കൊച്ചി: കോവിഡ് ഭീതിക്കിടയിലും തദ്ദേശഭരണ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കേരളം. ഡിസംബര്‍ ആദ്യവാരം രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടത്താനാണു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആലോചന. നവംബര്‍ 10നുള്ളില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചേക്കും.

941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, ആറ് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേക്കാണു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ച രാഷ്ട്രീയപാര്‍ട്ടികള്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്കും ജയസാധ്യത കണക്കിലെടുത്തുള്ള നീക്കുപോക്കുകളിലേക്കും കടന്നിരിക്കുകയാണ്.

കോവിഡ് പശ്ചാത്തലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു കര്‍ശന നിയന്ത്രണങ്ങളാണു ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം സെപ്റ്റംബര്‍ 18നു കമ്മിഷന്‍ വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തിലെ തീരുമാനങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

പത്രികാ സമര്‍പ്പണത്തിന് മൂന്നുപേര്‍

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ മൂന്നു പേര്‍ മാത്രമേ പാടുള്ളൂവെന്നാണ് മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു. ഇവര്‍ക്കു വരാന്‍ ഒരു വാഹനം മാത്രമേ പാടുള്ളൂ. പത്രിക സമര്‍പ്പണത്തിന് ഒരു സമയം ഒരു സ്ഥാനാര്‍ഥിയെ മാത്രമേ അനുവദിക്കൂ. സ്ഥാനാര്‍ത്ഥി കോവിഡ് പോസിറ്റീവോ ക്വാറന്റൈിനിലോ ആണെങ്കില്‍ നിര്‍ദേശകനു പത്രിക സമര്‍പ്പിക്കാം.

പത്രിക സ്വീകരിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കു മാസ്‌ക്, കൈയുറ, ഫെയ്സ് ഷീല്‍ഡ്എന്നിവ നിര്‍ബന്ധം. പത്രിക സൂക്ഷ്മ പരിശോധനയ്ക്ക് വാര്‍ഡ് അടിസ്ഥാനത്തിലാണ് പ്രവേശനം അനുവദിക്കുക. പരമാവധി 30 പേര്‍ക്കാണു പ്രവേശനം.

പ്രചാരണം സോഷ്യല്‍ മീഡിയ വഴി

പരമാവധി പ്രചരണം സോഷ്യല്‍ മീഡിയ വഴിയേ ആകാവുവെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നോട്ടീസ്, ലഘുലേഖ വിതരണം കുറയ്ക്കണം. ഭവന സന്ദര്‍ശനം ആകാം. എന്നാല്‍, സ്ഥാനാര്‍ത്ഥിക്കൊപ്പം പരമാവധി അഞ്ച് പേര്‍ മാത്രമേ പാടുള്ളൂ.

റോഡ് ഷോയ്ക്ക് പരമാവധി മൂന്ന് വാഹനം മാത്രമേ അനുവദിക്കൂ. ജാഥകളും കൊട്ടിക്കലാശവും പാടില്ല. പൂമാല, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കി സ്ഥാനാര്‍ത്ഥികളെ സ്വീകരിക്കരുത്. പൊതുയോഗങ്ങള്‍, കുടുംബ യോഗങ്ങള്‍ എന്നിവ കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ നടത്താവൂ. ഇതിനായി പൊലീസിന്റെ മുന്‍കൂര്‍ അനുമതി തേടണം. കോവിഡ് പോസിറ്റീവോ ക്വാറന്റൈനിലോ ആയാല്‍ സ്ഥാനാര്‍ഥി പ്രചാരണത്തിനിറങ്ങരുത്.

ബൂത്തില്‍ ഒരേസമയം മൂന്ന് വോട്ടര്‍മാര്‍

ബൂത്തില്‍ ഒരേ സമയം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. തിരിച്ചറിയാന്‍ ആവശ്യമെങ്കില്‍ മാസ്‌ക് മാറ്റണം. പോളിങ് ഉദ്യോഗസ്ഥര്‍ മാസ്‌കിനു പുറമെ ഫെയ്സ് ഷീല്‍ഡും കൈയ്യുറയും ധരിക്കണം.

പോളിങ് സ്റ്റേഷനുകള്‍ വോട്ടിങ് തലേന്ന് അണുവിമുക്തമാക്കണം. ബൂത്തിനു പുറത്ത് വെള്ളവും സോപ്പും കരുതണം. ബൂത്തിനകത്ത് സാനിറ്റൈസര്‍ നിര്‍ബന്ധമാണ്. വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍ കയറുമ്പോഴും തിരിച്ചിറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കണം.

ശാരീരിക അകലം പാലിച്ചായിരിക്കും ബൂത്തിലെ ക്രമീകരണങ്ങള്‍. വോട്ടര്‍മാര്‍ക്കു വരിനില്‍ക്കാന്‍ നിശ്ചിത അകലത്തില്‍ അടയാളമിടണം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വരിയുണ്ടാവും. പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍ എന്നിവര്‍ക്കു വരി നിര്‍ബന്ധമില്ല.

ബൂത്ത് ഏജന്റുമാര്‍ പത്തില്‍ കൂടരുത്. ഇവര്‍ക്ക് സാമൂഹിക അകലം പാലിച്ച് ഇരിപ്പിടമൊരുക്കണം. സ്ലിപ്പ് വിതരണത്തിന് രണ്ടു പേരില്‍ കൂടുതല്‍ പാടില്ല. കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും തപാല്‍ വോട്ട് അനുവദിക്കും. കിടപ്പ് രോഗികള്‍ക്കും കോവിഡ് രോഗികള്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അവസരമൊരുക്കി സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നിരുന്നു.

വോട്ടെണ്ണല്‍, വിജയാഹ്ളാദം എന്നിവയുടെ കാര്യത്തിലും മാര്‍ഗനിര്‍ദേശങ്ങളുണ്ട്. സ്ഥാനാര്‍ഥികളും കൗണ്ടിങ് ഏജന്റുമാരും മാസ്‌ക് ധരിക്കണം. സാനിറ്റൈസര്‍ ഉപയോഗിക്കണം. കൗണ്ടിങ് ഉദ്യോഗസ്ഥര്‍ കൈയുറയും ധരിക്കണം. കോവിഡ് മാനദണ്ഡം പാലിച്ചാകണം വിജയാഹ്ളാദ പ്രകടനങ്ങള്‍ നടത്തേണ്ടത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിന് ഓരോ പ്രതിനിധിക്കു മാത്രമാണ് അവസരം. പരമാവധി 40 പേരെ മാത്രമേ പങ്കെടുപ്പിക്കൂ.

ഉദ്യോഗസ്ഥ പരിശീലനം പുരോഗമിക്കുന്നു

തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാനത്തുടനീളം പുരോഗമിക്കുകയാണ്. വോട്ടിങ് യന്ത്രങ്ങളുടെ പരിശോധനയും ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനവുമാണ് നടക്കുന്നത്. ചെറുസംഘങ്ങളായാണ് ഉദ്യോഗസ്ഥ പരിശീലനം പുരോഗമിക്കുന്നത്.

സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരുന്ന വോട്ടിങ് യന്ത്രങ്ങള്‍ ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ എന്‍ജിനിയര്‍മാരുടെ നേതൃത്വത്തിലാണു പരിശോധിക്കുന്നത്. നവംബര്‍ ആദ്യവാരത്തോടെ പരിശോധന പൂര്‍ത്തിയാകും. നഗരസഭകളില്‍ സിംഗിള്‍ പോസ്റ്റ് വോട്ടിങ് യന്ത്രങ്ങളും ത്രിതല പഞ്ചായത്ത് സംവിധാനമുള്ള സ്ഥലങ്ങളില്‍ മള്‍ട്ടി പോസ്റ്റ് വോട്ടിങ് യന്ത്രങ്ങളുമാണ് വോട്ടെടുപ്പിന് ഉപയോഗിക്കുക.

നിലവിലെ ഭരണസമിതികളുടെ കാലാവധി നവംബര്‍ 11 വരെ

നിലവിലെ തദ്ദേശഭരണ സമിതികളുടെ കാലാവധി നവംബര്‍ 11ന് അവസാനിക്കും. തുടര്‍ന്ന് ഉദ്യോഗസ്ഥ ഭരണമാണുണ്ടാകുക. ഡിസംബര്‍ ആദ്യവാരം വോട്ടെടുപ്പ് നടത്തി ഡിസംബര്‍ 11ന് മുന്‍പ് ഭരണസമിതികള്‍ അധികാരമേല്‍ക്കും വിധം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം.

ഏഴുജില്ലകള്‍ വീതമുള്ള രണ്ടു ഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ്. നവംബര്‍ ആദ്യ വാരം തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചേക്കുമെന്നാണു സൂചന. സാധാരണഗതിയില്‍ രാവിലെ ഏഴു മുതല്‍ അഞ്ചു മണിവരെയാണ് വോട്ടിങ് സമയം. കോവിഡ് സാഹചര്യത്തില്‍ ഇത്തവണ ഒരു മണിക്കൂര്‍ നീട്ടി ആറു മണിവരെയാക്കും.

സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഭരണസമിതി അധ്യക്ഷ സംവരണം തീരുമാനിക്കാനുള്ള നടപടികളിലേക്ക് കടന്നിരെിക്കുകയാണ്.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരവസരം കൂടി

സംസ്ഥാനത്ത് അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു. പട്ടികയില്‍ പേരുണ്ടാകുമെന്ന് കരുതി പോളിങ് ബൂത്തിലേക്കു പോവേണ്ട. അതുകൊണ്ട് പേരുണ്ടെന്ന് നേരത്തെ ഉറപ്പവരുത്തണം. ഇനി പേരില്ലെങ്കില്‍ ചേര്‍ക്കാന്‍ തിരഞ്ഞെടുപ്പിന് മുന്‍പായി ഒരവസരം കൂടി കമ്മിഷന്‍ നല്‍കുന്നുണ്ട്. പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് വോട്ടര്‍മാരുടെ മാത്രം ഉത്തരവാദിത്തമാണ്.

ഈ മാസം 27 മുതൽ 31 വരെയാണ് വോട്ടർപട്ടികയിൽ പേർ ചേർക്കാൻ അവസരം ലഭിക്കുക. ഇത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നേരത്തെ രണ്ട് തവണ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകിയതിനാലാണ് ഇത്തവണ ഇത് അഞ്ച് ദിവസം മാത്രമായി ചുരുക്കിയത്.

നിലവിലെ പട്ടികയിലെ തെറ്റു തിരുത്താനും സ്ഥലം മാറിപ്പോയവരെയും മരിച്ചവരെയും ഒഴിവാക്കാനുമുള്ള അപേക്ഷയും ഇതിനൊപ്പം പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ നവംബർ ഒൻപതിനകം പൂർത്തിയാക്കും. നവംബർ 10നാണ് പുതുക്കിയ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.

കോവിഡ് സാഹചര്യം മൂലം അവസരം കിട്ടിയില്ലെന്ന പരാതികള്‍ പരിഗണിച്ചാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരവസരം കൂടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്നത്. ഇതിനുള്ള തീയതി ഉടന്‍ അറയിക്കും. ഭരണസമിതി അധ്യക്ഷന്മാരുടെ സംവരണം തീരുമാനിച്ചശേഷമായിരിക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും മറ്റും ഒരു അവസരം കൂടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുക. ഈ പ്രക്രിയ നിശ്ചതി തിയതിക്കകം പൂര്‍ത്തിയാക്കി കമ്മിഷന്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook