അയോധ്യയിലെ രാമക്ഷേത്രം 2024 ജനുവരി ഒന്നിനു സജ്ജമാകുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിശിതഭാഷയിലാണു നേരിട്ടത്. ക്ഷേത്രം തുറക്കുന്ന തീയതി പ്രഖ്യാപിക്കാന്‍ താങ്കള്‍ ആരാണെന്നായിരുന്നു ഖാര്‍ഗെ ചോദിച്ചത്.
ത്രിപുരയില്‍ ജനുവരി അഞ്ചിനു നടന്ന ബി ജെ പി റാലിയിലാണു രാമക്ഷേത്രം അടുത്ത വര്‍ഷം ജനുവരി ഒന്നിനു തുറക്കുമെന്ന് അമിത് ഷാ പറഞ്ഞത്. പിറ്റേദിവസം ഹരിയാനയിലെ പാനിപ്പത്തില്‍ നടന്ന കോണ്‍ഗ്രസ് റാലിയിലായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശം.
”നിങ്ങളാണോ രാമക്ഷേത്രത്തിലെ പൂജാരി/ നിങ്ങളാണോ രാമക്ഷേത്രത്തിന്റെ ആചാര്യന്? അതേക്കുറിച്ച് മതാചാര്യന്മാരും സംന്യാസിമാരും സംസാരിക്കട്ടെ. ക്ഷേത്രം തുറക്കുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ നിങ്ങളാരാണ്? നിങ്ങള്‍ രാഷ്ട്രീയക്കാരനാണ്. രാജ്യത്തെ സുരക്ഷിതമാക്കുക, നിയമം പരിപാലിക്കുക, ജനങ്ങള്‍ക്കു ഭക്ഷണം ഉറപ്പാക്കുക, കര്‍ഷകര്‍ക്കു മതിയായ ലഭ്യമാക്കുക എന്നിവയാണു നിങ്ങളുടെ ജോലി,” ഖാര്‍ഗെ പറഞ്ഞു.
സര്‍ക്കാരിലും പാര്‍ട്ടിയിലും അമിത് ഷായുടെ നിലയും സ്ഥാനവും കണക്കിലെടുക്കുമ്പോള്‍, അദ്ദേഹത്തിന്റെ ഏതു പ്രസ്താവനയ്ക്കും പ്രാമുഖ്യമുണ്ടാവും. ഖാര്‍ഗെയുടെ വിമര്‍ശം പ്രാഥമികമായി രാഷ്ട്രീയ പ്രസ്താവനയുടെ സ്വഭാവമുള്ളതാണ്. എങ്കില്‍ പോലും ക്ഷേത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തുന്നതു സാങ്കേതികമായി ആരുടെ ഉത്തരവാദിത്തമായിരിക്കും? ക്ഷേത്രനിര്‍മാണത്തിന്റെ ചുമതല ഏത് സംഘടനയ്ക്കാണ്, അതിലെ അംഗങ്ങള്‍ ആരാണ്? ഇക്കാര്യങ്ങള്‍ നമുക്ക് വിശദമായി മനസിലാക്കാം.
രാമക്ഷേത്ര നിര്‍മാണച്ചുമതല ആര്‍ക്കാണ്?
അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി രാമക്ഷേത്രം പണിയുന്നതിനായി ട്രസ്റ്റിനു കൈമാറണമെന്നാണു ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ 2019 നവംബറിലെ വിധിയില്‍ സുപ്രീം കോടതി നിര്‍ദേശം. വിധി വന്ന് മൂന്നു മാസത്തിനകം ഈ ട്രസ്റ്റ് രൂപീകരിക്കേണ്ടതായിരുന്നു. അതനുസരിച്ച് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് (എസ്ആര്ജെബിടികെ ട്രസ്റ്റ്) കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചു.
ട്രസ്റ്റ് രൂപീകരണം പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 ഫെബ്രുവരി അഞ്ചിനു ലോക്സഭയില്‍ പ്രഖ്യാപിച്ചു. ട്രസ്റ്റില്‍ 15 അംഗങ്ങളാണുള്ളത്. അതില്‍ 12 പേരെ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. ബാക്കി മൂന്നു പേരെ 2020 ഫെബ്രുവരി 19 നു നടന്ന ആദ്യ യോഗത്തില്‍ തിരഞ്ഞെടുത്തു.
ട്രസ്റ്റിലെ അംഗങ്ങള്‍ ആരൊക്കെ?
വിശ്വഹിന്ദു പരിഷത്ത് (വി എച്ച് പി) അന്താരാഷ്ട്ര വൈസ് പ്രസിഡന്റ് ഛമ്പത് റായ് ജനറല്‍ സെക്രട്ടറിയും മഹന്ത് നൃത്യ ഗോപാല്‍ ദാസ് പ്രസിഡന്റും സ്വാമി ഗോവിന്ദ് ദേവ് ഗിരി ട്രഷററുമായുള്ളതാണു ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്.
മുതിര്‍ന്ന അഭിഭാഷകന് കെ പരാശരന് സ്ഥാപക ട്രസ്റ്റി അംഗമാണ്. സ്വാമി വാസുദേവാനന്ദ് സരസ്വതി, സ്വാമി വിശ്വപ്രസന്നതീര്‍ഥ്, യുഗ്പുരുഷ് പരമാനന്ദ ഗിരി, വിമലേന്ദ്ര മോഹന്‍ പ്രതാപ് മിശ്ര, അനില്‍ മിശ്ര, കാമേശ്വര് ചൗപാല്‍, മഹന്ത് ദിനേന്ദ്ര ദാസ് എന്നിവരും അംഗങ്ങളില്‍ ഉള്‍പ്പെടുന്നു.
പ്രധാനമന്ത്രി മോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് അവനീഷ് കെ അവസ്തി, അയോധ്യ ജില്ലാ മജിസ്ട്രേറ്റ്, ഐ എ എസ് ഉദ്യോഗസ്ഥന് ഗ്യാനേഷ് കുമാര്‍ എന്നിവര്‍ എക്സ് ഒഫീഷ്യോ അംഗങ്ങളാണ്.
ക്ഷേത്രനിര്‍മാണ സമിതിയില്‍ ഏഴ് അംഗങ്ങളാണുള്ളതെന്നാണു ട്രസ്റ്റിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നത്. നൃപേന്ദ്ര മിശ്രയാണു ചെയര്‍മാനായ സമിതിയില്‍ ഉത്തരാഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി ശത്രുഘ്നന്‍ സിങ്, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനും ലഖ്നൗ സര്‍വകലാശാലയ്ക്കു സമീപമുള്ള ഹനുമാന് ക്ഷേത്രത്തിന്റെ മാനേജിങ് തലവനുമായ ദിവാകര്‍ ത്രിപാഠി, ഡല്‍ഹി സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ റിട്ട. ഡീന്‍ ഡോ. പ്രൊഫ. രാമന് സൂരി, ബി എസ് എഫ് മുന്‍ ഡയരക്ടര്‍ ജനറല്‍ കെ കെ ശര്‍മ, നാഷണല്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് മുന്‍ സിഎംഡി അനൂപ് മിത്തല്‍, കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ സെക്രട്ടറി ഡോ. അശുതോഷ് ശര്‍മ എന്നിവരാണ് അംഗങ്ങള്‍. നിര്‍മാണ സമിതിയ്ക്ക് 2020 നവംബര്‍ 11-നാണു ട്രസ്റ്റ് അംഗീകാരം നല്‍കിയത്.
ക്ഷേത്രം തുറക്കുന്നതിനെക്കുറിച്ച് ട്രസ്റ്റ് എന്താണ് പറഞ്ഞത്?
2023 ഡിസംബറോടെ രാമക്ഷേത്രത്തിന്റെ താഴത്തെ നില സജ്ജമാകുമെന്നും 2024 ജനുവരിയോടെ പ്രാണ്‍ പ്രതിഷ്ഠയ്ക്കു ശേഷം ഭക്തര്‍ക്കു പ്രാര്‍ത്ഥനകള്‍ നടത്താന്‍ കഴിയുമെന്നും 2022 സെപ്റ്റംബറില്‍ നൃപേന്ദ്ര മിശ്ര പറഞ്ഞിരുന്നു.
”ശ്രീകോവിലിന്റെ താഴത്തെ നില 2023 ഡിസംബറോടെ പൂര്‍ത്തിയാകും. 2024 ഡിസംബറോടെ ക്ഷേത്രത്തിന്റെ ഒന്നും രണ്ടും നിലകള്‍ സജ്ജമാകും. 2025 അവസാനത്തോടെ മുഴുവന്‍ കൊത്തുപണികളും പൂര്‍ത്തിയാകും,” എന്നായിരുന്നു മിശ്ര ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്.
ട്രസ്റ്റിന്റെ വെബ്സൈറ്റ് പറയുന്നതു പ്രകാരം ക്ഷേത്രത്തിന് 57,400 ചതുരശ്ര അടി വിസ്തീര്‍ണവും 161 അടി ഉയരവും ഉണ്ടാവും. 20 അടി വീതം ഉയരമുള്ള മൂന്ന് നിലകളുണ്ടാകുക.
ട്രസ്റ്റിലെ ഏതൊക്കെ അംഗങ്ങളാണ് ഭാരത് ജോഡോ യാത്രയെ പിന്തുണച്ചത്?
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതന് ആചാര്യ സത്യേന്ദ്ര ദാസ് ഈ ആഴ്ച ആദ്യം അനുഗ്രഹിച്ചിരുന്നു. ഒരു ദിവസത്തിനു ശേഷം ഛമ്പത് റായിയും സ്വാമി ഗോവിന്ദ് ദേവ് ഗിരിയും യാത്രയെ പിന്തുണച്ച് സംസാരിച്ചു. ഇതിനുപിന്നാലെയാണു കോണ്‍ഗ്രസ് നേതൃത്വത്തെ രാമക്ഷേത്രം തുറക്കുന്ന തീയതി അമിത് ഷാ പ്രഖ്യാപിച്ചത്. ക്ഷേത്രനിര്‍മാണം തടസപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന ആരോപണവും അമിത് ഷാ ഉയര്‍ത്തിയിരുന്നു.