scorecardresearch

കോ ലീ ബി സഖ്യം -1991ൽ നിന്നും 2021ൽ എത്തുമ്പോൾ

കേരളത്തിൽ വോട്ട് കച്ചവടം നടത്തുന്ന പാർട്ടി എന്ന ആരോപണമാണ് 1991 മുതൽ ബിജെപിക്കുമേലുള്ളത്. തിരഞ്ഞെടുപ്പ് എത്തിയപ്പോൾ വീണ്ടും വോട്ട് മറിക്കൽ നിഴലിലാകുകയാണ് ബി ജെപി. ഇത്തവണ മറ്റ് പാർട്ടിക്കാർ മാത്രമല്ല, സ്വന്തം പാർട്ടിക്കാർ പോലും ബിജെപി രഹസ്യബാന്ധവം ഉണ്ടാക്കുന്നുവെന്ന് പരസ്യമായി ആരോപിക്കുന്നു. കേരളത്തിലെ ബിജെപിയുടെ രഹസ്യകുറുമുന്നണിയുടെ ചരിത്രവും വർത്തമാനവും

കോ ലീ ബി സഖ്യം -1991ൽ നിന്നും 2021ൽ എത്തുമ്പോൾ

ഇന്ത്യൻ രാഷ്ട്രീയത്തിൽ മുന്നണി സംവിധാനം എന്ന ശൈലിക്ക് വഴിയൊരുക്കിയതിൽ കേരളത്തിന് നിർണായക പങ്കുണ്ട്. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് ഭരണത്തിൽ പോലും സ്വതന്ത്രരായി മത്സരിച്ച് ജയിച്ച് മന്ത്രിമാരായവരെ കാണാനാകും. പിന്നീടുള്ള മന്ത്രിസഭകളെല്ലാം തന്നെ കൂട്ടുകക്ഷി മന്ത്രിസഭയുടെ ചരിത്രമാണ് രേഖപ്പെടുത്തിയത്.

കേരളത്തിൽ ലക്ഷണമൊത്തൊരു മുന്നണി സംവിധാനം രൂപപ്പെടുന്നത് 1980കളിലാണ്. 1980 ൽ എൽ ഡിഎഫും യു ഡിഎഫും വരുന്നു. അന്ന് അധികാരത്തിലെത്തിയ എൽ ഡി എഫിനൊപ്പം ഉണ്ടായിരന്ന കോൺഗ്രസിലെ ആന്റണി വിഭാഗം കേരളാ കോൺഗ്രസ് എന്നിവർ മുന്നണി വിട്ട് പോയതോടെ ആ ഭരണം താഴെ വീണു. അവർ യു ഡി എഫിനൊപ്പം ചേർന്നു. അന്നു മുതലുള്ള രാഷ്ട്രീയ സംഭവവികാസങ്ങൾക്കും വലിയൊരു മാറ്റം സംഭവിക്കുന്നത് 1991 ലാണ്. ഇത് 1991 ൽ പെട്ടെന്നുണ്ടായ ഒന്നല്ല. 1980 കൾ മുതൽ രൂപപ്പെട്ടു വന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ ആന്തരികമായ ഉരുൾപൊട്ടലുകളുടെ പ്രത്യക്ഷമായിരുന്നു അത്. അതിലൂടെയാണ് കേരളത്തിലെ പൊതുസമൂഹ ഗാത്രത്തിലേക്ക് ദുരന്തവിധി പോലെ അധികാരത്തിലെ വിഡ്ഢിച്ചിരി പടർന്നു പിടിക്കുന്നത്.

ജനാധിപത്യത്തിലെ നൈതികതയുടെ ആവിഷ്കാരമല്ല, മറിച്ച് അധികാരത്തിലേക്കുള്ള പരകായ പ്രവേശമാണ് മുന്നണി സംവിധാനത്തിലൂടെ ഇവിടുത്തെ രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ച് വന്നിരുന്നത്. മുന്നണി വഴികളിൽ നടന്ന 40 വർഷങ്ങൾ പിന്നിടുകയാണ് കേരളം. ഈ കാലഘട്ടത്തിലുണ്ടായ നിർണായകമായ വഴിത്തിരിവാണ് 1991ലെ കോ ലീ ബി സഖ്യം എന്ന കോൺഗ്രസ് – ബി ജെ പി – ലീഗ് ചേർന്ന രഹസ്യ തിരഞ്ഞെടുപ്പ് സഖ്യം. ഈ മുക്കൂട്ട് സഖ്യം മുപ്പത് വർഷം പിന്നിടുമ്പോഴേക്ക് എവിടെയെത്തി എന്നത് അത്ഭുതപ്പെടുത്തുന്ന വർത്തമാനമാണ്.

വടകര ലോക്സഭാ മണ്ഡലത്തിലും ബേപ്പൂർ നിയമസഭാ മണ്ഡലത്തിലും 1991 ൽ കോ ലീ ബി സഖ്യത്തിലെ പൊതു സ്വതന്ത്രരാണ് മത്സരിച്ചത്. വടകരയിൽ മുന്‍ അഡ്വക്കറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ എം. രത്‌നസിങ്ങും ബേപ്പൂരിൽ ഭാരതീയ വിചാരകേന്ദ്രം പ്രസിഡന്റായിരുന്ന ഡോ കെ. മാധവന്‍കുട്ടിയുമായിരുന്നു പൊതു സ്വതന്ത്രർ.

കേരളത്തിൽ 1991ൽ അരങ്ങേറിയ ഈ പൊതുസ്വതന്ത്ര സ്ഥാനാർത്ഥികൾ വെറുമൊരു പരീക്ഷണം മാത്രമായിരുന്നില്ല, കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക ഘടനയക്ക് പോലും പോറേൽപ്പിക്കാൻ തക്ക കരുത്തുള്ള ഒരു മുക്കൂട്ട് മുന്നണി സംവിധാനമായിരുന്നു. ആ മുക്കൂട്ടിലെ ചേരുവകൾ രഹസ്യമായാണ് അരങ്ങേറിയത്. ഇതു സംബന്ധിച്ച് ആരോപണം അന്നു തന്നെ ഉയർന്നിരുന്നുവെങ്കിലും അക്കാര്യം ഔദ്യോഗികമായി പുറത്തു വരുന്നത് സംഭവം നടന്ന ഏകദേശം എട്ട് വർഷം പിന്നിട്ടപ്പോൾ 1998ലായിരുന്നു.

കേരളത്തെ വ്യത്യസ്തമായ രാഷ്ട്രീയ പരീക്ഷണത്തിന്റെ വേദിയായി മാറിയ തെരഞ്ഞെടുപ്പായിരുന്നു 1991ലേത്. ആ പരീക്ഷണത്തിന്റെ പ്രത്യക്ഷ ഭാഗമായി മാറിയവര്‍ മനസ് തുറന്നത് 23വർഷത്തിന് ശേഷവും. അന്നത്തെ സഖ്യപരീക്ഷണം ഇന്ന് പുതിയ വിവാദങ്ങള്‍ക്കു വഴി തുറക്കുകയാണ്. മുപ്പത് വർഷത്തിന് ശേഷം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പ് വരുകയും സാഹചര്യങ്ങൾ ഏകദേശം 1991ലേതിന് സമാനമാകുകയും ചെയ്ത സാഹചര്യത്തിൽ ഉയർന്ന പരസ്പര ആരോപണങ്ങള്‍ 91-ലെ കോലീബി ഓര്‍മകളെ രാഷ്ട്രീയ ലോകത്ത് വീണ്ടും സജീവമാക്കുകയാണ് .

കെ ജി മാരാര്‍

കോലീബി സഖ്യത്തിലെ പങ്കാളികൾ രേഖപ്പെടുത്തിയ വസ്തുതകൾ

കോ ലീ ബി സഖ്യത്തെ കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തൽ പുറത്തു വരുന്നത് 1998ൽ ആർ എസ് എസി ന്റെ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര പ്രകാശൻ പ്രസിദ്ധീകരിച്ച പുസ്തകത്തിലൂടെയാണ്. ബി ജ പി സംസ്ഥാന നേതാവും ആർ എസ് എസ് മുഖപത്രമായ ജന്മഭൂമിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും കെ ജി മാരാരുമായി അടുപ്പമുണ്ടായിരുന്ന കെ. കുഞ്ഞിക്കണ്ണൻ എഴുതിയതായിരുന്നു ആ പുസ്തകം. ‘കെ. ജി മാരാർ-രാഷ്ട്രീയത്തിലെ സ്നേഹ സാഗരം’ എന്ന പുസ്തകത്തിലാണ് ഇത് സംബന്ധിച്ച് ആദ്യ വെളിപ്പെടുത്തൽ വന്നത്. 1991-ല്‍ വടകരയില്‍ പൊതുസ്ഥാനാര്‍ത്ഥിയായ മത്സരിച്ച അഡ്വ. എം. രത്‌നസിങിന്റെ, 2014 ൽ പ്രസദ്ധീകരിച്ച ‘എപ്പിലോഗ്’ എന്ന ആത്മകഥയില്‍ ഈ സംഭവത്തിലെ വസ്തുത കുറേക്കുടെ വ്യക്തമായി വെളിപ്പെടുത്തിയിരുന്നു. ഇത് വാർത്തയാകുകയും ചെയ്തു. ഇതിന് തുടർച്ചയായി, ഇതേ കാര്യം കോ ലീ ബി സഖ്യ സ്ഥാനാർത്ഥിയായി ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ഡോ. കെ. മാധവന്‍കുട്ടിയും മാധ്യമങ്ങളോട് വ്യക്തമാക്കി.

വടകര ലോക്സഭാ മണ്ഡലത്തിലും ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും കോണ്‍ഗ്രസും ബിജെപിയും ലീഗും പൊതുസ്വതന്ത്രസ്ഥാനാര്‍ത്ഥികളായി രണ്ടു പേരെ നിര്‍ത്തുന്നു. ഇതിനൊപ്പം രഹസ്യമായി മൂന്ന് മണ്ഡലങ്ങളില്‍ ബി ജെ പിക്ക് അനുകൂലമായും തിരികെ ചില മണ്ഡലങ്ങളില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്കനുകൂലമായും വോട്ട് നല്‍കാമെന്ന ധാരണയും രൂപപ്പെട്ടുവെന്ന് 23 വര്‍ഷം മുമ്പ് പുറത്തുവന്ന കെ. ജി. മാരാരുടെ ജീവചരിത്രത്തില്‍ വ്യക്തമാക്കിയിരുന്നു. അന്ന് ഈ പൊതു സ്ഥാനാര്‍ത്ഥികള്‍ മനസ് തുറന്നിരുന്നില്ല. മാത്രമല്ല, ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും ദേശീയ നേതൃത്വങ്ങള്‍ക്കും അറിവുണ്ടായിരുന്നുവെന്നു വസ്തുതതയും ഇരുവരുടെയും വെളിപ്പെടുത്തലുകളിലൂടെ ഉറപ്പാകുന്നത് മാരാരുടെ ജീവചരിത്രം പുറത്തു വന്ന് വീണ്ടും 16 വർഷം കഴിഞ്ഞപ്പോൾ മാത്രമാണ് പുറം ലോകം അറിഞ്ഞത്.

കെ ജി മാരാരുടെ ജീവചരിത്രവും ആദ്യ വെളിപ്പെടുത്തലും വടകരയിലും ബേപ്പൂരിലും ഔദ്യോഗികമായും പരസ്യമായും ധാരണയുണ്ടായപ്പോള്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഒ. രാജഗോപാലിനെയും തിരുവനന്തപുരം ഈസ്റ്റില്‍ കെ. രാമന്‍പിള്ളയെയും മഞ്ചേശ്വരത്ത് കെ.ജി.മാരാരെയും സഹായിക്കാമെന്നും പകരം സഹായിക്കേണ്ട മണ്ഡലങ്ങളുടെയും ലിസ്റ്റ് കൈമാറപ്പെടുകയും ചെയ്തുവെന്ന് കെ. ജി. മാരാര്‍ രാഷ്ട്രീയത്തിലെ സ്‌നേഹസാഗരം എന്ന ജീവചരിത്ര പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. ‘അതു വരെ കേരളത്തില്‍ നിലനിന്നിരുന്ന അസ്പൃശ്യതയ്ക്ക് അന്ത്യം കുറിച്ചു കൊണ്ട് മുന്നണി രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേയ്ക്കു ബി. ജെ. പി കടന്നു വന്ന തന്ത്രം തെരഞ്ഞെടുപ്പ് വേളയില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. എന്നാല്‍ ഫലം മറിച്ചായിരുന്നു. യുഡി എഫ്, പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നു ബി ജെ പിക്ക് അനുകൂലമായി പ്രവര്‍ത്തനം ഉണ്ടായില്ല. ഈ ധാരണ നടപ്പാക്കുമെന്ന ഉറപ്പ് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും ലീഗിന്റെ ഭാഗത്തു നിന്നും ഉണ്ടായപ്പോള്‍ മഞ്ചേശ്വരത്ത് കെ. ജി. മാരാരുടെ കാര്യത്തില്‍ പരാജയത്തിന്റെ നിഴല്‍ പോലും വീണില്ല. ബേപ്പൂരില്‍ ലീഗുകാര്‍ കാര്യമായി സഹായിച്ചു. അതു കൊണ്ടാണ് ഡോ. എം. മാധവന്‍കുട്ടിക്ക് 60,413 വോട്ടുകള്‍ അവിടെ ലഭിച്ചപ്പോള്‍ ആ മണ്ഡലം കൂടി ഉള്‍പ്പെടുന്ന മഞ്ചേരി ലോക്സഭയിലേയ്ക്കു മത്സരിച്ച ബി. ജെ. പി. സ്ഥാനാര്‍ഥി അഹല്യ ശങ്കറിനെ അവിടെ നിന്നു ലഭിച്ചത് 12,488 വോട്ടുകള്‍ മാത്രമാണെന്നത് ഓര്‍ക്കണം.’  മാരാരുടെ ജീവചരിത്രത്തിലെ ‘പരാജയപ്പെട്ട പരീക്ഷണം’ എന്ന അധ്യായത്തില്‍ പറയുന്നു.

o rajagopal, iemalayalamരാജഗോപാലിന്റെ ഓർമയിലെ കോ ലീ ബി സഖ്യം

കേരളത്തിൽ ബി ജെ പിയുടെ ആദ്യത്തെ എം എൽ എയാണ് മുതിർന്ന രാഷ്ട്രീയ നേതാവായ ഒ. രാജഗോപാൽ. നിരന്തരം നേരിട്ട തോൽവികൾക്കൊടുവിലാണ് 2016ൽ അദ്ദേഹം നേമം മണ്ഡലത്തിൽ നിന്നും നിയമസഭ കാണുന്നത്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘ജീവിതാമൃതം’ എന്ന പുസ്തകത്തിലും കോ ലീ ബി സഖ്യത്തെ കുറിച്ച് വിശദമാക്കുന്നുണ്ട്.  ‘കേരളത്തിൽ കോൺഗ്രസ് ന്യൂനപക്ഷ വോട്ടുകളുടെ കുത്തകാവകാശികളായി പൊതുവെ അംഗീകരക്കപ്പെട്ടിട്ടുണ്ട്. ബി ജെ പിയെ ന്യൂനപക്ഷ വിരുദ്ധമെന്ന് ചിത്രീകരിച്ച് തങ്ങളാണ് ന്യൂനപക്ഷ സംരക്ഷകർ എന്ന് സ്ഥാപിക്കാനാണ് കേരളത്തിലെ ഇടതു-വലതു മുന്നണികൾ ശ്രമിക്കുന്നത്. ഈ രാഷ്ട്രീയ കപട നാടകത്തിന്റെ ബലിയാടുകളാണ് കേരളത്തിലെ ബി ജെ പി. ഇതിന് മാറ്റമുണ്ടാക്കാനുള്ള പരീക്ഷണമാണ് 1991 ൽ കേരളത്തിലെ തിരഞ്ഞെടുപ്പിൽ നടത്തിയത്. ചില മണ്ഡലങ്ങളിൽ യു ഡി എഫിനെ സഹായിച്ചാൽ ചില മണ്ഡലങ്ങളിൽ ബി ജെ പിയെയോ ബി ജെ പി പിന്തുണയ്ക്കുന്ന സ്വതന്ത്രരെയോ സഹായിച്ചാൽ വിജയിക്കാൻ സഹായിക്കാമെന്ന പരോക്ഷ നിർദേശമുണ്ടായി. യു ഡി എഫ് – ബി ജെ പി സീറ്റ് ധാരണ ഏതാനും സീറ്റുകളെ സംബന്ധിച്ച് മാത്രമായിരുന്നു. ഇതൊരു പരസ്യ ധാരണയായിരുന്നില്ല. ഞാനും അന്നത്തെ സംസ്ഥാന പ്രസിഡന്റ് കെ. രാമൻപിള്ളയും കെ.ജി മാരാരും സ്ഥാനാർത്ഥികളായി മണ്ഡലങ്ങളിൽ പര്യടനത്തിലായിരുന്നു. പാർട്ടിയിൽ പുതുതായി സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റ പി പി മുകുന്ദനാകട്ടെ രാഷ്ട്രീയ പ്രവർത്തനം പുതിയ അനുഭവമായിരുന്നു. മറുഭാഗത്തെ രാഷ്ട്രീയ നേതാക്കന്മാർ പരിചയസമ്പന്നരും രാഷ്ട്രീയ അടവുനയ വിദഗ്ധരുമായിരന്നു. അതു കൊണ്ട് കച്ചവടത്തിൽ ബി ജെ പിക്ക് വൻ നഷ്ടമുണ്ടായി.

എൽ ഡി എഫ് ഭരണത്തിലിരുന്ന് കൊണ്ട് നടത്തുന്ന തിരഞ്ഞടുപ്പായിരുന്നു. കാലാവധി തീരും മുമ്പേ നിയമസഭ പിരിച്ചു വിട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്തുകയായിരുന്നു എൽ ഡി എഫ് ലക്ഷ്യം. എൽ ഡി എഫിന്റെ ആത്മവിശ്വാസം സ്വാഭാവികമായും യു ഡി എഫിന് സൃഷ്ടിച്ച അങ്കലാപ്പ് കാര്യമായി മാറി. ആ അവസ്ഥയിൽ ഏതു വിധേനയെയും ജയിച്ചു കയറാൻ അവർ കണ്ടെത്തിയ വഴിയായിരുന്നു ഞങ്ങളുടെ സഹായം തേടുക എന്നത്. ഇതു വഴി എൽ ഡി എഫിന് പ്രചാരണായുധം ലഭിച്ചുവെങ്കിലും കാര്യങ്ങൾ ശരിയായ ദിശയിൽ പുരോഗമിച്ചു… തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് ശ്രീപെരുംപുതൂരിൽ വച്ച് രാജീവ് ഗാന്ധി വധിക്കപ്പെട്ടതോടെ തിരഞ്ഞെടുപ്പ് രംഗമാകെ മാറി. എൽ ഡി എഫിനുണ്ടായിരന്ന മേൽക്കൈ സഹതാപ തരംഗത്തിൽ മുങ്ങിപ്പോയി. സഹതാപ തരംഗവും ഞങ്ങളുടെ വോട്ടുമൊക്കെ നേടി കോൺഗ്രസ് വൻവിജയം കരസ്ഥമാക്കി. പക്ഷേ മാരാർക്കും രാമൻപിള്ളയ്ക്കും നൽകാമെന്ന് പറഞ്ഞ സഹായം അവർ തരം പോലെ മറന്നു. രണ്ടു പേരും തോറ്റു. എന്നാൽ, പാർട്ടിയിലെ തന്നെ മറ്റു ചിലർ ബി ജെ പി വോട്ടുകൾ യു ഡി എഫിലെത്തുന്നതിനു കാര്യമായി സഹായിച്ചു. അങ്ങനെ ഈ ഡീലിൽ കോ ലീ ബി സഖ്യമെന്ന എൽ ഡി എഫ് ആരോപണം മാത്രം മിച്ചമായി.

ഈ സംഭവം ഇന്ന് പുനരാലോചിക്കുമ്പോൾ ആദ്യം പറയാൻ തോന്നുന്നത് ഞങ്ങളുടെ ആത്മാർത്ഥത വഞ്ചിക്കപ്പെട്ടുവെന്ന വസ്തുതയാണ്. അവ്യക്തമായിട്ടാണെങ്കിലും ഉഭയസമ്മത പ്രകാരം രൂപപ്പെട്ട ധാരണ പൂർണമായും നടപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരായി. അത് നടപ്പാക്കി. എന്നാൽ ഞങ്ങൾക്ക് അതു സംബന്ധിച്ച് ഉറപ്പു നൽകിയവർ ഞങ്ങളെ വഞ്ചിക്കുകയായിരുന്നു ചെയ്തത്. ഇതിൽ നിന്നും പഠിച്ച ഒരു പാഠമുണ്ട്. ധാരണകളെന്തായാലും അത് സുതാര്യമായി രൂപപ്പെടണം. പരസ്യമായി പ്രഖ്യാപിക്കപ്പെടണം. അല്ലാത്തിടത്തോളം കാലം ഇത്തരം വഞ്ചനകൾ ആവർത്തിക്കപ്പെടുക തന്നെ ചെയ്യും. മേലിൽ ഒരിക്കലും അത്തരം വഞ്ചനകൾക്കു നിന്നു കൊടുക്കില്ലെന്ന് തീരുമാനിക്കാൻ ഞങ്ങൾക്ക് ആ അനുഭവ പാഠം ഉപകരിച്ചു,’ രാജഗോപാൽ എഴുതുന്നു.congress league bjp alliance , kerala election, iemalayalam

എപ്പിലോഗ്: പൊതുസ്വതന്ത്രരുടെ കോ ലീ ബി അനുഭവം

ഈ സഖ്യം ഗുണദോഷസമ്മിശ്രമായ ഇരട്ട ഫലമാണ് തന്റെ തെരഞ്ഞെടുപ്പില്‍ സൃഷ്ടിച്ചതെന്ന് രത്നസിങ് ‘എപ്പിലോഗ്’ എന്ന ആത്മകഥയില്‍ പറയുന്നു. ഈ പരീക്ഷണത്തിന് വടകര മണ്ഡലം തെരഞ്ഞെടുത്തത് ബോധപൂര്‍വമായിരുന്നുവെന്ന അക്കാലത്ത് ഉയര്‍ന്നു വന്ന നിരീക്ഷണങ്ങളെയും അഡ്വ. രത്‌നസിങ്ങിന്റെ വാക്കുകള്‍ ശരി വയ്ക്കുന്നു. വടകരയില്‍ നിന്നുള്ള എം പിയായിരുന്ന കെ.പി. ഉണ്ണിക്കൃഷ്ണനായിരുന്നു രാജീവ് ഗാന്ധിയുടെ നിശിത വിമര്‍ശകരില്‍ ഒരാള്‍. വടകര മണ്ഡലത്തില്‍നിന്ന് 80 മുതല്‍ ഇടതുപക്ഷത്തിനായി ജയിക്കുന്ന ഉണ്ണികൃഷ്‌ണനെ തോല്‍പ്പിക്കാനുള്ള വഴിയായി ഇതവതരിപ്പിച്ചു കൊണ്ടായിരിക്കാം കെ. കരുണാകരന്‍ അന്ന് ഈ സഖ്യത്തിനുള്ള അനുമതി ഹൈക്കമാന്‍ഡില്‍ നിന്നു നേടിയെടുത്തിരിക്കുക എന്നതായിരുന്നു നേരത്തെ തന്നെ ഉയർന്ന പ്രധാനപ്പെട്ട നിരീക്ഷണം. രാജീവ് ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വം വടകര സീറ്റിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നതായും തന്റെ ജീവിതരേഖ ഉള്‍പ്പടെയുളള കാര്യങ്ങള്‍ രാജീവ്ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അദ്ദേഹം അതില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് കെ. കരുണാകരന്‍ തന്നോട് പറഞ്ഞതെന്നാണ് രത്‌നസിങ് വ്യക്തമാക്കിയത്. ആത്മകഥ പുറത്തിറങ്ങുന്ന കാലത്ത് മാധ്യമങ്ങളുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം അക്കാര്യം പറഞ്ഞത്. മുസ്‌ലിം ലീഗിന് നല്‍കിയ സീറ്റായിരുന്നു അത്. അതവര്‍ മാറ്റി തനിക്ക് നല്‍കാമെന്ന് പറഞ്ഞു. തനിക്ക് താല്‍പ്പര്യമില്ലായിരുന്നുവെങ്കിലും അന്നത്തെ കെ.പി. സി. സി. പ്രസിഡന്റായിരുന്ന സി വി പദ്മരാജനും കെ. കരുണാകരനും ലീഗ് നേതാക്കളായ ഉമര്‍ ബാഫക്കി തങ്ങള്‍, ബി. വി. അബ്ദുല്ലക്കോയ. പി എം അബൂബക്കര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ളവരാണ് തന്നെ സമീപിച്ചത്. മത്സരത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കെ.പി. ഉണ്ണികൃഷ്ണന്‍ പതിനേഴായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബി. ജെ. പി വോട്ടുകള്‍ തനിക്ക് വേണ്ടത്ര ലഭിച്ചില്ലെന്നാണ് രത്നസിങ്ങിന്റെ വിശ്വാസം. എന്നാല്‍ ലീഗ് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹം അന്ന് മാധ്യമങ്ങളോട് പറഞ്ഞു.

സി പി എം വിരുദ്ധ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു അന്ന് തന്നെ പൊതുസ്വതന്ത്രനാക്കി മത്സരിപ്പിച്ചതെന്ന് ഡോ. കെ. മാധവന്‍കുട്ടി ഓര്‍മിക്കുന്നു. രത്നസിങ്ങിന്റെ ആത്മകഥ പുറത്തു വരികയും അതിനെ തുടർന്ന് കോ ലീ ബി സഖ്യം വീണ്ടും വിവാദമാകുകയും ചെയ്തപ്പോഴാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് 2014 ൽ മനസ് തുറന്നത്.

‘ബി.ജെ.പിക്കാരാണ് എന്നോട് മത്സരിക്കാന്‍ കഴിയുമോ എന്ന് ചോദിച്ച് ആദ്യമെത്തിയത്. ഞാന്‍ സമ്മതം മൂളുകയായിരുന്നു. 1984-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പരിചയം എനിക്കുണ്ടായിരുന്നു. അന്നു മുതലാണ് ബി. ജെ.പിയുമായുള്ള സൗഹൃദം രൂപപ്പെടുന്നത്. കോണ്‍ഗ്രസും സോഷ്യലിസ്റ്റുമായിരുന്നു ഞാന്‍ വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തിരുന്നു. വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തകനുമായിരുന്നു. പ്രസിഡന്റും സെക്രട്ടറിയുമൊക്കെയായി പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ചവരാണ് പ്രസിഡന്റായിരുന്ന വെങ്കിട്ടരാമനും കേരള ഗവര്‍ണറായിരുന്ന രാമചന്ദ്രനുമൊക്കെ. മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന ശേഷം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നു വിട്ടു നിന്നു. പിന്നീട് ലോഹ്യവിചാരവേദിയുമായും ശാസ്ത്രസാഹിത്യ പരിഷത്തുമായും ഒക്കെ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1984-ല്‍ ഞാന്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ സോഷ്യലിസ്റ്റുകള്‍ എന്നെ പിന്തുണയ്ക്കുമെന്ന് കരുതി. എന്നാല്‍ അവര്‍ ലീഗിലെ മൊയ്തീന്‍കുട്ടി ഹാജിയെയാണ് പിന്തുണച്ചത്. കോണ്‍ഗ്രസ് കെ.ജി. അടിയോടിയെയും നിര്‍ത്തി. ഞാനും മത്സരിച്ചു.

അന്ന് ഞാന്‍ വളരെയധികം വോട്ടുകള്‍ പിടിക്കുമെന്ന് ഭയന്ന് എന്നോട് മത്സരത്തില്‍ നിന്നു പിന്മാറണമെന്നാവശ്യപ്പെടാന്‍ കരുണാകരന്‍ വീട്ടിലേയ്ക്കു വരുമെന്ന് അറിഞ്ഞു. അതറിഞ്ഞ ആര്‍ എസ് എസ്, ബി ജെ പി പ്രവര്‍ത്തകര്‍ റാന്തലും ടോര്‍ച്ചുമൊക്കെയായി എന്റെ വീടിന് മുന്നില്‍ കൂടി നിന്നു. വിവരം അറിഞ്ഞ കരുണാകരന്‍ വീട്ടില്‍ വരാതെ പോയി. പിന്നീട് എന്റെ സുഹൃത്തായ ഒരു ഡോക്ടര്‍ വഴി എന്നോട് മത്സരത്തില്‍ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ടു. പകരം പി എസ് സി ചെയര്‍മാന്‍ സ്ഥാനമോ അല്ലെങ്കില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഉപദേഷ്ടാവ് എന്ന പദവിയോ തരാമെന്ന വാഗ്‌ദാനം  നല്‍കി. ഇങ്ങനെ പറഞ്ഞതിനാല്‍ മത്സരിക്കാന്‍ തന്നെ ഞാന്‍ തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ അടിയോടി ജയിച്ചു. പിന്നീട് 91-ലെ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ഈ വാഗ്‌ദാനം ലഭിച്ചു. മത്സരിക്കാന്‍ തീരുമാനിക്കുമ്പോള്‍ ബേപ്പൂരില്‍ ബി ജെ പിക്കും ലീഗിനും സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു. അവരെ പിന്‍വലിപ്പിച്ചിട്ടാണ് എന്നെ പൊതുസ്ഥാനാര്‍ത്ഥിയാക്കിയത്. ആ മത്സരത്തില്‍ പാണക്കാട് തങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രസംഗിച്ചത് എനിക്ക് വേണ്ടിയായിരിക്കാം. അന്ന് കെ. എന്‍. എ. ഖാദര്‍ എന്റെ തെരഞ്ഞെടുപ്പ് ഏജന്റായിരുന്നുവെന്നാണ് ഓര്‍മ. അവസാന സമയത്ത് ഇന്ത്യാ ടുഡേയില്‍ വന്ന ആര്‍ എസ് എസിന്റെ ഒരു പരിപാടിയുടെ ചിത്രത്തില്‍ എന്റെ മുഖം ചേര്‍ത്ത് ബേപ്പൂര്‍ മണ്ഡലത്തില്‍ വിതരണം ചെയ്തു. അത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. സി പി എമ്മിന്റെ ടി. കെ. ഹംസ ജയിച്ചു. കോ-ലീ സഖ്യം പണ്ടേ കേരളത്തിലുണ്ട്. അതിനൊപ്പം ബി കൂടെ ചേര്‍ന്നാല്‍ എന്താ കുഴപ്പം. അന്ന് മൂവരും ഒന്നിച്ചു തന്നെയാണ് എന്നെ സ്ഥാനാര്‍ത്ഥിയാക്കിയത്,’ മാധവൻകുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.

പിന്നീടുള്ള തിരഞ്ഞെടുപ്പുകളിലെ ഫലങ്ങൾ, 1991 ൽ കോ ലീ ബി സഖ്യം ഉണ്ടായിരുന്നുവെന്ന വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.  96-ല്‍ 14,363ഉം പുനത്തില്‍ കുഞ്ഞബ്ദുള്ള ബി.ജെ പി സ്ഥാനാര്‍ത്ഥിയായ 2001-ല്‍ 10,934 ഉം. 2006, 2011 വര്‍ഷങ്ങളില്‍ കെ.പി. ശ്രീശന് ലഭിച്ചത് 12,267 ഉം 11,040 വോട്ട് മാത്രമായിരുന്നു.

congress league bjp alliance , kerala election, iemalayalam

രാമൻ പിള്ളയും പി പിമുകുന്ദനും കോ ലീ ബി സഖ്യവും

എന്നാല്‍, ഈ ധാരണയോ കാര്യങ്ങളോ അന്ന് പ്രസിഡന്റായിരുന്ന തനിക്ക് അറിയാമായിരുന്നില്ലെന്ന് കെ രാമന്‍പിള്ള പറഞ്ഞത്. ഇത് രത്നസിങ്ങിന്റെ ആത്മകഥയും ഡോ. കെ മാധവൻ കുട്ടിയുടെ ഓർമ്മകളും പുറത്തുവന്നപ്പോഴായിരുന്നു ഈ പ്രതികരണം. തിരുവനന്തപുരം ഈസ്റ്റില്‍ മത്സരിക്കുന്നതിനായി അവിടെ ശ്രദ്ധകേന്ദ്രീകരിച്ച സമയത്താണ് കാര്യങ്ങളെല്ലാം നടന്നത്. ഓര്‍മ്മ ശരിയാണെങ്കില്‍ വടകരയില്‍ പി.കെ. കൃഷ്ണദാസിനെയും ബേപ്പൂരില്‍ കെ.പി. ശ്രീശനെയും മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. എന്നാല്‍ അവരെ മാറ്റി കോണ്‍ഗ്രസ് അനുഭാവിയായ രത്‌നസിങിനെയും ആര്‍എസ്എസ് അനുഭാവിയായ എം. മാധവന്‍കുട്ടിയെയും സ്ഥാനാര്‍ത്ഥിയാക്കിയത് നിശ്ചയിച്ചശേഷമാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. എന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് ആയതിനാല്‍ ഞാന്‍ മണ്ഡലത്തിലെ ആളുകളെ കാണുകയും മറ്റും ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു അപ്പോള്‍. ഈ പരീക്ഷണം പരാജയമായിരുന്നുവെന്ന് മാത്രമല്ല, ബി ജെ പിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയ പരീക്ഷണം കൂടിയായിരുന്നു. പാര്‍ട്ടി തീരുമാനം അനുസരിച്ചല്ല ഈ നടപടിയുണ്ടായത്. ഇത് ആര്‍എസ് എസിന്റെ പിന്തുണയോടെ നടപ്പാക്കിയ പദ്ധതിയായിരുന്നു. പിപി മുകുന്ദനായിരുന്നു ഇതിന് പിന്നില്‍. രാമന്‍ പിള്ള ആരോപിച്ചു. ” ധർമ്മംശരണം ഗച്ഛാമി” എന്ന തന്റെ ആത്മകഥയിലും അദ്ദേഹം ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

എന്നാല്‍ അക്കാലത്ത് സെക്രട്ടറിയായിരുന്ന പി പി മുകുന്ദനോട് രാമൻ പിള്ളയുടെ അഭിപ്രായത്തെ കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് ആ പരീക്ഷണം വിജയിച്ചിരുന്നുവെങ്കില്‍ ആരെങ്കിലും തള്ളി പറയുമായിരുന്നോ എന്നായിരുന്നു പി പി മുകന്ദൻ ഉന്നയിച്ച മറുചോദ്യം. “അന്ന് നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചത് പ്രസിഡന്റാണ്. അന്ന് പ്രസിഡന്റായിരുന്ന രാമന്‍പിള്ളയുടെ പ്രസ്താവനയാണ് വന്നത്. ബിജെപിയില്‍ പ്രധാനസ്ഥാനം പ്രസിഡന്റിനാണ്. അദ്ദേഹമാണ് തീരുമാനങ്ങള്‍ അവസാനമായി പറയുന്നത്. മുകുന്ദന്‍ തന്റെ നിലപാട് വ്യക്തമാക്കുന്നു.

കെ. പി. ശ്രീശനെയാണ് വടകരയില്‍ നിര്‍ത്താന്‍ തീരുമാനിച്ചത് പിന്‍വലിച്ചു വന്ന പ്രസ്താവന ആരുടേതാണ് എന്ന് പരിശോധിക്കണം. സംസ്ഥാന തലത്തില്‍ തീരുമാനമെടുത്തിട്ടാണ് കേന്ദ്രനേതൃത്വത്തെ അറിയിച്ചത്. അന്ന് സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടിയിട്ടല്ല എന്നതു ശരിയാണ്. പക്ഷേ, നേതൃത്വത്തിലെ ഉത്തരവാദിത്വപ്പെട്ടവരെല്ലാം ഉണ്ടായിരുന്നു തീരുമാനമെടുക്കുമ്പോള്‍. രാജഗോപാലാണ് ഡല്‍ഹിയില്‍ ഗോവിന്ദാചാര്യയുമായി ബന്ധപ്പെട്ട് ഈ തീരുമാനത്തിന് അംഗീകാരം വാങ്ങിയത്. അന്നത്തേത് സഖ്യമല്ലായിരുന്നു ധാരണയായിരുന്നു. രത്‌നസിംങിനെയും മാധവന്‍ കുട്ടിയെയും താന്‍ കണ്ട് സംസാരിച്ചിരുന്നുവെന്നത് ശരിയാണ്. പക്ഷേ, ഞാന്‍ മാത്രമല്ല, ഉത്തരവാദിത്വത്തപ്പെട്ടവരെല്ലാം ഇരുവരോടും സംസാരിച്ചശേഷമാണ് അവര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സമ്മതിച്ചത്.

പരാജയങ്ങളില്‍ നിരാശരാകുന്നവര്‍ക്ക് ചരിത്രം തിരുത്തനാകില്ല. ആ ധാരണ വിജയിച്ചിരുന്നുവെങ്കില്‍ ഇതാകുമായിരുന്നില്ല സ്ഥിതി. ധാരണയുണ്ടായിരുന്നുവെന്നുള്ളത് സത്യമാണ്. അല്ലെങ്കില്‍ ബേപ്പൂരില്‍ അറുപതിനായിരം വോട്ട് ഡോ. എം മാധവന്‍കുട്ടിക്ക് കിട്ടുമായിരുന്നോ അതിനുശേഷമുള്ള തെരഞ്ഞെടുപ്പുകള്‍ പരിശോധിക്കുക. അന്ന് ബിജെ പിയുടെ അവിടുത്തെ ഫിക്‌സഡ് ഡിപ്പോസിറ്റ് വോട്ട് എന്നത് പതിമൂവായിരം മാത്രമാണ് എന്നോര്‍ക്കുക. പിന്നീടുള്ള തെരഞ്ഞടുപ്പുകളില്‍ ലഭിച്ച വോട്ടു നോക്കൂ. അവയെല്ലാം ഈ പതിമൂവായിരത്തനപ്പുറമോ ഇപ്പുറമോ മാത്രം നില്‍ക്കുന്നവയായിരുന്നു. മുകുന്ദൻ 2014 ൽ പറഞ്ഞിരുന്നു.

കോലീബി മൗനത്തിലാണ്ടിരിക്കുന്ന കോൺഗ്രസും ലീഗും

കേരള ചരിത്രത്തിലെ ഏറ്റവും വിചിത്രമായ കൂട്ടുകെട്ടുകളിലൊന്നായിരുന്നു 1991 ലെ കോ ലീ ബി സഖ്യം. ബി ജെ പി നേതാക്കളുടെ ജീവചരിത്രം, ആത്മകഥ എന്നിവയിലൂടെ ഈ സത്യം പുറത്തുവന്നുവെങ്കിലും ഇന്നു വരെ കോൺഗ്രസ്, ലീഗ് നേതാക്കൾ ഇക്കാര്യത്തിൽ ഒന്നും പ്രതികരിച്ചിട്ടില്ല. വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും ബി ജെ പി സഖ്യം എന്നത് വിവാദമായിരിക്കുകയാണ് . ഇത്തവണ ബി ജെ പിയും എൽ ഡി എഫും തമ്മിലാണ് ധാരണ എന്നാണ് ആരോപണം. എന്നാൽ മുപ്പത് വർഷം മുമ്പുള്ള സംഭവത്തെക്കുറിച്ച് കോണഗ്രസുകാരോ ലീഗുകാരോ പ്രതികരിച്ചിട്ടില്ല. ബി ജെപി നേതാക്കളും 1991ലെ പൊതു സ്വതന്ത്രരും ഇക്കാര്യം വ്യക്തമാക്കിയിട്ടും കോൺഗ്രസ്, ലീഗ് നേതാക്കൾ പ്രതികരിക്കാത്ത വളരെയേറെ അത്ഭുതകരമാണ്.congress league bjp alliance , kerala election, iemalayalam

1991 ലെ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം

കേരളത്തില്‍ അക്കാലത്ത് നിലനിന്നിരുന്ന പ്രത്യേക രാഷ്ട്രീയ അന്തരീക്ഷത്തിലാണ് കാര്യങ്ങള്‍ ഇങ്ങനെയായത്. അതിനുള്ള കാരണങ്ങൾക്ക് അന്വേഷിച്ചാൽ അതിനും കുറച്ച് പിന്നിലോട്ട് നടക്കേണ്ടി വരും.

കേരള രാഷ്ട്രീയത്തിൽ വളരെ വലിയൊരു ഗതിമാറ്റത്തിനുള്ള ലക്ഷണം കാണിക്കുന്നത് അടിയന്തരാവസ്ഥയും അതിനു ശേഷം നടന്ന സംഭവങ്ങളുമാണ്. ഇതിന് സമാന്തരമായി കേരളത്തിൽ നിന്നുള്ള ഗൾഫിലേക്കുള്ള തൊഴിൽ കുടിയേറ്റവും രൂപപ്പെടുന്നുണ്ട്. ഗൾഫിലേക്കുള്ള തൊഴിൽ കുടിയേറ്റത്തിലൂടെയുള്ള വരുമാനം കേരളത്തിൽ സാമൂഹിക സാമ്പത്തിക സ്ഥിതിയിൽ കാതലായ മാറ്റം വരുത്തി തുടങ്ങിയ 80 കളിൽ അതിലെ പ്രത്യക്ഷ സ്വഭാവങ്ങൾ കേരളത്തിലെ രാഷ്ട്രീയഭൂമികയിലും ചലനങ്ങൾ സൃഷ്ടിക്കുന്നതിലെ അന്തർധാരയായി മാറി. മണി ഓർഡർ ഇക്കോണമി എന്ന ഓമനപ്പേരിൽ അറിയപ്പെട്ട ഗൾഫ് കുടിയേറ്റത്തിൽനിന്നുള്ള പണം കേരളത്തിലെ സാമ്പത്തിക, സാമൂഹിക അന്തരീക്ഷത്തിൽ കാര്യമായ ഗതിമാറ്റം സൃഷ്ടിച്ചു തുടങ്ങിയതായിരുന്നു എൺപതുകൾ.
ഈ ഘട്ടത്തിൽ തന്നെയാണ് ദേശീയ തലത്തിൽ 1980 ൽ ബി ജെപി രൂപീകരിക്കപ്പെടുന്നത്. അന്ന് കേരളത്തിലും പഴയ ജനസംഘം പ്രവർത്തകരും ആർ എസ് എസ് പ്രവർത്തകരുമായവരാണ് ബി ജെ പിയുമായി ബന്ധപ്പെട്ടു നിന്നത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടർന്ന് 1984 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെമ്പാടുമെന്ന പോലെ കേരളത്തിലും ഉയർന്നുവീശിയത് കോൺഗ്രസ് തരംഗമായിരുന്നു. എന്നാൽ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ഫലം എല്ലാവരെയും ഞെട്ടിച്ചു. എൽ ഡി എഫിലെ ലോക്‌ദൾ സ്ഥാനാർത്ഥിയായിരുന്ന ഡോ. എ നീലലോഹിതദാസൻനാടാരെ തോൽപ്പിച്ച് കോൺഗ്രസ് ഐ യുടെ ചാൾസ് ജയിച്ചു. ആ ജയമല്ല മൂന്നാം സ്ഥാനമാണ് രാഷ്ട്രീയക്കാരെ ഞെട്ടിച്ചത്. ആർ എസ് എസ് , ബി ജെപി പിന്തുണയുള്ള ഹിന്ദുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച കേരളവർമ 1,10,499 വോട്ടാണ് നേടിയത്. അതായത് മൊത്തം ചെയ്ത വോട്ടിന്റെ 19.80 ശതമാനം. വിജയിയായ ചാൾസ് 43ശതമാനവും രണ്ടാംസ്ഥാനത്തെത്തിയ നീലലോഹിതദാസൻ നാടാർ 33.41 ശതമാനവും വോട്ട് നേടി. ബഹുദൂരം മുന്നിലായിരുന്നുവെന്നത് പോലും മതേതര വിശ്വാസകളെ സംബന്ധിച്ച് ആശ്വാസകരമായ ഒന്നായിരുന്നില്ല. കാരണം വടക്ക് മഞ്ചേശ്വരത്ത് ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ച കെ ജി മാരാർ പിടിച്ചത് ഏകദേശം അറുപതിനായിരത്തോളം വോട്ടായിരുന്നു. 59,021 വോട്ടുമായി മൊത്തം പോൾ ചെയ്ത വോട്ടിന്റെ 10.22 ശതമാനം മാരാർ സ്വന്തമാക്കി. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ നേടിയ വോട്ട് ശതമാനത്തിലെ പകുതിയിലേറെയാണ് മഞ്ചേശ്വരത്ത് നേടിയത്.

വടകര എത്തുമ്പോൾ ബി ജെ പിയുടെ വോട്ടിങ് ശതമാനം 5.83 ശതമാനമായി. മഞ്ചേരിയിൽ മത്സരിച്ച ഒ. രാജഗോപാൽ 43,301 വോട്ട് നേടി മൊത്തം ചെയ്ത വോട്ടിലെ 7.67 ശതമാനം വോട്ട് നേടി. എറണാകുളത്ത് ബി ജെ പിയുടെ പി ആർ നമ്പ്യാർ 28,893 വോട്ടുകളാണ് നേടിയത്. ഇത് മൊത്തം പോൾ ചെയ്ത വോട്ടിലെ 5.46 ശതമാനമായിരുന്നു. മാവേലിക്കരയിൽ ബി ജെ പിയുടെ വിഷ്ണു നമ്പൂതിരി 25124 വോട്ടോടെ 5.03 ശതമാനം വോട്ട് കരസ്ഥമാക്കിയിരുന്നു. ബി ജെ പിയുടെ രാഷ്ട്രീയ വോട്ടിനേക്കാളേറെ മതേതര സമൂഹത്തെ ആശങ്കയിലാഴ്ത്തിയത് ആ തിരഞ്ഞെടുപ്പിൽ പ്രകടമായ വോട്ടിലെ വിഭാഗീയ പ്രവണതയാണ്.
ഈ സാഹചര്യത്തിലാണ് ദേശീയ തലത്തിലെയും സംസ്ഥാന തലത്തിലെയും സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരുപോലെ അപകടകരമാണ് എന്ന നിലപാട് സിപി എം വ്യക്തമാക്കുന്നത്. തുടർന്ന് നടന്ന രാഷ്ട്രീയ നീക്കങ്ങളുടെ പരിണിത ഫലമെന്നോണം സിപിഎമ്മിനൊപ്പം എൽ ഡി എഫ് മുന്നണിയിൽ ന്യൂനപക്ഷങ്ങൾക്ക് മുൻകൈയുള്ള പാർട്ടികളൊന്നും ഇല്ലാതെയായി. മുസ്‌ലിം ലീഗിനെ മുന്നണിയിൽ കൊണ്ടുവരാനായി ശ്രമിച്ച എം വി രാഘവന് സി പി എമ്മിൽനിന്നു പുറത്തേക്കു വഴി തുറന്നു. 1986ൽ കോൺഗ്രസിനെ മുഖ്യശത്രുവായ കണ്ട് മുസ്‌ലിം ലീഗിനെയും കേരളാ കോൺഗ്രസിനെയും ഉൾപ്പെടുത്തി മുന്നണി വിപുലീകരിക്കണമെന്ന ആശയമാണ് എം വി ആർ മുന്നോട്ടു വച്ചത്. ഇത് തള്ളിക്കളഞ്ഞ സിപിഎം തങ്ങളുടെ മുൻ നിലപാടിൽ ഉറച്ചു നിന്നു. ഇത് 1987 ലെ തിരഞ്ഞെടുപ്പിൽ സിപി എമ്മിന് അനുകൂലമായി ഹിന്ദു സമുദായ വോട്ടുകൾ ഏകീകരിക്കുന്നതിന് വഴിയൊരുക്കുകയും അത് എൽ ഡി എഫിന് അധികാരത്തിൽ എത്താനുള്ള കാരണങ്ങളിലൊന്നാവുകയും ചെയ്തുവെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്.

ഇതേ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഈസ്റ്റിൽ എൽ ഡി എഫ് സ്ഥാനാർത്ഥി കോൺഗ്രസ് എസ്സിലെ കെ. ശങ്കരനാരായണപിള്ള 35,562 വോട്ട് നേടി 11,727 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ചു. എന്നാൽ ഹിന്ദുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച കുമ്മനം രാജേശഖരൻ 23,835 വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തി. യു ഡി എഫ് സ്ഥാനാർത്ഥിയായ എൻ ഡി പി സ്ഥാനാർത്ഥി 23512 മൂന്നാം സ്ഥാനത്തായി എന്ന് കൂടി കാണുമ്പോഴാണ് 1984 ലെ ലോക് സഭാ തിരഞ്ഞെടുപ്പും രണ്ട് വർഷം പിന്നിട്ട ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ആ വോട്ട് ബാങ്കിലെ ഏകീകരണം വ്യക്തമാകുന്നത്. ഇതേ ഈസ്റ്റ് മണ്ഡലത്തിലെ ഭൂരിപക്ഷം വാർഡുകളും ഉൾപ്പെടുന്നതാണ് നിലവിലെ നേമം മണ്ഡലം എന്ന് കൂടെ പരിഗണിക്കുമ്പോഴാണ് ആ മണ്ഡലത്തിലെ ഹിന്ദുത്വ വോട്ട് ബാങ്ക് പെട്ടെന്ന് രൂപപ്പട്ട ഒന്നല്ല എന്ന് മനസിലാകുക. എന്നാൽ തിരുവനന്തപുരം ഈസ്റ്റിൽ 1991 മുതൽ ബി ജെപിക്ക് കാര്യമായ റോൾ ഉണ്ടായില്ല എന്നതാണ് വാസ്തവം. വോട്ട് കുത്തനെ കുറയുകയാണ് ചെയ്തത്.

നേമം മണ്ഡലമാകുകയും ഒ. രാജഗോപാൽ മത്സരരംഗത്ത് എത്തുകയും കോൺഗ്രസ് മണ്ഡലത്തിൽനിന്നു മാറി ഘടകക്ഷിയായ വീരേന്ദ്രകുമാർ ജനതാദളിന് നൽകുകയും ചെയ്തപ്പോഴാണ് അവിടെ ബി ജെ പി രണ്ടാം സ്ഥാനം കണ്ടതും. 2016 ൽ വിജയിച്ചതും. 2016ൽ ഒ രാജഗോപാൽ നേമം മണ്ഡലത്തിൽ ജയിച്ചത് സിറ്റിങ് എം എൽ എയായിരുന്ന വി.ശിവൻകുട്ടിയെ തോൽപ്പിച്ചാണ്. രാജഗോപാൽ 67,813 വോട്ട് നേടി. രണ്ടാം സ്ഥാനത്ത് വി.ശിവൻകുട്ടി 59142വോട്ടും മൂന്നാം സ്ഥാനത്ത് യു ഡി എഫ് സ്ഥാനാർത്ഥി വി. സുരേന്ദ്രൻ പിള്ള 13860 വോട്ടിലൊതുങ്ങി. അതായത് മൊത്തം പോൾ ചെയ്തതിലെ പത്ത് ശതമാനം വോട്ട് പോലും യു ഡി എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചില്ല എന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലത്തിലെ ദയനീയ ചിത്രം. എൽ ഡി എഫിനൊപ്പമുണ്ടായിരുന്ന കേരളാകോൺഗ്രസ് സ്കറിയാ തോമസ് വിഭാഗത്തിലായിരുന്ന സുരേന്ദ്രൻ പിള്ള തിരുവനന്തപുരം സെൻട്രലിൽ സീറ്റ് കിട്ടാതെവന്നതോടെ അവസാന നിമിഷം മറുകണ്ടം ചാടി നേമത്ത് സ്ഥാനാർത്ഥിയാവുകയായിരുന്നു.

തിരുവനന്തപുരം ഈസ്റ്റിൽ 1991 മുതൽ 2006 വരെയുള്ള ബി ജെ പി വോട്ട് നില:

1991- രാമൻ പിള്ള 12, 289
1996- പി അശോക് കുമാർ 19,475
2001- ബി കെ ശേഖർ 13,940-
2006 ജ്യോതീന്ദ്ര കുമാ-ർ 10, 847

തിരുവനന്തപുരം ഈസ്റ്റ് മണ്ഡലം 2011ൽ നേമം മണ്ഡലമായി അപ്പോൾ ആദ്യമത്സരത്തിൽ രാജഗോപാൽ 43,661 വോട്ടുമായി രണ്ടാം സ്ഥാനത്ത് എത്തി. സി പി എമ്മിലെ വി. ശിവൻകുട്ടിയായിരുന്നു വിജയി യു ഡി എഫിലെ ചാരുപാറ രവി മൂന്നാം സ്ഥാനത്തേക്ക് പോയി.

ഇതേ സമയം പഴയ നേമം മണ്ഡലത്തിലെ ബി ജെ പിയുടെ വോട്ട് നില ഇങ്ങനെയായിരുന്നു. 1991ൽ പി. അശോക് കുമാർ 17,072 വോട്ടുമായി മൂന്നാം സ്ഥാനത്ത് എത്തി. 1996 ൽ മടവൂർ സുരേഷ് നേടിയത് 9,011 വോട്ട് മാത്രമായിരുന്നു.2001 ൽ എം എസ് കുമാറിന് 16,872 വോട്ട് ലഭിച്ചു. 2006 ൽ മലയിൻകീഴ് രാധാകൃഷ്ണൻ നേടിയത് വെറും 6,705 വോട്ട് മാത്രവുമായിരുന്നു. അതായത് തിരുവനന്തപുരം ഈസ്റ്റിലോ നേമം മണ്ഡലത്തിലോ പറയത്തക്ക സ്വാധീനമുള്ള പാർട്ടിയായിരുന്നില്ല ബി ജെ പി എന്നതാണ് ഈ കണക്കുകൾ പറയുന്നത്. വോട്ട് കുത്തനെ കുറയുന്നതും ചിലപ്പോൾ ഉയരുന്നതുമാണ് ഈ പാർട്ടിയുടെ പ്രവണത. 1987 ലെ കണക്കിന് ശേഷം ഇതിന് മാറ്റം വരുന്നത് 2016ൽ രാജഗോപാൽ മത്സരിക്കുമ്പോൾ മാത്രമായിരുന്നു. അതിന് തുടർച്ചയും ഉണ്ടായി.

1987 ലെ സർക്കാർ കാലത്ത് പല ക്ഷേമപദ്ധതികളും സർക്കാർ നടപ്പാക്കി. ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചു. കൃത്യമായി പെൻഷൻ എത്തിച്ചു. തൊഴിലില്ലായ്മ വേതനം നൽകുന്നതിൽ ശ്രദ്ധ പുലർത്തി. ഇതിന് പുറമെ സാക്ഷരാതാ പദ്ധതിയുടെ നടത്തിപ്പ് കേരളത്തിന് ലോക ശ്രദ്ധതന്നെ ആകർഷിച്ചു. കേരള മാതൃകയിൽ കാതലായ സംവാദങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു ആ കാലം. ഈ ഭരണ കാലയളവിലാണ് കേന്ദ്രത്തിൽ ഇടതുപക്ഷ പിന്തുണയോടെ വി പി സിങ് സർക്കാർ അധികാരത്തിലെത്തുന്നത്. വി പി സിങ് സർക്കാർ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയതും കേരളത്തിന് കൂടുതൽ റേഷൻ വിഹിതം വർധിപ്പിച്ച് നൽകിയതും മറ്റ് പല പദ്ധതികൾ അനുവദിച്ചതും ആനുകൂല്യങ്ങൾ നൽകുകയും ചെയ്തത് സംസ്ഥാന സർക്കാരിനും അനുഗുണമായി. ഇതേ സമയത്താണ് ഇറാഖ് യുദ്ധം സംഭവിക്കുന്നത്. ഇറാഖ് യുദ്ധത്തെ മുന്‍ നിര്‍ത്തി സി പി എം സ്വീകരിച്ച സമീപനം പൊതുവിൽ കേരളീയ സമൂഹത്തിലും പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തില്‍ ആഴത്തില്‍ വേരോട്ടം ലഭിച്ചു. ഇതിനു പിന്നാലെ നടന്ന ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് തൂത്തൂവാരി. 14 ൽ 13 ജില്ലകളും എൽ ഡി എഫിലേക്ക് ചാഞ്ഞു.

1987 ൽ തൊടുപുഴ നിയമസഭാമണ്ഡലത്തിൽനിന്നു യു ഡി എഫ് സ്ഥാനാർത്ഥിയായി പി ജെ. ജോസഫ് നിയമസഭയിൽ വന്നു. 1989 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫിലുണ്ടായ തർക്കത്തെത്തുടർന്ന് ജോസഫ് യു ഡി എഫ് വിട്ടു. തുടർന്ന് ജോസഫ് മൂവാറ്റുപുഴയിൽ സ്വതന്ത്രനായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തെ എത്തിയുള്ളൂ. 1991 ആയപ്പോഴേക്കും എൽ ഡി എഫിലെത്തിയ ജോസഫ് ഇടുക്കിയിൽനിന്നു എൽ ഡി എഫ് സ്ഥാനാർത്ഥിയായി ലോകസഭയിലേയ്ക്ക് മത്സരിച്ചു എങ്കിലും പരാജയപ്പെട്ടു. അതയാത് 1987 ൽ എൽ ഡി എഫ് മുന്നണിയിൽ ഇല്ലാതിരുന്ന ഒരു ഘടകകക്ഷി അതും ക്രൈസ്തവ സമുദായത്തിലും തെക്കൻ കേരളത്തിലും കുടിയേറ്റമേഖലയിലും സാന്നിദ്ധ്യമുള്ള കേരളാ കോൺഗ്രസിലെ ജോസഫ് വിഭാഗമാണ് എൽ ഡി എഫിലേക്ക് വന്നത്. 1989 ൽ യു ഡി എഫ് വിട്ട് സ്വതന്ത്രനായി മത്സരിച്ചതിന് പിന്നാലെ ന്യൂനപക്ഷ വർഗീയതാ പാർട്ടികളുടെ പട്ടികയിൽ നിന്നും ജോസഫിന്റെ കേരളാ കോൺഗ്രസിനെ മതനിരപേക്ഷ പാർട്ടിയായി ഇ എം എസ്സിന്റെ രാഷ്ട്രീയ കാർമികത്വത്തൽ ജ്ഞാനസ്നാനം ചെയ്യിച്ചെടുത്തിരുന്നു.

ഇങ്ങനെ വളരെ ശക്തമായ സി പി എമ്മും എൽ ഡി എഫും നിലകൊള്ളുന്ന കാലത്താണ് ലോകസ്ഭാ തെരഞ്ഞെടുപ്പ് വരുന്നത്. ഏകദേശം ഒരു വര്‍ഷം ശേഷിക്കെ കേരളത്തിലെ ഭരണം അവസാനിപ്പിച്ച് തുടർ ഭരണം സ്വപ്നം കണ്ട് ഇ.കെ.നായനാര്‍ മന്ത്രി സഭ തിരഞ്ഞെടുപ്പിനിറങ്ങി. കാര്യങ്ങള്‍ പൊതുവില്‍ എല്‍. ഡി. എഫിന് അനുകൂലമായ സാഹചര്യത്തിലാണ് കോ ലീ ബി സഖ്യമെന്ന് വിളിക്കപ്പെട്ട ഈ മുക്കൂട്ട് മുന്നണി പിറക്കുന്നത്. ഇത് അന്നത്തെ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ സ്വീകരിച്ച മാര്‍ഗങ്ങളിലൊന്നായിരുന്നു വെന്നാണ് വിലയിരുത്തല്‍ ശരിവയ്ക്കുന്നതായി പിന്നീടുള്ള വെളിപ്പെടുത്തലുകൾ എല്ലാം. ഇതിനു പുറമെ പാർട്ടി രൂപം കൊണ്ട് പത്ത് വർഷം പിന്നിട്ടിട്ടും കേരളത്തിൽ ചലനം സൃഷ്ടിക്കാനാവാത്തതിൽ ബി ജെ പിക്ക് ഉണ്ടായിരുന്ന അസംതൃപ്തിയും ആശങ്കയുമുണ്ടായിരന്നു. പൊതുസമൂഹത്തിൽ ബി ജെ പിക്ക് വർഗീയ കക്ഷി എന്ന പേരിൽ ഒരു അസ്പൃശ്യത അനുഭവിക്കേണ്ടി വന്നിരുന്നു. ജാതീയമായും മതപരമായും ബി ജെ പിയുടെ സമീപനങ്ങൾ ഹിന്ദു സവർണ വിഭാഗങ്ങൾക്ക് അനുകൂലമായിരുന്നു. മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിനോടുള്ള സമീപനം ഉൾപ്പടെ അതാണ് വ്യക്തമാക്കിയിരുന്നത്. ആ സാഹചര്യത്തിൽ സമൂഹത്തിലിടം നേടാനുള്ള ബി ജെ പിയുടെ ആഗ്രഹങ്ങളുടെ ഭാഗം കൂടെയായിരുന്നു കോലീബി സഖ്യം എന്നത്.

തിരഞ്ഞെടുപ്പിനിടയിൽ രാജീവ് ഗാന്ധി വധിക്കപ്പെട്ടതോടെ കാര്യങ്ങളൊക്കെ കീഴ്മേൽ മറിഞ്ഞു. അന്നുണ്ടായ സഹതാപതരംഗവും ബി ജെ പി വോട്ട് മറിക്കലും അദൃശ്യമായി നിലനിന്നിരുന്നുവെന്ന് കണക്കാക്കപ്പെടുന്ന ഭരണമാറ്റ വികാരവും ഒക്കെ എൽ ഡി എഫിന് എതിരായി. യു ഡി എഫ് വിജയിച്ച് അധികാരത്തിലെത്തി. എന്നാൽ ബി ജെ പിക്ക് കേരളത്തിൽ കാര്യമായ വോട്ട് നേടാൻ സാധിച്ചില്ല. കോ ലീ ബി സഖ്യത്തിലെ ധാരണകൾ സഹതാപ തരംഗത്തിൽ മാത്രം ഒലിച്ചുപോയതല്ല എന്നത് വ്യക്തമാണ്. ബേപ്പൂരും വടകരയിലും കോലീബി സ്ഥാനാർത്ഥികളുടെ തോൽവി വ്യക്തമാക്കുന്നത് അതാണ്. മാത്രമല്ല, തിരുവനന്തപുരം ഈസ്റ്റ് പോലുള്ള മണ്ഡലങ്ങളിൽ പകുതിയിലേറെ വോട്ടുകൾ ബി ജെ പിക്ക് നഷ്ടമാവുകയും ചെയ്തു.congress league bjp alliance , kerala election, iemalayalam

വർത്തമാനകാലത്തെ ബി ജെ പി സഖ്യ സാധ്യതകൾ

ചരിത്രത്തിൽ കോൺഗ്രസ് ലീഗ് ബി ജെ പി കൂട്ടുകെട്ട് 1991 ൽ പ്രത്യക്ഷമായി നടപ്പിലായതാണെങ്കിലും പിന്നീട് ഒളിഞ്ഞും തെളിഞ്ഞും ഈ ആരോപണം നിലനിന്നിരുന്നു. ഇത് പലപ്പോഴും തിരിച്ചുള്ള ആരോപണങ്ങൾക്കും വഴിയൊരുക്കി. എന്നാൽ, ബി ജെ പിക്ക് കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അംഗീകാരം നൽകിയ പ്രസ്താവന നടത്തിയത് 2015ൽ കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയായിരുന്നു. അതുവരെ കേരളത്തിൽ ഏതെങ്കിലും മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് വല്ലപ്പോഴും വന്നാലായി എന്ന നിലയിലാണ് ബി ജെ പിയുടെ സ്ഥിതി. എന്നാൽ,അതിനെ മറികടന്ന് ബി ജെ പി പ്രതിഷ്ഠിക്കുകയണ് ഉമ്മൻചാണ്ടി ചെയ്തത്. അരുവിക്കര മണ്ഡലത്തിലെ എം എൽ എ ആയിരുന്ന ജി. കാർത്തികേയൻ നിര്യാതനായതിനെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിനിടെയായിരുന്നു ഉമ്മൻചാണ്ടിയുടെ ബി ജെ പിയെ പൊക്കി സി പിഎമ്മിനെ അടിച്ച തന്ത്രം പയറ്റിയത്.

ജി കാർത്തികേയന്റെ മകൻ കെ എസ് ശബരീനാഥനായിരുന്നു കോൺഗ്രസ് സ്ഥാനർത്ഥി. സി പിഎമ്മിന് എം. വിജയകുമാറും, ബി ജെ പി ക്ക് ഒ. രാജഗോപാലും. 2011ൽ ഈ മണ്ഡലം ആർ എസ് പിയുടെ കൈവശമായിരുന്നു. 2014ൽ ആർ എസ് പി യു ഡിഫിൽ ചേർന്നതോടെയാണ് മണ്ഡലം സിപിഎം എടുക്കുന്നത്. മത്സരം കടത്തുവന്നപ്പോൾ കോൺഗ്രസും ബി ജെ പിയും തമ്മിലാണ് അരുവിക്കരയിൽ മത്സരമെന്ന് ഉമ്മൻചാണ്ടി പ്രഖ്യാപിച്ചു. ഇതോടെ, വളരെ പിന്നിൽ നിന്ന ബി ജെ പി വളരെ വേഗം ചിത്രത്തിലേക്ക് വന്നു. ഉമ്മൻചാണ്ടിയുടെ പ്രസ്താവന സഹായിച്ചിട്ടും ബി ജെ പിയുടെ വോട്ട് പുള്ളർ എന്നറിയപ്പെടുന്ന ഒ. രാജഗോപാൽ മത്സരിച്ചിട്ടും മൂന്നാം സ്ഥാനമായിരുന്നു ബി ജെപിക്ക്. 2011 നേക്കാൾ, അഞ്ചിരട്ടിയോളം വോട്ട് രാജഗോപാൽ നേടി എന്നതും യാഥാർത്ഥ്യം. ഉമ്മൻചാണ്ടി പയറ്റിയ ഇതേ തന്ത്രം പിന്നീട് സി പി എമ്മും പയറ്റാൻ തുടങ്ങി. അത് തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയായി. ഇപ്പോൾ നേമത്ത് ആദ്യം കോടിയേരിയും പിന്നീട് മുല്ലപ്പള്ളിയും ഇത് ആവർത്തിച്ച് ബി ജെപിയെ മുഖ്യ എതിരാളിയാക്കി. ആര്യനാട്ടിൽ പേരിന് പോലും ഇല്ലാതിരുന്ന ബി ജെ പിയെ മുഖ്യ എതിരാളിയാക്കി ഉമ്മൻചാണ്ടി നടത്തി പ്രസ്താവന അവർക്ക് കൊടുത്ത മൈലേജും അത് എതിർ സ്ഥാനാർത്ഥിക്ക് നൽകിയ തിരിച്ചടിയും എന്ന തന്ത്രം ഇന്ന് എല്ലാവരും പയറ്റുന്നു. ആത്യന്തികമായി തങ്ങൾക്ക് തിരിച്ചടിയും ബി ജെ പിക്ക് മാത്രം ഗുണം ചെയ്യുന്ന തന്ത്രം മാറി മാറി പയറ്റുന്നതാണ് രണ്ട് മുന്നണികളുടെയും രാഷ്ട്രതന്ത്രജ്ഞത എന്ന പരിഹാസ്യതയാണ് ഇതിലൂടെ വെളിപ്പെടുന്നത്.

congress league bjp alliance , kerala election, iemalayalam

1991 ൽ നിന്നും 2021ൽ എത്തുമ്പോൾ

കേരളത്തിൽ വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ 30 വർഷം മുമ്പുള്ള കോ ലീ ബി സഖ്യം മറ്റൊരു വിധത്തിൽ ആവർത്തിക്കുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. 30 വർഷം മുമ്പ് കോ ലീ ബി സഖ്യത്തെ കുറിച്ച് പൊതുസമൂഹത്തിൽ ആരോപണം ഉന്നയിച്ചത് സി പി എമ്മും അവരുടെ മുഖപത്രമായ ദേശാഭിമാനിയും ആയിരുന്നുവെങ്കിൽ ഇത്തവണ എൽ ഡി എഫും ബി ജെപിയും തമ്മിലുള്ള രഹസ്യബാന്ധവം ഉണ്ടെന്ന ആരോപണം നിറഞ്ഞു നിൽക്കുന്നത് മറ്റ് മാധ്യമങ്ങളിലാണ്.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം 1991 ന് ഏതാണ്ട് സമാനമായാണ് നിലനിൽക്കുന്നത്. ഒരുപക്ഷേ, സർക്കാരിന് അന്നുള്ളതിനേക്കാൾ കൂടുതൽ മൈലേജ് പല വിധ കാരണങ്ങളാൽ ലഭിച്ച കാലവും കൂടെയാണിത്. ഓഖി, നിപ, രണ്ട് പ്രളയം, കോവിഡ് 19 എന്നീ ദുരന്തങ്ങൾ നേരിട്ട കേരളം അതിനെ അതിജീവിച്ച രീതി ലോകം തന്നെ ഉറ്റുനോക്കിയതാണ്. ഏറ്റവും അവസാനം കോവിഡ് സംബന്ധിച്ച് കേരളം കടന്നുപോകുന്ന സാഹചര്യത്തിൽ പോലും സർക്കാർ സ്വീകരിച്ച നടപടികൾ അനുകൂല ഘടകമാണ്.. ലൈഫ് പദ്ധതി പ്രകാരം വീട് നൽകലും ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിക്കുകയും അവ കൃത്യമായി അർഹതപ്പെട്ടവരിൽ എത്തിക്കുകയും ചെയ്യുന്നതും വലിയ ചലനം സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്കിടയിൽ സൃഷ്ടിച്ചു. ഇതിന് പുറമെ 1991 യു ഡി എഫിൽ നിന്നും കേരളാ കോൺഗ്രസിലെ ജോസഫ് വിഭാഗമാണ് എൽ ഡി എഫിന് ഒപ്പംവന്നതെങ്കിൽ ഇത്തവണ മാണിയുടെ മകൻ ജോസ് കെ. മാണി നയിക്കുന്ന വിഭാഗമാണ് യു ഡി എഫ് വിട്ട് എൽ ഡി എഫിന് ഒപ്പം എത്തിയിട്ടുള്ളത്. നേരത്തെ തന്നെ, ജനതാദളിൽ യു ഡി എഫിനൊപ്പം നിന്ന വീരേന്ദ്രകുമാറർ വിഭാഗവും എൽ ഡിഎഫിനൊപ്പം എത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് നേടിയ വിജയം 1991 ലെ ജില്ലാകൗൺസിൽ വിജയത്തെ ഓർമ്മിപ്പിക്കുന്നതാണ്.

കോവിഡിൽ സർക്കാർ നടത്തിയ ക്ഷേമ പ്രവർത്തനങ്ങളും ആരോഗ്യ പ്രവർത്തനങ്ങളും വളരെ വലിയ കൈയടി നേടിയെങ്കിലും ഇതേ സമയം ഉയർന്ന സ്പ്രിങ്ക്ളർ, സ്വർണക്കടത്ത്, ഡോളർ കടത്ത്, ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയാരോപണം തുടങ്ങിയ ആരോപണങ്ങൾ ഉയർന്നു. അതിന് ശേഷം, കടൽ സമ്പത്തുമായി ബന്ധപ്പെട്ട മത്സ്യമേഖലയിൽ വിദേശകമ്പനിയുമായുണ്ടായ ധാരണയ്ക്കെതിരെ ഉയർന്ന വികാരവും സർക്കാരിനെതിരായി. ഇതുപോലെ തന്നെ കരാർ നിയമനം നടന്നവരെ സ്ഥിരപ്പെടുത്തിയതും പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സമരവുമൊക്കെ സർക്കാരിനെതിരായി.
ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച കോടതി വിധി നടപ്പാക്കാൻ ശ്രമിച്ച സർക്കാരിനെതിരെ ആദ്യം രംഗത്തെത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. സുപ്രീം കോടതി വിധിക്കെതിരെ അദ്ദേഹം സ്വീകരിച്ച നിലപാടിലേക്ക് വളരെ പെട്ടെന്ന് കടന്നുവന്ന രംഗം കൈയടക്കിയത് ആർ എസ് എസ് , ബി ജെ പിയും അവരുടെ നേതൃത്വത്തി. രൂപം കൊണ്ട ശബരിമല കർമസമിതിയും ആയിരുന്നു. പിന്നീട് കേരളത്തിൽ ജാതീയതയുടയും സ്ത്രീവിരുദ്ധതയുടെയും ഉറഞ്ഞുതുള്ളലായിരന്നു അരങ്ങേറിയത്. സർക്കാർ സംഘടിപ്പിച്ച നവോത്ഥാന പരിപാടികളൊക്കെ പാതി വഴിയിൽ അവസാനിക്കുന്നുവെന്നതായിരുന്നു യാഥാർത്ഥ്യം.

ഇതുപോലെ തന്നെ കേരളചരിത്രത്തിലില്ലാത്തവിധം ഏറ്റുമുട്ടൽ കൊലപാതകങ്ങൾ അരങ്ങേറിയ കാലമായിരുന്നു പിണറായി വിജയൻ സർക്കാരിന്റെ കാലം. മാവോയിസ്റ്റുകളെ വെടിവച്ചുകൊലപ്പെടുത്തിയ നടപടിയെ പരസ്യമായി ബി ജെ പി പിന്തുണച്ചു. കോൺഗ്രസിലെ എതിർപ്പിലെ സത്യസന്ധത പൊതുസമൂഹത്തിന് വിശ്വാസമാകുന്ന വിധത്തിലേക്ക് പോലും വന്നില്ല.തങ്ങളുടെ കാലത്തെ പൊലീസ് അതിക്രമങ്ങൾ ഓർമ്മിക്കുന്നുകൊണ്ടാകാം പൊലീസ് നടത്തിയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രസ്താവനയ്ക്കപ്പുറം മുന്നോട്ട് പോകാൻ യു ഡി എഫും തയ്യാറായില്ല. മറ്റ് ജനകീയ സമരങ്ങൾക്ക് മേൽ നടന്ന അടിച്ചമർത്തലുകളും പ്രതിരോധിക്കാനോ സമരങ്ങൾ ഏറ്റെടുക്കാനോ യു ഡിഎഫോ ബി ജെ പിയോ എത്തിയില്ല. ശബരിമലയിൽ മാത്രമാണ് അവർ സജീവമായി രംഗത്ത് ഇറങ്ങിയത് എന്ന് പൊതുവിൽ എല്ലാവിഷയങ്ങളെയും പരിഗണിക്കുമ്പോൾ കാണാനാകും പിന്നീട് അവസാന സമയത്ത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ നടത്തിയ സമരത്തിനെ പിന്തുണയ്ക്കാൻ യു ഡി എഫും ബി ജെ പിയും എത്തിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റ കടുത്ത പരാജയത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് മുൻകൈ നേടി. യു ഡി എഫിൽ നന്നും സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത് തങ്ങളുടെ അംഗസഖ്യവർധിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് സ്വർണക്കടത്തും സ്പ്രിങ്ക്ളറും ബിനീഷ് കോടിയേരി വിവാദവും ശബരിമലയുമൊക്കെ വിഷയമാക്കി കോൺഗ്രസും ബി ജെ പിയും രംഗത്തു വന്നു. എൽ ഡി എഫ് വികസന- ക്ഷേമ പ്രവർത്തനങ്ങളിലാണ് ഊന്നി നിന്നത്. സമരങ്ങളും ആരോപണങ്ങളും ഒക്കെ ഒരു വശത്ത് അതിശക്തമായി ഉയർന്നുവെങ്കിലും സർക്കാരിന് ,കാര്യമായ പോറൽ ഏറ്റില്ല.

ജമാ അത്തെ ഇസ്‌ലാമി നേതൃത്വം നൽകുന്ന വെൽഫെയർ പാർട്ടി യു ഡി എഫ് ഭാഗമായ മത്സരിച്ചതിനെതിരെ കടുത്ത ആരോപണവുമായി സി പി എം രംഗത്തെത്തി. കേരളത്തിലെ ഇസ്‌ലാസമോഫോബിയ നിറഞ്ഞു നിൽക്കുന്ന ഹൈന്ദവ, ക്രൈവസ്തവ സാമൂഹിക അന്തരീക്ഷത്തിൽ വോട്ടർമാരെ ലക്ഷ്യമിട്ടായിരുന്നു ആ ആക്രമണം. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ക്രൈസ്തവ വിഭാഗത്തിനുള്ളിൽ ഗണ്യമായ സ്വാധീനമുള്ള കേരളാ കോൺഗ്രസിലെ ജോസ് കെ മാണി വിഭാഗം എൽ ഡി എഫിന് ഒപ്പം വന്നതും അതേ സമയത്തായിരുന്നു. സർക്കാരിന്റെ മറ്റ് നേട്ടങ്ങൾ സംബന്ധച്ച് പ്രചാരണങ്ങൾക്കൊപ്പം മുസ്‌ലിം ലീഗിനും വെൽഫെയർ പാർട്ടിക്കും എതിരെ ഉയർത്തവിട്ട ആരോപണത്തിലെയും ജോസ് കെ മാണി കൂട്ടുകെട്ടും എൽ ഡി എഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ ഗുണമായി മാറി.

ഇതിനു പിന്നാലെയാണ് കേരളത്തിൽ സി പി എം – ബി ജെ പി കൂട്ടുകെട്ട് എന്ന ആരോപണം ഉയരുന്നത്. ഇത് 1991 ലെ പോലെ ആരോപണം ഉന്നയിച്ച പാർട്ടികളുടെ മുഖപത്രത്തിലല്ല വരുന്നത്. മറ്റ് മാധ്യമങ്ങളിലാണ് ഉയരുന്നത്. നേരത്തെ തന്നെ കേന്ദ്രസർക്കാരുമായി ഏറ്റുമുട്ടലിനില്ല എന്ന പിണറായി വിജയന്റെ സമീപനം ഏറെ വിമർശനം ഉയർത്തിയിരുന്നു. ഓഖി, പ്രളയം തുടങ്ങിയ കാലങ്ങളിൽ കേരളത്തോട് ബി ജെ പിയുടെ കേന്ദ്ര സർക്കാർ സ്വീകരിച്ച സമീപനം പൊതുസമൂഹത്തിൽ ശക്തമായ വിയോജിപ്പ് ഉയർന്നെങ്കിലും സംസ്ഥാന സർക്കാർ അതിനെതിരെ മൃദു സമീപനമാണ് സ്വീകരിച്ചത്. വളരെ അപൂർവമായ ഘട്ടങ്ങളിൽ മാത്രമാണ് കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ മൃദുവായെങ്കിലും പ്രതിഷേധിക്കാൻ സംസ്ഥാന സർക്കാർ തയാറായത്. പൗരത്വബില്ലിൽ പ്രമേയം പാസാക്കിയ സംസ്ഥാന സർക്കാർ സി എ എയ്ക്കെതിരെ സമരം നടത്തിയവർക്കെതിരെ കേസ് എടുത്തു. ഹിന്ദുത്വവാദികൾ പ്രത്യക്ഷമായും സൈബർ ഇടത്തും നടത്തിയ ആക്രമണങ്ങളിൽ പൊലീസ് മൗനം പാലിച്ചപ്പോൾ മറ്റുള്ളവർക്കെതിരെ കേസ് എടുത്തു. എന്നിങ്ങനെ പിണറായി വിജയൻ സർക്കാരിനെതിരെ ബി ജെ പി അനുകൂല സമീപനം സൂചിപ്പിക്കുന്ന നീണ്ട കുറ്റപത്രം പ്രതിപക്ഷവും മാധ്യമങ്ങളും എടുത്തുകാണിക്കുന്നു. ഈ സാഹചര്യത്തിൽ കേരളത്തിനെ കോൺഗ്രസ് മുക്തമാക്കാൻ ബി ജെ പിയും സി പി എമ്മും തമ്മിലുള്ള രഹസ്യബന്ധം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടെന്നാണ് ആരോപണം. ഈ ആരോപണത്തിന് പിൻബലമേകി ഓർഗനൈസർ പത്രാധിപരായിരുന്നു എസ് ബാലശങ്കറും രംഗത്തെത്തി. തനിക്ക് സീറ്റ് നൽകാതിരുന്നത് സി പി എമ്മുമായുള്ള ബി ജെ പിയുടെ രഹസ്യ ബാന്ധവം കാരണമാണെന്നായിരുന്നു അദ്ദേഹിന്റെ സ്കൂപ്പ്.

ദേശീയതലത്തിൽ ആർ എസ് എസുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത്ഷായുമായും ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ബാലശങ്കറിനെ കേരളത്തിലെ കെ. സുരേന്ദ്രൻ സീറ്റ് നൽകാതെ വെട്ടി എന്ന വാദം പരിഹാസ്യമാണെന്ന് പറയുന്നു. ബി ജെ പി കേന്ദ്രനേതൃത്വത്തിന് അത്രയും വിശ്വാസമുള്ള ആളാണ് ബാലശങ്കറെങ്കിൽ കേരളത്തിൽ നിന്നും വെട്ടിക്കളയാനാകില്ലല്ലോ എന്നാണ് ബി ജെ പി, ആർ എസ് എസ് കേന്ദ്രങ്ങൾ ചോദിക്കുന്നത്. മോദിയെയും അമിത് ഷായെയും ധിക്കരിക്കാനുള്ള ധൈര്യമൊന്നും കേരളത്തിലെ ബി ജെ പിക്കില്ല എന്ന വസ്തുത നിലനിൽക്കുന്നുണ്ട് എന്നതിനാൽ തന്നെ, ബാലശങ്കറിന്റെ ആരോപണത്തിന് മാധ്യമങ്ങളിലെ വാർത്തകൾക്കപ്പുറം തീപിടുത്തമുണ്ടായില്ല. 1991ലെകോ ലീ ബി സഖ്യത്തിലെ കാർമ്മികനായിരുന്ന പി . പി മുകുന്ദൻ ഈ ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നതോടെ ബാലശങ്കറിന്റെ ആരോപണം വീണ്ടും സംശയമുനയിലായി. നേരത്തെ തന്നെ സി പി എം- ബി ജെ പികൂട്ടുകെട്ട് മറ്റൊരു കരുനീക്കത്തിന്റെ മറയാകാമെന്ന് സംശയം ഉയർത്തിയവർ ഇത് രണ്ടും ചേർത്ത് കേരള രാഷ്ട്രീയത്തിൽ മറ്റൊരു അഴിയൊടുക്ക് ഉണ്ടായേക്കാം എന്ന് ചൂണ്ടിക്കാണിക്കുന്നു.

കേരളത്തെ സംബന്ധിച്ചടത്തോളം ബി ജെ പിക്കും ആർ എസ് എസിനും ഏറ്റവും കൂടുതൽ ശത്രുത സി പി എമ്മുമായാണ് ഉള്ളത്. കേരളത്തിലെ സംഘർഷങ്ങളുടെ കണക്ക് നോക്കിയാൽ തന്നെ അത് മനസ്സിലാകും. ബി ജെ പി ആർ എസ് എസ് പ്രവർത്തകരും സിപി എം പ്രവർത്തകരും തമ്മിലുള്ള രാഷ്ട്രീയ സംഘർഷം എക്കാലത്തും വാർത്തയാണ്. അതിനിടയിൽ ഇത്തരമൊരു കൂട്ടുകെട്ട് എന്നത് ശുദ്ധ അസംബന്ധമാണ്. തങ്ങൾക്ക് ഒരു കാരണവശാലും സിപിഎമ്മിനെ അനുകൂലിക്കാൻ ആകില്ലെന്ന് നിലപാടാണ് ആർ എസ് എസിനുള്ളത്. സി പിഎമ്മുമായി ഞങ്ങൾ എങ്ങനെ സഹകരിക്കും. സി പി എമ്മിന് ആർ എസ് എസുകാർ വോട്ട് ചെയ്യുമെന്നൊക്കെ പറയുന്നത് യാഥാർത്ഥ്യത്തിന് നേരെ കണ്ണടച്ച് ഇരുട്ടാക്കുന്നവരാണ്. ഞങ്ങളെ ചാരി ന്യൂനപക്ഷങ്ങളുടെയും ഹിന്ദുക്കളുടെയും വോട്ട് ഹൈജാക്ക് ചെയ്യാനാണ് കോൺഗ്രസും സി പി എമ്മും ശ്രമിക്കുന്നതെന്നും ബി ജെ പി ആർ എസ് എസ് പ്രവർത്തകർ പറയുന്നു.

വട്ടിയൂർക്കാവിനും കുണ്ടറയ്ക്കുമിടയിൽ നേമം പറയുന്നത്

ഇതേ തുടർന്ന് തിരഞ്ഞെടുപ്പിൽ ബിജെപിയമായി സിപിഎമ്മിന് രഹസ്യബന്ധം ആരോപണം ശക്തമായി. ഇതേസമയം യാഥാർത്ഥ്യം മറ്റൊന്ന് ആണ് എന്ന് ചൂണ്ടിക്കാണിക്കുന്നവരും ഉണ്ട്. നേമം മണ്ഡലത്തെ യാതൊരു കാരണവുമില്ലാതെ കോൺഗ്രസ് ഒരു തിരഞ്ഞെടുപ്പ് വിഷയമാക്കിമാറ്റുന്നു. മറ്റേത് മണ്ഡലവും പോലെ ഒന്നാണ് നേമം യുഡിഎഫിന് ഒപ്പമുണ്ടായിരുന്ന ജനതാദളിന്റെ കഷ്ണം പോയതോടെ ആ സീറ്റ് വീണ്ടും കോൺഗ്രസിന് എടുക്കാവുന്നതേയുള്ളൂ. അതിന് മുമ്പ് അവരുടെ സീറ്റായിരുന്നു അത്. അതിന് മേൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മലപ്പുറം കത്തി, ഇരട്ടക്കുഴൽ തോക്ക് എന്നൊക്കെ പറഞ്ഞ് പവനായി ലൈനിലായിരുന്നു കോൺഗ്രസുകാരുടെ ബഹളം. അവസാനം എംപിയായ കെ. മുരളീധരനെ കോൺഗ്രസ് തീരുമാനിച്ച മാനദണ്ഡങ്ങൾ മാറ്റിവച്ച് സ്ഥാനാർത്ഥിയായി കൊണ്ടുവന്നു.

ഇതിനിടയിൽ കഴിഞ്ഞ വർഷം മൂന്നാം സ്ഥാനത്തായ മലന്പുഴയിൽ അതായത് നേമം പോലെ കോൺഗ്രസിനെ ബി ജെ പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ മണ്ഡലമാണ്. അവിടെ യുഡി എഫിനൊപ്പമുള്ള ചെറുപാർട്ടിക്ക് കൊടുക്കാൻ തീരുമാനിക്കുന്നു. ബിജെപിക്ക് ജയസാധ്യത എന്നത് തളികയിൽ വച്ച് കൊടുക്കുകയാണ് യുഡിഎഫ് എന്ന ആരോപണം മാധ്യമങ്ങളിൽ കാര്യമായ ശ്രദ്ധ നേടിയില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. എൽഡിഎഫ് ഇതായുധമാമാക്കി കോൺഗ്രസ് ബിജെപി സഖ്യത്തിലേക്ക് വിരൽ ചൂണ്ടി. അതോടെ അവിടെ വീണ്ടും കോൺഗ്രസ് ഏറ്റെടുത്തു.

ഇതെല്ലാം കഴിഞ്ഞപ്പൾ തിരുവനന്തപുരത്തെ പ്രസ്റ്റീജ് മണ്ഡലമായ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായില്ല. അവസാനം സ്ഥാനാർത്ഥി വന്നു. ആ മണ്ഡലത്തിൽ ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ ഒഴിവാക്കിയാണ് പുതിയ സ്ഥാനാർത്ഥി വന്നതെന്നും തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങൾ തമ്മിലുള്ള കോൺഗ്രസ് ബി ജെ പി ധാരണയുടെ ഭാഗമാണിതെന്നും ആരോപണം ഉയർന്നുവെങ്കിലും മാധ്യങ്ങൾ ഇതിൽ തൊട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിക്കാനാകാത്ത ആളെ നിയമസഭാ മണ്ഡലത്തിലേക്ക് മത്സരപ്പിക്കുന്നിതിലെ അനൗചിത്യം യു ഡി എഫിൽ തന്നെ പരിഹാസ്യവിഷയമാകുമ്പോൾ ആരാണ് ബിജെപിയെ സഹായിക്കുന്നത് എന്നാണ് എൽഡിഎഫുകാരുടെ ചോദ്യം.

കോൺഗ്രസിൽ നിന്നും കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലാണ് സിപിഎം വട്ടിയൂർക്കാവ് സീറ്റ് പിടിച്ചെടുത്തത്. ഇവിടെ നിർത്താൻ പരിഗണിച്ച പല പേരുകളും ഒഴിവാക്കി അവസാന നിമിഷമാണ് വീണാനായർ എന്ന പേര് വരുന്നത്. മുൻ എംഎൽഎയായ വിഷ്ണുനാഥിനെ വട്ടിയൂർക്കാവ് സ്ഥാനാർത്ഥിയാക്കുമെന്നായിരുന്നു ആദ്യ കേൾവി എന്നാൽ, വട്ടിയൂർക്കാവ് പോലെ ഒരു പ്രസ്റ്റീജ് മണ്ഡലത്തിൽ നിന്നും വിഷ്ണുനാഥിനെ കുണ്ടറയിലേക്കാണ് മാറ്റിയത്.

ബി ജെ പി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാലരട്ടിയോളം വോട്ട് വർദ്ധിപ്പിച്ച മണ്ഡലമാണ് കുണ്ടറ. 2011 ൽ വെറും 5990 വോട്ട് മാത്രമാണ് ബി ജെപി നേടിയത്. അതായത് മൊത്തം പോൾ ചെയ്തതിലെ 4.99 ശതമാനം മാത്രം. എന്നാൽ 2016 ആയപ്പോൾ ഈ മണ്ഡലത്തിൽ ബിജെപി നേടിയത് 20,257 വോട്ട്. അതയാത് പോൾ ചെയ്തതിലെ 13.28 ശതമാനം. ഇത്രയധികം നേട്ടമുണ്ടാക്കിയ മണ്ഡലമാണ് ബിജെപി ഇത്തവണ കൈയൊഴിഞ്ഞ് ഘടകകക്ഷിയായ ബി ഡിജെഎസിന് നൽകിയത്. ഇതെല്ലാം ചിന്തിക്കുന്നവർക്കുള്ള ദൃഷ്ടാന്തമാണ് എന്ന് എൽഡി എഫുകാർ പറയുന്നു.

ബിജെപിയും സിപിഎമ്മും തമ്മിലോ ബിജെപിയും കോൺഗ്രസും തമ്മിലോ തിരഞ്ഞെടുപ്പിൽ രഹസ്യ കൂട്ട് ഉണ്ടാകുമെന്നതാണ് ഇപ്പോഴത്തെ രണ്ട് കൂട്ടരുടെയും ആരോപണങ്ങളുടെ അടിസ്ഥാനം. 1991ലെ കോൺഗ്രസ് ലീഗ് ബിജെപി കൂട്ടുകെട്ട് വസ്തുതയാണെന്ന് ഇന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. ഈ കൂട്ടുകെട്ടും വർഷങ്ങൾക്ക് ശേഷം ആരെങ്കിലും എഴുതിയേക്കാം. എന്തായാലും ബിജെപിയെ സംബന്ധിച്ചടത്തോളം കേരളത്തിലെ വോട്ട് കച്ചവട പാർട്ടി എന്ന അവർക്ക് മേലുള്ള ചീത്തപേര് മാറാൻ ഇനിയും കാലമെടുക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Kerala assembly elections 2021 congress league bjp alliance cpm ldf udf