സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് നേമം. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്ന മണ്ഡലം. സംസ്ഥാനത്ത് ബിജെപി ജയിച്ച ഒരേയൊരു നിയോജക മണ്ഡലം.
കടുത്ത ത്രികോണ മത്സരമാണ് ഇത്തവണ മണ്ഡലത്തിൽ നടക്കുകയെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. കോൺഗ്രസ് നേതാവ് കെ മുരളീധരൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ ജനവിധി തേടും. എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി മറ്റു സ്ഥാനാർത്ഥികൾക്ക് മുൻപ് തന്നെ മണ്ഡലത്തിൽ പ്രചരണം ആരംഭിച്ചിട്ടുണ്ട്. 2011ൽ നേമത്ത് നിന്ന് വിജയിച്ച സ്ഥാനാർത്ഥികൂടിയാണ് ശിവൻകുട്ടി. 2016ൽ ഒ രാജഗോപാൽ വിജയിച്ച മണ്ഡലത്തിൽ ഇത്തവണ മുതിർന്ന പാർട്ടി നേതാവും മിസോറാം മുൻ ഗവർണറുമായ കുമ്മനം രാജശേഖരനാണ് ബിജെപി സ്ഥാനാർത്ഥി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേമം ഉൾപ്പെടുന്ന തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചും കുമ്മനമായിരുന്നു.
നേമം നിയോജകമണ്ഡലം
തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷന്റെ ഒരു ഭാഗമാണ് നേമം നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്നത്. 2016 ലെ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളിൽ 47.46 ശതമാനം നേടിയാണ് രാജഗോപാൽ വിജയിച്ചത്. അദ്ദേഹത്തിന്റെ തൊട്ടടുത്ത എതിരാളിയായ സിപിഎമ്മിന്റെ വി ശിവൻകുട്ടിക്ക് 41.39 ശതമാനം വോട്ടുകൾ ലഭിച്ചു. യുഡിഎഫിൽ ചെറിയ പാർട്ടിയായ ജനതാദൾ (യു) ആണ് അന്ന് മത്സരിച്ചത്. ജെഡിയുവിന്റെ വി സുരേന്ദ്രൻ പിള്ളയ്ക്ക് 9.7ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
Read More: ഐഎസ്എഫുമായുള്ള സഖ്യം: കോൺഗ്രസിനും ഇടതുമുന്നണിക്കും എന്ത് നേട്ടം ലഭിക്കും?
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കുകൾ നോക്കിയാൽ നേമത്തെ മൂന്ന് വർഷം മുമ്പുള്ള ബിജെപിയുടെ പ്രകടനം താൽക്കാലിക പ്രതിഭാസമല്ലെന്ന് കാണാൻ കഴിയും. കോൺഗ്രസ് നേതാവ് ശശി തരൂരാണ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് വിജയിച്ചത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ നേമം നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായി വരുന്ന പ്രദേശങ്ങളിൽ തരൂരിനെതിരെ 12,041 വോട്ടുകൾ ലീഡായിരുന്നു ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ നേടിയത്. കുമ്മനത്തിന് 58,513 വോട്ടും തരൂരിന് 46,472 വോട്ടും ലഭിച്ചു. എൽഡിഎഫിന് ലഭിച്ചത് 33,921 വോട്ടുകൾ മാത്രമാണ്.
അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും തിരുവനന്തപുരം കോർപ്പറേഷനിൽ നേമം നിയോജകമണ്ഡലത്തിൽ വരുന്ന 23 ഡിവിഷനുകളിൽ 14 ഇടത്ത് ബിജെപിയാണ് വിജയം നേടിയത്. ബാക്കി ഒമ്പത് ഇടത്ത് എൽഡിഎഫും വിജയിച്ചു.
കോൺഗ്രസിൽ നിന്ന് വിട്ടുമാറിയ മണ്ഡലം
മണ്ഡല പുനർനിർണയത്തിന് മുൻപുള്ള 2001, 2006 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുതിർന്ന കോൺഗ്രസ് നേതാവ് എൻ ശക്തനാണ് നേമത്തു നിന്ന് വിജയിച്ചത്. 2001 ൽ ബിജെപിക്ക് 16,872 വോട്ടുകൾ ലഭിച്ചു, 2006 ൽ അത് വെറും 6,705 വോട്ടുകളായി കുറയുകയും ചെയ്തു.
Read More: അസമിലെ കോൺഗ്രസ് സഖ്യത്തിലെ സീറ്റ് തർക്കവും; ബറാക് താഴ്വരയിലെ രാഷ്ട്രീയ കാലാവസ്ഥയും
2011 ൽ സിപിഎം സ്ഥാനാർത്ഥി വി ശിവൻകുട്ടിക്ക് 42.99 ശതമാനം വോട്ടുകൾ ലഭിച്ചു. 37.49 ശതമാനം വോട്ട് ലഭിച്ച ഒ രാജഗോപാലിനെ പശിവൻകുട്ടി രാജയപ്പെടുത്തി. അന്നത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായ സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പാർട്ടിയുടെ ചാരുപാറ രവിക്ക് ലഭിച്ചത് 17.38 ശതമാനം വോട്ടുകൾ മാത്രമാണ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വോട്ട് വിഹിതം 9.7 ശതമാനമായി കുറഞ്ഞു. സിപിഎം വോട്ടുകൾ ഏറെക്കുറേ നിലനിർത്തി.
ഈ മണ്ഡലത്തിൽ പ്രധാനമായും കോൺഗ്രസിന്റെ ചെലവിലാണ് ബിജെപി വളർന്നതെന്ന് ഈ കണക്കുകൾ കാണിക്കുന്നു.
സാമുദായിക സമവാക്യങ്ങൾ
1.92 ലക്ഷത്തിലധികം വോട്ടർമാരുണ്ട് നേമം മണ്ഡലത്തിൽ. അവരിൽ ഭൂരിഭാഗവും സവർണ ഹിന്ദുക്കളാണ്. നിയോജകമണ്ഡലത്തിൽ 30,000-ഓളം മുസ്ലിം വോട്ടുകളും അത്രത്തോളം തന്നെ നാടാർ വോട്ടുകളുമുണ്ട്. സിപിഎമ്മും കോൺഗ്രസ്സും ബിജെപിയും നായർ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളെയാണ് നിർത്തിയിട്ടുള്ളത്. നായർ സമുദായത്തിൽ നിന്നും അതിന് പുറമെ മുസ്ലീം നാടാർ സമുദായങ്ങളിൽ നിന്നുമുള്ള വോട്ടുകൾ മുരളീധരന് ലഭിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു.