കരിപ്പൂര്‍ അപകടത്തില്‍ തകര്‍ന്ന വിമാനത്തിലെ ബാഗേജ് വീണ്ടെടുത്ത് ഉടമകള്‍ക്കു നല്‍കാനുള്ള നടപടി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ആരംഭിച്ചിരിക്കുകയാണ്. അമേരിക്കന്‍ കമ്പനിയായ കെന്യോണ്‍ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി സര്‍വിസസിന്റെ സേവനമാണ് വിമാനക്കമ്പനി തേടിയിരിക്കുന്നത്. അത്യാധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി കെന്യോണ്‍ സംഘം കരിപ്പൂരിലെത്തി പ്രവര്‍ത്തനങ്ങളാരംഭിച്ചിട്ടുണ്ട്. കെന്യോണിന്റെ പ്രവർത്തനരീതിയും നഷ്ടപ്പെട്ട വസ്തുക്കൾ യാത്രക്കാർക്കു തിരിച്ചുകിട്ടുന്നത് എങ്ങനെയെന്നും പരിശോധിക്കാം.
വസ്‌തുതകളുടെ വീണ്ടെടുപ്പ് എങ്ങനെ?
വിമാനാപകടങ്ങളില്‍ യാത്രക്കാരുടെ വസ്തുവകകള്‍ പലപ്പോഴും നശിച്ചുപോയിട്ടുണ്ടാവാം. ചിലതിനു കേടുപാടുകള്‍ സംഭവിച്ചിട്ടുമുണ്ടാകും. അതേസമയം, വ്യക്തിഗത വസ്തുക്കള്‍, അതെത്ര ചെറുതായാലും കേടുപാടുകള്‍ സംഭവിച്ചാലും തിരിച്ചുകിട്ടുന്നത് ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും രക്ഷപ്പെട്ടവര്‍ക്കും അമൂല്യമാണ്. അതിനാല്‍ ഈ വസ്തുക്കള്‍ക്കു വളരെയധികം പ്രാധാന്യം കല്‍പ്പിച്ചാണു ബന്ധപ്പെട്ട ഏജൻസി ദുരന്തസ്ഥലത്തുനിന്നു വീണ്ടെടുക്കുക.
കരിപ്പൂരില്‍ ‘എയ്ഞ്ചല്‍സ് ഓഫ് എയര്‍ ഇന്ത്യ’യുടെ സഹായത്തോടെയാണു കെന്യോണ്‍ ഇന്റര്‍നാഷണല്‍ ബാഗേജുകള്‍ വേര്‍തിരിക്കുക. വിമാനാപകടങ്ങളെത്തുടര്‍ന്നുള്ള ദുരിതാശ്വാസ ഏകോപനത്തിനും പരുക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിനുമായി മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതാണ് ‘ഏഞ്ചല്‍സ് ഓഫ് എയര്‍ ഇന്ത്യ,’
Also Read: കരിപ്പൂർ വിമാനാപകടം: നഷ്ടപരിഹാരം 1.19 കോടി വീതം; എന്തുകൊണ്ട്?
യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും ഹാന്‍ഡ് ബാഗേജും കാര്‍ഗോ ഹോള്‍ഡിലെ ബാഗേജും പ്രത്യേകമായിട്ടായിരിക്കും കെന്യോണ്‍ വീണ്ടെടുക്കുക. 235 ബാഗേജുള്ള വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡ് ഏരിയ അപകടത്തെത്തുടര്‍ന്ന് മണ്ണില്‍ പൂണ്ട് കിടക്കുകയാണ്. ഇവിടം വെട്ടിപ്പൊളിച്ചുവേണം ബാഗേജ് പുറത്തെടുക്കാന്‍.
അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നതിനാല്‍ കാര്‍ഗോ ഹോള്‍ഡിലെ ബാഗേജിന് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയേറെയാണ്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ വീണ്ടെടുത്തശേഷം തരംതിരിക്കാന്‍ കൂടുതല്‍ സമയമെടുത്തേക്കും.
അപകടസ്ഥലത്ത് ചിതറിക്കിടക്കുകയായിരുന്നു ഹാന്‍ഡ് ബാഗേജ്. ഇവ എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വിമാനത്തിനടുത്തു തന്നെ ശേഖരിച്ച് മഴയില്‍നിന്നു സംരക്ഷിക്കാനായി ടാര്‍പോളിന്‍ കൊണ്ട് മൂടിയിരുന്നു. ഈ വസ്തുക്കളെല്ലാം കെന്യോണ്‍ സംഘത്തിനു കൈമാറി.
എന്തുകൊണ്ട് വിദേശക്കമ്പനി?
ദുരന്തമേഖലയില്‍ പ്രവര്‍ത്തിച്ച് ആവശ്യമായ അനുഭവസമ്പത്തുള്ള കമ്പനി ഇന്ത്യയില്‍ ഇല്ലെന്നതുകൊണ്ടാണ് കരിപ്പൂര്‍ അപകടത്തില്‍ ബാഗേജുകള്‍ വീണ്ടെടുക്കാനുള്ള കരാര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് കെന്യോണ്‍ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി സര്‍വിസസിനു നല്‍കിയത്. ദുരന്തങ്ങളുടെ അനന്തരഫലങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ രാജ്യാന്തര തലത്തില്‍ പരിചയസമ്പത്തുള്ള ഏജന്‍സിയാണ് കെന്യോണ്‍. 110 വര്‍ഷത്തെ അനുഭവസമ്പത്തുള്ള കമ്പനിക്ക് മാരകവും അല്ലാത്തതുമായ 350ല്‍ ഏറെ സംഭവങ്ങള്‍ കൈകാര്യം ചെയ്‌തുള്ള പരിചയമുണ്ട്.
Also Read:കരിപ്പൂർ വിമാനാപകടം: ലഗേജുകള്‍ വീണ്ടെടുക്കാൻ ശ്രമമാരംഭിച്ചു; കരാർ വിദേശക്കമ്പനിക്ക്
വലിയ വിമാനാപകടങ്ങളില്‍ നൂതന സാങ്കേതികവിദ്യയിലൂടെ ബാഗേജുകള്‍ തിരിച്ചറിയുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ള കമ്പനിയാണു കെന്യോണ്‍. ഈ സേവനം നല്‍കുന്ന ലോകത്തെ ചുരുക്കം ചില ഏജന്‍സികളിലൊന്നാണിത്. അത്യാധുനിക ഉപകരണങ്ങള്‍ക്കൊപ്പം ഡേറ്റ മാനേജ്‌മെന്റ് സംവിധാനങ്ങളും ഉപയോഗിച്ചാണു കെന്യോണിന്റെ പ്രവര്‍ത്തനം.
വസ്തുക്കള്‍ കൈമാറാന്‍ എത്ര സമയമെടുക്കും?
ദുരന്തസ്ഥലത്തെ വസ്തുക്കളുടെ വീണ്ടെടുക്കല്‍, പരിചരണം, തിരിച്ചുനല്‍കല്‍ എന്നിവ സംബന്ധിച്ച നിരവധി ദേശീയ- അന്തര്‍ദേശീയ നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളുമുണ്ട്. വസ്തുക്കള്‍ വീണ്ടെടുത്ത് പട്ടിക തയാറാക്കിയശേഷം മറ്റു നപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് യാത്രക്കാര്‍ക്കോ അവരുടെ ഉറ്റവര്‍ക്കോ കൈമാറുക. ഇത് അതീവ ശ്രദ്ധ ആവശ്യമുള്ളതും സമയമെടുക്കുന്നതുമായ വിശദമായ പ്രക്രിയയാണ്.
വ്യക്തിഗത വസ്തുക്കള്‍ തിരിച്ചുകിട്ടുന്നതിനെ ചിലര്‍ അമൂല്യമായി കണക്കാക്കുമ്പോള്‍ മറ്റു ചിലര്‍ക്കു ദുരന്തത്തിന്റെ ഓര്‍മപ്പെടുത്തലാണ്. ഈ വസ്തുക്കളുടെ മുന്‍ ഉടമകളുമായോ അതിജീവിച്ചവരുമായോ ഉള്ള ബന്ധം കാരണം അവര്‍ക്കത് സ്വീകരിക്കുന്നത് പ്രയാസകരവും സമ്മര്‍ദം സൃഷ്ടിക്കുന്നതുമാണ്. ഈ സാഹചര്യത്തില്‍ വീണ്ടെടുക്കുന്ന വസ്തുക്കള്‍ കരാർ കമ്പനിക്ക് ദീര്‍ഘകാലം സൂക്ഷിക്കേണ്ടതായി വരും. വീണ്ടെടുക്കുന്ന വ്യക്തിഗത വസ്തുക്കളുടെ ദീര്‍ഘകാല സൂക്ഷിപ്പുകാരാണ് പലപ്പോഴും തങ്ങളെന്നാണു കെന്യോണ്‍ സ്വയം വിശേഷിപ്പിക്കുന്നത്.
വ്യക്തിഗത വസ്തുക്കള്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട സമയപരിധി ഉള്‍പ്പെടുന്നതാണു പല രാജ്യത്തെയും നിയമങ്ങൾ. ഉദാഹരണത്തിന്, യുഎസിലേക്കും പുറത്തേക്കും സര്‍വീസ് നടത്തുന്ന കമ്പനികള്‍ വ്യക്തിഗത വസ്തുക്കള്‍ കുറഞ്ഞത് ഒന്നര വര്‍ഷത്തേക്കു സൂക്ഷിക്കാന്‍ ബാധ്യസ്ഥമാണ്. ഇതുവരെയുള്ള അനുഭവം വച്ച് വസ്തുക്കള്‍ തരംതിരിക്കാനും ബന്ധപ്പെട്ടവര്‍ക്കു കൈമാറാനും കുറഞ്ഞത് രണ്ടു വർഷമെടുക്കുമെന്ന് കെന്യോണ്‍ പറയുന്നു. ഇത് സംഭവത്തിന്റെ സാഹചര്യം, അപകടത്തെ അതിജീവിച്ചവരുടെയും മരിച്ചവരുടെ അടുത്ത ബന്ധുക്കളുടെയും കുടുംബ ബന്ധങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കുമെന്നും കെന്യോണ്‍ വ്യക്തമാക്കുന്നു.
Also Read: കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് ഡിജിസിഎയുടെ താൽക്കാലിക വിലക്ക്
ഈ കാര്യത്തില്‍ മികച്ച ഉദാഹരണമായി 2015ലെ അപകടമാണു കെന്യോണ്‍ ചൂണ്ടിക്കാണിക്കുന്നത്. അപകടസ്ഥലത്തുനിന്ന് കണ്ടെടുത്ത വസ്തുക്കള്‍ വേര്‍തിരിച്ച് കൈമാറുന്ന പ്രക്രിയ 2017 ന്റെ തുടക്കത്തിലാണു പൂര്‍ത്തിയായത്.
വസ്തുക്കള്‍ തിരിച്ചുകിട്ടാന്‍ ചെയ്യേണ്ടത് എന്തൊക്കെ?
കരിപ്പൂര്‍ അപകടത്തില്‍, യാത്രക്കാര്‍ ദുബായില്‍ ചെക്ക് ഇന്‍ ചെയ്ത സമയത്ത് ലഭിച്ച വിവരങ്ങള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കൈവശമുണ്ടാകും. ഇവയും യാത്രക്കാരിൽനിന്നോ മരിച്ചവരുടെ ഉറ്റവരിൽനിന്നോ ശേഖരിക്കുന്ന വിവരങ്ങളുടെയുമൊക്കെ അടിസ്ഥാനത്തിലാവും ബാഗേജ് വേര്‍തിരിക്കുക.
ഹാന്‍ഡ് ബാഗേജിന്റെ കാര്യത്തില്‍ വിലപിടിപ്പുള്ള വസ്തുക്കളുടെ ചെക്ക് ഇന്‍ സമയത്തെ വിവരങ്ങള്‍ ഉണ്ടാവുമെങ്കിലും മറ്റെന്തൊക്കെയാണു ബാഗില്‍ ഉണ്ടാവുകയെന്നത് വിമാനക്കമ്പനിക്ക് വലിയ ധാരണയുണ്ടാവില്ല. അതിനാല്‍ ചിതറിക്കിടക്കുന്ന വസ്തുക്കള്‍ ആരുടേതൊക്കെയാണെന്നു കണ്ടെത്തുക സങ്കീര്‍ണമായ പ്രക്രിയയാണ്.
കാര്‍ഗോയായി ബുക്ക് ചെയ്ത ലഗേജിലെയും വിമാനത്തിനകത്ത് കൈവശമുണ്ടായിരുന്ന ലഗേജിലെയും ഉണ്ടായിരുന്ന വസ്തുക്കളുടെ പട്ടിക യാത്രക്കാർ തയാറാക്കി വയ്ക്കുന്നത് നന്നാവും. ആ വിവരങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ നല്‍കുന്നതും വസ്തുക്കളുടെ തരംതിരിവും കൈമാറ്റവും എളുപ്പമാക്കും.
Also Read: ആ സല്യൂട്ടിനു പിന്നിൽ നല്ല മനസ്; പൊലീസുകാരനെതിരെ നടപടിയില്ല
മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടവര്‍ അതിന്റെ ഇന്റർനാഷണൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പര്‍ ശേഖരിച്ചുവയ്ക്കുന്നത് ഉചിതമാവും. 2015ല്‍ നടന്ന അപകടത്തിലെ വസ്തുക്കള്‍ കെന്യോണ്‍ കൈകാര്യം ചെയ്ത സംഭവത്തില്‍ 2019ലും മൊബൈല്‍ ഫോണ്‍ തേടി നിരവധി പേര്‍ എത്തി. ഐഎംഇഐ നമ്പര്‍ ലഭിക്കാന്‍ വൈകിയതാണ് ഇതിനു കാരണം.
ഐഎംഇഐ നമ്പര്‍ മൊബൈൽ ഫോൺ വാങ്ങിയപ്പോൾ ലഭിച്ച ഇൻവോയ്‌സിലും ഫോൺ ബോക്സിലും രേഖപ്പെടത്തിയിട്ടുണ്ടാവും. ഇവ കൈവശമില്ലാത്തവർക്കു തങ്ങളുടെ മൊബൈൽ നമ്പർ സേവനദാതാക്കളുമായി ബന്ധപ്പെട്ട് ശേഖരിക്കാൻ കഴിയും.
വസ്തുക്കളുടെ കൈമാറ്റം എങ്ങനെ?
വീണ്ടെടുക്കുന്ന ബാഗേജ് തരംതിരിച്ച് കസ്റ്റംസിന്റെ അനുമതിയോടെ നിര്‍ദിഷ്ട സ്ഥലത്താണു സൂക്ഷിക്കുക. തുടര്‍ന്ന്, അപകടത്തില്‍നിന്നു രക്ഷപ്പെട്ടവരെയും മരിച്ചവരുടെ ബന്ധുക്കളെയും പ്രത്യേകമായി വിളിച്ചുവരുത്തി ബാഗേജുകള്‍ തിരിച്ചറിഞ്ഞശേഷമാണു കൈമാറുക. നിലവില്‍ പരുക്കേറ്റവരുടെയും മരിച്ചവരുടെ ഉറ്റ ബന്ധുക്കളുടെയും ഫോണ്‍ നമ്പറുകള്‍ വിമാനക്കമ്പനി ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
Also Read: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളംകൂട്ടാൻ നിർദേശം
കെന്യോൺ സംഘം വീണ്ടെടുത്ത ഓരോ ഇനത്തിന്റെയും ഫോട്ടോയെടുത്ത് വിശദമായ ഡിജിറ്റല്‍ അല്ലെങ്കില്‍ അച്ചടിച്ച കാറ്റലോഗ് തയാറാക്കും. ഇവ, അപകടത്തില്‍പ്പെട്ടവര്‍ക്ക് വസ്തുക്കള്‍ തിരിച്ചറിയാന്‍ ലഭ്യമാക്കും. ഈ പ്രക്രിയയിലൊക്കെയും അപകടത്തില്‍പ്പെട്ടവരുമായോ അവരുടെ ഉറ്റബന്ധുക്കളുമായോ കെന്യോണ്‍ നിരന്തരമായി ആശയവിനിമയം നടത്തും. ബാഗേജ് നഷ്ടപ്പെട്ടവര്‍ക്കു വിമാനക്കമ്പനി നിയമപരമായ നഷ്ടപരിഹാരം നല്‍കും.
അവകാശികള്‍ തേടിയെത്താത്ത വസ്തുക്കള്‍ വ്യവഹാരങ്ങളില്‍ തീര്‍പ്പുണ്ടാകുന്നതുവരെയോ നിയമപരമായ നിര്‍ദിഷ്ട കാലയളവ് വരെയോ സുരക്ഷിതമായി സൂക്ഷിക്കുന്നതാണു കെന്യോണിന്റെ രീതി. അതുകഴിഞ്ഞാല്‍ ആവശ്യമെങ്കില്‍ ബന്ധപ്പെട്ടവരുടെ അനുമതിയോട നശിപ്പിക്കും.