Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

‘വിഭജന’ വിവാദത്തില്‍ തമിഴ്‌നാട്; എവിടെയാണ് ‘കൊങ്കുനാട്’ മേഖല?

എല്‍ മുരുകനെ കൊങ്കുനാട് സ്വദേശിയെന്നാണ് പുതിയ കേന്ദ്രമന്ത്രിമാരുടെ പട്ടികയില്‍ ബിജെപി പരാമര്‍ശിച്ചത്

Kongu Nadu, What is Kongu Nadu, Kongu Nadu debate, Kongu Nadu Tamil Nadu, Murugan Kongu Nadu, BJP Kongu Nadu,Tamil Nadu, DMK, MK Stalin, AIADMK, Congress, ie malayalam
കേന്ദ്രമന്ത്രി എൽ മുരുകൻ

‘കൊങ്കുനാടി’നെക്കുറിച്ച് തമിഴ്‌നാടിന്റെ രാഷ്ട്രീയ വൃത്തങ്ങളിലും സോഷ്യല്‍ മീഡിയയിലും വലിയ രീതിയിലുള്ള ചര്‍ച്ചയാണു നടക്കുന്നത്. രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ പുതിയ മുഖങ്ങളുടെ പട്ടിക ബിജെപി പ്രഖ്യാപിച്ചതോടെയാണ് തമിഴ്നാടിന്റെ പടിഞ്ഞാറ് ഭാഗത്തെ മേഖലയുടെ അനൗദ്യോഗിക പേരായ കൊങ്കുനാടിനെക്കുറിച്ച് ചര്‍ച്ച കൊഴുത്തത്. പുതിയ മന്ത്രി എല്‍ മുരുകനെ കൊങ്കുനാട് സ്വദേശിയെന്നാണ് പട്ടികയില്‍ പരാമര്‍ശിച്ചത്. ഇത് തമിഴ്‌നാടിനെ വിഭജിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന ആരോപണത്തിന് കാരണമായി. ഈ ‘അന്‍ജഡ’ വിജയിക്കില്ലെന്നാണ് ഭരണപക്ഷമായ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം പറയുന്നത്.

എവിടെയാണ് കൊങ്കുനാട്?

‘കൊങ്കുനാട്’ എന്നത് ഒരു പിന്‍ കോഡുള്ള സ്ഥലമോ ഏതെങ്കിലും പ്രദേശത്തിന് ഔദ്യോഗികമായി നല്‍കിയ പേരോ അല്ല. തമിഴ്നാടിന്റെ പടിഞ്ഞാറന്‍ മേഖലയെ വിശേഷിപ്പിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന പേരാണിത്. തമിഴ് സാഹിത്യത്തില്‍ പുരാതന തമിഴ്നാട്ടിലെ അഞ്ച് പ്രദേശങ്ങളില്‍ ഒന്നായി കൊങ്കുനാടിനെ പരാമര്‍ശിച്ചിട്ടുണ്ട്. ‘കൊങ്കുനാട്’ പ്രത്യേക പ്രദേശമായി സംഘകാല സാഹിത്യത്തില്‍ പരാമര്‍ശങ്ങളുണ്ട്.

നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, കരൂര്‍, നാമക്കല്‍, സേലം എന്നീ ജില്ലകളും ഡിണ്ടിഗല്‍ ജില്ലയിലെ ഒട്ടന്‍ചത്രം, വേദസന്ദൂര്‍, ധര്‍മപുരി ജില്ലയിലെ പപ്പിരേഡിപ്പട്ടി എന്നിവ ഉള്‍പ്പെടുന്ന പ്രദേശത്തെ സൂചിപ്പിക്കാന്‍ ഈ പദം തമിഴ്നാട്ടില്‍ അനൗപചാരികമായി ഉപയോഗിക്കുന്നു. ഈ ജില്ലകളില്‍ ഗണ്യമായ സാന്നിധ്യമുള്ള കൊങ്കു വെള്ളാള ഗൗണ്ടര്‍ എന്ന ഒബിസി വിഭാഗത്തില്‍നിന്നാണ് പേര് ഉരുത്തിരിഞ്ഞത്.

Also Read: ക്യൂബയിൽ സർക്കാരിനെതിരെ വൻ പ്രക്ഷോഭം; പിന്നിലെന്ത്?

നാമക്കല്‍, സേലം, തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ പ്രമുഖ ബിസിനസ്, വ്യവസായ കേന്ദ്രങ്ങള്‍ ഈ മേഖലയില്‍ ഉള്‍പ്പെടുന്നു. എ.ഐ.എ.ഡി.എം.കെ ശക്തികേന്ദ്രമായാണ് സമീപകാലത്ത് ഈ മേഖല കണക്കാക്കപ്പെടുന്നത്. മാത്രമല്ല, സംസ്ഥാനത്ത് ബി.ജെ.പിയുടെ പരിമിതമായ സ്വാധീനം ഇവിടെ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

വിവാദം ഉടലെടുത്തത് എങ്ങനെ?

ഓരോ ആളുടെയും സ്ഥലത്തിന്റെയും സംസ്ഥാനത്തിന്റെയും പേരുകള്‍ സഹിതമാണ് പുതിയ മന്ത്രിമാരുടെ പട്ടിക ബിജെപി പുറത്തുവിട്ടത്. ഉദാഹരണത്തിന്, പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുഡിയില്‍ നിന്നുള്ള മന്ത്രി ജോണ്‍ ബര്‍ല, ഗുജറാത്തിലെ സുരേന്ദ്രനഗറില്‍ നിന്നുള്ള ഡോ. മുഞ്ചപാറ മഹേന്ദ്ര ഭായ് എന്നിങ്ങനെ. പട്ടികയില്‍ എല്‍ മുരുകനെ തമിഴ്‌നാട്ടിലെ കൊങ്കുനാടില്‍ നിന്നുള്ള എന്നാണു പരാമര്‍ശിക്കുന്നത്.

സംസ്ഥാനത്തെ വിഭജിക്കാനുള്ള ശ്രമമാണെന്ന ആരോപണം സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സജീവായപ്പോള്‍, ചില ബിജെപി ഹാന്‍ഡിലുകള്‍ ‘കൊങ്കുനാട്’ എന്ന ആശയത്തെ പിന്തുണച്ചു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യത്തിന്റെ ഭാഗമായ നേടിയ സീറ്റുകള്‍ ഒഴികെ ബിജെപിക്കു വളരെ കുറഞ്ഞ സാന്നിധ്യമുള്ള സംസ്ഥാനമാണ് തമിഴ്‌നാട്.

ആസൂത്രിതമായ വിഭജനം എന്ന ആരോപണത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ?

തെലങ്കാനയില്‍ നിന്നോ ഉത്തരാഖണ്ഡില്‍നിന്നോ വ്യത്യസ്തമായി തമിഴ്നാടിന്റെ ആധുനിക രാഷ്ട്രീയ ചരിത്രത്തില്‍ പ്രത്യേക കൊങ്കുനാടിനെക്കുറിച്ച് ഒരിക്കലും ആവശ്യമോ ചര്‍ച്ചകളോ ഉണ്ടായിട്ടില്ല. അതിനാല്‍, സംവാദത്തിനു രാഷ്ട്രീയമോ സാമൂഹികമോ ആയ പശ്ചാത്തലമില്ല.

എങ്കിലും പലരും ഇതിനെ, മാധിയ അരസു (കേന്ദ്രസര്‍ക്കാര്‍) എന്നതിനു പകരം ഒണ്‍ട്രിയ അരസു (യൂണിയന്‍ സര്‍ക്കാര്‍) എന്ന പദം ഉപയോഗിക്കാനുള്ള ഡിഎംകെയുടെ ഉറച്ച നിലപാടിനുള്ള ബിജെപിയുടെ എതിര്‍പ്പായിട്ടാണ് കാണുന്നത്.

Also Read: Zika virus- സിക്ക എത്രത്തോളം അപകടകരമാണ്; ലക്ഷണങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

”അടിയന്തര പദ്ധതി ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ യഥാര്‍ത്ഥത്തില്‍ ഒരു വിത്ത് പാകുകയായിരുന്നു, ആ സംവാദത്തിന് തുടക്കമിട്ടു. ഇനിമുതല്‍ ‘കൊങ്കുനാട്’ ആവശ്യപ്പെടുന്നത് ഒരു പുതിയ പ്രശ്‌നമാകില്ല,” മുന്‍ എ.ഐ.എ.ഡി.എം.കെ മന്ത്രി പറഞ്ഞു. ‘കൊങ്കുനാട്’ എന്ന ആശയം വോട്ടിനായി ബി.ജെ.പി ലക്ഷ്യമിട്ടാല്‍ തിരിച്ചടിയുണ്ടാകുമെന്ന് മറ്റൊരു മുന്‍ എ.ഐ.എ.ഡി.എം.കെ മന്ത്രി പറഞ്ഞു.

തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍, ബിജെപിക്കും ആര്‍എസ്എസിനും എന്തെങ്കിലും സാന്നിധ്യമുള്ള ഒരേയൊരു പ്രദേശമാണിത്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായി ബി.ജെ.പി നേടിയ നാല് സീറ്റില്‍ രണ്ടെണ്ണം പശ്ചിമ തമിഴ്നാട്ടിലായിരുന്നു.

ബിജെപി നിഷേധിച്ചിട്ടുണ്ടോ?

സംസ്ഥാനത്തെ വിഭജിക്കാനുള്ള നീക്കമെന്ന ആരോപണം ബിജെപി നിഷേധിച്ചിട്ടുണ്ട്. അതേസമയം, ആന്ധ്രയുടെയും ഉത്തര്‍പ്രദേശിന്റെയും വിഭജനത്തെക്കുറിച്ച് അവര്‍ പരാമര്‍ശിക്കുന്നു.

”വള്ളനാട് എന്റെ പ്രദേശത്തിനടുത്താണ്. വരുസനാട് തേനിക്ക് സമീപമാണ്. ഈ നാടുകളില്‍നിന്ന് നമുക്ക് സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ കഴിയുമോ? കൊങ്കുനാട് സംവാദത്തെ ഡിഎംകെ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? എല്ലാം തമിഴ്നാടാണ്, അതേക്കുറിച്ച് വിഷമിക്കേണ്ട കാര്യമില്ല,” ബിജെപി നിയമസഭാ കക്ഷി നേതാവ് നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.

”അതേസമയം, ആന്ധ്രാപ്രദേശിനെയെും യുപിയെയും രണ്ടായി വിഭജിച്ചത് ഓര്‍ക്കുക. എല്ലാത്തിനുമുപരി അത് ജനങ്ങളുടെ ആഗ്രഹമാണെങ്കില്‍, അത് നിറവേറ്റേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമായിരിക്കും,” അദ്ദേഹം പറഞ്ഞു.

”ഇത് ആദ്യ ഘട്ടമാണ്. മറ്റു സംസ്ഥാനങ്ങളിലും ഇതു സംഭവിച്ചു. തെലങ്കാന ഉദാഹരണമാണ്. ഒന്‍ട്രിയ അരസു (യൂണിയന്‍ സര്‍ക്കാര്‍)വിനെക്കുറിച്ച് സംസാരിക്കുന്നത് അവരുടെ ആഗ്രഹമാണെങ്കില്‍, ഇതിനെ ‘കൊങ്കുനാട്’ എന്ന് വിളിക്കണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ്,” തമിഴ്‌നാടിനെ വിഭജിക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കരു നാഗരാജന്‍ പറഞ്ഞു.

Also Read: ഡ്രോൺ ആക്രമണങ്ങൾ തടയാൻ കഴിയുമോ?

”ഇത് കേവലമൊരു സോഷ്യല്‍ മീഡിയ ചര്‍ച്ചയാണ്. ഈ ചര്‍ച്ചയുടെ ഉത്ഭവത്തെക്കുറിച്ചു പോലും എനിക്ക് ഉറപ്പില്ല. ‘കൊങ്കു നാടി’നെക്കുറിച്ച് സംസാരിക്കുന്നത് യുപിഎയുമായും എന്‍ഡിഎയുമായും കേന്ദ്രത്തില്‍ സഖ്യമുണ്ടാക്കുന്നതു പതിവാക്കിയ തമിഴ് പാര്‍ട്ടികള്‍ ഇപ്പോള്‍ അതിനെ ‘ഒണ്‍ട്രിയ അരസു’ എന്നു വിളിക്കുന്നതു പോലെയാണ്. ബിജെപിയില്‍നിന്ന് ഔദ്യോഗികമായി ഒന്നും തന്നെയില്ല. എന്തായാലും അത്തരമൊരു വിഷയത്തില്‍ ജനങ്ങളുടെ ആഗ്രഹം പ്രധാനമായിരിക്കും,” നാഗരാജന്‍ പിന്നീട് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ബിജെപി എതിരാളികള്‍ ഇത് എത്രത്തോളം ഗൗരവമായി എടുത്തിട്ടുണ്ട്?

തമിഴ്നാടിനെ ഭിന്നിപ്പിക്കാന്‍ കഴിയില്ലെന്നാണു ഭരണ സഖ്യം നേതാക്കളുടെ പ്രതികരണം. ബിജെപിയുടെ അജന്‍ഡയെ കോണ്‍ഗ്രസ് അപലപിച്ചു.

”അത്തരം റിപ്പോര്‍ട്ടുകളെക്കുറിച്ച് ആരും വിഷമിക്കേണ്ടതില്ല. സര്‍ക്കാരിനു കീഴില്‍ തമിഴ്നാട് ഇപ്പോള്‍ സുരക്ഷിതമാണ്,” ഡിഎംകെ എംപി കനിമൊഴി പറഞ്ഞു.

തമിഴ്നാടിനെ വിഭജിക്കുകയെന്ന് അസാധ്യമാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെഎസ് അളഗിരി പറഞ്ഞു.” അത് സംഭവിക്കുകയാണെങ്കില്‍, അതൊരു കീഴ്‌വഴക്കം സൃഷ്ടിക്കുകയും നിരവധി സംസ്ഥാനങ്ങളുടെ രൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്യും. തമിഴ്നാടിനെ വിഭജിക്കുന്നത് അസാധ്യമായ സ്വപ്നമാണ്. നിക്ഷിപ്ത താല്‍പ്പര്യമുള്ള ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പോലും … ബിജെപിയുടെ ഈ അജന്‍ഡ വിജയിക്കില്ല. അതിനെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു,” അളഗിരി പറഞ്ഞു.

ഇത്തരം ദുഷ് ശബ്ദങ്ങള്‍ സര്‍ക്കാര്‍ മുളയിലേ നുള്ളണമെന്ന് അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) തലവന്‍ ടിടിവി ദിനകരന്‍ പറഞ്ഞു. പുതിയ സംസ്ഥാനത്തിനു വേണ്ടി ഒരു ജനവിഭാഗവും ആവശ്യമുയർത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വിഭജയിക്കുന്നതിനെക്കുറിച്ച് സംവാദങ്ങള്‍ക്ക് തുടക്കമിടുന്നതിനെ എ.ഐ.എ.ഡി.എം.കെ നേതാവ് പി മുനുസാമിയും അപലപിച്ചു.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Kongu nadu a region not formally defined yet the subject of a bifurcation debate in tamil nadu

Next Story
ക്യൂബയിൽ സർക്കാരിനെതിരെ വൻ പ്രക്ഷോഭം; പിന്നിലെന്ത്?Cuba, Cuba protests, Protests in Cuba, Cuba Covid news, Cuba Covid vaccine, Cuban government, Indian Express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com