റോഡ് ടാക്സി, എയര്‍ ടാക്സി നിരയിലേക്ക് മലയാളികള്‍ക്കു അത്ര പരിചിതമല്ലാത്ത വാട്ടര്‍ ടാക്സിയും എത്തിയിരിക്കുകയാണ്. രാജ്യത്തെ ആദ്യ വാട്ടര്‍ ടാക്സി സംവിധാനമാണ് കഴിഞ്ഞദിവസം ആലപ്പുഴയില്‍ ആരംഭിച്ചിരിക്കുന്നത്.
സംസ്ഥാന ജലഗതാഗത വകുപ്പ് (എസ്ഡബ്ല്യുടിഡി) ആരംഭിച്ചിരിക്കുന്ന വാട്ടര്‍ ടാക്സി സംവിധാനത്തില്‍ നാല് ബോട്ടുകളാണ് പ്രാഥമിക ഘട്ടത്തില്‍ ഉണ്ടാവുക. ഇതിലൊന്നാണാണ് കഴിഞ്ഞദിവസം പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ബാക്കിയുള്ളവ ഡിസംബറിനുള്ളില്‍ ഓടിത്തുടങ്ങും.
വാട്ടര്‍ ടാക്സി സംവിധാനം രാജ്യത്ത് ആദ്യം
വാട്ടര്‍ ടാക്സി സംവിധാനത്തെക്കുറിച്ച് അഞ്ചു വര്‍ഷമായി രാജ്യത്ത് പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ശ്രദ്ധേയ മുന്നേറ്റം നടത്തിയത് കേരളം മാത്രമാണ്. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും എങ്ങുമെത്തിയിട്ടില്ല.
പ്രത്യേക രൂപകല്‍പ്പനയിലുള്ള അതിവേഗ കാറ്റാമറന്‍ ഡീസല്‍ എന്ജിന് ഫെെബര്‍ ബോട്ടുകളാണു വാട്ടര്‍ ടാക്സിയായി പ്രവര്‍ത്തിക്കുക. രണ്ടാമത്തെ വാട്ടര്‍ ടാക്സി ബോട്ട് അടുത്ത മാസം നീറ്റിലിറക്കും. ശേഷിക്കുന്ന രണ്ടെണ്ണം ഡിസംബറിലും സര്‍വീസ് ആരംഭിക്കും. 78.5 ലക്ഷം രൂപയാണ് ഒരു ബോട്ടിന്റെ നിര്‍മാണച്ചെലവ്.
10 സീറ്റ്, കുറഞ്ഞ നിരക്ക് 750 രൂപ
ഒരേസമയം, 10 പേര്‍ക്കാണു വാട്ടര്‍ ടാക്സിയില്‍ സഞ്ചരിക്കാന്‍ കഴിയുക. ഒരു മണിക്കൂറിന് 1500 രൂപയാണു നിരക്ക്. കൂടുതല്‍ വരുന്ന ഓരോ മിനിറ്റിനും ആനുപാതിക തുക നല്‍കണം. അരമണിക്കൂര്‍ നിരക്കായ 750 രൂപയാണു കുറഞ്ഞ തുക. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്.
കാറ്റാമറന്‍ ബോട്ട്: പ്രത്യേകതകള്‍
സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നല്‍കിക്കൊണ്ടാണ് കാറ്റാമറന്‍ ബോട്ടുകളുടെ നിര്‍മാണം. 10 പേര്‍ക്കാണ് ബോട്ടില്‍ ഇരിപ്പിടമൊരുക്കിയിരിക്കുന്നതെങ്കിലും ഇതിന്റെ രണ്ടോ മൂന്നോ ഇരട്ടി ആളുകള്‍ കയറിയാലും മറിയാനുള്ള സാധ്യതയില്ലെന്ന് നിര്‍മാതാക്കളായ നവഗതി മറൈൻ ഡിസൈൻസ് ആൻഡ് കൺസ്ട്രക്ഷൻസ് സിഇഒ സന്ദിത് തണ്ടാശേരി ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. ബോട്ടിന്റെ രൂപകല്‍പ്പനയും കൊച്ചി ആസ്ഥാനമായുള്ള ഇതേ കമ്പനിയാണു നിര്‍വഹിച്ചിരിക്കുന്നത്.
മണിക്കൂറില്‍ 15 നോട്ടിക്കല്‍ മൈല്‍ (30 കിലോ മീറ്റിലേറെ) ആണ് ബോട്ടിന്റെ വേഗം. യാത്രാസുഖവും കൂടുതലാണ്. സാധാരണ യാത്രാ ബോട്ടുകള്‍ക്ക് ഏഴ് നോട്ടിക്കല്‍ മൈല്‍ വരെയാണു പരമാവധി വേഗം. ഇന്ധനക്ഷമതയുടെ കാര്യത്തില്‍ മറ്റു യാത്രാബോട്ടുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് കാറ്റാമറന്‍ ബോട്ട്. മണിക്കൂറില്‍ 30 ലിറ്റര്‍ മാത്രമാണ് ഇന്ധന ഉപഭോഗം. സ്വീഡനില്‍ നിര്‍മിച്ച 175 കുതിര ശക്തിയുള്ള ഡീസല്‍ എന്‍ജിനാണു ബോട്ടിന്റെ കരുത്ത്.
ഇലക്ട്രിക് പവര്‍ സ്റ്റിയറിങ് സിസ്റ്റം, ഡ്രൈവിങ് അനായസമാക്കുന്ന ജോയിസ്റ്റിക്ക്, സോളാര്‍ പാനല്‍ പവേര്‍ഡ് ആക്സിലറി യൂണിറ്റ് (സിഐപിഎസ്) എന്നിവയും ബോട്ടിന്റെ പ്രത്യേകതകളാണ്. ബോട്ടിലെ ഫാന്‍, ലൈറ്റ് ഉള്‍പ്പെടെയുള്ള ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍ സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക. ബോട്ട് നിര്‍മാണത്തിനായി സ്വകാര്യമേഖയില്നിന്ന് ധാരാളം അന്വേഷണം വരുന്നുണ്ടെന്ന് സന്ദിത് പറഞ്ഞു.
വാട്ടര്‍ ടാക്സി സര്‍വീസ് എവിടെയൊക്കെ?
ആദ്യ വാട്ടര്‍ ടാക്സി ആലപ്പുഴ ബോട്ട് സ്റ്റേഷന് കേന്ദ്രീകരിച്ചാണ് സര്‍വീസ് നടത്തുക. മറ്റുള്ളവ എറണാകുളം, കണ്ണൂര്‍ പറശ്ശിനിക്കടവ്, കൊല്ലം എന്നിവ കേന്ദ്രീകരിച്ച് സര്‍വീസ് ആരംഭിക്കാനാണ് ആലോചന നടക്കുന്നത്. ഇക്കാര്യത്തില്‍ വകുപ്പുമന്ത്രിയുമായി ആലോചിച്ചശേഷമായിരിക്കും ജലഗതാഗത വകുപ്പ് തീരുമാനമെടുക്കുക.
പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വാട്ടര്‍ ടാക്സി സേവനം പ്രയോജനപ്പെടുത്താം. യാത്രക്കാര്‍ വിളിക്കുന്ന എവിടേക്കും അത് ജില്ലവിട്ടാണെങ്കില് പോലും വാട്ടര്‍ ടാക്സിയെത്തും.
ഊബര്‍ മാതൃകയില്‍ ബുക്കിങ് വരുന്നു
നിലവില്‍, ജലഗതാഗത വകുപ്പിന്റെ 9400050325, 9400050322 എന്നീ ഫോണ്‍ നമ്പറുകളില്‍ ഏതെങ്കിലുമൊന്നില്‍ വിളിച്ചാണ് വാട്ടര്‍ ടാക്സി ബുക്ക് ചെയ്യേണ്ടത്. ഊബര്‍ മാതൃകയില്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ജലഗതാഗത വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിനുള്ള സോഫ്റ്റ്വെയര് നിര്‍മിക്കുന്നത് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണെന്നു ജലഗതാഗത വകുപ്പ് ഡയരക്ടര്‍ ഷാജി വി. നായര്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശികളായ അന്‍സാഫ്, ഭാര്യ അസ്മിന, ഇവരുടെ സുഹൃത്ത് റഊഫ്, ഭാര്യ അഫ്രീന എന്നിവരായിരുന്നു വാട്ടര്‍ ടാക്സിയിലെ ആദ്യ യാത്രക്കാര്‍. വേമ്പനാട്ട് കായലിലൂടെയായിരുന്നു യാത്ര. നിലവില്‍ ധാരാളം ബുക്കിങ് വരുന്നുണ്ടെന്നും ബോട്ട് ജീവനക്കാര്‍ക്കുള്ള പരിശീലനം നടക്കുകയാണെന്നും ഷാജി പറഞ്ഞു.
എന്തുകൊണ്ട് വാട്ടര്‍ ടാക്സി?
റോഡുകളിലെ ഗതാഗതക്കുരുക്കാണു കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്. ഇതുകാരണം റോഡ് ഗതാഗതം ധാരാളം സമയനഷ്ടമുണ്ടാക്കുന്നതിനൊപ്പം മലിനീകരണവും ഇന്ധന നഷ്ടവും പ്രശ്നങ്ങളാണ്. ഇതിനൊക്കെയുള്ള പരിഹാരമാണ് കുറഞ്ഞ പാരിസ്ഥിതികദോഷവും ദൂരവും ചെലവും കുറഞ്ഞ ജലഗതാഗതം.
വാട്ടര്‍ ടാക്സി സംവിധാനം ജലഗതാഗത മേഖലയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനൊപ്പം വിനോദസഞ്ചാര മേഖലയ്ക്കും ഉണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷ. ആലപ്പുഴയും എറണാകുളവും ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ഗതാഗതസൗകര്യങ്ങള്‍ കുറഞ്ഞ മേഖലകളില്‍ വാട്ടര്‍ ടാക്സി വലിയ രീതിയില്‍ സ്വീകരിക്കപ്പെടുമെന്ന് ഷാജി അഭിപ്രായപ്പെട്ടു. ”വീടിനു മുന്നില്‍ ഇറങ്ങുകയെന്നത് പ്രധാനമാണ്. മേലഖയ്ക്ക് ഒരു ബോട്ട് എന്നത് തുടക്കം മാത്രമാണ്. ഗതാഗത വകുപ്പ് ഒരു പുതിയ ആശയം തുറന്നിടുകയാണ്. സ്വകാര്യമേഖലയിലുള്ളവര്‍ക്കും ഈ രംഗത്തേക്കു കടന്നുവരാന്‍ കഴിയും,” അദ്ദേഹം പറഞ്ഞു.
പൊതു യാത്രയ്ക്കുവേണ്ടി 100 പേര്‍ക്കു സഞ്ചരിക്കാവുന്ന ഏഴ് ബോട്ടുകള്‍
വാട്ടര്‍ ടാക്സി ബോട്ടിനൊപ്പം 100 പേര്‍ക്കു സഞ്ചരിക്കാവുന്ന കാറ്റാമറന്‍ യാത്രാ ബോട്ടും ജലഗതാഗത വകുപ്പ് നീറ്റിലിറക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഏഴ് ബോട്ടുകളില്‍ ആദ്യത്തേതാണ് പുറത്തിറക്കിയിരിക്കുന്നത്. ഡിസംബറിൽ രണ്ടെണ്ണം കൂടി നീറ്റിലിറക്കും. തുടര്‍ന്ന് രണ്ടു മാസത്തെ ഇടവേളകളില്‍ രണ്ടെണ്ണം വീതം പുറത്തിറക്കും. രണ്ടു കോടി രൂപയാണ് ഒരു ബോട്ടിന്റെ നിര്‍മാണച്ചെലവ്.
നിലവില്‍ പുറത്തിറക്കിയ ബോട്ട് ആലപ്പുഴയിലാണ് സര്‍വീസ് നടത്തുക. മറ്റു
നാലെണ്ണം നിര്‍മാണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് എറണാകുളം കേന്ദ്രീകരിച്ച് സര്‍വീസ് നടത്താനാണ് ജലഗതാഗത വകുപ്പ് ഉദ്ദേശിക്കുന്നത്. കാലപ്പഴക്കമുള്ള ബോട്ടുകള്‍ക്കു പകരമാണ് ഇവ സര്‍വീസ് നടത്തുക. ശേഷിക്കുന്ന രണ്ടെണ്ണം ആവശ്യത്തിനനുസരിച്ച് മറ്റു സ്ഥലങ്ങളിലേക്കു നല്‍കും.
ടൂറിസം ആവശ്യത്തിനുവേണ്ടി 100 പേര്‍ക്കു സഞ്ചരിക്കാവുന്ന ജലഗതാഗത വകുപ്പിന്റെ എസി ബോട്ടിന്റെ നിര്‍മാണം നവഗതി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബോട്ട് ഡിസംബറോടെ നീറ്റിലിറങ്ങും. ഇതിനുപുറമെ, മാര്‍ച്ചില്‍ നീറ്റിലിറക്കാന്‍ ലക്ഷ്യമിട്ട് രണ്ട് ആദ്യ അതിവേഗ ബോട്ടുകളുടെ നിര്‍മാണവും ഇവർ നടത്തുന്നുണ്ട്. ഇവയും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook