Latest News

മരംമുറി: വനം കൊള്ളയ്ക്ക് വേരു പിടിച്ചത് ഇങ്ങനെ

കേരളത്തിൽ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്ന ഒന്നാണ് ഒന്നാം പിണറായി സർക്കാർ കാലത്ത് നടന്ന മരംമുറി. എന്താണ് മരംമുറ വിവാദം അതിലെ സിപി ഐ നേതാക്കളുടെയും, ഉദ്യോഗസ്ഥരുടെയും പങ്ക് എന്ത്, എത്ര കോടി രൂപ നഷ്ടം സർക്കാരിന് ഉണ്ടായിട്ടുണ്ട്.

illegal tree felling case, IE Malayalam

കേരളത്തിൽ അടുത്തിടെ ഉയർന്ന് വന്ന പ്രധാനപ്പെട്ട വിവാദങ്ങളിലൊന്നാണ് മരം കൊള്ള. കേരളത്തിൽ വർഷങ്ങൾക്ക് മുമ്പ് മരംകൊള്ള നടന്ന ചരിത്രമുണ്ട്. മലയാളത്തിലെ ആദ്യത്തെ അന്വേഷാണത്മക പത്രപ്രവർത്തന ചരിത്രത്തിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു മരംമുറി സംബന്ധിച്ച റിപ്പോർട്ടിങ്.

സിപിഐയും കോൺഗ്രസും ഒന്നിച്ചു ഭരിച്ച 1970-77 കാലയളവിൽ സി അച്യുതമേനോൻ മന്ത്രിസഭയിൽ കോൺഗ്രസ് നേതാവ് കെ ജി അടിയോടി വനംമന്ത്രിയായിരുന്ന കാലത്താണ് കേരളത്തിലെ പരിസ്ഥിതി അന്വേഷണാത്മക പത്രപ്രവർത്തനത്തിന് വാതിൽ തുറന്ന് നൽകിയത്. എസ്. ജയചന്ദ്രൻ നായരും, എൻ ആർ എസ് ബാബുവും അക്കാലത്തെ വനം കൊള്ളപുറത്തുകൊണ്ടുവന്ന പരമ്പരയിലൂടെ പത്രപ്രവർത്തന ത്തിൽ പുതിയ ചരിത്രമെഴുതിയത്.

കേരളത്തെ പ്രകമ്പനം കൊള്ളിച്ച ആ പരമ്പരയുടെ വിശദാംശങ്ങളും അതിൽ ഉൾപ്പെടുത്താൻ കഴിയാതെ പോയ വസ്തുതകളും ചേർത്ത് എം എസ് മണി “കാട്ടുകള്ളന്മാർ” എന്ന് പേരിൽ എഴുതിയ പുസ്തകം ഏറെ കോളിളക്കം സൃഷ്ടിച്ചു. കേരള കൗമുദിക്കെതിരെ സർക്കാർ പ്രതികാര നടപടികൾ സ്വീകരിച്ചു. വനം മന്ത്രി കെ ജി അടിയോടിക്ക് രാജിവെക്കേണ്ടി വന്നു.

ഇതൊക്കെ സംഭവിച്ചിട്ടും കേരളത്തിൽ വനംകൊള്ള പിന്നെയും തുടർന്നു, റിപ്പോർട്ട് ചെയ്യപ്പെട്ടതും അല്ലാതെയുമുള്ള പലതരം മരംകൊള്ളകൾ, സെലക്ഷൻ ഫെല്ലിങ് എന്ന ഓമനപ്പേരിൽ നടത്തിയ ക്ലിയർ ഫെല്ലിങ് ശ്രമങ്ങളൊക്കെ കേരളത്തിന് മുന്നിലുണ്ട്.

മുച്ചിക്കുണ്ട്, തിരുവിഴാംകുന്ന്, പഞ്ചാരക്കൊല്ലി, ജീരകപ്പാറ, പേരിയ തുടങ്ങി ഇപ്പോൾ മുട്ടിൽ മരംമുറി എന്നറിയപ്പെടുന്ന, കേരളത്തിലെ ആറോളം ജില്ലകളിൽ, പലയിടങ്ങളിൽ സർക്കാർ ഒത്താശയോടെ മരം മുറിക്ക് അനുമതി നൽകി വിവാദമായ സംഭവം വരെ എത്തി നിൽക്കുന്നു.

ഇ. കെ. നായനാർ മൂന്നാമതും മുഖ്യമന്ത്രിയായ 1996- 2001 കാലത്ത് മന്ത്രിസഭയിലെ സി പി ഐ നേതാവ് കെ. ഇ. ഇസ്മായിൽ റവന്യൂ മന്ത്രിയായിരിക്കെ നടന്ന സംഭവമാണ് കേരളത്തിൽ മരംമുറി സംബന്ധിച്ച് വലിയ വിവാദമുണ്ടായ മറ്റൊരു സംഭവം. വയനാട്ടിലെ പേര്യയിൽ നടന്ന മരം മുറിയായിരുന്നു ഈ വിവാദത്തിന് കാരണമായത്.

illegal tree felling case, Muttil illegal tree felling case, wayanad illegal tree felling, kerala high court, high level enquiry on Muttil illegal tree felling, pinarayi vijayn, wayanad illegal tree felling case, police probe on Muttil illegal tree felling, kerala forest department, ie malayalam

ഇത് സംബന്ധിച്ച് അന്ന് സീനിയർ ഐഎ എസ് ഉദ്യോഗസ്ഥനായ ജിജി തോംസൺ നൽകിയ റിപ്പോർട്ട് ഏറെക്കാലം വെളിച്ചം കാണുക പോലും ഉണ്ടായില്ല. അന്ന് വനം വകുപ്പ് ഭരിച്ചിരുന്നത് ജനതാദൾ ആയിരുന്നു. ഇപ്പോൾ വീണ്ടും വിവാദം വരുമ്പോൾ ആദ്യ പിണറായി സർക്കാരിലെ റവന്യൂ, വനം വകുപ്പുകൾ ഭരിച്ചത് സി പി ഐ നേതാക്കളായിരുന്നു.

റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും വനം മന്ത്രി കെ. രാജുവുമായിരുന്നു. ഇപ്പോഴും റവന്യൂ വകുപ്പ് സി പി ഐയുടെ കെ. രാജനാണ്. വനം സി പി ഐ വിട്ടുകൊടുക്കകയും എൻ സി പി നേതാവ് എ.കെശശീന്ദ്രൻ മന്ത്രിയാവുകയും ചെയ്തു.

തുടർഭരണവുമായി സർക്കാർ അധികാരമേറ്റെടുത്ത് ആഴ്ചകൾക്കുള്ളിൽ പൊട്ടിപ്പുറപ്പെട്ടതാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഉണ്ടായ നടപടികൾ വിവാദമാകുന്നത്. എന്താണ് ഇപ്പോഴത്തെ മരംമുറിയും അത് സംബന്ധിച്ച വിഷയങ്ങളും?

എന്താണ് മരംമുറി വിവാദം?

2020 ഒക്ടോബർ 24 ന് റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലക് ഇറക്കിയ ഉത്തരവും അതുമായി ബന്ധപ്പെട്ട നടപടികളുമാണ് മരംമുറി വിവാദത്തിന് കാരണമാകുന്നത്. 1964-ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം പതിച്ച് നൽകിയ ഭൂമിയിൽ കർഷകർ വെച്ച് പിടിപ്പിച്ചതും സ്വമേധയാ കിളിർത്തുവന്നതുമായ മരങ്ങൾ മുറിക്കാൻ കർഷകർക്ക് തന്നെ അവകാശം നൽകികൊണ്ടുള്ള ഉത്തരവാണിത്. ഭൂമി പതിച്ച് നൽകുന്ന സമയത്ത് വൃക്ഷ വില അടച്ച് റിസർവ് ചെയ്തതതിൽ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും അവകാശം കർഷകർക്ക് മാത്രമാണെ ന്നും അപ്രകാരമുള്ള മരങ്ങൾ അവർക്ക് മുറിക്കാവുന്നതാണെന്നും അതിന് പ്രത്യേകിച്ച് ആരുടെയെങ്കിലും അനുവാദം വാങ്ങേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

കൂടാതെ, അപ്രകാരമുള്ള മരങ്ങൾ മുറിക്കുന്നതിന് തടസപെടുത്തുന്ന രീതിയിൽ ഉത്തരവുകൾ പാസാക്കുന്നതോ, നേരിട്ട് ഇടപെടുന്നതോ ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കി അങ്ങനെയുള്ള ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു. ഈ ഉത്തരവിന്റെ മറവിൽ വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഭൂമിയിൽ സർക്കാരിലേക്ക് റിസർവ് ചെയ്ത മരങ്ങൾ വ്യാപകമായി മുറിച്ചുവെന്നും നിക്ഷിപ്ത വനഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ച് നീക്കിയെന്നും വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ യാണ് പുറംലോകം വിഷയം അറിയുന്നത്. വയനാട്ടിലെ മുട്ടിൽ മരം മുറിയായിരുന്നു പ്രധാന വിവാദ വാർത്ത. എന്നാൽ തൃശൂർ, ഇടുക്കി, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളിലും ഉത്തരവിന്റെ മറവിൽ മരങ്ങൾ മുറിച്ചു.

ഭൂപതിവ് ചട്ടം കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?

കേരളത്തിലെ ഭൂമി കൈമാറ്റം സംബന്ധിച്ച് സർക്കാർ കൊണ്ടുവന്ന നിയമമാണ് 1964 ലെ ഭൂ പതിവ് ചട്ടം. ഭൂമി പതിച്ച് നൽകുന്നതിന് ഉള്ള നിയമമാണ് ഇത്. ഈ നിയമപ്രകാരം പലതരത്തിലുള്ള ഭുമി പല തരത്തിൽ പതിച്ച് നൽകാറുണ്ട്. ഇതിൽ പട്ടയമായി നൽകുന്ന ഭൂമിയിൽ ഉപാധികളോടയായിരിക്കും നൽകുക. ഇങ്ങനെ പട്ടയമായി നൽകുന്ന ഭൂമിയിലെ ഉപാധികളിൽ പലകാലങ്ങളിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂമി പണയം വെക്കൽ, കൈമാറ്റം ചെയ്യുന്നതിനുള്ള കാലപരിധി തുടങ്ങിയ കാര്യങ്ങൾ ഇവയിൽ ഉൾപ്പെടുന്നു. അതുപോലെ തന്നെ ഈ ഭൂമിയിലെ മരങ്ങൾ സംബന്ധിച്ചും അവ മുറിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്.

മുറിക്കാൻ പാടില്ലാത്ത മരങ്ങൾ ഏതെല്ലാമാണ്?

1964 ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം പതിച്ച് നൽകിയ ഭൂമിയിൽ ഒരുകാരണവശാലും വൃക്ഷ വില അടച്ച് പോലും കർഷകന് റിസർവ് ചെയ്യാനും മുറിക്കാനും സാധിക്കാത്ത രാജകീയ വൃക്ഷങ്ങളിൽപട്ട ഈട്ടിയും തേക്കും എബണി (കരിമരം)യും ചന്ദനവും. ചന്ദനം ഒഴികെ എല്ലാ മരവും മുറിക്കാമെന്ന് ഉത്തവിൽ പറഞ്ഞു.

അതിൽ ഏതൊക്കെ മരം മുറിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്?

വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ തേക്ക്, ഈട്ടി മരങ്ങളാണ് മുറിച്ചത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചന്ദനം ഒഴികെ എല്ലാമരവും മുറിക്കാമെന്ന് ഉത്തരവിൽ പറഞ്ഞതോടെ ഈട്ടിയും തേക്കും എബണിയും വ്യാപകമായി മുറിച്ച് തള്ളി. കർഷകരിൽ നിന്ന് അപേക്ഷക്കുള്ള അവകാശം വാങ്ങി പുറത്ത് നിന്നുള്ള ലോബിയായിരുന്നു ഇതിന് പിന്നില്ലെന്ന് തെളിഞ്ഞു.

മരം മുറിക്കാനുള്ള അനുമതി എങ്ങനെയാണ് നൽകിയത്?

1964 ലെ ഭൂമി പതിവ് ചട്ടം പ്രകാരം പതിച്ച് കിട്ടിയ ഭൂമിയിൽ കർഷകർക്ക് മുറിക്കാവുന്ന 76 ഇനം മരങ്ങളിൽപെട്ട, ‘വൃക്ഷ വില’ അടച്ച് കർഷകർക്ക് രേഖാമൂലം റിസർവ് ചെയ്ത മരങ്ങൾ പോലും മുറിക്കാൻ വനം ഉദ്യോഗ സ്ഥർ തടസപെടുത്തുകയും അനുമതി നിഷേധിക്കുകയും ചെയ്യുന്നുവെ ന്ന പരാതി കർഷക സംഘടനകളും ജനപ്രതിനിധികളും കാലങ്ങളായി ഉന്നയിച്ചിരുന്നു.

2016 ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി എൽ ഡി എഫ് സർക്കാർ അധികാരമേറ്റ ശേഷം 2017 മുതൽ 10 സർവകക്ഷി യോഗങ്ങൾ ചേർന്നു. 2017 മാർച്ച് 27 ന് അടക്കം വിവിധ തീയതികളിലായിരുന്നു മുഖ്യമന്ത്രി യുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗങ്ങൾ ചേർന്നത്. ഈ യോഗങ്ങ ളിൽ ഈ വിഷയം ഉന്നയിക്കപെട്ടു. തുടർന്ന് 2017 ഓഗസ്റ്റ് 17 ന് SRO No: 621/2017 പ്രകാരം 1964 ലെ ഭൂമി പതിവ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തി. കർഷകർ നട്ടു വളർത്തിയ ചന്ദനം ഒഴികെയുള്ള മരങ്ങളുടെ അവകാശം കർഷകനാണെന്ന വ്യവസ്ഥ ഉൾപ്പെടുത്തി. എന്നാൽ, ഇതിന് ശേഷവും മരങ്ങൾ മുറിക്കുന്നതിന് എതിരെ ഉദ്യോഗസ്ഥർ ഉത്തരവിടുന്നു, തടസപ്പെടുത്തുന്നുവെന്ന ആക്ഷേപം ഉയർന്നുവെന്നാണ് റവന്യൂ വകുപ്പ് വിശദീകരണം. തുടർന്ന് 2020 മാർച്ച് 11ന് അന്നത്തെ റവന്യൂ സെക്രട്ടറി ഡോ. വേണു ഒരു സർക്കുലർ ഇറക്കി. ‘കർഷകൻ നട്ടു വളർത്തിയതും പട്ടയ ഭൂമിയിൽ നിലനിർത്തിയതുമായ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും ഉടമസ്ഥാവകാശം പട്ടാധാർക്കാണ്’ എന്നായിരുന്നു സർക്കുലറിന്റെ ഉള്ളടക്കം.

അതിന് ശേഷം 2020 ഒക്ടോബർ 24 ന് അഡീഷനൽ ചീഫ് സെക്രട്ടറി കൂടിയായ നിലവിലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക് ഇറക്കിയ ഉത്തരവാണ് വിവാദ മരംമുറിയിലേക്ക് നയിച്ചത്. ‘1964 ലെ ചട്ടങ്ങൾ പ്രകാരം പതിച്ച് നൽകിയ ഭൂമിയിൽ കർഷകർ വെച്ച് പിടിപ്പിച്ച തും കിളിർത്ത് വന്നതും പതിച്ച് ലഭിക്കുന്ന സമയത്ത് വൃക്ഷ വില അടച്ച് റിസർവ് ചെയ്തതുമായ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും അവ കാശം കർഷകർക്ക് മാത്രമാണെന്നും അപ്രകാരമുള്ള മരങ്ങൾ അവർക്ക് മുറിക്കാൻ പ്രത്യേകിച്ച് ആരുടെയെങ്കിലും അനുവാദം വാങ്ങേണ്ടതില്ലെ ന്നും’ ഉത്തരവിൽ വ്യക്തമാക്കി. കൂടാതെ ‘അപ്രകാരമുള്ള മരങ്ങൾ മുറിക്കുന്നതിന് തടസപ്പെടുത്തുന്ന രീതിയിൽ ഉത്തരവുകൾ പാസാക്കു ന്നതോ നേരിട്ട് തടസപെടുത്തുന്നതോ ഗുരുതര കൃത്യവിലോപമായി കണക്കാക്കി അങ്ങനെയുള്ള ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടി കൾ സ്വീകരിക്കു’മെന്നും ജയതിലക് ഇറക്കിയ ഉത്തരവിൽ പറഞ്ഞു. ഇതോടെ മുറിക്കാൻ അനുവാദമില്ലാത്ത മരങ്ങൾ മുറിച്ച് തള്ളുന്നതിനുള്ള തടസം നീങ്ങി.

ഏതൊക്കെ മരം മുറിക്കാനാണ് അനുമതി നൽകിയത് ?

1964 ലെ ചട്ടത്തിന്റെ അനുബന്ധം മൂന്നിലെ പാർട്ട് എ യിലും ബി യിലും ഉൾപെടുത്തിയിട്ടുള്ള 76 ഇനം മരങ്ങളിൽ തങ്ങൾക്ക് ആവശ്യമുള്ളവ ‘വൃക്ഷ വില’ അടച്ച് കർഷകർക്ക് രേഖാമൂലം തങ്ങളുടെ ആവശ്യത്തിന് റിസർവ് ചെയ്യാം. ഈ 76 ഇനം മരങ്ങളിൽ പ്ലാവ്, ആഞ്ഞിൽ, പുളി, മാവ്, തെങ്ങ്, കമുക് തുടങ്ങിയവ ഉൾപ്പെടും.

അനുമതി നൽകാത്ത മരം മുറിച്ചോ?

ഇങ്ങനെ കർഷകർക്കായി റിസർവ് ചെയ്യുന്ന മരങ്ങളിൽ ചന്ദനം, ഈട്ടി, തേക്ക്, എബണി (കരിമരം) എന്നിവ ഉൾപ്പെടുത്താൻ വ്യവസ്ഥയില്ല. ഇങ്ങനെ നിക്ഷിപ്തമാക്കപെട്ട ഈട്ടിയും തേക്കുമാണ് ധാരാളം മുറിച്ചതെ ന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത്.

നിലവിലുണ്ടായിരുന്ന ഏത് നിയമത്തെ മറികടന്നാണ് മരം മുറിക്കാൻ അനുമതി നൽകിയത്?

ഒരിക്കലും വൃക്ഷ വില അടച്ച് റിസർവ് ചെയ്യാൻ സാധിക്കാത്ത മരങ്ങളാണ് ഇവ. ഭൂമി പതിച്ച് നൽകുമ്പോൾ ഭൂമിയിൽ നിലനിൽക്കുന്ന ഈ നാല് മരങ്ങളും 1964 ലെ ചട്ടങ്ങളിലെ ഷെഡ്യൂളിൽപെടുത്തി സർക്കാറിൽ നിക്ഷിപ്തമാക്കപ്പെടുന്നു. അതിനെയാണ് ഇവിടെ മറികടന്നത്.

മരം മുറിക്കാൻ അനുമതി നൽകാൻ സർക്കാർ പറയുന്ന കാരണം എന്താണ് ?

കർഷകർ വൃക്ഷവില അടച്ച് രേഖാമൂലം റിസർവ് ചെയ്ത മരങ്ങൾ പോലും മുറിക്കാൻ ചില ഉദ്യോഗസ്ഥർ തടസപെടുത്തുകയും അനുമതി നിഷേധിക്കുകയും ചെയ്യുന്നുവെന്നും അത് പരിഹരിക്കണമെന്നും വിവിധ കർഷക സംഘടനകളുടെയും ജനപ്രതിനിധികളുടെയും ആവശ്യത്തെ തുടർന്നാണ് എന്നാണ് ഔദ്യോഗിക വിശദീകരണം.

ഇതിൽ റവന്യു,വനം വകുപ്പുകളുടെ റോൾ എന്താണ്?

റവന്യൂ വകുപ്പ് : മുറിച്ചിട്ട മരങ്ങൾ നീക്കാൻ പല സ്വകാര്യ വ്യക്തികളും റേഞ്ച് ഓഫീസർമാർക്ക് അപേക്ഷ കൊടുത്തു. റവന്യൂ വകുപ്പിന്റെ സാക്ഷ്യപത്രത്തിൽ ഈ ഭൂമിയിലെ നിജസ്ഥിതി രേഖപെടുത്തിയിരുന്നു. പക്ഷേ മരങ്ങൾ സർക്കാറിൽ നിക്ഷിപ്തമാണോ അല്ലയോ എന്ന കാര്യം വ്യക്തമായി സൂചിപ്പിച്ചിരുന്നില്ല. ആവർത്തിച്ച് ചോദിച്ചിട്ടും റവന്യൂവകുപ്പ് മറുപടി നൽകിയതുമില്ല.

വനം വകുപ്പ് : ഇതിനെ തുടർന്ന് വനം വകുപ്പ് അപേക്ഷകൾ നിരസിച്ചു. തടി കൊണ്ടുപോകാൻ അനുമതി നൽകിയില്ല.

ഡോ. വേണു. ജയതിലക് തുടങ്ങിയ റവന്യൂ സെക്രട്ടറിമാരുടെ ഉത്തരവുകളിലെ വിവാദ ഉള്ളടക്കം എന്താണ്?

2020 മാർച്ച് 11 ന് അന്നത്തെ റവന്യൂ സെക്രട്ടറി ഡോ. വേണു ഒരു സർക്കുലർ ഇറക്കി. ‘കർഷകൻ നട്ടു വളർത്തിയതും പട്ടയ ഭൂമിയിൽ നിലനിർത്തിയതുമായചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും ഉടമസ്ഥാവകാശം പട്ടാധാർക്കാണ്’ എന്നായിരുന്നു സർക്കുലറിന്റെ ഉള്ളടക്കം. എന്നാൽ ഇതിൽ അവ്യക്തത ഉണ്ടെന്ന് കാണിച്ച് വനം വകുപ്പ് നിലപാട് സ്വീകരിച്ചു. ഈ നിലപാട് റവന്യൂവകുപ്പിനെ വനം വകുപ്പ് കൺസർവേറ്റർ അറിയിക്കുകയും ചെയ്തു.

ഇതേ തുടർന്നാണ് 2020 ഒക്ടോബർ 24 ന് അഡീഷനൽ ചീഫ് സെക്രട്ടറി കൂടിയായ നിലവിലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക് ഇറക്കിയ ഉത്തരവിൽ മരങ്ങൾ മുറിക്കുന്നതിന് തടസപെടുത്തുന്ന രീതിയിൽ ഉത്തരവുകൾ പാസാക്കുന്നതോ നേരിട്ട് തടസപ്പെടുത്തുന്നതോ ഗുരുതര കൃത്യവിലോപമായി കണക്കാക്കി അങ്ങനെയുള്ള ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കൂടി മുന്നറിയിപ്പ് നൽകി. ഇത് വനംവകുപ്പ് ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാഴ്ത്താൻ എന്നാണ് വിമർശനം. അതിനെ ശരിവെക്കുന്നതാണ് കേരളത്തിൽ നടന്ന സംഭവവികാസങ്ങൾ.

റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജയതിലക് ആദ്യ ഉത്തരവ് പിൻവലിച്ച സാഹചര്യം എന്താണ്?

സർക്കാറിൽ നിക്ഷിപ്തമായ മുറിക്കാൻ അനുവാദമില്ലാത്ത വൃക്ഷങ്ങളിൽ പെട്ട തേക്കും ഈട്ടിയും വ്യാപകമായി മുറിച്ചത് പുറത്ത് വന്നതിനെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചത്. ‘ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് പട്ടയത്തിലെ ഷെഡ്യൂൾ പ്രകാരം റിസർവ് ചെയ്തിരുന്ന മരങ്ങളും മുറിക്കുന്നതായുള്ള പരാതികൾ സർക്കാറിന്റെ ശ്രദ്ധയിൽപെട്ടതിനാലും പതിച്ച് നൽകുന്ന ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതും അതിന്റെ നിബന്ധനകളും 1964 ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം പതിച്ച് നൽകിയ പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ സംബന്ധിച്ച നിർദ്ദേശ ങ്ങൾ ഉൾപ്പെടുത്തി പുറപ്പെടുവിച്ച പരാമർശവും ഉത്തരവും റദ്ദ്’ ചെയ്യുന്നതായി 2021 ഫെബ്രുവരി രണ്ടിന് ഇറക്കിയ ഉത്തരവിൽ പറയുന്നു.

ഈ വിവാദത്തിൽ ഉൾപ്പെടുന്ന പ്രധാനികൾ ആരെല്ലാം ?

സി പി ഐ യുടെ മുതിർന്ന നേതാവും ഒന്നാം പിണറായി വിജയൻ സർക്കാരിലെ റവന്യൂ മന്ത്രിയുമായിരുന്ന ഇ. ചന്ദ്രശേഖരൻ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക്, വിവിധ ജില്ലകളിൽ മരം വെട്ടലിന് സഹായം ചെയ്ത റവന്യൂ ഉദ്യോഗസ്ഥർ. ഉത്തരവിലേക്ക് നയിച്ച രാഷ്ട്രീയ സമ്മർദ്ദ ശക്തികളായ രാഷ്ട്രീയ നേതാക്കൾ. മരംവെട്ടിന് നേതൃത്വം നൽകിയ വ്യക്തികൾ എന്നിവരാണ് ഈ വിവാദത്തിലെ ഭാഗമായത്.

Munnar, Munnar land acquisition, Munnar land scam, Kerala Revenue Department, Revenue Minister E Chandrasekharan

ഇത് സംബന്ധിച്ച് മന്ത്രിമാർ മുൻപ് എന്തെങ്കിലും നിലപാട് സ്വീകരിച്ചിട്ടുണ്ടോ?

1964 ലെ ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്തപ്പോഴും പതിച്ച് നൽകുന്ന ഭൂമിയിലെ സംരക്ഷിത മരങ്ങൾ വനം വകുപ്പിന്റെ അനുമതിയില്ലാതെ മുറിക്കാൻ അനുവാദം നൽകിയിരുന്നില്ലെന്ന് 2019 നവംബർ 21 ന് നിയമസഭയിൽ അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ചേദ്യോത്തരവേളയിൽ നക്ഷത്രചിഹ്നമിട്ട ചോദ്യത്തിന് നൽകിയ മറുപടിയിൽ ഭൂമി കൈമാറ്റം ചെയ്യുന്നതിലും ധനകാര്യ സ്ഥാപനങ്ങളിൽ ഭൂമി ഈട് വെച്ച് വായ്പ എടുക്കുന്നതിന് ആണ് ഇളവ് നൽകിയതെന്നും വ്യക്തമാക്കി. സി പി ഐയുടെ എം എൽ എ മാരായ ഇ.കെ. വിജയൻ, സി ദിവാകരൻ, ഗീതാഗോപി, ഇ.ടി ടൈസൺ എന്നിവരാണ് ചോദ്യം ചോദിച്ചത്.

2017 ആഗസ്റ്റ് 17 ലെ ഉത്തരവ് പ്രകാരം പട്ടയം നൽകുന്ന ഭൂമിയിലെ മരങ്ങളുടെ അവകാശം 1964 ലെ കേരള ഭൂമി പതിവ് ചട്ടം 10(3) പ്രകാരവും 1986ലെ കേരള പ്രിസർവഷേൻ ഓഫ് ട്രീസ് ആക്ടിലെ നാല്, 22 വകുപ്പുകൾ പ്രകാരവുമാണ്. 1986 ലെ നിയമത്തിൽ വൃക്ഷം എന്ന് നിർവചിച്ചിട്ടുള്ള 10 മരങ്ങൾ ഒഴികെയുള്ള മരങ്ങൾ വനം വകുപ്പിന്റെ അനുവാദം കൂടാതെയും നിയമത്തിൽ ഉൾപെടുന്ന 10 മരങ്ങൾ വനംവകുപ്പിന്റെ അനുവാദ ത്തോടെയും മുറിക്കാവുന്നതാണെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയെന്നും മന്ത്രി സഭയിൽ പറഞ്ഞു.

അതേപോലെ 2019 നവംബർ ആറിന് നിയമസഭയിൽ ‘പട്ട ഭൂമിയിൽ കർഷകർ വെച്ചു പിടിപ്പിച്ചിട്ടുള്ള മരങ്ങൾ മുറിച്ച് മാറ്റാനുള്ള അവകാശം അവയുടെ ഉടമസ്ഥർക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ടോ’ എന്ന കോൺഗ്രസ് എം എൽ എയായ വി.ടി.ബലറാമിന്റെ ചോദ്യത്തിന് , 2017 ല ഭേദഗതികൾ എടുത്ത് പറഞ്ഞ് വനം മന്ത്രി കെ. രാജു തേക്ക്, ഈട്ടി, എബണി, ചന്ദനം എന്നീ മരങ്ങൾ വിലയടച്ചോ അടയ്ക്കാതെയോ സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നില്ലെന്നാണ് മറുപടി നൽകിയത്.

വിവാദങ്ങളെ തുടർന്ന് മാധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിൽ റവന്യൂ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ, ‘ഒരിക്കലും വൃക്ഷ വില അടച്ച് കർഷകന് റിസർവ് ചെയ്യാൻ സാധിക്കാത്ത മരങ്ങളാണ് ഈട്ടിയും തേക്കും എബണിയും ചന്ദനവും എന്ന് വ്യക്തമാക്കി. ഭൂമി പതിച്ച് കൊടുക്കുമ്പോൾ ഭൂമിയിൽ നിലനിൽക്കുന്ന ഈ നാല് മരങ്ങളും 1964 ലെ ചട്ടങ്ങളിലെ ഷെഡ്യൂളിൽ പെടുത്തി സർക്കാറിൽ നിക്ഷിപ്തമാക്കപെടുന്നു’ എന്നും വ്യക്തമാക്കി.

ഇപ്പോൾ എന്ത് നിലപാടാണ് മുഖ്യമന്ത്രി, മുൻറവന്യൂമന്ത്രി, പുതിയ റവന്യൂമന്ത്രി എന്നിവർ സ്വീകരിക്കുന്നത്?

2020 ഒക്ടോബർ 24 ലെ ഉത്തരവിൽ ദുർവ്യാഖ്യാനത്തിന് പഴുതില്ലെന്ന നിലപാടാണ് മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും നിലവിലെ റവന്യൂ മന്ത്രി കെ. രാജനും സ്വീകരിക്കുന്ന നിലപാട്. റവന്യൂ വകുപ്പിന് വീഴ്ചയുണ്ടായിട്ടി ല്ലെന്നും എല്ലാ വകുപ്പുകൾക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നും മന്ത്രി രാജൻ പറയുന്നു. അതേസമയം ഉത്തരവ് സദുദ്ദേശപരമാണെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. കർഷകരെ സഹായിക്കാൻ ഇറക്കിയ ഉത്തരവിനെ ചിലർ തെറ്റായി ഉപയോഗിക്കുകയും വൻതോതിൽ മരം മുറിക്കുകയും ചെയ്തു. ഇവർക്ക് എതിരെ ശക്തമായ നടപടി ഉണ്ടാവും. ‘ഉപ്പ് തിന്നവർ വെള്ളം കുടിക്കേണ്ടി വരും’ എന്ന ചൊല്ല് മറ്റ് പല വിഷയങ്ങളിലെന്ന പോലെ ഇവിടെയും അദ്ദേഹം പറഞ്ഞു.

മരംകൊള്ള കാരണം സംസ്ഥാനത്തിനുണ്ടായ നഷ്ടം എത്ര?

വിവിധ ജില്ലകളിൽ പട്ടയഭൂമിയിൽ നടത്തിയ മരംകൊള്ളയിൽ സംസ്ഥാന ഖജനാവിന് ഏകദേശം 250 കോടിയുടെ നഷടമുണ്ടായെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. 1964 ലെ ഭൂമി പതിവ് ചട്ട പ്രകാരം പതിച്ച് നൽകിയ ഭൂമിയിൽ കർഷകന് അവകാശമില്ലെന്ന് വ്യവസ്ഥ ചെയ്തിരുന്ന ചന്ദനം, ഈട്ടി, തേക്ക്, എബണി മരങ്ങളിൽ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കുകയായിരുന്നു റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിലൂടെ സംഭവിച്ചത്. ഇതാണ് ഇത്രയധികം സാമ്പത്തിക നഷ്ടം ഉണ്ടാകാനുള്ള കാരണമെന്നാണ് വിലയിരുത്തൽ.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Kerala illegal tree felling controversy muttil timber scam

Next Story
ഫെയ്‌സ്ബുക്കിന് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ത്?facebook down, ഫെയ്സ്ബുക്ക് തകരാറിൽ, വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക്, whatsapp down, Instagram down, facebook outage Explained, Explained news, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com