scorecardresearch
Latest News

കണ്ണൂർ സർവകലാശാലാ വിവാദവും അതിനപ്പുറവും: സംസ്ഥാന, കേന്ദ്ര സർവകലാശാലകളിലെ ഗവർണറുടെ പങ്ക്

ഇന്ത്യൻ രാഷ്ട്രപതി മുഖേന ഗവർണർമാരെ നിയമിക്കുന്നത് കേന്ദ്ര സർക്കാരാണ്. സ്വാഭാവികമായും കേന്ദ്രത്തിലെ ഭരണകക്ഷിയിടെ രാഷ്ട്രീയ എതിരാളികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം തർക്കങ്ങൾ സാധാരണമാണ്

കണ്ണൂർ സർവകലാശാലാ വിവാദവും അതിനപ്പുറവും: സംസ്ഥാന, കേന്ദ്ര സർവകലാശാലകളിലെ ഗവർണറുടെ പങ്ക്

ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറായി പുനർനിയമിച്ചതിനെച്ചൊല്ലിയാണ് സംസ്ഥാനത്ത് ഇപ്പോൾ സർക്കാരും ഗവർണറും തമ്മിൽ ഒരു തർക്കം പൊട്ടിപ്പുറപ്പെട്ടുത്. ചാൻസലർ എന്ന നിലയിൽ തന്റെ “മികച്ച തീരുമാനത്തിന്” എതിരായ തീരുമാനത്തിന് തനിക്ക് അംഗീകാരം നൽകേണ്ടി വന്നു എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഡിസംബർ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ഗവർണർ സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകൾ ആരോപിച്ച് ചാൻസലർ സ്ഥാനം ഒഴിയാൻ താൽപര്യം പ്രകടിപ്പിച്ചു. “ചർച്ചകളിലൂടെ തെറ്റിദ്ധാരണകൾ പരിഹരിക്കാൻ കഴിയും” എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഈ സാഹചര്യത്തെ ചുരുക്കിക്കാണിക്കാനും ശ്രമിച്ചു.

സംസ്ഥാനത്തെ സർവകലാശാലകളിൽ ഗവർണർമാരുടെ പങ്ക് എന്താണ്?

മിക്ക സാഹചര്യങ്ങളിലും, സംസ്ഥാന ഗവർണർ ആ സംസ്ഥാനത്തെ സർവ്വകലാശാലകളുടെ എക്സ്-ഓഫീഷ്യോ ചാൻസലറാണ്. ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരങ്ങളും പ്രവർത്തനങ്ങളും ഒരു പ്രത്യേക സംസ്ഥാന സർക്കാരിന് കീഴിലുള്ള സർവ്വകലാശാലകളെ നിയന്ത്രിക്കുന്ന ചട്ടങ്ങളിൽ പ്രതിപാദിക്കുമ്പോൾ തന്നെ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിലെ അവരുടെ പങ്ക് പലപ്പോഴും രാഷ്ട്രീയ ഭരണ നിർവഹണ നേതൃത്വവുമായുള്ള തർക്കങ്ങൾക്ക് കാരണമായിട്ടുണ്ട്.

Also Read: സർവകലാശാലാ വിവാദം: ഗവർണക്കെതിരെ സിപിഎമ്മും സിപിഐയും

കേരളത്തിന്റെ കാര്യത്തിൽ, ഗവർണറുടെ ഔദ്യോഗിക വെബ് പോർട്ടലിൽ ഉറപ്പിച്ചുപറയുന്നത് “ഗവർണർ എന്ന നിലയിൽ മന്ത്രിമാരുടെ ഉപദേശവും സഹായവും നേടിയാണ് പ്രവർത്തിക്കുന്നത്,” എന്നാണ്. “ചാൻസലർ എന്ന നിലയിൽ അദ്ദേഹം മന്ത്രിസഭയിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുകയും എല്ലാ സർവകലാശാലാ കാര്യങ്ങളിലും സ്വന്തം തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു,” എന്നും അതിൽ പറയുന്നു. ഇതിന് വിപരീതമായി, രാജസ്ഥാനിലെ രാജ്ഭവന്റെ വെബ്‌സൈറ്റിൽ “ഗവർണർ വൈസ് ചാൻസലറെ നിയമിക്കുന്നത് സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ചാണ്,” എന്ന് പറയുന്നു.

കേന്ദ്ര സർവ്വകലാശാലകളുടെ കാര്യമോ?

2009-ലെ കേന്ദ്ര സർവ്വകലാശാലാ നിയമം, മറ്റ് ചട്ടങ്ങൾ എന്നിവ പ്രകാരം, ഇന്ത്യൻ രാഷ്ട്രപതി കേന്ദ്ര സർവ്വകലാശാലയുടെ വിസിറ്ററായിരിക്കും. കേന്ദ്ര സർവ്വകലാശാലകളിലെ ചാൻസലർമാർ പേരിന് അവിടത്തെ മേധാവികളാണ്. കോൺവൊക്കേഷനുകളുടെ അദ്ധ്യക്ഷത അടക്കം ഉള്ള കാര്യങ്ങളിലായി അവരുടെ പങ്ക് ചുരുങ്ങുന്നു. വിസിറ്റർ എന്ന നിലയിൽ രാഷ്ട്രപതിയാണ് അവരെ നിയമിക്കുന്നത്.

കേന്ദ്ര ഗവൺമെന്റ് രൂപീകരിച്ച സെർച്ച്, സെലക്ഷൻ കമ്മിറ്റികൾ തിരഞ്ഞെടുത്ത പേരുകളുടെ പാനലുകളിൽ നിന്നാണ് വിസിമാരെ വിസിറ്റർ നിയമിക്കുക. വിസിറ്റർ എന്ന നിലയിൽ, സർവകലാശാലകളുടെ അക്കാദമിക്, നോൺ-അക്കാദമിക് വശങ്ങളുടെ പരിശോധനകൾക്ക് അംഗീകാരം നൽകാനും അന്വേഷണങ്ങൾക്ക് അംഗീകാരം നൽകാനും രാഷ്ട്രപതിക്ക് അവകാശമുണ്ടെന്ന് നിയമം കൂട്ടിച്ചേർക്കുന്നു.

കേരളത്തിലെ വിവാദങ്ങൾ എന്തിനെക്കുറിച്ചാണ്?

കഴിഞ്ഞ മാസമാണ് രവീന്ദ്രനെ കണ്ണൂർ സർവകലാശാല വിസിയായി നാലുവർഷത്തേക്ക് വീണ്ടും നിയമിച്ചത്. രവീന്ദ്രന് ഇപ്പോൾ 60നു മുകളിൽ പ്രായമുണ്ട്. 60 വയസ്സിന് മുകളിലുള്ള ആരെയും വിസിയായി നിയമിക്കരുതെന്നാണ് കണ്ണൂർ സർവകലാശാലാ നിയമം പറയുന്നത്. നിലവിലെ വിസിയുടെ കാലാവധി നീട്ടുന്നതിന് തുല്യമല്ല പുനർനിയമനം എന്ന് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചതായി ഗവർണർ കത്തിൽ എഴുതി.

Also Read: കത്തിൽ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നു; സർവകലാശാല വിഷയത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവർണർ

കൂടാതെ, യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രിബ്യൂണലിലേക്ക് നിയമനം നടത്തുന്നതിന് ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരം എടുത്തുകളഞ്ഞുകൊണ്ട് യൂണിവേഴ്സിറ്റി ആക്ട് സംസ്ഥാന സർക്കാർ അടുത്തിടെ ഭേദഗതി ചെയ്തു. എന്നാൽ ഗവർണറും സംസ്ഥാന സർക്കാരും മറ്റ് പല വിഷയങ്ങളിലും കൊമ്പുകോർക്കുന്നതിനാൽ ഈ ഭിന്നത ഒറ്റപ്പെട്ടതായി കാണാനാകില്ല.

2020-ൽ, കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ ചർച്ച ചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശുപാർശ ഖാൻ നിരസിച്ചിരുന്നു. നിയമസഭ വിളിച്ചു ചേർത്തതിന്റെ ഉദ്ദേശം തന്നെ ഖാൻ അപ്പോൾ ചോദ്യം ചെയ്തിരുന്നു. പൗരത്വ (ഭേദഗതി) നിയമം (സി‌എ‌എ) പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കിയപ്പോഴും അദ്ദേഹം സർക്കാരിനെ വിമർശിച്ചിരുന്നു.

മറ്റ് സംസ്ഥാനങ്ങളിലുണ്ടായ തർക്കങ്ങൾ എന്തെല്ലാം?

ഇന്ത്യൻ രാഷ്ട്രപതി മുഖേന ഗവർണർമാരെ നിയമിക്കുന്നത് കേന്ദ്ര സർക്കാരാണ്. സ്വാഭാവികമായും കേന്ദ്രത്തിലെ ഭരണകക്ഷിയിടെ രാഷ്ട്രീയ എതിരാളികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം തർക്കങ്ങൾ സാധാരണമാണ്.

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സർക്കാർ 2019ൽ വിസിമാരെ നിയമിക്കുന്നതിലും അവർക്കെതിരെ നടപടിയെടുക്കുന്നതിലും ഗവർണറുടെ അധികാരം വെട്ടിക്കുറച്ചിരുന്നു. ഗവർണറുടെ അനുമതിയില്ലാതെ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന സമിതികളുടെ യോഗങ്ങൾ വിളിക്കാൻ സംസ്ഥാന സർവ്വകലാശാലകൾക്ക് അധികാരമുണ്ട്. ഗവർണറും വിസിമാരും തമ്മിലുള്ള എല്ലാ ആശയവിനിമയങ്ങളും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വഴി പോകേണ്ടതാണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

Also Read: സര്‍വ്വകലാശാലാ നേതൃത്വത്തില്‍ കഴിവുള്ളവർ; ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഒഡീഷയിൽ, ഒഡീഷ യൂണിവേഴ്സിറ്റി (ഭേദഗതി) നിയമത്തെച്ചൊല്ലി ഒറീസ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും തമ്മിൽ നിയമ തർക്കം നിലനിൽക്കുന്നു. സംസ്ഥാനത്തെ സർവകലാശാലകളിലേക്കുള്ള നിയമനങ്ങൾ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതാണ് നിയമം. യുജിസി നിയമത്തെ വെല്ലുവിളിച്ചു, ഇത് അതിന്റെ ചട്ടങ്ങൾ ലംഘിക്കുന്നുവെന്ന് പറഞ്ഞു. എന്നാൽ ആ വാദം സംസ്ഥാന സർക്കാർ നിഷേധിച്ചു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Kerala row governors role in universities