കോവിഡ് വാക്സിൻ നൽകിയ 29 പേർ രാജ്യത്ത് മരണപ്പെട്ടതായി നോർവീജിയൻ അധികൃതർ അറിയിച്ചത് ഏതാനും ദിവസം മുൻപാണ്. ശനിയാഴ്ച മാത്രം ഇത്തരത്തിൽ ആറ് മരണങ്ങളാണ് നോർവേയിൽ റിപ്പോർട്ട് ചെയ്തത്. ആദ്യഘട്ടത്തിൽ 80 വയസ്സിനു മുകളിലുള്ളവരിലാണ് മരണം റിപ്പോർട്ട് ചെയ്തതെങ്കിൽ പിന്നീടത് പുതിയ മരണങ്ങളിൽ 75 ആയി കുറഞ്ഞെന്ന് ഇത് സംബന്ധിച്ച വാർത്തകൾ വ്യക്തമാക്കുന്നു.

Read More: പ്രായമായവർക്ക് കോവിഡ് വാക്സിൻ; മുന്നറിയിപ്പുമായി നോർവേ

ഫൈസർ-ബയോ‌ടെക് വാക്സിൻ മാത്രമാണ് നോർ‌വേയിൽ നൽകുന്നത്, “എല്ലാ മരണങ്ങളും ഈ വാക്സിനുമായി ബന്ധപ്പെട്ടിരിക്കുന്നു” എന്ന് നോർവീജിയൻ മെഡിസിൻസ് ഏജൻസി അറിയിച്ചതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. പതിമൂന്ന് മരണങ്ങൾ സംബന്ധിച്ച് ഇതുവരെ വിശകലനം നടത്തിയിട്ടുണ്ടെന്നും “ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ള പ്രായമായവരാണ്” മരിച്ചവർ എല്ലാമെന്നും ഏജൻസിയെ ഉദ്ധരിച്ച് ബ്ലൂംബർഗ് റിപ്പോർട്ടിൽ പറയുന്നു.

ഇത് ഗുരുതരമായ ആശങ്കയാണോ?

സംഭവത്തിൽ ഇതുവരെ ആശങ്കപ്പെടത്തക്കതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് നോർവീജിയൻ അധികൃതർ പറയുന്നു. “ഇതിൽ ആശങ്കപ്പെടാൻ തക്കതായി ഒന്നും ഞങ്ങൾ കണ്ടെത്തിയിട്ടില്ല. ഈ വാക്സിനുകൾക്ക് അപകടസാധ്യത വളരെ കുറവാണെന്നത് വ്യക്തമാണ്, ദുർബലരായ രോഗികളുടെ കാര്യത്തിലുള്ള ഒരു ചെറിയ അപവാദം മാത്രമേയുള്ളൂ,”ഏജൻസിയുടെ മെഡിക്കൽ ഡയറക്ടർ സ്റ്റെയ്‌നർ മാഡ്‌സെൻ നോർവീജിയൻ ബ്രോഡ്‌കാസ്റ്റർ എൻ‌ആർ‌കെയോട് പറഞ്ഞു.

ഈ കാര്യത്തിൽ തീരുമാനം എടുക്കുന്നതിന് ഡോക്ടർമാർക്ക് വ്യക്തിഗതമായി വിവേചനാധികാരം നൽകുകയും ആർക്കാണ് വാക്സിൻ നൽകേണ്ടത് എന്നതിനെക്കുറിച്ചുള്ള ശുപാർശകൾ അധികൃതർ പരിഗണിക്കുകയും ചെയ്തുവെന്നും ഏജൻസി പറയുന്നു. വളരെ പ്രായമായവരോ അല്ലെങ്കിൽ മാരകമായ രോഗങ്ങളുള്ളവരോ ആയ ആളുകളിൽ വാക്സിനുകൾക്ക് അപകടസാധ്യതയുണ്ടെന്ന് ഏജൻസിയുടെ നിർദേശങ്ങളിൽ പറയുന്നു.

Read More: വിഷാദവും മാനസിക സമ്മർദ്ദവും കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയെ ബാധിക്കാമെന്ന് പഠനം

“കഠിനമായ ബലഹീനതയുള്ളവർക്ക് താരതമ്യേന നേരിയ വാക്സിൻ പാർശ്വഫലങ്ങൾ പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും” എന്ന് നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിന്റെ ഒരു ഉത്തരവിൽ പറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. “ഏതുവിധേനയും വളരെ കുറച്ച് ആയുസ്സ് ശേഷിക്കുന്നവർക്ക്, വാക്സിനുകളുടെ പ്രയോജനം നാമമാത്രമോ അപ്രസക്തമോ ആകാം,” എന്നും അതിൽ ചൂണ്ടിക്കാട്ടുന്നു.

“ആർക്കാണ് വാക്സിനേഷൻ നൽകേണ്ടതെന്ന കാര്യം ഡോക്ടർമാർ ഇപ്പോൾ ശ്രദ്ധാപൂർവ്വം തീരുമാനിക്കണം. വളരെ ദുർബലരും ജീവിതാന്ത്യത്തിലെത്തിയവരുമായ വ്യക്തികൾക്ക് വ്യക്തിഗതമായ വിലയിരുത്തലിനുശേഷം വാക്സിനേഷൻ നൽകാം,” സ്റ്റെയ്‌നർ മാഡ്‌സെൻ പറഞ്ഞു.

ഈ പ്രശ്നങ്ങൾ അപ്രതീക്ഷിതമായിരുന്നോ?

അപ്രതീക്ഷിതമായിരുന്നില്ല. ഒരു വലിയ ജനവിഭാഗത്തെ ലക്ഷ്യമിട്ടുള്ള വാക്സിനേഷൻ ദൗത്യമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ ഗുരുതരമായ പാർശ്വഫലങ്ങളും മരണങ്ങളും അടക്കമുള്ള പ്രതികൂല സംഭവങ്ങൾക്ക് സാധ്യതയുള്ളതായി മുന്നിൽ കാണാറുണ്ട്.

വാക്സിൻ ആണോ മരണത്തിന് കാരണമായതെന്ന് നിർണ്ണയിക്കുന്നത് പ്രധാനമാണ്. അത് നിർണയിക്കുന്നത് സങ്കീർണ്ണമായേക്കാമെന്നും, സ്ഥാപിക്കാൻ സമയമെടുക്കുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ഇതിനായി ഡോക്ടർമാർ ഓരോ കേസും പ്രത്യേകം പരിഗണിക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.

Read More: കോവിഡ് രോഗമുക്തരിൽ പ്രതിരോധ ശേഷി എത്രകാലം നീണ്ടുനിൽക്കും? പഠനം പറയുന്നത് ഇങ്ങനെ

പാർശ്വഫല സാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി നോർവീജിയൻ ഹെൽത്ത് ഏജൻസി അറിയിച്ചു. “വാക്സിനേഷന് മുമ്പ് നോർവീജിയൻ മെഡിസിൻസ് ഏജൻസി ആശയവിനിമയം നടത്തിയിട്ടുണ്ട്. പ്രായമായവർക്കും രോഗികൾക്കും കുത്തിവയ്പ് നടത്തുമ്പോൾ, മരണങ്ങൾ സംഭവിക്കുമെന്ന് മുൻകൂട്ടി കാണാറുണ്ട്. വാക്സിനേഷനും മരണവും തമ്മിൽ ബന്ധമുണ്ടെന്ന് ഇതിനർത്ഥമില്ല. വാക്സിനുകളുടെ പൊതുവായതും അറിയപ്പെടുന്നതുമായ പാർശ്വഫലങ്ങൾ ഗുരുതരമായ ഒരു അവസ്ഥയ്ക്കോ മാരകമായ പ്രതികൂല ഫലത്തിനോ കാരണമായേക്കാമെന്ന് ഞങ്ങൾ അറിയിച്ചിരുന്നു,” ഏജൻസി വ്യക്തമാക്കി.

നോർവേയിൽ മാത്രമല്ല

യുകെയിലും അമേരിക്കയിലും വാക്സിൻ പാർശ്വഫലങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ 447 കേസുകളിൽ രോഗപ്രതിരോധ കുത്തിവയ്പിനെ തുടർന്നുണ്ടായ പ്രതികൂല സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് കേസുകളിൽ മാത്രമേ ആശുപത്രിയിൽ പ്രവേശനം ആവശ്യമായി വന്നുള്ളൂ. അതിൽ രണ്ടുപേർ ഇതിനകം ഡിസ്ചാർജ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

എന്ത് നടപടികളാണ് നിലവിൽ സ്വീകരിച്ചിരിക്കുന്നത്?

മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഫൈസറും ബയോൻടെക്കും നോർവീജിയൻ ഡ്രഗ് റെഗുലേറ്ററുമായി സഹകരിക്കുന്നുണ്ട്. “ഇതുവരെ നടന്ന സംഭവങ്ങളുടെ എണ്ണം ഭയാനകമല്ലെന്നും മുൻകൂട്ടി കണക്കാക്കിയതിന് അനുസൃതമാണെന്നും” നോർവീജിയൻ അധികൃതർ കണ്ടെത്തിയെന്ന് ഫൈസർ അധികൃതർ പറഞ്ഞതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.

യുഎസിൽ 56 കാരനായ ഫിസിഷ്യൻ വാക്സിൻ സ്വീകരിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ മരണമടഞ്ഞത് സംബന്ധിച്ച് ഫെഡറൽ ഹെൽത്ത് വിഭാഗത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഫൈസർ അടുത്തിടെ അറിയിച്ചിരുന്നു. “എന്നാൽ വാക്സിനുമായി നേരിട്ട് ബന്ധമുണ്ടെന്ന് ഞങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നില്ല,” എന്നും ഈ മരണത്തെക്കുറിച്ച് ഫൈസർ പറയുന്നു.

യൂറോപ്യൻ യൂണിയന് വാക്സിനുകൾ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയ എല്ലാ കമ്പനികളും സമർപ്പിക്കുന്ന സുരക്ഷാ റിപ്പോർട്ടുകൾ പരിശോധിക്കുമെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഫൈസറിന്റെ റിപ്പോർട്ട് ഈ മാസം അവസാനം പരിഗണിക്കുമെന്നും ഏജൻസി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook