scorecardresearch

വൈദ്യുതിയും പ്രീ പെയ്ഡ്:സ്മാർട് മീറ്റർ സംവിധാനത്തെക്കുറിച്ച് അറിയേണ്ടത്

സ്മാർട് മീറ്റർ എത്തുന്നതോടെ വൈദ്യുതി ചാർജ് കുറയുമോ അതോ ഉപഭോക്താക്കൾക്ക് അധിക ബാധ്യതയാകുമോ എന്നറിയാം

സ്മാർട് മീറ്റർ എത്തുന്നതോടെ വൈദ്യുതി ചാർജ് കുറയുമോ അതോ ഉപഭോക്താക്കൾക്ക് അധിക ബാധ്യതയാകുമോ എന്നറിയാം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
kseb,smart meter,kerala,central government,power

നമ്മുടെയൊക്കെ നിത്യജീവിതത്തിൽ വായുവും വെള്ളവും എന്നതുപോലെ പ്രധാനമാണിപ്പോൾ വൈദ്യുതിയും. വൈദ്യുതിയുടെ ഉപയോഗം, വില വർധന, മീറ്റർ റീഡിങ്ങിലെ പ്രശ്നങ്ങൾ എന്നിവയൊക്കെ എപ്പോഴും ചർച്ചയാകുന്ന വിഷയമാണ്.

Advertisment

കേരളത്തെ സംബന്ധിച്ച് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഇല്ലാത്ത വീടുകളില്ലെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവ പോലെ വൈദ്യുതി നിരക്കിലെ ചെറിയ വർധനയും കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും.

വൈദ്യുതി രംഗത്ത് കേന്ദ്ര ധനസഹായത്തോടെ കെഎസ്ഇബി നടപ്പാക്കാൻ പോകുന്ന പദ്ധതിയാണ് സ്മാർട് മീറ്റർ. ഇത് നടപ്പാക്കുന്നതിലെ അനിശ്ചിതത്വം എന്താണ്? എന്താണ് സ്മാർട് മീറ്റർ? ഇതുകൊണ്ടുള്ള നേട്ടങ്ങളും കോട്ടങ്ങളും എന്താണ് എന്ന് വിശദമായി അറിയാം.

എന്താണ് സ്മാർട് മീറ്റർ?

വൈദ്യുത ഉപയോഗം രേഖപ്പെടുത്താനായി വീടുകളിൽ ഉപയോഗിക്കുന്ന ഡിജിറ്റൽ മീറ്ററാണ് സ്മാർട് മീറ്റർ. അനലോഗ് മീറ്ററാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. സ്മാർട് മീറ്റർ വഴി വൈദ്യുത ഉപയോഗം ട്രാക്ക് ചെയ്യാൻ ഉപഭോക്താവിന് സാധിക്കും. മാത്രമല്ല, മറ്റൊരു സ്ഥലത്തിരുന്നും നിയന്ത്രിക്കാൻ കഴിയുന്ന മീറ്റർ പണം ലാഭിക്കാനും സഹായിക്കുമെന്ന് കെഎസ്ഇബി അധികൃതർ അവകാശപ്പെടുന്നു.

Advertisment

മീറ്ററിന്റെ പ്രധാന ഉപയോഗം വൈദ്യുതി ഉപഭോഗം അളക്കുക എന്നതാണ്. അതു മാത്രമല്ല, ഉപഭോഗത്തിന്റെ അളവ്, വോൾട്ടേജ്, ഫ്രീക്വൻസി, പവർ ഫാക്ടർ കണക്ടഡ് ലോഡ്, സമയം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം നിശ്ചിത ഇടവേളകളിൽ അറിയാൻ സാധിക്കും.

സ്മാർട് മീറ്ററുകളിൽ ബിൽ അടയ്ക്കുന്നത് എങ്ങനെ?

സ്മാർട് മീറ്ററിലെ ആകർഷക ഘടമായി പറയുന്ന പ്രധാന കാര്യം മൊബൈൽ ഫോണുകൾ റീചാർജ് ചെയ്യുന്നത് പോലെയുള്ള പ്രീപെയ്ഡ് സംവിധാനം ഉണ്ടാകുമെന്നതാണ്. പ്രീ പെയ്ഡ് സംവിധാനമുള്ള ഉള്ള സ്മാർട്ട് മീറ്ററുകൾ ലഭ്യമാണ്. ഉപഭോക്താക്കൾ മുൻകൂർ തുക അടച്ച് നിർദ്ദിഷ്ട യൂണിറ്റ് വൈദ്യുതി ഉപയോഗിക്കാൻ സാധിക്കും. ഇപ്പോൾ ബിൽ അടയ്ക്കുന്ന (പോസ്റ്റ് പെയ്ഡ്) രീതിയും തുടരാൻ സാധിക്കും.

സ്മാർട് മീറ്ററിൽ ചൂണ്ടിക്കാണിക്കുന്ന ആശങ്കകൾ എന്തൊക്കെ?

സ്മാർട് മീറ്ററുകൾ കണ്ക്ട് ചെയ്ത നെറ്റ്‌വർക്കുകളിൽ പ്രവർത്തിക്കുന്നതിനാൽ, അതിന്റെ സൈബർ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ഹാക്കിങ്ങിന് സാധ്യതയുണ്ടായേക്കാം.

മീറ്റർ സ്ഥാപിക്കുന്നതിന്റെ ചെലവുകൾ ഉപഭോക്താക്കൾ തന്നെ വഹിക്കേണ്ടി വരുന്നതിനാൽ അത് അധിക ബാധ്യതയായേക്കും. മീറ്റർ സ്ഥാപിക്കുന്നതോടെ, ലഭിക്കുന്ന ബില്ലിൽ മാറ്റമൊന്നും വരുന്നില്ല.

സ്മാർട് മീറ്ററുമായി ബന്ധപ്പെട്ട വിവാദമെന്ത്?

സ്മാർട് മീറ്ററുകൾ സ്ഥാപിക്കുന്നതിനായി തിരഞ്ഞെടുത്ത വിതരണ മേഖല പദ്ധതിയായ ആർഡിഎസ്എസിന്റെ രീതിയോട് ജീവനക്കാർക്കും അവരുടെ സംഘനടകൾക്കും വിയോജിപ്പുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലുള്ള കെഎസ്ഇബി എങ്ങനെ 8200 കോടി രൂപയോളം ചെലവുള്ള പദ്ധതി ഏറ്റെടുക്കുമെന്ന് തൊഴിലാളി യൂണിയനുകൾ ചോദിക്കുന്നു.

ബില്ലിങ് സോഫ്റ്റ്‌വെയർ സ്വകാര്യ കമ്പനികളെ ഏൽപിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. അത് ഒഴിവാക്കി കെഎസ്ഇബി പദ്ധതി നടത്തിപ്പ് ഏറ്റെടുക്കണമെന്നാണ് ജീവനക്കാരുടെ പക്ഷം.

സ്മാർട്ട് മീറ്റർ നിർമാണം സ്വകാര്യ കമ്പനികൾ നടത്തുന്നതിനാൽ, അവരെ പൂർണമായും ഒഴിവാക്കി പദ്ധതി നടത്തുന്നത് പ്രയോഗികമല്ലെന്നാണ് കെഎസ്ഇബി അധികാരികളുടെ നിലപാട്. പദ്ധതി നടത്തിപ്പ് വൈകുന്നത്, കേന്ദ്രത്തിൽനിന്നുള്ള സഹായധനങ്ങളെ തടസ്സപ്പെടുത്താനും മുൻകൂറായി ലഭിച്ച 57 കോടി തിരിച്ചു നൽകുന്നതിനും കാരണമാകുമെന്ന് സർക്കാർ കരുതുന്നു.

സ്മാർട് മീറ്റർ നടപ്പാക്കുന്നതിൽ കേന്ദ്രത്തിനുള്ള പങ്ക് എന്താണ്?

കേരളത്തിലെ 63 നഗരങ്ങളിൽ സ്മാർട് മീറ്റർ സ്ഥാപിക്കാനാണ് പദ്ധതിയൊരുക്കിയത്. 2018ലെ പദ്ധതിക്കായി കേന്ദ്രം ധനസഹായം അനുവദിച്ചിരുന്നു. പല തവണ ടെൻഡർ വിളിച്ചെങ്കിലും പദ്ധതി നടപ്പാക്കാൻ കഴിഞ്ഞില്ല.

ഈ വർഷം ഡിസംബറിൽ പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനത്തെക്കുറിച്ച് അറിയിക്കണമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. സ്മാർട് മീറ്റർ പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ നൽകിയ സഹായധനം തിരിച്ചെടുക്കേണ്ടിവരുമെന്നാണ് ഊർജ മന്ത്രാലയം നൽകിയ മുന്നറിയിപ്പ്. വിതരണ മേഖലയിലെ നഷ്ടം നികത്താനും നവീകരണത്തിനുമാണ് കെഎസ്ഇബിക്ക് കേന്ദ്രം ധനസഹായം നൽകിയത്.

കെഎസ്ഇബിയുടെ പദ്ധതിയില്‍ 2023 ഡിസംബറില്‍ അവസാനിക്കുന്ന ഒന്നാം ഘട്ടത്തില്‍, 37 ലക്ഷം കണക്ഷനുകളും തുടര്‍ന്ന് അടുത്ത ഘട്ടമായി ബാക്കി കണക്ഷനുകളും സ്മാര്‍ട്ട് മീറ്ററിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര ധനസഹായത്തോടെ നടപ്പാക്കുന്ന വിതരണ മേഖല പദ്ധതിയുടെ (ആര്‍ഡിഎസ്എസ്) ഭാഗമായാണ് 8200 കോടി രൂപയോളം ചെലവുവരുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കുന്നത്.

കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ പറയുന്നത്

"സ്വകാര്യ കമ്പനികൾ 6000 രൂപയ്ക്കാണ് മീറ്റർ നൽകുന്നത്. പദ്ധതി കെഎസ്ഇബി നടത്തുകയാണെങ്കിൽ മീറ്റർ 2000-2500 രൂപയ്ക്കുള്ളിൽ ലഭിക്കും. കെഎസ്ഇബി കടം എടുത്ത് പദ്ധതി നടപ്പാക്കുന്നതാണ് ഭേദം. അതിന്റെ അധികഭാരം എല്ലാം ഉപഭോക്താക്കൾ നേരിടേണ്ടി വരുമെന്ന്" കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാർ പറയുന്നു.

പദ്ധതി നടപ്പാക്കുന്നതിനുവേണ്ടി പ്രോജക്റ്റ് ഇംപ്ലിമെൻറ്റേഷൻ ഏജൻസിയായി (പിഐഎ) റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനെ (ആര്‍ഇസി) കെഎസ്ഇബി നിയോഗിച്ചിട്ടുണ്ട്. ടെൻഡർ പൂർത്തിയാക്കുക, മീറ്റർ സ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കുക തുടങ്ങിയവയാണ് പിഐഎയുടെ ചുമതലകൾ. ഒരു മീറ്ററിന് 450 രൂപയാണ് ഇതിന്റെ ഫീസ്.

6000 രൂപയോളമാണ് ഒരു മീറ്ററിന് ചെലവുവരുമെന്ന് പ്രതീക്ഷിക്കുന്നത്. 900 രൂപ കേന്ദ്ര ധനസഹായം ലഭിച്ചേക്കാം. ആര്‍ഇസിക്ക് പിഐഎ എന്നനിലയിൽ ഫീസായി 450 രൂപ നല്‍കിയാല്‍ ബാക്കി കെഎസ്ഇബിക്ക് കിട്ടുന്ന ധനസഹായം മീറ്ററൊന്നിന് 450 രൂപ മാത്രമാണ്. കേന്ദ്ര ധനസഹായം ലഭിക്കാതെ വന്നാല്‍ പദ്ധതിയുടെ മുഴുവന്‍ ചെലവിനോടൊപ്പം ആര്‍ഇസിക്കുള്ള 450 രൂപ കൂടി കെഎസ്ഇബി കണ്ടെത്തേണ്ടിവരും.

എന്താണ് ടോട്ടക്സ് മാതൃക ?

ടോട്ടക്സ് മാതൃകയില്‍ പദ്ധതി നടപ്പാക്കുമെന്നാണ് കെഎസ്ഇബിയുടെ തീരുമാനം. ഇതുപ്രകാരം കരാര്‍ എടുക്കുന്ന കമ്പനി പദ്ധതിക്കാവശ്യമായ മുഴുവന്‍ തുകയും ചെലവിട്ട് പദ്ധതി നടപ്പാക്കും. മീറ്ററുകളുടെ സ്ഥാപനം, സെര്‍വറുമായുള്ള ഇന്റഗ്രേഷന്‍, ഇതിനാവശ്യമായ സോഫ്റ്റ്‌വെയറിന്റെ സപ്ലൈ, മെയിന്റനന്‍സ്, ബില്ലിങ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം കരാര്‍ കാലയളവായ ഏഴുവര്‍ഷത്തേക്ക് കരാര്‍ ഏറ്റെടുക്കുന്ന കമ്പനി നിര്‍വഹിക്കും.

ഈ കാലയളവില്‍ ഓരോ മീറ്ററിനും പ്രതിമാസം ഒരു നിശ്ചിതതുക കമ്പനിക്ക് ഫീസായി നല്‍കണം. പദ്ധതി ഏറ്റെടുക്കാന്‍ താല്‍പര്യപ്പെട്ട് വന്നിട്ടുള്ള കമ്പനികള്‍ ആവശ്യപ്പെടുന്ന തുക 100 രൂപയാണ്. ഇത് ഉപഭോക്താക്കളുടെ ബില്ലിന്റെ ഭാഗമായി പ്രത്യേകം ഫീസായി രേഖപ്പെടുത്തുമോ, അതോ വൈദ്യുതി ചാർജിന്റെ വര്‍ധനയിലൂടെ ഈടാക്കുമോ എന്നത് തീരുമാനമായിട്ടില്ല.

ഈ പദ്ധതിപ്രകാരമാണെങ്കിൽ ഓരോ ഉപഭോക്താവിനും പ്രതിവര്‍ഷം 1000-1200 രൂപ അധിക ബാധ്യത വരും. ഏഴുവര്‍ഷത്തേക്കാണ് കരാർ. പക്ഷേ ഇലക്ട്രോണിക് ഉപകരണമായതിനാൽ മറ്റു ഉപകരണങ്ങൾ പോലെ ഇടയ്ക്ക് മാറ്റി സ്ഥാപിക്കേണ്ടി വരും.

സോഫ്‌റ്റ്‌വെയര്‍ അപ്ഡേഷനും അനിവാര്യമാകുന്ന സന്ദര്‍ഭത്തില്‍ ബില്ലിങ് ഡാറ്റയൊക്കെ കൈവശമായിരിക്കുന്ന കമ്പനിയെ ഒറ്റയടിക്ക് മാറ്റി മറ്റൊരു സംവിധാനത്തിലേക്ക് പോകുക എന്നത് നടക്കില്ല. കരാർ കാലാവധി കഴിഞ്ഞാലും ഏതെങ്കിലും സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിലേക്ക് വൈദ്യുതി ബോര്‍ഡിന്റെ ബില്ലിങ് സംവിധാനം എത്തും.

മീറ്റർ റീഡിങ് ചെയ്യുന്നവരുടെ ജോലി നഷ്ടമാകുമോ?

മീറ്റര്‍ റീഡിംഗ്, ഡിസ്കണക്ഷന്‍, റീകണക്ഷന്‍ തുടങ്ങിയവക്ക് ജീവനക്കാര്‍ ആവശ്യമുണ്ടാകില്ല എന്നതാണ് സ്മാര്‍ട്ട് മീറ്റര്‍ ഉണ്ടാക്കുന്ന ഒരു നേട്ടം. കെഎസ്ഇബിയില്‍ സ്ഥിരം ജീവനക്കാരായ മീറ്റര്‍ റീഡര്‍മാര്‍ താരതമ്യേന കുറവാണ്. കരാര്‍ അടിസ്ഥാനത്തില്‍ മീറ്റര്‍ റീഡിങ് നടത്തുന്നതിന് വളരെ ചെലവ് കുറവാണ്. മാത്രമല്ല സ്മാർട് മീറ്റർ ഇടയ്ക്ക് ഇൻസ്പെക്ട് ചെയ്യേണ്ടി വരും. അതിനാൽ ഇവരുടെ ജോലി നഷ്ടപ്പെടുമെന്ന് പറയാൻ സാധിക്കില്ല.

സ്മാർട് മീറ്റർ എവിടെയൊക്കെ ഉപയോഗിക്കാൻ സാധിക്കും? പ്രവർത്തനം എങ്ങനെ?

വീടുകളിലും ഓഫിസുകളിലും ഇത് ഉപയോഗിക്കാൻ സാധിക്കും. വൈദ്യുതി ഉപയോഗം ക്രമീകരിക്കാൻ സ്മാർട് മീറ്റർ സ്ഥാപിക്കുന്നതിലൂടെ സാധിക്കും. പല ഇലക്ട്രിക്, ഗ്യാസ്, വാട്ടർ മറ്റു യൂട്ടിലിറ്റികളും ചെലവുകൾ നിർണയിക്കുന്നതിന് മീറ്ററിങ് രീതി സ്വീകരിച്ചിട്ടുണ്ട്.

ഉപഭോക്താവിന് തന്നെ വൈദ്യുതി വിച്ഛേദിക്കാനും പുനഃസ്ഥാപിക്കാനും കഴിയും. മീറ്ററില്‍ നിന്നുള്ള വിവരങ്ങള്‍ കേന്ദ്രീകൃത സെര്‍വറില്‍ എത്തുന്നതിനോടൊപ്പം ഡിസ്‌കണക്ഷന്‍, റീകണക്ഷന്‍ തുടങ്ങിയ നിയന്ത്രണ സന്ദേശങ്ങള്‍ മീറ്ററിലേക്കും നല്‍കാനാകും.

അങ്ങനെ മീറ്റര്‍ റീഡിങ് പൂര്‍ണ്ണമായും ഓട്ടോമേറ്റഡാകും. ബില്ല് തയാറാക്കുന്നതടക്കമുള്ള നടപടികളും നിര്‍വഹിക്കപ്പെടും. ബില്ലിങ്, കളക്ഷന്‍ തുടങ്ങിയവയുടെ കാര്യക്ഷമത വലിയ തോതില്‍ വര്‍ധിക്കുമെന്നതും പ്രീപെയ്ഡ് മീറ്റര്‍ സംവിധാനം വ്യാപകമാകുന്നതോടെ കുടിശ്ശിക ഇല്ലാതാകുമെന്നതും സ്മാര്‍ട്ട് മീറ്റര്‍ വ്യാപിപ്പിക്കുന്നതിന്റെ നേട്ടമാണ്.

ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണോ?

പല തരം മീറ്ററുകളാണ് സ്ഥാപിക്കുന്നത്. ചില മീറ്ററിന് ഇന്റർനെറ്റ് കണക്ഷൻ വേണ്ടിവരും. അത് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.

സ്മാർട് മീറ്റർ സ്ഥാപിക്കണോ?

മീറ്റർ സ്ഥാപിക്കണമോ വേണ്ടയോ എന്ന് നിലവിൽ ഉടമകൾക്ക് തീരുമാനിക്കാം.

എല്ലാവർക്കും സ്മാർട് മീറ്റർ ഉപയോഗിക്കാൻ സാധിക്കുമോ?

നിലവിൽ 200 യൂണിറ്റോ അതിനു മുകളിൽ ഉപയോഗിക്കുന്നവരെയാണ് ആദ്യം സ്മാർട് മീറ്റർ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.

സ്മാർട് മീറ്ററുകൾ എപ്പോൾ സ്ഥാപിച്ച് തുടങ്ങും?

കൊച്ചിൻ സ്മാർട്ട് സിറ്റിയുടെ ഭാഗമായി ഇതിനോടകം തന്നെ സ്മാർട് മീറ്റർ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ ഇതുവരെ ഏകദേശം 19000 മീറ്ററുകൾ സ്ഥാപിച്ചു കഴിഞ്ഞു. എന്നാൽ പൂർണ്ണ രൂപത്തിലുള്ള പ്രവർത്തനം ആരംഭിച്ചിട്ടില്ല.

പഴയ മീറ്ററുകൾ മാറ്റുമോ ?

2025നുള്ളിൽ കാർഷിക കണക്ഷൻ മീറ്ററുകൾ ഒഴികെ എല്ലാ വൈദ്യുതി മീറ്ററുകളും സ്മാർട് മീറ്റർ ആക്കണമെന്നാണ് കേന്ദ്ര ഗവൺമെന്റ് നിർദേശം. പഴയ മീറ്ററുകൾ പൂ‍ർണമായും മാറ്റും.

Government Central Government Kseb Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: