/indian-express-malayalam/media/media_files/uploads/2023/08/manichan-sasidharan-kartha-explained.jpg)
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്കും വീണയുടെ കമ്പനിയായ എക്സലോജിക്ക് സൊലൂഷൻസ് എന്ന ഐ ടി കമ്പനിക്കും മൂന്ന് വർഷത്തിനിടെ 1.72 കോടി രൂപ നൽകിയതാണ് പുതിയ വിവാദത്തിന് വഴിതെളിച്ചത്
കേരള രാഷ്ട്രീയ രംഗത്തെ പിടിച്ചു കുലുക്കി 23 വർഷത്തിന് ശേഷം വീണ്ടുമൊരു മാസപ്പടിക്കേസ് വിവാദമാവുകയാണ്. 23 വർഷങ്ങൾക്ക് മുമ്പ് 2000 ഒക്ടോബറിൽ കല്ലുവാതുക്കൽ മദ്യദുരന്തമായിരുന്നു കേരളത്തിൽ ഏറെ രാഷ്ട്രീയ ചലനം സൃഷ്ടിച്ച മാസപ്പടിക്കേസിലേക്ക് നയിച്ചത്. അന്ന് ഭരണപക്ഷത്തിരുന്ന ഇടതുപക്ഷമാണ് പ്രതിക്കൂട്ടിലായത്. ഇന്നും ഇടതുപക്ഷം ഭരിക്കുമ്പോഴാണ് വീണ്ടുമൊരു മാസപ്പടിക്കേസ് വിവാദമാകുന്നത്. ഇത്തവണ അമ്പുകൊള്ളാത്തവരില്ല കുരുക്കളിൽ എന്ന ചൊല്ലിനെ അന്വർത്ഥമാക്കും വിധം ഭരണ പ്രതിപക്ഷ ഭേദമന്യേ ഈ വിവാദത്തിൽ സിപിഎമ്മും കോൺഗ്രസും മാത്രമല്ല, മുസ്‌ലീഗും ബി ജെ പിയും സി പി ഐയും ഒക്കെ പങ്കാളികളാണ് എന്നാണ് ആരോപണം.
ഇതിന് പുറമെ സർവീസിലിരിക്കുന്നവരും വിരമിച്ചവരുമായ ഐഎഎസ്, ഐപിഎസ് റാങ്കിലുൾപ്പടെയുള്ള ഉദ്യോഗസ്ഥർ, പ്രാദേശിക രാഷ്ട്രീയ നേതാക്കൾ എന്നിവരൊക്കെ മാസപ്പടി പട്ടികയിലുണ്ടെന്നാണ് ആക്ഷേപം. അന്ന് മദ്യക്കച്ചവടക്കാരനായിരുന്ന മണിച്ചന്റെ ഡയറിയാണ് വിവാദമായതെങ്കിൽ ഇത്തവണ വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത് കേരളത്തിലെ സ്വകാര്യമേഖലയിൽ കരിമണൽ ഖനനം നടത്തുന്ന എസ് എൻ ശശിധരൻ കർത്ത മാനേജിങ് ഡയറക്ടറായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന കമ്പനിയുമായി ബന്ധപ്പെട്ടാണ് വിവാദം ഉയരുന്നത്.
സിഎംആർഎല്ലും ആദായനികുതി വകുപ്പും തമ്മിലുള്ള കേസിൽ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ വിധിയാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. നാല് വർഷം മുമ്പ് 2019 ജനുവരി 25 ന് സിഎംആർഎൽ ഓഫിസിലും ഫാക്ടറിയിലും എം ഡി, ചില പ്രധാന ഉദ്യോഗസ്ഥർ എന്നിവരുടെ വീടുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി.
പരിശോധനയിൽ കമ്പനി വൻതോതിൽ ആദായനികുതി വെട്ടിച്ചുവെന്ന് വകുപ്പ് കണ്ടെത്തി. ചെലവുകൾ കൂട്ടിക്കാണിച്ചാണ് ആദായനികുതി വെട്ടിച്ചതെന്നായിരുന്നു ആദായ നികുതിവകുപ്പിന്റെ ആരോപണം. ഇതിനെതിരെ കമ്പനി 2020 നവംബറിൽ നൽകിയ അപേക്ഷയിലാണ് വിധി വന്നത്. ഈ വർഷം ജൂൺ 12 നാണ് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് വിധി വന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്കും വീണയുടെ കമ്പനിയായ എക്സലോജിക്ക് സൊലൂഷൻസ് എന്ന ഐ ടി കമ്പനിക്കും മൂന്ന് വർഷത്തിനിടെ 1.72 കോടി രൂപ നൽകിയതാണ് പുതിയ വിവാദത്തിന് വഴിതെളിച്ചത്. മാർക്കറ്റിങ് കൺസൾട്ടൻസി, സോഫ്റ്റ് വെയർ സേവനങ്ങൾ നൽകുന്നതിനുള്ള കരാർ പ്രകാരമാണ് തുക നൽകിയതെന്ന് കമ്പനിയുടെ എം ഡി പറഞ്ഞുവെങ്കിലും ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട കേസിൽ ആ വാദം അംഗീകരിച്ചിട്ടില്ല.
ശശിധരൻ കർത്ത നൽകിയ മൊഴി പ്രകാരം കരാറുകൾ താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ, പ്രതീക്ഷിച്ച പോലെ സേവനം ലഭിച്ചിട്ടില്ലെന്നും കരാർപ്രകാരമുള്ള പണം നൽകിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു. വീണയോ എക്സാലോജിക്കോ എന്തെങ്കിലും സേവനം നൽകിയതായി തങ്ങൾക്ക് അറിയില്ലെന്ന് കമ്പനിയുടെ സിഎഫ്ഒയായ കെ എസ് സുരേഷ് കുമാറും ഫിനാൻസ് സിജിഎം ആയ പി സുരേഷ് കുമാറും മൊഴി നൽകിയിരുന്നു. പിന്നീട് മൊഴി മാറ്റി സത്യവാങ്മൂലം നൽകിയെങ്കിലും സേവനങ്ങൾ നൽകിയതിന് തെളിവ് ഹാജരാക്കാൻ സാധിക്കാത്തതിനാൽ അത് തള്ളിക്കളഞ്ഞാണ് ബോർഡ് വിധി പറഞ്ഞത്.
വീണയ്ക്കും കമ്പനിക്കും പണം നൽകിയിരിക്കുന്നത് ബാങ്ക് വഴിയാണ്. ബിസിനസ് ചെലവുകൾക്ക് പണം നൽകുന്നത് ആദായനികുതി നിയമപ്രകാരം ബാങ്ക് വഴി നൽകുന്നത് നിയപരമായതുമാണ്. എന്നാൽ, പകരം സേവനം നൽകിയതിന് തെളിവ് ഹാജരാക്കാൻ സാധിക്കാത്തതിനാൽ അത് നിയമവിരുദ്ധമായി നൽകിയ പണമായി കാണണമെന്ന ആദായനികുതി വകുപ്പിന്റെ വാദമാണ് ബോർഡ് അംഗീകരിച്ചത്.
കേരളത്തിൽ നിയമസഭാ സമ്മേളനം നടക്കുന്ന കാലയളവിൽ ഇത്തരമൊരു വിവാദം പൊട്ടിപ്പുറപ്പെട്ടിട്ടും നിയമസഭയിൽ ഇതൊരു പ്രധാന വിഷയമാക്കാൻ പ്രതിപക്ഷം തയ്യാറായില്ല. ജുഡീഷ്യൽ അന്വേഷണം വേണമെന്ന നിലപാട് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞതൊഴിച്ചാൽ മുതിർന്ന നേതാക്കളൊന്നും ഇതൊരു പ്രധാന വിഷയമായി കണ്ടില്ല.
അഴിമതിയാരോപണം ചട്ടം 50 പ്രകാരം അടിയന്തരപ്രമേയമായി ഉന്നയിക്കാൻ കഴിയില്ലെന്ന സാങ്കേതിക തടസ്സമാണ് പ്രതിപക്ഷ നേതാക്കൾ പറയുന്നത്. എന്നാൽ സിഎംആർഎൽ നിന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രേഖയിൽ യുഡിഎഫ് നേതാക്കളുടെ പേരുകൾ കൂടെയുണ്ട് എന്നതാണ് പ്രതിപക്ഷത്തെ പ്രക്ഷോഭത്തിൽ നിന്നും നിയമസഭയിലെ ആക്രമണത്തിൽ നിന്നും തടസ്സപ്പെടുത്തുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ സംഭവത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്നിരിക്കുന്നത് ആരോപണമല്ല, വിധിയാണ് വന്നിരിക്കുന്നത്. കോൺഗ്രസ് നേതാക്കൾ പണം വാങ്ങിയെന്ന് വിധിയിൽ പറയുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. മന്ത്രി മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയ സത്യാവങ്മൂലത്തിൽ ഭാര്യയുടെ വരുമാനത്തിൽ ഈ തുക ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
വീണയ്ക്ക് മാസപ്പടി നൽകിയെന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ബിജെപി നേതാവും കേന്ദ്രസഹമന്ത്രിയുമായ വി. മുരളീധരൻ ആവശ്യപ്പെട്ടു. വീണയുടെ കമ്പനിക്ക് സിഎംആർ എൽ പണം നൽകിയെന്ന ആരോപണം 2020 ഓഗസ്റ്റിൽ അന്ന് തൃക്കാക്കര എംഎൽഎ ആയിരുന്ന പി.ടി. തോമസ് ഉന്നയിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കും വീണയുടെ കമ്പനിക്കും സിഎംആർഎൽ കമ്പനി മാസപ്പടി നൽകിയെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്ന് സിപിഎം സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. വീണയുടെ കൺസൾട്ടിങ് കമ്പനിയുടെ ഇടപാടുകൾ സുതാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് യാതൊരു തെറ്റായ കാര്യങ്ങളും ഉണ്ടായിട്ടില്ലെന്ന് സിഎംആർഎൽ കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് കമ്പനികൾ തമ്മിലുള്ള സുതാര്യമായ കരാറിലെ വ്യവസ്ഥകൾ പ്രകാരമാണ് ബാങ്ക് മുഖേന പണം നൽകിയത്. രണ്ട് കമ്പനികൾ തമ്മിലുള്ള വാർഷിക അടിസ്ഥാനത്തിലുള്ള ഇടപാടിന് വിശ്വാസ്യത ലഭിക്കുന്നതിന് വേണ്ടിയാണ് മാസപ്പടിയാക്കി ചിത്രീകരിച്ചതെന്നും സിപിഎം കുറ്റപ്പെടുത്തി.
സിഎംആർഎല്ലിൽ നിന്നും പിണറായി വിജയൻ കാശ് വാങ്ങിയതിന് എന്തെങ്കിലും തെളിവുണ്ടോ എന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലൻ ചോദിച്ചു. രണ്ട് കമ്പനികൾ വഴി സുതാര്യമായി ബാങ്ക് വഴിയാണ് പണമിടപാട് നടന്നത്. പണമെല്ലാം വീണയുടെ അക്കൗണ്ടിലേക്ക് പോയതല്ല. അവരുടെ കമ്പനിയിൽ 32 ആൾക്കാർ പണിയെടുക്കുന്നുണ്ട്. ഇനിയും അവർ സേവനം കൊടുക്കും മാന്യമായ വേതനവും വാങ്ങും.
"എന്ത് മാസപ്പടി? മാസപ്പടി ഉമ്മൻചാണ്ടി വാങ്ങിയെന്നാണ് പറഞ്ഞിട്ടുള്ളത്. ഇനി ഉമ്മൻചാണ്ടിക്ക് പറയാനാകില്ല, മകനോട് പോയി ചോദിക്ക്. ആദായനികുതി വകുപ്പ് അവരുടെ മുന്നിലുള്ള മൊഴിയുമായി ബന്ധപ്പെട്ട് കുറേ വാർത്തകൾ തരും മാധ്യമങ്ങള്‍ അതിനൊപ്പെ കുറേ പടച്ചുണ്ടാക്കും. വസ്തുതുുമായി ബന്ധമുള്ള കാര്യങ്ങളാവില്ല അതൊന്നും. അനാവശ്യമായ വിവാദം പ്രത്യേകഘട്ടത്തിൽ കൊണ്ടുവന്നതിന് പിന്നിൽ അജൻഡയുണ്ട്. പൊതുസമൂഹം ഇത് പുച്ഛത്തോടെ തള്ളിക്കളയും," ബാലൻ പറഞ്ഞു.
സിഎംആർഎൽ കമ്പനി ആരംഭിക്കുന്നത് 34 വർഷം മുമ്പ് 1989ലാണ്. ഈ കമ്പനിയിൽ സംസ്ഥാന സർക്കാർ സ്ഥാപനമായ വ്യവസായ വികസന കോർപ്പറേഷന് (കെ എസ് ഐ ഡി സി) ഓഹരി പങ്കാളിത്തമുണ്ട്. വ്യവസായത്തെ പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിന് അനുസൃതമായി സംസ്ഥാനത്തെ നിരവധി സ്വകാര്യ കമ്പനികളിലും കെ എസ് ഐ ഡിസിക്ക് ഓഹരി പങ്കാളിത്തമുണ്ട്. നിലവിൽ 13.41 ശതമാനമാണ് കെ എസ് ഐ ഡി സിക്ക്, സിഎംആർഎല്ലിലുള്ള ഓഹരി പങ്കാളിത്തം. കമ്പനിയുടെ എം ഡി ശശിധരൻ കർത്ത, ഭാര്യ, മകൻ എന്നിവർക്ക് കമ്പനിയിൽ 28.8 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. സിഎംആർഎല്ലിന് 11 അംഗ ഡയറക്ടർ ബോർഡാണുള്ളത്. ഇതിൽ കെഎസ്ഐഡി സിയുടെ പ്രതിനിധിയും അംഗമാണ്. കെഎസ്ഐഡി സി ജനറൽ മാനേജരായിരുന്നു മേയ് മാസം വരെ ബോർഡിൽ അംഗമായിരുന്നത്. എന്നാൽ അദ്ദേഹം വിരമിച്ചതിന് ശേഷം പുതിയ ആളെ പകരം അംഗമാക്കിയിട്ടില്ല. എൺപതോളം സ്വകാര്യ കമ്പനികളിൽ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും ഒരു കമ്പനിയുടെയും ദൈനംദിന പ്രവർത്തനങ്ങളിൽ കെഎസ്ഐഡിസി ഇടപെടാറില്ല.
മണിച്ചനും മാസപ്പടിയും
കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു കല്ലുവാതുക്കൽ മദ്യദുരന്തവും മണിച്ചന്റെ മാസപ്പടി ഡയറിയും. ചിറയിൻകീഴ്, വാമനപുരം, വർക്കല റെയ്ഞ്ചുകൾ നിയന്ത്രിച്ചിരുന്ന അബ്കാരി ചന്ദ്രൻ എന്ന ചന്ദ്രദാസ് എന്ന മണിച്ചൻ വിതരണം ചെയ്ത മദ്യം നിരവധി പേരുടെ മരണത്തിനും കാഴ്ചനഷ്ടപ്പെടലിനും കാരണമാക്കിയ സംഭവത്തിലെ അന്വേഷണമാണ് ഈ കേസിന് അടിസ്ഥാനമായത്. ഒരുപക്ഷേ മാസപ്പടി എന്ന നിർവചനത്തിൽ അറിയപ്പെട്ട കേരളത്തിലെ ആദ്യ കേസും ഇതായിരിക്കും. 2000 ഒക്ടോബർ 21ന് കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ, പള്ളിക്കൽ, പട്ടാഴി എന്നിവിടങ്ങളിലുള്ള 31 പേർ വിഷമദ്യം കഴിച്ച് മരിച്ചു. ആറ് പേർക്ക് കാഴ്ച നഷ്ടമാവുകയും ചെയ്തു.
മണിച്ചൻ എന്നയാളുടെ ഗോഡൗണിൽ നിന്നായിരുന്നു ഈ മദ്യം വിതരണം ചെയ്തതെന്നായിരുന്നു കേസ്. ഈ മദ്യം കല്ലുവാതുക്കൽ ഹയറുന്നിസയുടെ വീട്ടിലെത്തി കഴിച്ചവരാണ് ആദ്യം ദുരന്തത്തിനിരയായത്. ഒക്ടോബർ 20ന് വൈകുന്നേരം മുതൽ മദ്യം കഴിച്ചവരാണ് ദുരന്തത്തിനിരയായത്.
അന്ന് കേരളം ഭരിച്ചിരുന്ന ഇടതുപക്ഷത്തെ ഇ കെ നായാനാർ സർക്കാരിനെയും പ്രതിക്കൂട്ടിലാക്കിയതായിരുന്നു. ഈ കേസ് തുടക്കം മുതൽ വിവാദങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു. മരണമൊഴികളായിരുന്നു തെളിവിൽ പ്രധാനം. അന്വേഷണം മുറുകിയപ്പോൾ ഫോൺകോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. മണിച്ചന്റെ ഗോഡൗണിൽ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറിയിലെ നേതാക്കളുടെ പേരുകൾ സിപിഎമ്മിനെയും കേരളരാഷ്ട്രീയത്തെയും പിടിച്ചുലച്ചു. ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നീണ്ടു.
മണിച്ചനും ഭരണകക്ഷി ഉന്നതതരുമായുള്ള ബന്ധം ഓരോന്നായി പുറത്തുവന്നു. കള്ളഷാപ്പിന്റെ മറവിൽ നടന്ന വ്യാജ വാറ്റിനും മദ്യ കച്ചവടത്തിന് രാഷ്ട്രീയ- ഉദ്യോഗസ്ഥ ഒത്താശയുണ്ടായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി. ഓരോ കണ്ടെത്തലും സർക്കാരിന് തിരിച്ചടിയായി. മാസപ്പടി ഡയറി പിടിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എം സത്യനേശൻ, എംഎൽഎയായിരുന്ന കടകംപള്ളി സുരേന്ദ്രൻ, സിപിഐ എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ഭാർഗവി തങ്കപ്പൻ ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പങ്കുപറ്റിയെന്ന് ആരോപണം അതിശക്തമായി ഉയർന്നു. എന്നാൽ കോടതിയിൽ തെളിവ് ഇല്ലാത്തതിനാൽ മാസപ്പടി ഡയറിയിലെ ഉന്നതരെ വിജിലൻസ് കോടതി വെറുതെ വിട്ടു. എന്നാൽ, ഈ വിവാദം കെട്ടടങ്ങിയ ശേഷം അധികം വൈകാതെ സതന്യേശനും ഭാർഗവി തങ്കപ്പനുമെതിരെ അവരുടെ പാർട്ടികൾ നടപടിയെടുത്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.