മതസംഘടനകളുടെ എതിര്‍പ്പുയര്‍ന്നതോടെ കുടുംബശ്രീയുടെ ലിംഗസമത്വ പ്രതിജ്ഞയെ ചൊല്ലി വിവാദം കൊഴുക്കുകയാണ്. സ്ത്രീക്കും പുരുഷനും തുല്യ സ്വത്തവകാശമെന്ന പ്രതിജ്ഞയിലെ വാചകമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. പ്രതിജ്ഞയ്‌ക്കെതിരെ സമസ്തയും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നിരുന്നു.
പ്രതിജ്ഞയിലെ അവസാന ഭാഗത്താണ് നമ്മള്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യമായ സ്വത്തവകാശം നല്‍കുമെന്ന് പറയുന്നത്. കുടുംബശ്രീ ജന്‍ഡര്‍ റിസോഴ്സ് യോഗങ്ങളിലുള്‍പ്പടെ എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതിജ്ഞ ചൊല്ലേണ്ടതിലെന്ന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയതായാണ് ആദ്യം പുറത്തുവന്ന വാര്‍ത്ത.
കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ ഓഫിസില്‍ നിന്ന് ഇത് സംബന്ധിച്ച് ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. സംഭവം വിവാദമായതോടെ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്നു കുടുംബശ്രീ എക്സിക്യുട്ടീവ് ഡയരക്ടർ പ്രസ്താവനയിൽ അറിയിച്ചു.
എന്തിനായിരുന്നു പ്രതിജ്ഞ ?
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ജെന്‍ഡര്‍ കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ നടത്തുന്ന പരിപാടികളില്‍ ലിംഗസമത്വ പ്രതിജ്ഞ നടത്താനായിരുന്നു തീരുമാനം. പ്രതിജ്ഞയിലെ ചില ഭാഗങ്ങള്‍ വിവാദമായതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യപ്രതിജ്ഞ മലയാളത്തില്‍ പരിഭാഷപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നാണ് കുടുംബശ്രീ ഡയറക്ടര്‍ വിശദീകരണം നല്‍കിയത്.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍(NRLM) ‘നയി ചേതന ‘ എന്ന പേരില്‍ നടത്തുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി 2022 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23വരെ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെയും ലിംഗനീതി ഉറപ്പാക്കുന്നതിനുമായി രാജ്യത്തൊട്ടാകെ അയല്‍ക്കൂട്ടതലം വരെ വിവിധ പരിപാടികള്‍ നടത്തിവരുകയാണ്.
ലിംഗാധിഷ്ഠിത അതിക്രമങ്ങളെ തിരിച്ചറിയുക അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും സഹായം ആവശ്യപ്പെടുകയും ചെയ്യുക അതിക്രമങ്ങള്‍ക്കെതിരെയുള്ള മുന്നേറ്റങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് നാലാഴ്ച നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹ്യ ഉത്തരവാദിത്വം വളര്‍ത്തിയെടുക്കുകയും ലിംഗനീതിയിലേക്ക് സമൂഹത്തെ നയിക്കുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
പ്രതിജ്ഞയ്‌ക്കെതിരെ മതസംഘടനകള്‍ പറയുന്നത്
പ്രതിജ്ഞ ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്നായിരുന്നു സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി അടക്കമുള്ളവര്‍ പറഞ്ഞത്. ഖുര്‍ആന്‍ പറയുന്നത്: ‘ ആണിന് രണ്ട് പെണ്ണിന്റേതിന് തുല്യമായ ഓഹരിയാണുള്ളത്’ സ്ത്രീയുടെ എല്ലാ ജീവിതച്ചെലവും വഹിക്കേണ്ടത് പുരുഷനാണ്. ഭര്‍ത്താവ് ദരിദ്രനും ഭാര്യ സമ്പന്നയുമാണെങ്കില്‍ പോലും അവരുടേയും ഭര്‍ത്താവിന്റെയും മക്കളുടേയും ചെലവ് വഹിക്കേണ്ട ബാധ്യത ഭര്‍ത്താവിനാണ്. ഒരു ചില്ലിക്കാശും ചെലവിനത്തില്‍ വഹിക്കാതെ അനന്തരമായി കിട്ടുന്നതെല്ലാം സ്വന്തം ബാക്കിയിരിപ്പാക്കാന്‍ അവകാശം നല്‍കുന്നുണ്ട് ഇസ്ലാം സ്ത്രീക്ക്. അവരെ അവഗണിക്കുകയല്ല ഇരട്ടിയായി പരിഗണിക്കുകയാണെന്നിരിക്കെ ചെലവ് പരിഗണിക്കാതെയാണ് വരവിലെ വിവേചനം ചിലര്‍ ആരോപിച്ച് വരുന്നത്, ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ ഭാഗമായി മതത്തിന്റെയും ഭരണഘടനയുടേയും മൗലിക തത്വങ്ങളെ കുടുംബശ്രീ സര്‍ക്കുലര്‍ നിഷേധിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
സമസ്തക്ക് പുറമേ കെ.എന്‍.എം മര്‍ക്കസുദ്ദഅ്‌വ, വിസ്ഡം അടക്കമുള്ള സംഘടനകളും രംഗത്തെത്തിയിരുന്നു. ശരീഅത്ത് നിയമപ്രകാരം പുരുഷന് ഇരട്ടിസ്വത്തും സ്ത്രീക്ക് പകുതി സ്വത്തിനുമാണ് അവകാശം. ഇത് ഇന്ത്യയിലെ മുസ്ലീം വ്യക്തിനിയമം അനുവദിക്കുന്നതാണെന്നും പുതിയ പ്രതിജ്ഞ ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനായുള്ള സര്‍ക്കാരിന്റെ കൈസഹായമാണെന്നും ആരോപണമുയര്‍ന്നിരുന്നു. വിവാദം ദേശീയ മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്തയാകുകയും ചെയ്തിരുന്നു.
ജമാഅത്തെ ഇസ്ലാമി നേതാവും പ്രഭാഷകനുമായ ഇല്യാസ് മൗലവിയും വിവാദ പ്രതിജ്ഞയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. ‘നമ്മള്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം നല്‍കും’എന്ന പ്രതിജ്ഞയിലെ വാചകം അള്ളാഹുവിന്റെ ശാസനയുടെ വ്യക്തമായ ലംഘനമാണെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയത്. അതിനാല്‍ ഒരു മുസ്ലിം ഇങ്ങനെയൊരു പ്രതിജ്ഞ ചൊല്ലാന്‍ പാടുള്ളതല്ലെന്നും അള്ളാഹുവിന്റെ ശാസനകള്‍ ധിക്കരിച്ച് മറ്റുള്ള നിയമങ്ങളെ തൃപ്തിപ്പെടുന്നവന്‍ കാഫിറാകുമെന്നും ഇല്യാസ് മൗലവി മുന്നറിയിപ്പ് നല്‍കി.
അതേസമയം മുസ്ലീം സംഘടനകളുടെ എതിര്‍പ്പിനെതിരെ ബിജെപിയും രംഗത്തു വന്നിരുന്നു. പ്രതിജ്ഞയ്‌ക്കെതിരെയുള്ള പ്രതിഷേധത്തെ വിമര്‍ശിച്ച് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത് വന്നു. കേരളത്തിലേതു ശരിഅത്ത് ഭരണമാണോയെന്നായിരുന്നു സുരേന്ദ്രന്റെ വിമര്‍ശനം. സമസ്തയെ പേടിച്ച് ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ പിന്‍വലിച്ചില്ലല്ലോയെന്നായിരുന്നു ഹിന്ദു ഐക്യവേദി നേതാവ് ഭാര്‍ഗവറാമിന്റെ പരിഹാസം.
പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് കുടുംബശ്രീയും മന്ത്രിയും
വിവാദങ്ങളെ പേടിച്ച് പ്രതിജ്ഞയിലെ വാചകങ്ങള്‍ പിന്‍വലിക്കില്ലെന്നാണ് പുറത്ത് വരുന്ന വിവരം. വാചകം പിന്‍വലിക്കില്ലെന്നാണ് ഇന്നലെ കുടുംബശ്രീ ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നത്. കുടുംബശ്രീ പ്രതിജ്ഞ പിന്‍വലിച്ചിട്ടില്ലെന്ന് മന്ത്രി എംബി രാജേഷും വ്യക്തമാക്കിയിട്ടുണ്ട്.