വെള്ളത്തിനടിയിലൂടെയുള്ള ഇന്ത്യയിലെ ആദ്യമെട്രോയുടെ പരീക്ഷണക്കുതിപ്പാണ് കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നടന്നത്. കൊൽക്കത്തയെയും ഹൗറയെയുമാണ് ആദ്യ സർവീസിൽ ബന്ധിപ്പിച്ചത്. ഈ വർഷാവസാനത്തോടെ, ഹൂഗ്ലി നന്ദിയ്ക്ക് കുറുകെയുള്ള ഈ മെട്രോ ട്രെയിനിൽ യാത്ര നടത്താൻ ജനങ്ങൾക്ക് സാധിക്കും. ഇത് കൊൽക്കത്തയെ എതിർ കരയിലുള്ള അതിന്റെ ഇരട്ട നഗരമായ ഹൗറയിലേക്ക് എത്തിക്കുന്നു. ഒരു കരയിൽ നിന്ന് മറ്റൊന്നിലേക്ക് 520 മീറ്ററും നദിയുടെ ഉപരിതലത്തിൽ നിന്ന് 30 മീറ്ററിൽ കൂടുതൽ (100 അടി) താഴെയുമായിട്ടാണ് ഇന്ത്യയുടെ ആദ്യത്തെ അണ്ടർവാട്ടർ ട്രാൻസ്പോർട്ട് ടണൽ.
നിലവിൽ ഹൗറ മൈതാനം-എസ്പ്ലനേഡ് സെക്ഷനിൽ ട്രയൽ റണ്ണുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷെ ഏഴ് മാസത്തേക്ക് ട്രയൽ റണ്ണുകൾ തുടരാം. ഇതിനുശേഷമേ സാധാരണ യാത്രാ സർവീസുകൾ ആരംഭിക്കുകയുള്ളൂ. ട്രെയിനുകളുടെ പ്രവർത്തന വേഗത മണിക്കൂറിൽ 80 കി.മീ ആണ്. ഹൂഗ്ലിയുടെ താഴെയുള്ള അര കിലോമീറ്റർ ദൂരം ഏകദേശം 45 സെക്കൻഡിനുള്ളിൽ പിന്നിടും.
കിഴക്ക്-പടിഞ്ഞാറ് ഇടനാഴി
കൊൽക്കത്ത മെട്രോ ശൃംഖലയുടെ രണ്ടാം പാതയാണ് 16.55 കിലോമീറ്റർ കിഴക്ക്-പടിഞ്ഞാറ് ഇടനാഴി. ഇത് പൂർത്തിയാകുമ്പോൾ കൊൽക്കത്തയുടെ കിഴക്കൻ ഭാഗത്തുള്ള സാൾട്ട് ലേക്ക് സെക്ടർ വിയുടെ ഐടി ഹബ്ബിനെ നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഹൗറയുമായി ബന്ധിപ്പിക്കും. ഗ്രീൻ ലൈൻ എന്ന് വിളിക്കപ്പെടുന്ന ഈ പാത ഹൗറ സ്റ്റേഷനെ കൊൽക്കത്തയിലെ സബർബൻ റെയിൽവേ ശൃംഖലയുടെ കേന്ദ്രമായ സീൽദാ സ്റ്റേഷനുമായി ബന്ധിപ്പിക്കും.
ഈസ്റ്റ്-വെസ്റ്റ് ലൈനിന്റെ കിഴക്കൻ ഭാഗം , സാൾട്ട് ലേക്ക് സെക്ടർ വി മുതൽ സീൽദാ വരെ ഇതിനകം പ്രവർത്തനക്ഷമമാണ്. 2019-ൽ ടണൽ-ബോറിങ് മെഷീൻ (ടിബിഎം) ഒരു അക്വിഫറെ ബാധിച്ചതിനെതുടർന്ന് മധ്യഭാഗത്തുള്ള സീൽദാ-എസ്പ്ലനേഡ് വിഭാഗത്തിന്റെ ജോലിയെ ബാധിച്ചു. ഇത് നഗരത്തിലെ ബൗബസാർ പ്രദേശത്ത് ചോർച്ചയ്ക്കും ചില കെട്ടിടങ്ങൾ തകരുന്നതിനും കാരണമായി.
കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയുടെ ഒരു ചെറിയ 5.75 കി.മീ. ഉയർന്നതാണ്. ഇടനാഴിയുടെ പടിഞ്ഞാറൻ ഭാഗം ഭൂഗർഭമാണ്. 12 സ്റ്റേഷനുകളാണ് മെട്രോയുടെ റൂട്ടിലുള്ളത്. 33 മീറ്റർ താഴ്ചയിൽ രാജ്യത്തെ ഏറ്റവും ആഴമേറിയ ഹൗറയും അതിൽ ഉൾപ്പെടുന്നു.
ബിബിഡി ബാഗ്-എസ്പ്ലനേഡിലെ സെൻട്രൽ ബിസിനസ്സ് ഡിസ്ട്രിക്റ്റിലൂടെ കടന്നുപോകുകയും ഹൗറ, സീൽദാ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നതുമാണ് ഈ ലൈൻ. ഇതോടെ നഗരത്തിലെ തിരക്ക് ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാങ്കേതികവിദ്യയും വെല്ലുവിളികളും
ഹൂഗ്ലിയുടെ കീഴിലുള്ള തുരങ്കങ്ങളുടെ ആന്തരിക വ്യാസം 5.55 മീറ്ററും ബാഹ്യ വ്യാസം 6.1 മീറ്ററുമാണ്. കിഴക്കും പടിഞ്ഞാറും തുരങ്കങ്ങളുടെ മധ്യം തമ്മിലുള്ള ദൂരം 16.1 മീറ്ററും. 66 ദിവസങ്ങൾ കൊണ്ടാണ് രണ്ട് ടിബിഎമ്മുകളുടെ ജോലി പൂർത്തിയാക്കിയത്. 2017 ഏപ്രിൽ മുതൽ ജൂൺ വരെ. 2017 മെയ് മാസത്തിൽ ആദ്യത്തെ യന്ത്രം നദി മുറിച്ചുകടന്നു. ആ വർഷം ജൂണിലാണ് രണ്ടാമത്തേത്.
“വെള്ളത്തിന്റെ ഒഴുക്കും തുരങ്കത്തിലെ ചോർച്ചയും തടയാൻ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഫ്‌ളൈ ആഷും മൈക്രോ സിലിക്കയും ചേർന്ന കോൺക്രീറ്റ് മിശ്രിതങ്ങൾ സെഗ്‌മെന്റുകളിൽ ജലത്തിന്റെ പ്രവേശനക്ഷമത കുറയ്ക്കുന്നതിന് ഉപയോഗിച്ചു. അകത്തുള്ള ഭിത്തികൾ 275 മില്ലിമീറ്റർ കട്ടിയുള്ള ഉയർന്ന നിലവാരമുള്ള എം50-ഗ്രേഡ് റൈൻഫോഴ്‌സ്ഡ് കോൺക്രീറ്റ് സെഗ്‌മെന്റുകളാണ്. അവ സങ്കീർണ്ണമായ ഗ്രൗട്ടിംഗ് പ്രക്രിയ ഉപയോഗിച്ചാണ് ഒരുമിപ്പിച്ചിരിക്കുന്നത്, ”പദ്ധതിയുമായി ബന്ധപ്പെട്ട ഒരു സാങ്കേതിക വിദഗ്ധൻ പറഞ്ഞു.
നദീതടത്തിലെ ഓർഗാനിക് ക്ലെയുടെ കീഴിൽ മണൽ കലർന്ന പാളിയുണ്ട്. ജർമ്മൻ നിർമ്മിത ടിബിഎമ്മുകളായ ( പ്രേരണ, രചന) അതിനു താഴെയുള്ള പാളിയിലൂടെ തുരന്നിരുന്നു. നദിയോട് ചേർന്ന് കിടക്കുന്ന ബ്രാബോൺ റോഡ് തിരക്കേറിയ പ്രദേശമാണ്. ടിബിഎമ്മുകളുടെ പ്രവർത്തനത്തിന്റെ സമയത്ത്, നിരവധി പഴയ കെട്ടിടങ്ങളിലെ താമസക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു. ബൗബസാർ പ്രദേശത്തെ നീരൊഴുക്കിന്റെ പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. അത് പരിഹരിക്കുന്നത് വരെ കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയും കമ്മീഷൻ ചെയ്യാൻ കഴിയില്ലെന്നും പദ്ധതിയുടെ മുഴുവൻ സാധ്യതകളും അറിയാനാകില്ലെന്നും അധികൃതർ പറഞ്ഞു.
“അണ്ടർവാട്ടർ ടണലിംഗ് കൂടാതെ, ഡൽഹൗസി പോലുള്ള ചരിത്രപരമായ കെട്ടിടങ്ങളുള്ള പ്രദേശങ്ങളിൽ തുരങ്കം സ്ഥാപിക്കുന്നത് ഒരു വെല്ലുവിളിയായിരുന്നു. എന്നാൽ ഡൽഹൗസി പ്രദേശത്തെ ഒരു കെട്ടിടത്തിനും വിള്ളലുണ്ടായില്ല. ബൗബസാറിനെ സംബന്ധിച്ചിടത്തോളം, പ്രദേശത്ത് നേരത്തെ കണ്ടെത്തിയിട്ടില്ലാത്ത വാട്ടർ പോക്കറ്റുകൾ ഉണ്ട്. എന്നിരുന്നാലും, അടുത്ത വർഷം മെയ്-ജൂണോടെ ഇതും പരിഹരിക്കപ്പെടും. ഒന്നും അസാധ്യമല്ല, പദ്ധതി ഒരു വെല്ലുവിളിയായിരുന്നു, അത് സ്വീകരിക്കുകയും നന്നായി നടപ്പിലാക്കുകയും ചെയ്തു, ”ഈസ്റ്റേൺ റെയിൽവേയുടെയും മെട്രോയുടെയും ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ കൗസിക് മിത്ര പറഞ്ഞു.
കൊൽക്കത്തയും മെട്രോയും
കൊൽക്കത്ത മെട്രോ നഗരത്തിന്റെ ഐഡന്റിറ്റിയുടെ അവിഭാജ്യഘടകമാണ്. 1984-ൽ തുറന്ന നോർത്ത്-സൗത്ത് ലൈൻ, ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ ആയിരുന്നു. ബ്ലൂ ലൈൻ അല്ലെങ്കിൽ ലൈൻ 1 എന്നും അറിയപ്പെടുന്ന ഈ ലൈൻ ഇപ്പോൾ ദക്ഷിണേശ്വർ മുതൽ ന്യൂ ഗാരിയയിലെ കവി സുഭാഷ് വരെയാണ് പ്രവർത്തിക്കുന്നത്. ദക്ഷിണേശ്വർ മുതൽ ബാരക്‌പൂർ വരെ വിപുലീകരണം ആസൂത്രണം ചെയ്തിട്ടുണ്ട്.
നോർത്ത്-സൗത്ത് മെട്രോയുടെ സ്റ്റേഷനുകൾ ഇപ്പോൾ പഴയതും കാലഹരണപ്പെട്ടതുമാണ്. ഇവയുടെ സാങ്കേതികവിദ്യയും പഴയതാണ്. ഈസ്റ്റ്-വെസ്റ്റ് മെട്രോയുടെ സ്റ്റേഷനുകൾ അത്യാധുനിക ഘടനകളാണ്, കൂടാതെ യാത്രക്കാർക്ക് ധാരാളം സൗകര്യങ്ങളുമുണ്ട്. നഗരത്തിനായി രണ്ട് മെട്രോ ഇടനാഴികൾ കൂടി നിർദേശിച്ചിട്ടുണ്ട്.