കേരളത്തില്‍ നിന്നുള്ള നൂറ്റി ഇരുപതോളം പേര്‍ ഐസിസില്‍ ചേരുകയോ ചേരാന്‍ ശ്രമിക്കുകയോ ചെയ്തതായാണ് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. വിശദമായ അന്വേഷത്തില്‍ ഐഎസിന്റെ മൂന്ന് വ്യത്യസ്ത ഘടകങ്ങള്‍ കേരളത്തില്‍ കണ്ടെത്തി. തനതായ ശൃംഖലയും ദൗത്യവുമുള്ള മൂന്നു ഘടകങ്ങളാണു കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുവെന്ന കേസില്‍ ആറ് പ്രതികള്‍ക്കു കൊച്ചിയിലെ എന്‍ഐഎ കോടതി കഴിഞ്ഞയാഴ്ച 14 വര്‍ഷത്തെ കഠിനതടവ് വിധിച്ചിരുന്നു. അടുത്തിടെ അഫ്ഗാൻ സേനയ്ക്കു മുന്നില്‍ കീഴടങ്ങിയ അറുന്നൂറോളം തീവ്രവാദികളില്‍ കേരളത്തില്‍നിന്നുള്ള ഐഎസുകാരുമുണ്ടെന്നാണു നംഗര്‍ഹാര്‍ പ്രവിശ്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കേരളത്തില്‍ എന്‍ഐഎ അന്വേഷിച്ചതോഅന്വേഷിച്ചുകൊണ്ടിരിക്കുന്നതോ ആയ 30 കേസുകളില്‍ 10 എണ്ണം ഐഎസുമായി ബന്ധപ്പെട്ടതാണ്. നിരവധി പ്രതികളെ അറസ്റ്റ് ചെയ്യുകയും ചില കേസുകളില്‍ കുറ്റപത്രങ്ങള്‍ തയാറാക്കുകയും ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നും മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലേക്കു തിരികെ കൊണ്ടുവന്നവരാണ് അറസ്റ്റിലായവരില്‍ ചിലര്‍. കേരളത്തില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്തുവെന്നാരോപിച്ചാണു മറ്റു ചിലരെ പിടികൂടിയത്.

കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും ഇടയിലുള്ളനെറ്റ്‌വര്‍ക്കുകകള്‍ വഴിയാണു ഐഎസിലേക്ക് ആളുകളെ ചേര്‍ക്കുന്നതെന്നാണ് ആരോപണം. തീവ്രവാദഗ്രൂപ്പിന്റെ പ്രാദേശിക അനുഭാവികള്‍ക്ക് സ്വാധീനമുള്ള പ്രത്യേക ഗ്രാമീണമേഖലകളില്‍നിന്നാണ് സാധാരണയായി ആളുകളെ സംഘടനയിലേക്ക് ചേര്‍ക്കുന്നതെന്നും ആരോപിക്കപ്പെടുന്നു. ഒരേ വീട്ടില്‍ താമസിക്കുന്ന സഹോദരങ്ങള്‍ ഒരുമിച്ച് കുടുംബത്തോടൊപ്പം ‘തീര്‍ഥാടന’ത്തിനു പോകുന്ന ചില സംഭവങ്ങളുമുണ്ട്.

ഐഎസിന്റെ കേരളത്തിലെ അംഗങ്ങള്‍

കേരളത്തില്‍നിന്നുള്ള 100-120 പേര്‍ ഐഎസില്‍ ചേരുകയോ ചേരാന്‍ ശ്രമിക്കുകയോ ചെയ്തതായാണ് സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇവരില്‍ ചിലര്‍ പശ്ചിമേഷ്യയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ സിറിയയിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ പോയവരാണ്. ബാക്കിയുള്ളവരില്‍ ഭൂരിഭാഗം പേരും കേരളത്തില്‍നിന്ന് നേരിട്ട് പോയവരും. 2018 ല്‍ സിറിയയിലും ഇറാഖിലും ഐഎസിന് വന്‍തോതില്‍ തിരിച്ചടിനേരിട്ടപ്പോള്‍ പോലും കേരളത്തില്‍നിന്നു 10 പേര്‍ ഐഎസില്‍ ചേരാന്‍ ശ്രമിച്ചുവെന്നാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്.

‘വിശുദ്ധ യുദ്ധത്തില്‍’ പങ്കെടുത്തവരില്‍ പലരും പല വര്‍ഷങ്ങളിലായി കൊല്ലപ്പെട്ടു. മലപ്പുറത്തുനിന്നുള്ള എന്‍ജിനീയറിങ് വിദ്യാര്‍ഥി മുഹമ്മദ് മുഹ്സിന്‍ അഫ്ഗാനിസ്ഥാനിലെ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഓഗസ്റ്റില്‍
കുടുംബത്തിന് വിവരം ലഭിച്ചു. മാതാപിതാക്കളുടെ ഏക മകനായിരുന്നു മുഹമ്മദ് മുഹ്സിന്‍.

ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്ന 17 ഇന്ത്യക്കാരെ 2014-15 ല്‍ സുരക്ഷാ ഏജന്‍സികള്‍ തിരിച്ചറിഞ്ഞു. ഇവരില്‍ മൂന്നുപേര്‍ കേരളത്തില്‍നിന്നുള്ളവരാണ്. പശ്ചിമേഷ്യയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ 2013-14 ല്‍ സിറിയയിലേക്ക് മാറിയിരുന്നു. 2016 മേയ്-ജൂണ്‍ മാസങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം കേരളത്തില്‍ നിന്നുള്ള രണ്ട് ഡസനോളം ആളുകള്‍ ഐഎസില്‍ ചേരാനായി കേരളം വിട്ടു. ഐഎസിന്റെ കാസര്‍ഗോഡ് ഘടകത്തെ അന്വേഷണത്തില്‍ കണ്ടെത്താനായി (ഐഎസില്‍ ചേരാനായി കേരളത്തില്‍നിന്നു പോയ ഭൂരിഭാഗം പേരും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരാണ്). തുടര്‍ന്ന് മറ്റു ഘടകങ്ങളും കണ്ടെത്തി. പ്രത്യേക സ്വഭാവങ്ങളും ദൗത്യവുമുള്ള മൂന്നു ഘടകങ്ങളാണ് കേരളത്തിലെ വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കുന്നത്.

‘കാഫിറുകളുടെ (അമുസ്ലിംകളുടെ) നാട്ടില്‍നിന്ന് രക്ഷപ്പെടാനായിരുന്നു’ കാസര്‍ഗോഡ് ഘടകത്തിലെ അംഗങ്ങള്‍ കുടുംബങ്ങളുമായി അഫ്ഗാനിസ്ഥാനിലേക്ക് പോയത്. ഐഎസുമായിചേര്‍ന്ന് യുദ്ധം ചെയ്യാനാണു കണ്ണൂര്‍ ഘടകത്തിലെ അംഗങ്ങള്‍ സിറിയയിലേക്ക് പോകുകയോ പോകാന്‍ ശ്രമിക്കുകയോ ചെയ്തത്. മൂന്നാമത്തെ ശാഖയാണ് ഒമര്‍ അല്‍ ഹിന്ദി.കണ്ണൂരിലെ ചൊക്ലിയിലെ ഒമര്‍ അല്‍ ഹിന്ദി
എന്ന മന്‍സീദ് മുഹമ്മദിന്റെ പേരിലാണ് ഈ ശാഖ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ ഗ്രൂപ്പിലെ അംഗങ്ങളാണ് കഴിഞ്ഞമാസം ശിക്ഷിക്കപ്പെട്ടവര്‍. ഈ സംഘത്തിലെ ആളുകള്‍ ഇന്ത്യയിലും പശ്ചിമേഷ്യയിലും വ്യാപിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. കേരളത്തില്‍ ”അന്‍സാര്‍-ഉല്‍-ഖിലാഫ കെഎല്‍” എന്നറിയപ്പെടുന്ന ഐഎസ് ഭരണമേഖല സ്ഥാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

കാസര്‍ഗോഡ് ഘടകം

24 യുവതീയുവാക്കളുടെ സംഘത്തെ കാണാതായതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഐഎസിന്റെ കാസര്‍ഗോഡ് ഘടകമുള്ളതായി 2016 ജൂണില്‍സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു. കാണാതായവരില്‍ ഭൂരിഭാഗവും പ്രൊഫഷണല്‍ യോഗ്യതയുള്ളവരായയിരുന്നു. ഇന്റര്‍നെറ്റില്‍നിന്നും സോഷ്യല്‍ മീഡിയയില്‍നിന്നും ഇസ്ലാമിനെക്കുറിച്ച് അറിഞ്ഞശേഷം പെട്ടെന്ന് കടുത്തമതവാദികളായി മാറിയവരായിരുന്നു സംഘത്തിലെ പുരുഷന്മാരിലേറെയും. സലഫി ഇസ്ലാമിനെ അന്ധമായി പിന്തുടര്‍ന്ന അവര്‍ക്ക് മുഖ്യധാരാ ഇസ്ലാമുമായോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായോ ബന്ധമുണ്ടായിരുന്നില്ല. മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും ഇസ്ലാം വിശ്വാസത്തിലേക്കു പരിവര്‍ത്തനം ചെയ്ത ഐഎസിന്റെ പ്രധാന വിഭാഗം അവരുടെ വിവാഹങ്ങള്‍ നടത്തിയശേഷം അഫ്ഗാനിസ്ഥാനിലേക്ക് കടത്തി.

എന്‍ജിനീയറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അബ്ദുള്‍ റാഷിദിനെ ഈ ഐഎസ് ഘടകത്തിന്റെനേതാവായി എന്‍ഐഎ തിരിച്ചറിഞ്ഞു.ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട സോണിയ സെബാസ്റ്റ്യനെ മതപരിവര്‍ത്തനം നടത്തി അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെയുള്ളത്. കുട്ടിയുമായി കാബൂളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 2016 ല്‍ ദില്ലിയില്‍നിന്ന് അറസ്റ്റിലായ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദ് സാഹിദ്, അബ്ദുള്‍ റാഷിദിന്റെ രണ്ടാം ഭാര്യയാണ്. യാസ്മിന്‍ കുറ്റക്കാരിയാണെന്ന്എന്‍ഐഎ കോടതി കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ സുപ്രീം കോടതി ശിക്ഷ ശരിവച്ചു.

ഈ മൊഡ്യൂളിലെ മറ്റ് 14 അംഗങ്ങളെയും എന്‍ഐഎ തിരിച്ചറിഞ്ഞിരുന്നു. അവരില്‍ പലരും അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായാണ് കരുതപ്പെടുന്നത്.

രക്തരൂക്ഷിതമായ ജിഹാദിനുവേണ്ടി വാദിച്ചതിന് റാഷിദിനെയും മറ്റു നിരവധി പേരെയും കൊളംബോയിലെ അല്‍-ക്വാമ അറബിക് കോളേജില്‍നിന്ന് പുറത്താക്കുകയായിരുന്നുവെന്നാണു എന്‍ഐഎ കണ്ടെത്തല്‍. കേരളത്തില്‍ ഐഎസിന് പിന്തുണ വര്‍ധിപ്പിക്കുന്നതിനായി റാഷിദ് രഹസ്യമായി പ്രവര്‍ത്തിക്കുകയും മറ്റു പ്രതികളെ ഐഎസ് മാസികയായ ദാബിഖ് പോലുള്ള ഓണ്‍ലൈന്‍ പ്രചാരണലേഖനങ്ങള്‍ കാണിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

അഫ്ഗാനിസ്ഥാനിയെ നംഗര്‍ഹാറിലെത്തിയ ശേഷവും റാഷിദ് കേരളത്തിലെ നിരവധി വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അവരെ ഇന്ത്യക്കു പുറത്തുകടക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു ഇയാളുടെ ഉദ്ദേശ്യം. അതേസമയംറാഷിദിനോടൊപ്പം ചേരാന്‍ ശ്രമിച്ച വയനാട് സ്വദേശി നഷിദുല്‍ ഹംസഫറിനെ 2018 സെപ്റ്റംബറില്‍ കാബൂളിലെ സുരക്ഷാ ഏജന്‍സികള്‍ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. എന്‍ക്രിപ്റ്റ് ചെയ്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെറാഷിദുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട പാലക്കാട് സ്വദേശിയായ റിയാസ് അബൂബക്കറിനെയും വയനാട്ടിലെ ഹബീബ് റഹ്മാനെയും ഈ വര്‍ഷം അറസ്റ്റ് ചെയ്യുകയുമുണ്ടായി. ശ്രീലങ്കയിലെ ഈസ്റ്റര്‍ ആക്രമണത്തിന്റെ നേതാവ് സഫ്രന്‍ ഹാഷിമുമായി അബൂബക്കര്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കണ്ണൂര്‍ ഘടകം

കണ്ണൂരിലെ, പ്രധാനമായും വളപട്ടണം പ്രദേശത്തുനിന്നുള്ള 40-50 ആളുകള്‍ സിറിയയിലെ ഐഎസില്‍ ചേര്‍ന്നതായാണു രഹസ്യാന്വേഷണ വൃത്തങ്ങള്‍ കരുതുന്നത്. ഈ ഘടകത്തിലെ പുരുഷന്മാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) യുടെ പ്രവര്‍ത്തകരായിരുന്നു. ഇതുകൂടാതെ നിരവധി കുടുംബങ്ങള്‍ ഒരുമിച്ച് സിറിയയിലേക്ക് കുടിയേറിയിട്ടുമുണ്ട്. 2009 ല്‍ രാഷ്ട്രീയവിഭാഗമായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) രൂപീകരിച്ചശേഷം പിഎഫ്ഐയിലെ തീവ്രവാദ ഘടകങ്ങള്‍ സംഘടന വിട്ടുപോകാന്‍ തീരുമാനിച്ചുവെന്നാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

സിറിയയിലേക്ക് പോകാന്‍ രണ്ടുതവണ ശ്രമിച്ചിട്ടും ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം തിരിച്ചയക്കപ്പെട്ട ഷാജഹാന്‍ വള്ളുവക്കണ്ടിയാണ് കണ്ണൂര്‍ ഘടകത്തിലെ പ്രധാനി. ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമിക ശരീഅത്ത് നിയമം സ്ഥാപിക്കാതിനാണ് താന്‍ ഐഎസില്‍ ചേര്‍ന്നതെന്നാണു ഷാജഹാന്‍ വെളിപ്പെടുത്തിയതെന്നാണ് എന്‍ഐഎ പറയുന്നത്.

കണ്ണൂര്‍ ഘടകത്തില്‍ പ്രവര്‍ത്തിക്കുന്നതായി എന്‍ഐഎ സംശയിക്കുന്ന 16 പേരില്‍ ഭൂരിഭാഗവും സിറിയയിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. 2006 ല്‍ എന്‍ഡിഎഫ് എന്ന പേരില്‍ അറിയപ്പെടുന്ന കാലത്തുതന്നെ പിഎഫ്‌ഐയുമായി ഷാജഹാന് ബന്ധമുണ്ടായിരുന്നു. പിഎഫ്ഐയില്‍ സഹപ്രവര്‍ത്തകനായ മുഹമ്മദ് ഷമീറാണ് ഷാജഹാന്റെ ഐഎസിസില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. ഷമീറും പിന്നീട് സിറിയയിലേക്ക് ചേക്കേറി. കണ്ണൂരില്‍നിന്ന് സിറിയയിലേക്ക് പോകുകയോ തുര്‍ക്കി ഇന്ത്യയിലേക്ക് നാടുകടത്തുകയോ ചെയ്തുവെന്ന് കരുതുന്ന 12 പേരെ ഷാജഹാന്‍ പിന്നീട് തിരിച്ചറിഞ്ഞു.

കണ്ണൂര്‍ ഘടകത്തിലെ അഞ്ച് അംഗങ്ങളെ 2017 ഒക്ടോബറില്‍ അറസ്റ്റ് ചെയ്തു. സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തുര്‍ക്കി അധികൃതര്‍ അവരെ പിടികൂടിയത്.

ഈ ഗ്രൂപ്പിലെ മറ്റൊരു പ്രമുഖന്‍ താലിബാന്‍ ഹംസ എന്ന യുകെ ഹംസയാണ്.
ഹംസയുടെ മൊഴിപ്രകാരമാണ് എന്‍ഐഎ വണ്ടൂരിലെ ഐഎസ് കീഴ്ഘടകത്തെ കണ്ടെത്തുന്നത്. ബഹ്റൈനില്‍ ജിഹാദി ക്ലാസുകളില്‍ പങ്കെടുത്തതെന്ന് ആരോപിക്കപ്പെടുന്ന ഷെയ്ബു നിഹാറിനെ അറസ്റ്റ് ചെയ്യാനും ഹംസയുടെ മൊഴി സഹായകരമായി. 2016 ല്‍ സിറിയയിലേക്ക് പോകാന്‍ ശ്രമിച്ച് പരാജയപ്പെട്ടയാളാണ് ഷെയ്ബു.

ഒമര്‍ അല്‍ ഹിന്ദി ഘടകം

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണം നടത്താനും കേരളത്തില്‍ ഐസിസ് യൂണിറ്റ് സ്ഥാപിക്കാനും ഈ സംഘം ലക്ഷ്യമിട്ടിരുന്നു. നേതാവ് മന്‍സീദ് മുഹമ്മദ് ഉള്‍പ്പെടെ കേസിലെ എട്ട് പ്രതികളില്‍ ആറുപേരെ എന്‍ഐഎ കോടതി കഴിഞ്ഞയാഴ്ച ശിക്ഷിച്ചു. 13 പേര്‍ ഉള്‍പ്പെട്ട കേസിലെ മറ്റ് അഞ്ചുപേര്‍ ഒളിവിലാണ്.

ടെലിഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഈ ഘടകം നിലവില്‍ വന്നത്. കണ്ണൂരിലെ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്ന ഘടകത്തെ 2016 ഒക്ടോബര്‍ രണ്ടിനാണ് എന്‍ഐഎ പിടികൂടുന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, ഹൈക്കോടതി ജഡ്ജിമാര്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, യുക്തിവാദികള്‍, അഹ്മദിയ മുസ്ലിങ്ങള്‍ എന്നിവരെ കൂടാതെ തമിഴ്നാട്ടിലെ കൊടൈക്കനലിനടുത്ത് വിദേശികളെ, പ്രത്യേകിച്ച് ജൂതന്മാരെ ആക്രമിക്കാന്‍ സംഘം പദ്ധതിയിട്ടിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. ആയുധങ്ങള്‍, വിഷം, ബോംബുകള്‍ എന്നിവ ശേഖരിക്കാനും അവര്‍ ശ്രമിച്ചിരുന്നു.

എന്‍ജിനീയറിങ് ബിരുദധാരിയായ ഷജീര്‍ മംഗലശേരി(30)യായിരുന്നു ഗ്രൂപ്പിന്റെ അമീര്‍. 2016 ല്‍ യുഎഇയില്‍നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയ ഷജീര്‍ കേരളത്തിലെ കൂട്ടാളികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ രഹസ്യകോഡാണ് ഉപയോഗിച്ചിരുന്നത്. ‘ബാബ് അല്‍-നൂര്‍’ എന്നായിരുന്നു സംഘത്തിന്റെ രഹസ്യ ചാറ്റ് ഗ്രൂപ്പിന്റെ പേര്. ഗ്രൂപ്പ് കൊച്ചുവര്‍ത്തമാനത്തിനുള്ളതല്ലെന്നും ഐഎസിനെ സഹായിക്കുകയാണ് ദൗത്യമെന്നും ഷജീര്‍ ഒപ്പമുള്ളവരെ ഓര്‍മിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷജീറിന്റെ നിര്‍ദേശപ്രകാരം മന്‍സീദ് പ്രവര്‍ത്തിച്ചതായി എന്‍ഐഎ പറയുന്നു.

2015 ല്‍ ഇറാഖിലും സിറിയയിലും ഐഎസിനുവേണ്ടി യുദ്ധം ചെയ്ത തൊടുപുഴ സ്വദേശി സുബഹാനി ഹാജയും ഗ്രൂപ്പിലെ അംഗമായിരുന്നു. മൊസൂളില്‍ ഐഎസ് പരിശീലനം നേടിയ ഹാജയ്ക്ക് യുദ്ധത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്നു. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ അറസ്റ്റിലായ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook