scorecardresearch
Latest News

Explained: ആമിർ ഖാൻ വീണ്ടും വിമര്‍ശിക്കപ്പെടുന്നത് എന്തുകൊണ്ട്?

നിലപാടുകളുടെയും തുറന്നു പറച്ചിലുകളുടെയും പേരിൽ നിരവധി തവണ വിവാദങ്ങളിൽ നിറഞ്ഞ ആമിർ ഖാന്‍ ഏറ്റവും പുതിയതായി നേരിടുന്ന വിമര്‍ശനം തുര്‍ക്കിയിലെ പ്രഥമ വനിതയുമായി കൂടിക്കാഴ്ച നടത്തിയതാണ്

Explained: ആമിർ ഖാൻ വീണ്ടും വിമര്‍ശിക്കപ്പെടുന്നത് എന്തുകൊണ്ട്?

Explained: ബോളിവുഡ് നടനും നിർമാതാവും സംവിധായകനുമായ ആമിർ ഖാൻ തുർക്കി പ്രഥമവനിതയുമായി എമിൻ എർദ്വാനുമായി നടത്തിയ കൂടിക്കാഴ്ച ചർച്ചയാവുകയാണ്. നിലപാടുകളുടെയും തുറന്നു പറച്ചിലുകളുടെയും പേരിൽ നിരവധി തവണ വിവാദങ്ങളിൽ നിറഞ്ഞ ആമിർ ഖാനെതിരെ ഇത്തവണ രാഷ്ട്രീയ ആയുധമാക്കി പ്രതിയോഗികൾ എടുത്തുകാണിക്കുന്നത് ഈ കൂടിക്കാഴ്ചയാണ്.

ടോം ഹാങ്ക്സിന്റെ ഹോളിവുഡ് ചിത്രം ‘ഫോറസ്റ്റ് ഗമ്പി’ന്റെ ഔദ്യോഗിക റീമേക്കായ ‘ലാൽ സിംഗ് ചദ്ദ’ യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇസ്താംബൂളിൽ എത്തിയപ്പോഴാണ് തുർക്കി പ്രസിഡന്റ് റെജപ് തയ്യിപ്‌ എർദ്വാന്റെ ഭാര്യയും പ്രഥമ വനിതയുമായ എമിൻ എർദ്വാനുമായി ആമിര്‍ ഓഗസ്ത് 15 ന് കൂടിക്കാഴ്ച നടത്തിയത്. ഇസ്താംബൂളിലെ ഹുബർ മാൻഷനിലുള്ള പ്രസിഡൻഷ്യൽ വസതിയിൽ നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ എമിൻ എർദ്വാൻ ട്വിറ്ററിൽ പങ്കുവച്ചു.

‘ലോകപ്രശസ്ത ഇന്ത്യൻ നടനും സംവിധായകനുമായ ആമിർ ഖാനെ ഇസ്താംബുളിൽ കണ്ടുമുട്ടിയതിൽ എനിക്കേറെ സന്തോഷമുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ചില ഭാഗങ്ങൾ അദ്ദേഹം തുർക്കിയുടെ വിവിധ ഭാഗങ്ങളിൽ ചിത്രീകരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. ഞാനതിനായി കാത്തിരിക്കുന്നു,’ എന്നായിരുന്നു പ്രഥമ വനിതയുടെ ട്വീറ്റ്. സിനിമകളിലൂടെ സാമൂഹിക പ്രശ്നങ്ങളെ അഡ്രസ് ചെയ്യുന്നതിന് എമിൻ എർദ്വാൻ ആമിർഖാനെ അഭിനന്ദിച്ചുവെന്നും തുർക്കി പ്രസിഡൻസി ഓഫ് റിപ്ലബ്ലിക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു.

Read more: തുർക്കിയുടെ പ്രഥമ വനിതയുമായി ആമിർഖാൻ കൂടിക്കാഴ്ച നടത്തി

എന്ത് കൊണ്ട് ആമിര്‍ വിമര്‍ശിക്കപ്പെടുന്നു?

തുർക്കി പ്രസിഡന്റ് റെജപ് തയ്യിപ്‌ എർദ്വാൻ മുൻപ് ഇന്ത്യാ സംബന്ധമായി പല സന്ദര്‍ഭങ്ങളിലും നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് ആമിർ തുർക്കി പ്രഥമവനിതയെ സന്ദർശിച്ചത് ശരിയായില്ലെന്ന  വിമർശനം  പ്രധാനമായും ഉയരുന്നത്. ഡൽഹി കലാപങ്ങളുടെ പശ്ചാത്തലത്തിൽ എർദ്വാൻ വിമർശനം ഉന്നയിച്ചിരുന്നു. ‘കൂട്ടക്കൊലകൾ വ്യാപകമായി നടക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ,’ എന്നായിരുന്നു അങ്കാറയിലെ പ്രസംഗത്തിനിടെ എർദ്വാന്റെ പ്രസ്താവന. ഇന്ത്യയിൽ നടക്കുന്ന മുസ്ലിം കൂട്ടക്കൊലകൾക്കു പിന്നിൽ ഹിന്ദുക്കളാണെന്നും പ്രസംഗത്തിനിടെ എർദ്വാൻ പറഞ്ഞിരുന്നു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആർട്ടിക്കിൾ 370 ഇന്ത്യ റദ്ദാക്കിയ സമയത്ത്, എർദ്വാൻ പാക്കിസ്ഥാന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. “ഇന്ന് കശ്മീർ പ്രശ്നം ഞങ്ങൾക്ക് വളരെ അടുത്താണ്, നിങ്ങൾക്കും (പാക്കിസ്ഥാൻകാരോട്). നീതിയുടെ അടിസ്ഥാനത്തിൽ, ബന്ധപ്പെട്ട എല്ലാവരുടെയും താൽപ്പര്യങ്ങൾ നിറവേറ്റുന്ന പരിഹാരമാണ് ഉണ്ടാവേണ്ടത്.”

നീതി, സമാധാനം, ചർച്ച എന്നിവയുടെ പക്ഷത്താണ് കശ്മീർ പ്രശ്നത്തിൽ തുർക്കിയെന്നും പാക്കിസ്ഥാൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ എർദ്വാൻ പ്രസംഗിച്ചു. 2019 സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭയിലും എർദ്വാൻ കശ്മീർ പ്രശ്നം ഉന്നയിച്ചിരുന്നു. എട്ട് ദശലക്ഷം ആളുകൾ ‘ഇന്ത്യൻ കശ്മീരിൽ’ കുടുങ്ങിക്കിടക്കുകയാണെന്നായിരുന്നു എർദ്വാന്റെ വാക്കുകൾ. “പാകിസ്ഥാനോടും മറ്റു ഇന്ത്യൻ അയൽരാജ്യങ്ങളോടുമുള്ള കശ്മീരി ജനതയുടെ ബന്ധം നിലനിർത്താനും സുരക്ഷ ഉറപ്പുവരുത്താനും ചർച്ചകളിലൂടെ നീതിയുടെയും സമത്വത്തിന്റെയും അടിസ്ഥാനത്തിൽ പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടത്, അല്ലാതെ തമ്മിലടിച്ചിട്ടില്ല എന്നായിരുന്നു എർദ്വാൻ അഭിപ്രായപ്പെട്ടത്.

ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എർദ്വാൻ നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ്, ആമിർ ഖാൻ- എമിൻ എർദ്വാൻ കൂടിക്കാഴ്ച വിവാദമാകുന്നത്. നിരവധി തവണ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ നടത്തിയ എർദ്വാന്റെ രാജ്യത്തെത്തി, അവരുടെ ക്ഷണം സ്വീകരിച്ച് പ്രഥമ വനിതയെ സന്ദർശിച്ചത് ശരിയായില്ല എന്നാണ് ഒരു കൂട്ടരുടെ വാദം. മറ്റൊരു വിഭാഗം, ഈ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ ‘ലാൽ സിംഗ് ചദ്ദ’ ബഹിഷ്കരിക്കണം എന്നാണ് ആഹ്വാനം ചെയ്യുന്നത്.

മുൻപ്, ‘സീക്രട്ട് സൂപ്പർസ്റ്റാർ’ എന്ന ചിത്രത്തിന്റെ പ്രമോഷനായി തുർക്കിയിലെത്തിയപ്പോഴും ആമിർ തുർക്കി പ്രസിഡന്റ് എർദ്വാനെ സന്ദർശിച്ചിരുന്നു. അങ്കാറയിലെ പ്രസിഡൻഷ്യൽ കോംപ്ലക്സിലെത്തിയാണ് അന്ന് ആമിർ എർദ്വാനെ സന്ദർശിച്ചത്. അന്ന് ഇരുവരും ചേർന്നെടുത്ത ചിത്രവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

നെതന്യാഹുവിനോട് ‘നോ’ പറഞ്ഞ ആമിർ

ആമിറിന്റെ തുർക്കി യാത്രയുടെ പശ്ചാത്തലത്തിൽ, മുൻപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സന്ദർശിക്കുന്നതില്‍ നിന്ന് ആമിർ ഖാൻ ഒഴിഞ്ഞു നിന്നത് ചോദ്യം ചെയ്യുന്നവരുമുണ്ട്. 2018ൽ ബെഞ്ചമിൻ നെതന്യാഹു ഇന്ത്യ സന്ദർശിച്ചപ്പോഴാണ് അദ്ദേഹത്തെ സന്ദർശിക്കുന്നതില്‍ നിന്ന് ആമിർ ഖാൻ വിട്ടുനിന്നത്. നെതന്യാഹുവിനോടുള്ളള ആദരാർത്ഥം സംഘടിപ്പിക്കപ്പെട്ട ബോളിവുഡ് ഇവന്റിൽ ആമിർഖാൻ, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവർ പങ്കെടുത്തിരുന്നില്ല. പധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത അന്നത്തെ പരിപാടിയിൽ അഭിഷേക് ബച്ചൻ, ഐശ്വര്യാ റായ് ബച്ചൻ, വിവേക് ഒബ്റോയ്, കരൺ ജോഹർ എന്നിവർ മാത്രമാണ് സന്നിഹിതരായിരുന്നത്.

ഇന്ത്യയിലെ അസഹിഷ്ണുത തന്റെ ഭാര്യ കിരണ്‍ റാവുവിനെ ഭയപ്പെടുത്തുന്നുണ്ടെന്നും  ഈ രാജ്യത്തുനിന്നു മാറിത്താമസിക്കുന്നതിനെക്കുറിച്ച് പോലും ചിന്തിക്കേണ്ടി വരുമോ എന്നവർ ഉത്കണ്ഠയോടെ ചോദിച്ചെന്നും മറ്റൊരു അവസരത്തില്‍ ആമിര്‍ പറഞ്ഞിരുന്നു. 2015ൽ ഇന്ത്യന്‍ എക്സ്പ്രസിന്റെ ‘രാംനാഥ് ഗോയങ്ക എക്സലൻസ് ഇൻ ജേണലിസം’ പുരസ്കാരച്ചടങ്ങില്‍ സംസാരിക്കുന്നതിനിടയിലാണ് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ ആ പ്രസംഗം ആമിർ നടത്തിയത്.

‘ഒരു വ്യക്തിയെന്ന രീതിയിലും പൗരനെന്ന രീതിയിലും ഇവിടെ എന്താണ് സംഭവിക്കുന്തെന്ന് വാർത്തകൾ വായിക്കുമ്പോൾ പരിഭ്രാന്തിയുണ്ട്. ഞാനത് നിഷേധിക്കുന്നില്ല. നിരവധി സംഭവങ്ങൾ എന്നെ പരിഭ്രമിപ്പിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് വീട്ടിൽ കിരൺ റാവുവുമായി ചർച്ച ചെയ്തപ്പോൾ, നമ്മൾ ഇന്ത്യയ്ക്ക് പുറത്തുപോവണോ എന്നാണ് അവൾ ചോദിച്ചത്. അതൊരു വലിയ പ്രസ്താവനയാണ്. തന്റെ കുഞ്ഞിനെയോർത്ത് അവൾക്ക് ഭയമുണ്ട്, ചുറ്റുമുള്ള അന്തരീക്ഷത്തെക്കുറിച്ച് ഭയമുണ്ട്, ദിവസവും പത്രം തുറക്കാൻ ഭയക്കുന്നു. ഇത് സൂചിപ്പിക്കുന്നത് ചുറ്റും ഒരു അസ്വസ്ഥതയും നിരാശയും വളരുന്നു എന്നാണ്.’

വ്വ വാക്കുകളുടെ പേരിൽ 2015ൽ ആമിറിനെ ‘ദേശവിരുദ്ധന്‍’ എന്ന് മുദ്രകുത്തി  നവമാധ്യമങ്ങള്‍ വഴി വ്യാപക സൈബർ ആക്രമണം അഴിച്ചുവിട്ടിരുന്നു.  ഇതേത്തുടര്‍ന്ന്, ‘സ്നാപ് ഡീൽ’ എന്ന ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റ് ആമിർ ഖാനെ ബ്രാൻഡ് അംബാസിഡർ സ്ഥാനത്തുനിന്ന് ഒഴിവാക്കി. ആമിർ ഖാൻ ചിത്രമായ ‘ദംഗൽ’ ബഹിഷ്കരിക്കാനും അന്ന് ആഹ്വാനമുണ്ടായിരുന്നു. എന്നാൽ ഈ പ്രതിബന്ധങ്ങളെയുമെല്ലാം തരണം ചെയ്ത് ‘ദംഗൽ’ അഭൂതപൂർവമായ വിജയം കൈവരിക്കുകയാണുണ്ടായത്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Laal singh chaddha aamir khan emine erdogan meeting turkey