കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ സെപ്റ്റംബര്‍ 23-ന് അടച്ചിടുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണു പെട്രോളിയം വ്യാപാരികള്‍. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണു സമരം. പ്രധാനമായും നാല് കാര്യങ്ങള്‍ ഉന്നയിച്ചാണു സമരം.
പമ്പുടമകളുടെ ആവശ്യങ്ങള്‍ എന്തൊക്കെ?
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ (എച്ച് പി സി) പമ്പുകളില്‍ കമ്പനി മതിയായ ഇന്ധനലഭ്യത ഉറപ്പാക്കുക, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ ഒ സി) പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുക, ഭാരത് പെട്രോളിയം കോര്‍പഷേന്‍ (ബി പി സി), എച്ച് പി സി കമ്പനികള്‍ ലൂബ്രിക്കന്റുകള്‍ അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുക, ബി പി സി, എച്ച് പി സി കമ്പനികള്‍ ബാങ്ക് അവധിദിവസങ്ങളിലും ഇന്ധനലഭ്യത ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.
എച്ച് പി പമ്പുകളില്‍ ഇന്ധനക്ഷാമം രൂക്ഷം
സംസ്ഥാനത്ത എച്ച് പി പമ്പുകളിലാണ് ഇന്ധനക്ഷാമം ഏറ്റവും രൂക്ഷം. എച്ച് പിയ്ക്ക് എണ്ണൂറോളം പമ്പുകളാണു കേരളത്തിലുള്ളത്. ഇന്ധനക്ഷാമം മൂലം ഇതില്‍ 50 ശതമാനത്തോളം മാത്രമേ നിലവില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ.
ഇന്ധനം ലഭിക്കാത്തതിനു കൃതായ കാരണം അധികൃതരാരും പറയുന്നില്ലെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് (എ കെ എഫ് പി ടി) പാട്രണും മേലേത്ത് ഏജന്‍സീസ് ഉടമയുമായ രാധാകൃഷ്ണന്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
സംസ്ഥാനത്ത് എല്ലാ കമ്പനികളുടേതുതായി 2200 പമ്പുകളാണുള്ളത്. ഇതില്‍ 30 ശതമാനം എച്ച് പിയുടേതാണ്. എച്ച് പിയില്‍ മാര്‍ച്ച് 21 മുതല്‍ ഇന്ധനവിതരണത്തിനു നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം ഐ ഇ മലയാളം നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പമ്പുകള്‍ക്ക് ഇന്ധനം കടമായി നല്‍കുന്ന സംവിധാനം നിര്‍ത്തിയതാണ് നിയന്ത്രണത്തിന്റെ ആദ്യ ഘട്ടം. നേരത്തെ, മാസാവസാനം അഞ്ചു ദിവസം വരെയൊക്കെ കടമായി നല്‍കിയിരുന്നു. പണം മുന്‍കൂര്‍ നല്‍കിയാല്‍ മാത്രമേ ഇന്ധനം ലഭിക്കുകയുള്ളൂവെന്നു സ്ഥിതിവന്നു. നിലവില്‍ മുഴുവന്‍ തുകയും മുന്‍കൂറായി അടച്ച് 48 മണിക്കൂറോളം കാത്തിരുന്നാലും ലോഡ് ലഭിക്കുന്നില്ലെന്നാണു പമ്പുടുമകള്‍ പറയുന്നത്. ഒരു മാസത്തിലേറെയായി ഈ സ്ഥിതി തുടരുകയാണ്.
ഡീസലിനെ അപേക്ഷിച്ച് പെട്രോളിനാണു എച്ച് പി സി പമ്പുകളില്‍ കൂടുതല്‍ ക്ഷാമം അനുഭവപ്പെടുന്നത്. ഭാരത് പെട്രോളിയം കോര്‍പറേഷന്റെ (ബി പി സി എല്‍) നിയന്ത്രണത്തിലുള്ള കൊച്ചിന്‍ റിഫൈനറിയില്‍നിന്ന് ആവശ്യത്തിന് ഇന്ധനം ലഭിക്കാത്തതാണു പ്രതിസന്ധിക്കു കാരണം.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധനയ്ക്ക് അനുസൃതമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ നഷ്ടം നികത്താന്‍ എണ്ണക്കമ്പനികള്‍ വിതരണത്തില്‍ നിയന്ത്രണമേര്‍പ്പടുത്തിയിരിക്കുകയാണ്. ഈ തീരുമാനമാണു എച്ച് പി സി എല്‍ പമ്പുകള്‍ക്കു തിരിച്ചടിയായത്.
മുന്‍പൊക്കെ ശനി, ഞായര്‍ ദിവസങ്ങളിലും എച്ച് പി ഉള്‍പ്പെടെയുള്ള എണ്ണക്കമ്പനികള്‍ ഇന്ധനം ലഭ്യമാക്കിയിരുന്നു. എന്നാല്‍ നിലവില്‍ അത്തമൊരു സാഹചര്യമില്ല. വിലവര്‍ധനയുടെ സാഹചര്യത്തില്‍ കൂടുതല്‍ വില്‍പ്പന നടത്തി ബാധ്യത വര്‍ധിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് എണ്ണക്കമ്പനികളെന്നാണു പമ്പുടമകളുടെ ആരോപണം.
എട്ടു വര്‍ഷമായി ലഭിക്കേണ്ട കമ്മിഷന്‍ വര്‍ധനവ് ലഭിച്ചിട്ടില്ല. 1.75 ശതമാനമാണു ശരാശരി ലഭിക്കേണ്ട കമ്മിഷന്‍. എന്നആല്‍ അനുബന്ധ ചെലവുകള്‍ വര്‍ധിച്ചതോടെ കമ്മിഷന്‍ ശതമാനം കുറയുകയാണ്. വൈദ്യുതി നിരക്ക് യൂണിറ്റിന് ഏഴു രൂപയുണ്ടായിരുന്നപ്പോഴാണ് ഈ കമ്മിഷന്‍ നിശ്ചയിച്ചത്. നിലവില്‍ ഇരട്ടിയാണു വൈദ്യതി നിരക്ക്. കേരളത്തിലെ ഡീലര്‍മാര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി ഫാക്ടറി, ഫയര്‍ ആന്‍ഡ് സേഫ്റ്റി, മലിനീകരണം തുടങ്ങി അഞ്ച് ലൈസന്‍സുകള്‍ എടുക്കണം. ഇത് നാല്-അഞ്ച് ലക്ഷം രൂപ അധിക ബാധ്യത വരുത്തുന്നതാണ്. എന്നാല്‍ അഖിലേന്ത്യാ തലത്തിലാണു കമ്മിഷന്‍ നിശ്ചയിക്കുന്നത്.
പ്രീമിയം പെട്രോള്‍ വാങ്ങിയില്ലെങ്കില്‍ ലോഡ് ഇല്ല
ഓഗസ്റ്റ് 13 മുതല്‍ സംസ്ഥാനത്ത് പ്രതിദിനം ഇരുന്നൂറോളം ലോഡിന്റെ കുറവാണ് എണ്ണക്കമ്പനികള്‍ വരുത്തിയിരിക്കുന്നത്. സാധാരണ പെട്രോളിനു പകരം വില കൂടിയ പ്രീമിയം പെട്രോള്‍ ലോഡ് എടുക്കാന്‍ ഐ ഒ സി ഉള്‍പ്പെടെയുള്ള എണ്ണക്കമ്പനികള്‍ നിര്‍ബന്ധിക്കുകയാണെന്നാണു പമ്പുടമകളുടെ ആരോപണം. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കു ലിറ്ററിന് ഏഴു രൂപയോളം കൂടുതലാണു വില.
പ്രീമിയം പെട്രോള്‍ എടുക്കാമെങ്കില്‍ സ്‌റ്റോക്ക് തരാമെന്നാണ് എച്ച് പി സി പറയുന്നത്. പമ്പ് അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ എന്തെങ്കിലും കിട്ടട്ടേയെന്നു പ്രീമിയം പെട്രോള്‍ വാങ്ങാന്‍ പമ്പുടമകള്‍ നിര്‍ബന്ധിതമാവുകയാണെന്ന് എ കെ എഫ് പി ടി പറയുന്നു. പ്രീമിയം പെട്രോള്‍ എടുത്തില്ലെങ്കില്‍ ഐ ഒ സി ലോഡ് ബ്ലോക്ക് ചെയ്യുകയാണെന്നും പമ്പുടമകള്‍ക്ക് ഇന്‍ഡന്റ് ചെയ്യാന്‍ കഴിയുന്നില്ലെന്നും എ കെ എഫ് പി ടി പ്രസിഡന്റ് ടോമി തോമസ് പറഞ്ഞു.
തങ്ങള്‍ നഷ്ടത്തില്‍ തുടരുന്ന സാഹചര്യത്തില്‍ സാധാരണ പെട്രോള്‍ കൂടുതല്‍ വില്‍ക്കുന്നതു പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുമെന്നാണ് ഐ ഒ സി ഉള്‍പ്പെടെയുള്ള എണ്ണക്കമ്പനികളുടെ നിലപാട്. ഇതു മറികടക്കാനാണു പ്രീമിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ എണ്ണക്കമ്പനികള്‍ പമ്പുടമകളെ നിര്‍ബന്ധിക്കുന്നതെന്ന് എ കെ എഫ് പി ടി പ്രസിഡന്റ് ടോമി തോമസ് പറഞ്ഞു.
എന്നാല്‍ വാഹനമുടകള്‍ പ്രീമിയം പെട്രോള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങാത്ത സാഹചര്യത്തില്‍ വിറ്റഴിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു. പമ്പുകളില്‍ സാധാരണ പെട്രോള്‍ ലഭ്യമാണെങ്കില്‍ വാഹനമുടമകള്‍ പ്രീമിയം പെട്രോള്‍ ആവശ്യപ്പെടില്ല. അതിനാല്‍ സാധാരണ പെട്രോള്‍ തീര്‍ത്തുവേണം പ്രീമിയം പെട്രോള്‍ വില്‍ക്കാന്‍.
ഇനി വാഹനമുടമകള്‍ അറിയാതെ പ്രീമിയം പെട്രോള്‍ അടിച്ചുകൊടുത്താല്‍ അതു വഴക്കിലേക്കും സംഘര്‍ഷത്തിലേക്കും നയിക്കും. നിലവില്‍ തന്നെ വലിയ തുകയ്ക്കാണ് ഉപയോക്താള്‍ പെേട്രാള്‍ അടിക്കുന്നത്. അതിനു പുറമെ ഏഴു രൂപയോളം മുടക്കേണ്ടി വരുന്നത് ആളുകള്‍ സഹിക്കില്ല .ഇതിനൊക്കെ ഇരയാകുന്നതു പെട്രോള്‍ നിറച്ചുകൊടുക്കുന്ന ജീവനക്കാരാണ്.
ഇന്ധനക്ഷാമം ചൂണ്ടിക്കാട്ടി എ കെ എഫ് പി ടി മുഖ്യമന്ത്രിയെയും സിവില്‍ സപ്ലൈസ് മന്ത്രിയെയും സമീപിച്ചിരു്ന്നു. സര്‍ക്കാര്‍ എണ്ണവിതരണ കമ്പനികളെ വിഷയം ധരിപ്പിച്ചെങ്കിലും പരിഹാരമൊന്നുമുണ്ടാകുന്നില്ലെന്നു മാത്രം.