പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റ് നാല് മാവോയിസ്റ്റുകളാണ് മരിച്ചത്. ഒരു സ്ത്രീയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. കര്‍ണാടക, തമിഴ്‌നാട് സ്വദേശികളാണ് ഇവര്‍. ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവും ശക്തമാണ്.

മൂന്ന് വര്‍ഷത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് കേരളത്തില് മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞ മാര്‍ച്ചിൽ വയനാട്ടിലെ വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ പൊലീസിന്റെ വെടിയേറ്റ് ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിരുന്നു. 2016 ല്‍ നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. മൂന്ന് വര്‍ഷത്തിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം ഏഴ്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിലധിക കാലമായി കേരളത്തിലെ വിവിധ ജില്ലകളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി കണക്കാക്കുന്നത്. 2018 ല്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളുടെ പട്ടികയില്‍ വയനാടും മലപ്പുറവും പാലക്കാടും ഉള്‍പ്പെടുന്നുണ്ട്.

attappadi, maoist, ie malayalam

നക്‌സലിസത്തിന്റെ തുടക്കം

1960 കളുടെ അവസാനത്തില്‍ ഉത്തര ബംഗാളില്‍ നടന്ന നക്‌സല്‍ബാരി പ്രക്ഷോഭത്തിന്റെ അലയൊലികള്‍ അതേസമയത്ത് തന്നെ കേരളത്തിലും എത്തിയിരുന്നു. വയനാട് അടക്കമുള്ള വടക്കന്‍ കേരളത്തിലായിരുന്നു നക്‌സലിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം. എ.വര്‍ഗ്ഗീസിന്റേയും കെ.അജിതയുടേയും നേതൃത്വത്തിലുള്ള പോരാട്ടങ്ങള്‍ നാടെങ്ങും സ്വാധീനം ചെലുത്തിയവയായിരുന്നു. ജന്മിമാര്‍ക്കെതിരായിരുന്നു നക്‌സലുകളുടെ പോരാട്ടം. എന്നാല്‍ വര്‍ഗ്ഗീസ് കൊല്ലപ്പെട്ടതോടെ നക്‌സലുകള്‍ക്ക് തിരിച്ചടിയായി. 1970 ലായിരുന്നു വര്‍ഗ്ഗീസ് കൊല്ലപ്പെടുന്നത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ അങ്ങനെയല്ലെന്ന് പിന്നീട് തെളിഞ്ഞു.

മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനരീതി

മറ്റ് സംസ്ഥാനങ്ങളിലേതില്‍ നിന്നും വ്യത്യസ്തമാണ് കേരളത്തിലെ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍. ഒരിക്കല്‍ പോലും മനുഷ്യര്‍ അവരുടെ ലക്ഷ്യമായിരുന്നില്ല. ഒരിക്കല്‍ പോലും സാധാരണ ജനങ്ങള്‍ക്കെതിരെ ആക്രമണം നടത്തുകയുമുണ്ടായിട്ടില്ല. കേരളം,തമിഴ്‌നാട്,കര്‍ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലെ വനങ്ങള്‍ കേന്ദ്രീകരിച്ചാണ് മാവോയിസ്റ്റുകളുടെ നീക്കങ്ങള്‍. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ വനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. പുറത്തുനിന്നുമുള്ളവര്‍ക്കോ പൊലീസിനോ എത്തിപ്പെടാന്‍ ക്ലേശകരമാണ് ഇവിടങ്ങള്‍.

മൂന്ന് ദളങ്ങളായായിരുന്നു മാവോയിസ്റ്റുകള്‍ക്കിടയിലുണ്ടായിരുന്നത്. കബനി, നാടുകാണി, ഭവാനി. 2017 ല്‍ വരാഹിനി എന്ന ദളവും രൂപീകരിച്ചു. പൊതുവെ, വനത്തോട് ചേര്‍ന്നുള്ള ആദിവാസി കോളനികളിലെത്തി അവിടുത്തുകാരുമായി സംസാരിച്ചും ലഘുലേഖകള്‍ വിതരണം ചെയ്തുമാണ് പ്രവര്‍ത്തനം. സായുധ വിപ്ലവത്തെ കുറിച്ച് ആദിവാസികളോട് സംസാരിക്കുകയും അവരുടെ പിന്തുണ നേടാന്‍ ശ്രമിക്കുകയും ചെയ്യും.

എന്നാല്‍, ആദിവാസി മേഖലകളിലെ യുവാക്കളുടെ പിന്തുണ നേടാന്‍ ഇതുവരെ മാവോയിസ്റ്റുകള്‍ക്ക് സാധിച്ചിട്ടില്ല. പല കാരണങ്ങള്‍ അതിന് പിന്നിലുണ്ട്. കേരളത്തിലെ ആദിവാസികളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലവും ജീവിത നിലവാരവും മറ്റ് ഇടങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ആദിവാസി യുവാക്കളെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ മാവോയിസ്റ്റുകള്‍ക്ക് ബുദ്ധിമുട്ടേറെയാണ്.

മാവോയിസ്റ്റ് ആക്രമണങ്ങള്‍

വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന, റിസോര്‍ട്ടുകള്‍ക്കും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കും  ആദിവാസികളുടെ ഭൂമി കയ്യേറുന്നതിനുമെതിരായ, ആക്രമണങ്ങള്‍ മാത്രമാണ് കേരളത്തിലെ മാവോയിസ്റ്റുകള്‍ നടത്തുന്നത്. ഫോറസ്റ്റ് ഔട്ട് പോസ്റ്റുകള്‍ക്കെതിരേയും ആക്രമണങ്ങളുണ്ടാകാറുണ്ട്.

2014 ല്‍ പാലക്കാട്ടിലെ കെഎഫ്‌സി ഔട്ട് ലെറ്റിനെതിരെ മാവോയിസ്റ്റുകളുടെ ആക്രമണമുണ്ടായിരുന്നു. ആ വര്‍ഷം തന്നെ നീറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന്റെ കൊച്ചി ഓഫീസിന് നേരെയും ആക്രമണമുണ്ടായി. 2014 ഡിസംബറില്‍ വയനാട്ടിലെ വനത്തില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

ഏറ്റുമുട്ടലുകള്‍

കേരളത്തില്‍ നടന്നിട്ടുള്ള മാവോയിസ്റ്റ് കൊലപാതകങ്ങളില്‍ പൊലീസിനെതിരായ ആരോപണങ്ങള്‍ വളരെ ശക്തമാണ്. ഏറ്റവും ഒടുവില്‍ ്അട്ടപ്പാടിയിലുണ്ടായതടക്കം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം നേരിടുന്നുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അട്ടപ്പാടിയിലേത് ഏറ്റുമുട്ടല്‍ തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിച്ചെങ്കിലും സഖ്യകക്ഷിയായ സിപിഐ തന്നെ ആ നിലപാട് തള്ളി രംഗത്തെത്തിയിരുന്നു.

2015 ല്‍, മാവോയിസ്റ്റാകുന്നത് കുറ്റകൃത്യമല്ലെന്ന് കേരള ഹൈക്കോടതി പറഞ്ഞിരുന്നു. മാവോയിസ്റ്റ് ആകുന്നത് കൊണ്ട് മാത്രം ഒരാളെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. അട്ടപ്പാടി സംഭവത്തിന് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി തന്നെ പൊലീസ് നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. മജിസ്റ്റീരിയൽ അന്വേഷണം വേണമെന്നും കാനം ആവശ്യപ്പെട്ടിരുന്നു. മാവോയിസ്റ്റുകളുടെ കൊലയ്‌ക്കെതിരെ കോഴിക്കോട് സാമൂഹ്യ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനെതിരെ പൊലീസ് നടപടിയെടുത്തിരുന്നു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook