തിരുവനന്തപുരം: സർവീസുകൾ സജീവമായിരുന്ന കാലത്ത് ദിവസേന പതിനായിരത്തിലധികം യാത്രക്കാരാണ് കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നത്. ഇവരില്‍ നല്ലൊരു ശതമാനം യാത്രക്കാരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ടിക്കറ്റ് റിസര്‍വ് ചെയ്യുന്നത്. എന്നിട്ടും കെഎസ്ആര്‍ടിസിയ്ക്കു സ്വന്തമായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ മൊബൈല്‍ ആപ്പ് ഉണ്ടായിരുന്നില്ല. ഈ പോരാമയ്മയ്ക്കു പരിഹാരം കണ്ടിരിക്കുകയാണ് കെഎസ്ആര്‍ടിസി.
‘എന്റെ കെഎസ്ആര്‍ടിസി’ ആപ്പ്
‘എന്റെ കെഎസ്ആര്‍ടിസി'(Ente KSRTC) എന്ന പേരിലുള്ള ആപ്പ് ഉപയോഗിച്ച് മൊബൈൽ ഫോണുകളിൽനിന്ന് ഇനി യാത്രകൾ റിസർവ് ചെയ്യാം. ആന്‍ഡ്രോയ്ഡ്/ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ആപ്പാണ് ഒരുക്കിയിരിക്കുന്നത്.
Also Read: ചുരമില്ലാതെ വയനാട്ടിലേക്ക്; അറിയാം തുരങ്കപ്പാതയുടെ പ്രത്യേകതകള്‍
കോവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. എല്ലാവിധ ആധുനിക പേയ്‌മെന്റ് സംവിധാനങ്ങളുമുള്ള ആപ്പിന്റെ ഉപയോഗം സൗകര്യപ്രദവും ലളിതമാവുമാണെന്നാണ് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.
കെഎസ്ആര്‍ടിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഹൈദരാബാദ് കേന്ദ്രമായുള്ള ‘അഭി ബസ്’ എന്ന കമ്പനിയാണ് ഒരുക്കിയിരിക്കുന്നത്. ഇതേ സംവിധാനത്തിന്റെ തന്നെ മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപമാണ് തയാറാക്കിയിരിക്കുന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതർ പറഞ്ഞു. ലോഗിന്‍ ചെയ്തും അല്ലാതെയും ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ ആപ്ലിക്കേഷനില്‍ സൗകര്യമുണ്ട്. ഇതുകൂടാതെ പിഎന്‍ആര്‍ എന്‍ക്വയറി, ടിക്കറ്റ് കാന്‍സലേഷന്‍ സൗകര്യങ്ങളുമുണ്ട്.
‘എന്റെ കെഎസ്ആര്‍ടിസി’ റിസര്‍വേഷന്‍ ആപ്പിനൊപ്പം ‘കെഎസ്ആര്‍ടിസി ജനത സര്‍വീസ്’, ‘കെഎസ്ആര്‍ടിസി ലോജിസ്റ്റിക്‌സ്’ എന്നിവയുടെ ലോഗോയും നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.
കെഎസ്ആര്‍ടിസി ജനത സര്‍വീസ്
കോവിഡ് സാഹചര്യത്തില്‍, പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ‘അണ്‍ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി’ (യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തിക്കൊടുക്കുന്നത്) സര്‍വീസ് കെഎസ്ആര്‍ടിസി ആരംഭിച്ചിരുന്നു. വന്‍ ജനപ്രീതി നേടിയ ഈ സര്‍വീസാണ് ‘ജനത സര്‍വീസ്’ എന്ന പേരിലേക്കു മാറുന്നത്.
Also Read: കോവിഡ് ബാധിതരുടെ വീട്ടുചികിത്സ: അറിയാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അണ്‍ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി സര്‍വീസിന് ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി കെഎസ്ആര്‍ടിസി പേര് ക്ഷണിച്ചിരുന്നു. ആയിരത്തിലധികം നിര്‍ദേശങ്ങള്‍ ലഭിച്ചതില്‍ ഏറ്റവും കൂടുതല്‍ ‘കെഎസ്ആര്‍ടിസി ജനത സര്‍വീസ്’ എന്ന പേരായിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ പേര് നല്‍കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.
കെഎസ്ആര്‍ടിസി ലോജിസ്റ്റിക്‌സ്
ഏറെക്കാലമായി സാമ്പത്തിക പ്രതിസന്ധിയിലുള്ള കെഎസ്ആര്‍ടിസി ഡീസല്‍, സ്‌പെയര്‍ പാര്‍ട്‌സ് വിലവര്‍ധനയും കൂടിയായതോടെ നിലയില്ലാ കയത്തിലാണ്. ഇതു മറികടക്കാന്‍ ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാനായി ആരംഭിച്ച ‘കെഎസ്ആര്‍ടിസി ലോജിസ്റ്റിക്‌സ്’ ചരക്കുകടത്ത് മേഖലയിലും സജീവമാകുകയാണ്.
Also Read: പാമ്പുകടിയേറ്റാല്‍ ഉടൻ ചെയ്യേണ്ടത് എന്ത്? ആന്റിവെനം ലഭ്യമായ ആശുപത്രികൾ ഏതൊക്കെ?
നിലവില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍ എന്നിവയുടെയും സ്വകാര്യ സംരംഭകരുടെയും പാഴ്‌സലുകളാണു ‘കെഎസ്ആര്‍ടിസി ലോജിസ്റ്റിക്‌സ്’ കൈകാര്യം ചെയ്യുന്നത്. ഇനി മുതല്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചരക്കുകടത്തിന്റെ ഏറിയ പങ്കും നടത്തുന്ന വിധത്തിലേക്ക് ‘കെഎസ്ആര്‍ടിസി ലോജിസ്റ്റിക്‌സ്’ സംവിധാനം വിപുലീകരിക്കുകയാണു ലക്ഷ്യം.
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍, വിവിധ സര്‍വകലാശാലകള്‍, പരീക്ഷാഭവന്‍ എന്നിവയുടെ ചോദ്യ, ഉത്തരക്കടലാസുകള്‍ ജിപിഎസ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ വഴി എത്തിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോവിഡ് 19-ന്റെ സാഹചര്യത്തില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യ കിറ്റുകളുടെ വിതരണത്തിനു സപ്ലൈകോയ്ക്ക് ‘കെഎസ്ആര്‍ടിസി ലോജിസ്റ്റിക്‌സ്’ സംവിധാനം വഴി വാഹനങ്ങള്‍ വാടകയ്ക്കു നല്‍കിയിട്ടുണ്ട്.