തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കേരളത്തില്‍ ഇടതുപക്ഷം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റുകളില്‍ 19 ഇടത്തും എല്‍ഡിഎഫ് ദയനീയമായി പരാജയപ്പെട്ടു. ഒരു സീറ്റ് മാത്രമാണ് എല്‍ഡിഎഫിനു സ്വന്തമാക്കാന്‍ സാധിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവി മറക്കാൻ കഴിയും വിധമാണ് ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുന്നത്.

Read Also: ചിരിതൂകി പിണറായി; ജാതിമത സങ്കുചിത ശക്തികള്‍ക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി

2016 ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ഇന്നുവരെ എട്ട് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അതില്‍ നാലിടത്ത് എൽഡിഎഫും നാലിടത്ത് യുഡിഎഫും വിജയിച്ചു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യം നടന്ന ഉപതിരഞ്ഞെടുപ്പ് വേങ്ങരയിലായിരുന്നു. എംഎല്‍എയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ലീഗിന്റെ ഉറച്ച കോട്ടയായ വേങ്ങരയില്‍ യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തുകയായിരുന്നു. വേങ്ങര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ 23,310 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ആലപ്പുഴയിലെ ചെങ്ങന്നൂരിലാണ് രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എംഎല്‍എയായിരുന്ന കെ.കെ.രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇത് എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു. കെ.കെ.രാമചന്ദ്രന്‍ 2016 ല്‍ നേടിയ ഭൂരിപക്ഷത്തേക്കാള്‍ ഉയര്‍ന്ന ലീഡുമായാണ് ചെങ്ങന്നൂരില്‍ 2018 ല്‍ സജി ചെറിയാന്‍ വിജയിച്ചത്.

അതിനുശേഷം ഒന്നരവര്‍ഷം കഴിഞ്ഞാണ് വീണ്ടും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് എംഎല്‍എമാര്‍ ഒഴിഞ്ഞ സാഹചര്യത്തിലാണ് വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, അരൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എംഎല്‍എമാരായിരുന്ന കെ.എം.മാണിയുടെ നിര്യാണം പാലായിലും പി.ബി.അബ്ദുള്‍ റസാഖിന്റെ മരണം മഞ്ചേശ്വരത്തും ഉപതിരഞ്ഞെടുപ്പിലേക്ക് നയിച്ചു.

പാലായില്‍ സെപ്റ്റംബര്‍ 23 നാണ് വോട്ടെടുപ്പ് നടന്നത്. സെപ്റ്റംബര്‍ 27 നായിരുന്നു വോട്ടെണ്ണല്‍. യുഡിഎഫ് ശക്തികേന്ദ്രമായ മണ്ഡലത്തില്‍ എൻസിപിയുടെ ഇടതുപക്ഷ സ്ഥാനാർഥി മാണി സി.കാപ്പൻ ചരിത്രവിജയം സ്വന്തമാക്കുകയായിരുന്നു. 2943 വോട്ടുകൾക്ക് യുഡിഎഫിന്റെ ജോസ് ടോമിനെയാണ് മാണി സി.കാപ്പൻ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ മുന്നിട്ടുനിന്ന മാണി സി.കാപ്പന്റെ ലീഡ് അവസാന ഘട്ടത്തിൽ ചെറുതായി ഇടിഞ്ഞെങ്കിലും അന്തിമ വിജയം അദ്ദേഹത്തിനൊപ്പമായി. 54 വർഷം കെ.എം.മാണി കെെവശം വച്ചിരുന്ന മണ്ഡലത്തിലെ വിജയം ഇടതുപക്ഷത്തിനു കരുത്തേകുന്നതായിരുന്നു.

Read Also: അരിവാൾ ചുറ്റിക നക്ഷത്രം… പ്രായം തളർത്താത്ത ആവേശം

അതിനുശേഷമാണ് മറ്റ് അഞ്ച് മണ്ഡലങ്ങളിലേക്കു ഉപതിരഞ്ഞെടുപ്പ് നടന്നത്. ഒക്‌ടോബർ 21 നായിരുന്നു അഞ്ച് മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടന്നത്. അഞ്ച് മണ്ഡലങ്ങളിൽ മൂന്നിടത്ത് യുഡിഎഫ് വിജയിച്ചപ്പോൾ രണ്ടിടത്ത് എൽഡിഎഫ് വിജയിച്ചു. അരൂർ മണ്ഡലം എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തപ്പോൾ വട്ടിയൂർകാവും കോന്നിയും എൽഡിഎഫ് തിരിച്ചുപിടിച്ചു.

കോൺഗ്രസിന്റെ കുത്തക മണ്ഡലമായ എറണാകുളത്ത് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി മനുറോയിക്ക് മികച്ച മത്സരം കാഴ്‌ചവ‌യ്ക്കാൻ സാധിച്ചു. യുഡിഎഫ് സ്ഥാനാർഥി ടി.ജെ.വിനോദ് വിജയിച്ചത് 3,750 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹൈബി ഈഡന്‍ 21,949 വോട്ടിന് ജയിച്ച മണ്ഡലമാണ് എറണാകുളം. ഇവിടെയാണ് യുഡിഎഫിന്റെ ടി.ജെ.വിനോദിന്റെ ഭൂരിപക്ഷം 3,750 ആയി കുറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരിട്ടെത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ മണ്ഡലമാണ് എറണാകുളം.

Read Also: ജാതി സംഘടനകള്‍ക്ക് കേരളത്തിന്റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പ്പില്ല: വിഎസ്

വട്ടിയൂർക്കാവിലെയും കോന്നിയിലെയും വിജയം എൽഡിഎഫിനും മുഖ്യമന്ത്രി പിണറായി വിജയനും ഏറെ കരുത്ത് പകരുന്നതാണ്. വട്ടിയൂർക്കാവിൽ മൂന്നാം സ്ഥാനത്തായിരുന്ന എൽഡിഎഫ് ഇത്തവണ വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. അക്ഷരാര്‍ത്ഥത്തില്‍ അട്ടിമറി വിജയമാണ് എല്‍ഡിഎഫ് വട്ടിയൂര്‍ക്കാവില്‍ നേടിയത്. വി.കെ.പ്രശാന്തിന്റെ വ്യക്തിപ്രഭാവവും ചിട്ടയായ പ്രചാരണ പരിപാടികളുമാണ് ഇടതുപക്ഷത്തിനു വട്ടിയൂര്‍ക്കാവില്‍ അനുകൂല ഘടകമായത്. യുവാക്കളും സ്ത്രീകളുമാണ് തന്റെ വിജയത്തിനു പിന്നിലെന്ന് വി.കെ.പ്രശാന്ത് പറയുകയും ചെയ്തു. വട്ടിയൂർക്കാവിൽ 14,465 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്ത് വിജയിച്ചത്.

കോന്നിയിലെ വിജയം ഇടതുപക്ഷത്തിനു കരുത്തേകുന്നു. കഴിഞ്ഞ 23 വർഷമായി യുഡിഎഫ് കുത്തകയാക്കി വച്ചിരുന്ന മണ്ഡലമാണ് കോന്നി. ഇവിടെയാണ് കെ.യു.ജനീഷ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മികച്ച വിജയം നേടിയത്. 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി ജനീഷ് കുമാർ കോന്നിയിൽ ജയിച്ചത്.

Kerala ByPoll Results 2019: യുഡിഎഫ് കോട്ടകളിൽ ചെങ്കൊടി പാറി; അരൂരിൽ ഷാനിമോൾ

ഉപതിരഞ്ഞെടുപ്പുകൾ കഴിഞ്ഞതോടെ ഇടതുപക്ഷത്തിന് നിയമസഭയിലുള്ള പ്രാതിനിധ്യം വർധിച്ചിരിക്കുകയാണ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതു 91 സീറ്റുകളോടെയായിരുന്നു. എന്നാൽ, ഉപതിരഞ്ഞെടുപ്പിലെ മുന്നേറ്റം എൽഡിഎഫിന്റെ പ്രാതിനിധ്യം വർധിപ്പിച്ചു. നേരത്തെ 91 ആയിരുന്നത് ഇപ്പോൾ 93 ലേക്ക് എത്തി. ഉപതിരഞ്ഞെടുപ്പ് നടന്ന ഏഴ് മണ്ഡലങ്ങളിൽ യുഡിഎഫിന്റെ മൂന്ന് സിറ്റിങ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു. അതേസമയം, എൽഡിഎഫിന്റെ ഔരു സിറ്റിങ് സീറ്റ് മാത്രമാണ് യുഡിഎഫിന് സ്വന്തമാക്കാൻ സാധിച്ചത്. ഒന്നര വർഷത്തിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഏറെ സ്വാധീനം ചെലുത്തും.

അതേസമയം, പ്രതിപക്ഷത്തുള്ള യുഡിഎഫിന് നിയമസഭയിലുള്ള അംഗബലം 45 മാത്രമാണ്. ഇതിൽ കോൺഗ്രസിനു 21 സീറ്റും മുസ്ലിം ലീഗിനു 18 സീറ്റുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook