വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ ആക്ഷേപകരമായ പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് ഹൈക്കോടതി. പോക്സോ നിയമത്തിലെയും ഐടി നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം റജിസ്റ്റര്‍ ചെയ്ത കേസില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെതിരായ കുറ്റപത്രം റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്.
എന്താണ് കേസ്?
ആലപ്പുഴ ചേര്‍ത്തല സ്വദേശി മാനുവലി(22)നെതിരായ കുറ്റപത്രമാണ് ഹൈക്കോടതി റദ്ദാക്കിയത്. മാനുവല്‍, രൂപീകരിച്ചതും അഡ്മിനുമായ ‘ഫ്രണ്ട്‌സ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ 2020 മാര്‍ച്ച് 29 നായിരുന്നു കേസിനാസ്പദമായ സംഭവം. ലൈംഗികത പ്രകടമാക്കുന്ന പ്രവൃത്തിയില്‍ കുട്ടികള്‍ ഏര്‍പ്പെടുന്നതായി കാണിക്കുന്ന വീഡിയോ ഒരു അംഗം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
വീഡിയോ പോസ്റ്റ് ചെയ്തയാളെ ഒന്നാം പ്രതിയാക്കി, ഐടി നിയമത്തിലെ 67 ബി (എ) (ബി), (ഡി) വകുപ്പുകളും പോക്‌സോ നിയമത്തിലെ 13, 14, 15 വകുപ്പുകളും പ്രകാരം എറണാകുളം സിറ്റി പൊലീസ് കേസെടുത്തു. തുടര്‍ന്ന് ഗ്രൂപ്പിനു രൂപം നല്‍കിയ ആളെന്ന നിലയില്‍ മാനുവലിനെ രണ്ടാം പ്രതിയാക്കി പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗ്രൂപ്പിന്റെ അഡ്മിന്‍ എന്ന നിലയില്‍ തന്നെ പ്രതിയാക്കിയതിനെതിരെ മാനുവല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അഡ്മിന്റെ പരോക്ഷ ഉത്തരവാദിത്തം
ഹര്‍ജിക്കാരനായ അഡ്മിന്, ഗ്രൂപ്പിലെ അംഗങ്ങളുടെ പ്രവൃത്തിയില്‍ പരോക്ഷമായ ഉത്തരവാദിത്തമോ അതോ ഉത്തരവാദിയോ ആകുമോയെന്നാണ് കോടതി പരിശോധിച്ചത്. പരോക്ഷ ഉത്തരവാദിത്തം പറയുന്ന പ്രത്യേക ശിക്ഷാ നിയമത്തിന്റെ അഭാവത്തില്‍, ഒരു ഗ്രൂപ്പ് അംഗത്തിന്റെ ആക്ഷേപകരമായ പോസ്റ്റിന് വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനെ ഉത്തരവാദിയാക്കാന്‍ കഴിയില്ല. ഗ്രൂപ്പിലെ ഒരു അംഗത്തിന്റെ പോസ്റ്റിന് ഏതെങ്കിലും മെസേജിങ് സേവനത്തിന്റെ അഡ്മിന്‍ ബാധ്യസ്ഥനാകുന്ന ഒരു നിയമവുമില്ല. ഐടി ആക്ട് പ്രകാരം ഒരു വാട്ട്സ്ആപ്പ് അഡ്മിന് ഇടനിലക്കാരനാകാന്‍ കഴിയില്ല. അഡ്മിന്‍ ഒരു രേഖയും സ്വീകരിക്കുകയോ കൈമാറുകയോ ചെയ്യുന്നില്ല. അല്ലെങ്കില്‍ അത്തരം രേഖയുമായി ബന്ധപ്പെട്ട് ഒരു സേവനവും നല്‍കുന്നില്ല.
അഡ്മിനും ഗ്രൂപ്പ് അംഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എന്താണ് കോടതി പറഞ്ഞത്?
‘ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനും അംഗങ്ങളും തമ്മില്‍ യജമാന-സേവക അല്ലെങ്കില്‍ പ്രധാനി-കാര്യസ്ഥന്‍ ബന്ധമില്ല. ഗ്രൂപ്പിലെ മറ്റാരുടെയെങ്കിലും പോസ്റ്റിന് അഡ്മിനെ ഉത്തരവാദിയാക്കുന്നത് ക്രിമിനല്‍ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കു വിരുദ്ധമാണ്. ഒരു വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ മറ്റ് അംഗങ്ങളേക്കാള്‍ ആസ്വദിക്കുന്ന ഒരേയൊരു പ്രത്യേകാവകാശം, ഗ്രൂപ്പില്‍ ആരെയെങ്കിലും ചേര്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്യാമെന്നതാണ്. അഡ്മിന് അംഗങ്ങള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ ഒരു നിയന്ത്രണവുമില്ല. സന്ദേശങ്ങള്‍ നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ അഡ്മിനു കഴിയില്ല.
എന്താണ് പരോക്ഷ ഉത്തരവാദിത്തം?
പൊതുനിയമ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുള്ള കര്‍ശനവും ദ്വിതീയവുമായ ഉത്തരവാദിത്തത്തിന്റെ ഒരു രൂപമാണ് പരോക്ഷ ഉത്തരവാദിത്തം. കീഴുദ്യോഗസ്ഥന്റെ പ്രവൃത്തികള്‍ക്കുള്ള മേലുദ്യോഗസ്ഥന്റെ ഉത്തരവാദിത്തം അല്ലെങ്കില്‍ വിശാലമായ അര്‍ത്ഥത്തില്‍, മറ്റൊരാളുടെ തെറ്റായ പ്രവൃത്തികള്‍ക്ക് ഒരു വ്യക്തിയുടെമേല്‍ ചുമത്തുന്ന ഉത്തരവാദിത്തം. അത്തരമൊരു ഉത്തരവാദിത്തം സാധാരണയായി ഉണ്ടാകുന്നത് രണ്ടും തമ്മിലുള്ള, ചില അല്ലെങ്കില്‍ മറ്റേതെങ്കിലും നിയമപരമായ ബന്ധം മൂലമാണ്. ഇത് പലപ്പോഴും സിവില്‍ നിയമത്തിന്റെ പശ്ചാത്തലത്തില്‍ സംഭവിക്കുന്നു, ഉദാഹരണത്തിന് തൊഴില്‍ കേസുകളില്‍. ഒരു ക്രിമിനല്‍ പശ്ചാത്തലത്തില്‍, മറ്റൊരാള്‍ ചെയ്ത തെറ്റായ പ്രവൃത്തികള്‍ക്ക് ഒരു വ്യക്തിക്കു ക്രിമിനല്‍ ഉത്തരവാദിത്തമുണ്ടാകുന്നു.
സമാന വിധികള്‍ പറയുന്നത് എന്ത്?
ഗ്രൂപ്പിലെ ഏതെങ്കിലും അംഗം നടത്തുന്ന അപകീര്‍ത്തികരവും പ്രസ്താവനകള്‍ക്ക് അഡ്മിനെ ബാധ്യസ്ഥനാക്കാന്‍ കഴിയില്ലെന്ന് 2016ലെ ആശിഷ് ഭല്ല- സുരേഷ് ചൗധരി കേസില്‍ ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. ആര്‍ രാജേന്ദ്രന്‍ എന്നയാള്‍ പൊലീസിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ കഴിഞ്ഞവര്‍ഷം ഡിസംബര്‍ 15നു മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ചതാണ് മറ്റൊരു വിധി. വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്് അതല്ലാത്ത മറ്റൊരു പങ്കുമില്ലെങ്കില്‍ അദ്ദേഹത്തിന്റെ പേര് അന്തിമ അന്വേഷണ റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥ്‌ന് കോടതി നിര്‍ദേശം നല്‍കി.
ഒരു അംഗം വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല പോസ്റ്റ് ഷെയര്‍ ചെയ്തതില്‍ അഡ്മിന്റെ ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതി സമാനമായ പ്രശ്നം കൈകാര്യം ചെയ്തു. മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ കിഷോര്‍ ചിന്താമന്‍ തരോണ്‍ സമര്‍പ്പിച്ച കേസിലായിരുന്നു ഇത്. പൊതു ഉദ്ദേശ്യമോ ഗ്രൂപ്പ് അഡ്മിനും അംഗവും തമ്മില്‍ ആസൂത്രിതമായ പദ്ധതിയോ ഉണ്ടെന്ന് വ്യക്തമാകുന്നില്ലെങ്കില്‍ ആക്ഷേപകരമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്ന അംഗത്തിന്റെ പ്രവൃത്തിക്ക് ഗ്രൂപ്പ് അഡ്മിനെ ഉത്തരവാദിയാക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ ഉത്തരവ്.