കല്‍പ്പറ്റ: വയനാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ഗതാഗഗതക്കുരുക്കില്‍ മണിക്കൂറുകളോളം കുരുങ്ങാതെയുള്ള യാത്ര. ഇതിനൊരു പരിഹാരമൊന്നേയുള്ളൂ, ചുരമില്ലാത്ത പുതിയ പാത. ആ സ്വപ്‌നപദ്ധതി യാഥാര്‍ഥ്യത്തിലേക്ക് അടുക്കുകയാണ്. കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപ്പാത പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിച്ചിരിക്കുകയാണ്.
വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിർമ്മാണം ആരംഭിക്കുന്നു. ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്ക പാതയുടെ…
Posted by Pinarayi Vijayan on Sunday, 4 October 2020
നിലവില്‍ താമരശേരി, പക്രംതളം ചുരങ്ങള്‍ വഴിയാണു കോഴിക്കോട് ജില്ലയിൽനിന്ന് വയനാട്ടിലേക്കുള്ള യാത്ര. കോഴിക്കോട് നഗരത്തില്‍നിന്ന് കുന്ദമംഗലം, കൊടുവള്ളി, താമരശേരി കഴിഞ്ഞുള്ള ചുരം പാത വയനാട്ടിലെ ലക്കിടിയിലാണെത്തുക. കോഴിക്കോട് നഗരത്തില്‍നിന്ന് അറുപതോളം കിലോ മീറ്റര്‍ അകലെയുള്ള തൊട്ടില്‍പാലം വഴിയാണു പക്രംതളം ചുരം യാത്ര. പ്രകൃതിക്ഷോഭവവും ഗതാഗതക്കുരുക്കും കാരണം ഇരുപാതകളിലും യാത്ര പലപ്പോഴും ദുഷ്‌കരമാണ്.
സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപ്പാത
താമരശേരി ചുരത്തിനു ബദലായി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലില്‍നിന്ന് ആരംഭിച്ച് വയനാട്ടിലെ കള്ളാടിയില്‍ എത്തുന്നതാണ് പുതിയ തുരങ്കപ്പാത. 16 കിലോ മീറ്ററാണ് പാതയുടെ മൊത്തം ദൈര്‍ഘ്യം. കള്ളാടിയില്‍നിന്ന് പാതയെ മേപ്പാടിയുമായി ബന്ധിപ്പിക്കും. ഈ ചുരം ബദല്‍ പാതയ്ക്കുവേണ്ടി വര്‍ഷങ്ങളായി ആവശ്യമുന്നയിക്കുയായിരുന്നു ഇരു ജില്ലക്കാരും.
പദ്ധതി പ്രാവര്‍ത്തികമായാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപ്പാതയാവും ആനക്കാംപൊയില്‍-കള്ളാടി പാത. നിലവില്‍ ഒരേയൊരു തുരങ്കപ്പാതയാണു കേരളത്തിലുള്ളത്. തൃശൂര്‍-പാലക്കാട് ദേശീയപാതയിലെ കുതിരാനിലേത്. 962 മീറ്റര്‍ വരുന്ന കുതിരാന്‍ ഇരട്ടതുരങ്കങ്ങളിലൊന്നിന്റെ പ്രവൃത്തി ഇനിയും പൂര്‍ണമായിട്ടില്ല.
ആനക്കാംപൊയില്‍-കള്ളാടി തുരങ്കപ്പപാത നിര്‍മാണമാരംഭിച്ച് മൂന്നു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. പാത പ്രാവര്‍ത്തികമാകുന്നതോടെ വയനാട്ടിലേക്കുള്ള ദൂരം 30 കിലോ മീറ്ററിലേറെകുറയും. നിലവില്‍ 85 കിലോ മീറ്ററാണു കോഴിക്കോട്ടുനിന്നു വയനാട്ടിലേക്കുള്ള ദൂരം. അത് 54 കിലോ മീറ്ററായി കുറയും.
തുരങ്കം സ്വര്‍ഗം കുന്നില്‍
ആനക്കാംപൊയിലിനു സമീപം കുണ്ടന്‍തോടില്‍നിന്നാണു പാതയുടെ ആരംഭം. ഇവിടെ മറിപ്പുഴയ്ക്കു കുറുകെ 70 മീറ്റര്‍ നീളത്തില്‍ രണ്ട് വരി പാലം നിര്‍മിക്കും. ഇവിടെനിന്ന് രണ്ടുകിലോ മീറ്റര്‍ അകലെ സ്വര്‍ഗംകുന്നില്‍നിന്നാണു 6.8 കിലോ മീറ്റര്‍ വരുന്ന തുരങ്കത്തിന്റെ തുടക്കം.
ചെങ്കുത്തായ മലനിരകളും വനഭൂമി വിട്ടുകിട്ടുന്നതിലുള്ള പ്രയാസങ്ങളുമാണുതാമരശേരി ചുരത്തിന് ബദല്‍പാതയൊരുക്കണമെന്ന മുറവിളിക്കു മുന്നില്‍ തടസമായി നിന്നത്. ബദല്‍പാതയ്ക്കു ചിപ്പിലിത്തോട്- മരുതിലാവ് വഴിയും ആനക്കാംപൊയില്‍-വെള്ളരിമല വഴിയുമുള്ള സാധ്യതകള്‍ പരിശോധിച്ചിരുന്നു.
എന്നാല്‍ നിര്‍ദിഷ്ട പാതയുടെ തുടക്കവും ഒടുക്കവും പൂര്‍ണമായും സ്വകാര്യ ഭൂമിയിലാണ്.
പരിസ്ഥിതിക്കോ ജൈവ സമ്പത്തിനോ ദോഷമില്ലാത്ത തരത്തിലാണ് പാത വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം, തുരങ്കപ്പാത കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന അഭിപ്രായം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. യാതൊരു വിധ മനുഷ്യന്റെ ഇടപെടലുകളും പാടില്ലെന്ന് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്ന പ്രദേശമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പദ്ധതിയെക്കുറിച്ച് പഠിക്കുന്നത് കൊങ്കണ്‍ റെയില്‍ കോര്‍പറേഷന്‍
തിരുവനന്തപുരം ആസ്ഥാനമായുള്ള റൂബി സോഫ്റ്റ് ടെക് 2015ല്‍ ബദല്‍പാതകളുടെ സാധ്യതകള്‍ പരിശോധിക്കുന്നതിനിടയിലാണു നിര്‍ദിഷ്ടപാതയുടെ ആശയം കടന്നു വന്നത്. ഉപരിതലം വഴിയാവുമ്പോള്‍ പാത വനഭൂമിയിലൂടെയായിരിക്കും കടന്നു പോവേണ്ടിവരികയെന്നും പകരം മല തുരന്ന് തുരങ്കം നിര്‍മിച്ചാല്‍ ഈ പ്രതിസന്ധി മറികടക്കാമെന്നുമായിരുന്നു പഠന റിപ്പോര്‍ട്ട്.
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപ്പപാതയ്ക്കായി ഈ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ 20 കോടി രൂപ നീക്കിവച്ചിരുന്നു. തുരങ്കപ്പാത നിര്‍മാണത്തില്‍ പൊതുമരാമ
ത്ത് വകുപ്പിന് മുന്‍പരിചയമോ സാങ്കേതിക വൈദഗ്ധ്യമോ ഇല്ലാതിരുന്നതിനാല്‍ പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ ഡോ. ഇ. ശ്രീധരന്റെ സഹായത്തോടെ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡി (കെ.ആര്‍.സി.എല്‍)നെയാണു ഏല്‍പ്പിച്ചത്.
സര്‍വേ, വിശദ പദ്ധതി രൂപരേഖ, നിര്‍മാണം എന്നിവ ടേണ്‍ കീ അടിസ്ഥാനത്തില്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍ ഉത്തരവായത്. കെ.ആര്‍.സി.എല്‍, കിഫ്ബി, പി.ഡബ്ല്യു.ഡി എന്നിവ ത്രികക്ഷി കരാറില്‍ ഏര്‍പ്പെട്ടു. പദ്ധതിക്ക് കിഫ്ബി സാമ്പത്തിക സഹായത്തോടെ 658 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതിയാണു നല്‍കിയിരിക്കുന്നത്.