scorecardresearch

കോവിഡ്-19 പ്രതിരോധം: ഉയര്‍ന്ന വയോധിക ജനസംഖ്യയും രോഗങ്ങളും കേരളത്തിന്റെ ആശങ്കകള്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാംക്രമികമല്ലാത്ത രോഗങ്ങള്‍ ഉണ്ടാകുന്നത് കേരളത്തിലാണ്

സംസ്ഥാനത്ത് കോവിഡ്-19 രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതും ജനസംഖ്യയില്‍ വലിയൊരു ശതമാനം വയോധികരായതും ആശങ്കയുണര്‍ത്തുന്നു. കേരളത്തില്‍ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 250-നും 300-നും ഇടയിലാണ് (കേന്ദ്ര-സംസ്ഥാന കണക്കുകള്‍ വ്യത്യസ്തമാണ്).

രോഗം ബാധിച്ച 93 ഉം 88 ഉം വയസ്സുള്ള ദമ്പതികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നെങ്കിലും 60 വയസ്സിനു മുകളിലെ രണ്ട് പേര്‍ മരിച്ചിരുന്നു. ഇവര്‍ക്കെല്ലാം മറ്റു രോഗങ്ങളുമുണ്ടായിരുന്നു.

ഹൃദ്രോഗം, പ്രമേഹം, ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുള്ള വൃദ്ധരില്‍ അപകട സാധ്യത കൂടുതലാണെന്നതിന് ലോകമെമ്പാടു നിന്നും തെളിവുകളുണ്ട്. കേരളത്തിന്റെ മികച്ച ആരോഗ്യ പരിരക്ഷ സംവിധാനം നിതി ആയോഗിന്റെ കഴിഞ്ഞ വാര്‍ഷിക ആരോഗ്യ സൂചികയില്‍ ഒന്നാമത് എത്തിയിരുന്നു. എങ്കിലും സംസ്ഥാനത്തെ ജനതയുടെ വയസ്സും രോഗങ്ങളും ഈ സംവിധാനത്തിനൊരു വെല്ലുവിളിയാണെന്ന് വിദഗ്‌ധര്‍ കരുതുന്നു.

Read Also: കോവിഡ് നിയന്ത്രണം: സർക്കാർ നടപടികൾ തൃപ്‌തികരമെന്ന് ഹെെക്കോടതി

“ജീവിതശൈലി രോഗങ്ങളും ജനസംഖ്യയില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ ധാരാളമുള്ളതും ഉയര്‍ന്ന ജനസാന്ദ്രതയും മൂലം കേരളം ഒരു സമൂഹ രോഗ വ്യാപന ഭീഷണിയിലാണ്,” ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കേരള ഘടകം വൈസ് പ്രസിഡന്റ് ഡോക്ടര്‍ എന്‍.സുല്‍ഫി പറയുന്നു. “വൃദ്ധരില്‍ കോവിഡ്-19 മരണത്തിന് കാരണമായെന്ന്‌ നമ്മള്‍ ഇറ്റലിയില്‍ കണ്ടു. കോവിഡ്-19 പ്രതിരോധത്തിന്റെ വരും ഘട്ടങ്ങളില്‍ സംസ്ഥാനത്തെ വൃദ്ധരുടെ എണ്ണക്കൂടുതലും ഉയര്‍ന്ന ജനസാന്ദ്രതയും ചേരുമ്പോള്‍ ആശങ്കയ്ക്ക് കാരണമാകുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2011-ലെ സെന്‍സെസ് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയുടെ 8.6 ശതമാനം വയോധികരാണ്. അതേസമയം, കേരളത്തിലിത് 12.7 ശതമാനവും. സംസ്ഥാനത്ത് 13 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പത്തനംതിട്ട ജില്ലയില്‍ വൃദ്ധരുടെ എണ്ണം 17.9 ശതമാനം വരും. സംസ്ഥാനത്തെ ഏറ്റവും കൂടിയ നിരക്കാണിത്. ജില്ലയില്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ കോവിഡ്-19 പോസിറ്റീവായ മൂന്നു പേര്‍ 60 വയസ്സിന് മുകളിലുള്ളവരാണ്.

രാജ്യത്തെ 71-ാമത് ദേശീയ സാമ്പിള്‍ സര്‍വേ പ്രകാരം സര്‍വേ നടത്തിയ 15 ദിവസ കാലയളവില്‍ 1000 പേരില്‍ 89 പേര്‍ക്ക് രോഗങ്ങളുണ്ടായിരുന്നു. സംസ്ഥാനത്ത് ഇത് 310 ആയിരുന്നു. 60-ന് മുകളിലുള്ളവരിലെ ദേശീയ നിരക്ക് 1000 പേരില്‍ 276 പേരും കേരളത്തില്‍ 646 ഉം ആയിരുന്നു. കേരളത്തിന്റെ ഗ്രാമീണ ജനതയുടെ 19 ശതമാനവും നഗര ജനതയുടെ 22 ശതമാനവും ഈ 15 ദിവസത്തെ കാലയളില്‍ രോഗികളായിരുന്നു. ദേശീയ നിരക്ക് യഥാക്രമം 9 ഉം 12 ഉം ആയിരുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാംക്രമികമല്ലാത്ത രോഗങ്ങള്‍ ഉണ്ടാകുന്നത് കേരളത്തിലാണ്. രാജ്യത്തിന്റെ പ്രമേഹ തലസ്ഥാനം എന്നാണ് കേരളം വിശേഷിപ്പിക്കപ്പെടുന്നത്. രാജ്യത്തെ ജനങ്ങളുടെ മരണ കാരണങ്ങളുടെ 2015-ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ 3.4 ശതമാനം പേര്‍ പ്രമേഹം കാരണം മരിച്ചപ്പോള്‍ കേരളത്തിലിത് 9.6 ശതമാനമായിരുന്നു. ഉയര്‍ന്ന മാനസിക സമര്‍ദ്ദം, പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍, പക്ഷാഘാതം, അര്‍ബുദം എന്നിവയും കേരളത്തില്‍ കൂടുതലാണ്.

Read Also: ലോക്ക്ഡൗൺ ദിനത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് കൊറോണ, കോവിഡ് പേരിട്ട് ദമ്പതികൾ

സംസ്ഥാനത്ത് 27 ശതമാനം മുതിര്‍ന്ന പുരുഷന്‍മാരിലും പ്രമേഹമുണ്ട്. ദേശീയ തലത്തില്‍ 15 ശതമാനമാണിത്. കേരളത്തിലെ മുതിര്‍ന്ന സ്ത്രീകളില്‍ 19 ശതമാനം പേര്‍ക്ക് പ്രമേഹമുള്ളപ്പോള്‍ രാജ്യത്തിത് 11 ശതമാനമാണ്. പാരമ്പര്യം, ആഹാര ശൈലി, ശരീരം അനങ്ങാത്ത ജീവിത ശൈലി തുടങ്ങിയവയാണ് ഇതിന് കാരണം. കേരളത്തില്‍ 40.6 ശതമാനം പുരുഷന്‍മാരും 38.5 സ്ത്രീകളും അതിസമ്മര്‍ദ്ദം അനുവഭിക്കുമ്പോള്‍ ദേശീയ നിരക്ക് 30.7 ശതമാനവും 31.9 ശതമാനവുമാണ്. ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ പുരുഷന്‍മാര്‍ അര്‍ബുദത്താല്‍ മരിക്കുന്നത് വളരെ കൂടുതലാണ്.

സംസ്ഥാനത്ത് മൂന്നില്‍ രണ്ട് പേര്‍ക്ക് അതിസമ്മര്‍ദ്ദവും അഞ്ചിലൊരാള്‍ക്ക് പ്രമേഹവുമുണ്ടെന്ന് 2017-ല്‍ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് നടത്തിയ ഒരു സര്‍വേ ഫലം പറയുന്നു. മുതിര്‍ന്നവരില്‍ 5,30,000 പേരില്‍ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി ഡിസീസും 4,80,000 പേരില്‍ ആസ്തമയുമുണ്ടെന്ന് 2019-ലെ സംസ്ഥാന സാമ്പത്തിക റിവ്യൂ പറയുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Keralas vulnerability test age morbidity covid 19