസ്ട്രി ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശനം ബിൽ, 2017. ഇത് ബോർഡ് പരീക്ഷയുടെ സ്‌കോറുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മെഡിക്കൽ പ്രവേശനത്തിൽ സംസ്ഥാന സ്വയംഭരണം നടത്തുന്നു. യുജി കോഴ്സുകളുടെ മാർക്കാണ് പിജി കോഴ്സുകൾക്കായി പരിഗണിക്കുന്നത്. 2017 സെപ്റ്റംബറിൽ രാഷ്ട്രപതി ബില്ലുകൾ മടക്കി അയച്ചു.
2021 സെപ്റ്റംബറിൽ, എം കെ സ്റ്റാലിൻ മുഖ്യമന്ത്രിയായി മാസങ്ങൾക്ക് ശേഷം, എല്ലാ പാർട്ടികളുടെയും പിന്തുണയോടെ തമിഴ്‌നാട് നിയമസഭ ബിൽ പാസാക്കി (ബിജെപി ഇറങ്ങിപ്പോയി). നീറ്റ് ഒഴിവാക്കി പ്രവേശനം അനുവദിക്കുന്നതിനുള്ള തമിഴ്‌നാട് ബിരുദ മെഡിക്കൽ ബിരുദ കോഴ്‌സുകളിലേക്കുള്ള തമിഴ്‌നാട് പ്രവേശന ബിൽ, 2021 ആണ് പാസാക്കിയത്. 12-ാം ക്ലാസ് മാർക്കിനെ അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ കോഴ്‌സുകളിലേക്ക് "സാമൂഹിക നീതി" ഉറപ്പാക്കാനായിരുന്നു ഇത്.
പ്രത്യേക കോച്ചിങ് താങ്ങാൻ കഴിയുന്ന സമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് നീറ്റ് അസമത്വം വളർത്തുകയും ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്നു. അതേസമയം അധഃസ്ഥിതർക്ക് പ്രവേശന തടസ്സങ്ങൾ ഉയർത്തുകയും ചെയ്യുന്നു. ഭരണഘടനയുടെ വ്യവസ്ഥകൾ അനുസരിച്ച് മെഡിക്കൽ കോഴ്‌സുകൾ കണ്ടെത്താനാകുന്നതിനാൽ, അധഃസ്ഥിത സാമൂഹിക വിഭാഗങ്ങൾക്കുള്ള പ്രവേശനം നിയന്ത്രിക്കാനുള്ള യോഗ്യതയുള്ള അധികാരം സംസ്ഥാനത്തിനാണെന്ന് അതിൽ പറയുന്നു.
ഗവർണർ രവി 2022 ഫെബ്രുവരി ആദ്യം വരെ ബില്ല് പരിഗണിച്ചു. അതിനുശേഷം അത് സർക്കാരിന് തിരികെ നൽകി. ദിവസങ്ങൾക്കകം നിയമസഭ ബിൽ വീണ്ടും അംഗീകരിച്ചു. തുടർന്ന് രാഷ്ട്രപതിക്ക് കൈമാറുമെന്ന് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചു. ബിൽ രാഷ്ട്രപതി ഭവന്റെ പരിഗണനയിലാണ്.
ഭരണഘടനാപരമായ കടമ നിർവഹിക്കുന്നതിൽ രവി പരാജയപ്പെട്ടുവെന്ന് സ്റ്റാലിൻ ആരോപിച്ചു. ബിൽ തടഞ്ഞത് സംസ്ഥാനത്തിന്റെ അധികാരങ്ങൾക്കും ഫെഡറലിസത്തിന്റെയും ജനാധിപത്യത്തിന്റെയും തത്വങ്ങൾക്ക് മേലുള്ള കടന്നാക്രമണമാണെന്ന് വിമർശിച്ചു. നിർദിഷ്ട നിയമനിർമ്മാണത്തെ "ദരിദ്രവിരുദ്ധം" എന്നും ഗ്രാമീണ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമെന്നും വിളിച്ച രവി നീറ്റ് ശരിവച്ച സുപ്രീം കോടതി വിധിയെ ഉദ്ധരിക്കുകയും ചെയ്തു.
നീറ്റ് വിരുദ്ധ ബില്ലിന്റെ അടിസ്ഥാനം എന്തായിരുന്നു?
2021 ജൂണിൽ, മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള തുല്യമായ രീതിയാണോ നീറ്റ് എന്ന് പരിശോധിക്കാൻ സ്റ്റാലിന്റെ സർക്കാർ ജസ്റ്റിസ് എ കെ രാജൻ കമ്മിറ്റിയെ നിയോഗിച്ചു.
ആ വർഷം സെപ്റ്റംബറിൽ റിപ്പോർട്ട് സമർപ്പിച്ച കമ്മിറ്റി, നീറ്റിനെ വിമർശിക്കുകയും അത് സാമൂഹിക വൈവിധ്യത്തെ തുരങ്കം വയ്ക്കുകയും മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പന്നർക്ക് അനുകൂലമാക്കുകയും ചെയ്തുവെന്ന് പറഞ്ഞു. ഉചിതമായ നിയമനിർമ്മാണത്തിലൂടെ ഇത് ഇല്ലാതാക്കുന്നതിനുള്ള അടിയന്തര നടപടികളും കമ്മിറ്റി ശുപാർശ ചെയ്തു.
'തമിഴ്‌നാട്ടിലെ മെഡിക്കൽ പ്രവേശനത്തിൽ നീറ്റിന്റെ ആഘാതം' എന്ന കമ്മറ്റിയുടെ റിപ്പോർട്ട്, പരീക്ഷ ആവർത്തിച്ചവർക്കും (2021-ൽ 71%) കോച്ചിംഗ് വിദ്യാർത്ഥികൾക്കും (2020-ൽ 99%) ആനുപാതികമായി ഗുണം ചെയ്തിട്ടില്ലെന്നും ആദ്യമായി അപേക്ഷിക്കുന്നവരോട് വിവേചനം കാണിക്കുന്നുവെന്നും നിഗമനം ചെയ്തു. നീറ്റ് ഏർപ്പെടുത്തിയതിന് ശേഷം അരിയല്ലൂർ, പേരാമ്പ്ര തുടങ്ങിയ പിന്നോക്ക ജില്ലകളിൽ സീറ്റ് വിഹിതത്തിൽ 50% കുറവുണ്ടായതായും ചെന്നൈ പോലുള്ള നഗര കേന്ദ്രങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഗ്രാമീണ അപേക്ഷകർ, ചെറിയ വരുമാനമുള്ള കുടുംബത്തിൽനിന്നുള്ള ഉദ്യോഗാർത്ഥികൾ എന്നിവരുടെ പ്രവേശനം കുറഞ്ഞതായി റിപ്പോർട്ട് പറയുന്നു.
നിലവിലെ കാര്യങ്ങൾ
തമിഴ്‌നാട് നിരവധി പൊതുജനാരോഗ്യ സമ്പ്രദായങ്ങൾക്കും നയങ്ങൾക്കും പേരുകേട്ടതാണ്. കൂടാതെ പൊതുജനാരോഗ്യ ഇൻഫ്രാസ്ട്രക്ചർ രാജ്യത്തെ ഏറ്റവും മികച്ചതാണ്. പിജി ഡോക്ടർമാരെ നിലനിർത്തുന്ന മുൻകാല സമ്പ്രദായമാണ് തമിഴ്‌നാടിന്റെ ആരോഗ്യ സൂചികകൾക്ക് കാരണമായത്.
വൈവിധ്യമാർന്ന ഒരു സമൂഹത്തിന്റെ പ്രത്യേക ആവശ്യങ്ങളോടും മൂല്യങ്ങളോടും ഒപ്പം ഏകത്വവും നീതിയും സന്തുലിതമാക്കാനുള്ള പോരാട്ടത്തെയാണ് നീറ്റ് സംബന്ധിച്ച സ്തംഭനാവസ്ഥ പകർത്തുന്നത്. കേന്ദ്ര സ്റ്റാൻഡേർഡൈസേഷനും പ്രാദേശിക സ്വയംഭരണവും തമ്മിലുള്ള വലിയ ഏറ്റുമുട്ടലിനെയും ഇത് ചിത്രീകരിക്കുന്നു. കൂടാതെ ജനാധിപത്യം, സമത്വം, സാമൂഹിക നീതി എന്നിവയുടെ സ്വഭാവത്തെക്കുറിച്ചുള്ള ആഴത്തിലുള്ള വിയോജിപ്പുകൾ പ്രതിഫലിപ്പിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.