പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം. 16 ഇനം പച്ചക്കറികള്‍ക്കാണു തറവില പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കര്‍ഷകര്‍ക്കു കൂടുതല്‍ പിന്തുണ നല്‍കി ആഭ്യന്തര പച്ചക്കറി ഉത്പാദനം വര്‍ധിപ്പിക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം.
പദ്ധതിക്കായി 35 കോടി രൂപയാണു സര്‍ക്കാര്‍ ചെലവഴിക്കുന്നത്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് പദ്ധതി ഔദ്യോഗികമായി നിലവില്‍ വരുന്നതെങ്കിലും സംഭരണം ആരംഭിച്ചുകഴിച്ചു. വയനാട്ടില്‍നിന്ന് നേന്ത്രക്കായയാണ് ആദ്യമായി സംഭരിക്കുന്നത്. ജില്ലയില്‍ നേന്ത്രക്കായ വില ഇടിഞ്ഞ സാഹചര്യത്തിലാണ് തറവിലയ്ക്ക് നേന്ത്രക്കായ സംഭരിക്കുന്നത്. ഇവ കേരള ഫാം ഫ്രഷ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിള്‍സ് ബ്രാന്‍ഡിലാണ് വിപണിയിലെത്തിക്കുക.
തറവില പ്രഖ്യാപിച്ച പച്ചക്കറികള്‍ ഇവ
കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന തെരഞ്ഞെടുത്ത 16 ഇനം പച്ചക്കറികള്‍ക്കാണ് ആദ്യഘട്ടത്തില്‍ തറവില നിശ്ചയിച്ചത്. 16 ഇനങ്ങളും കിലോയുടെ വിലയും: നേന്ത്രപ്പഴം-വയനാടന്‍ നേന്ത്രപ്പഴം (30-24 രൂപ), ഉരുളക്കിഴങ്ങ് (20), കാരറ്റ് (21), കപ്പ (12), വെണ്ട (20), കുമ്പളങ്ങ (9), പാവയ്ക്ക (30), തക്കാളി (8), കൈതച്ചക്ക (15), വെളുത്തുള്ളി (139), പടവലം (30), വെള്ളരി (8), കാബേജ് (11), ബീറ്റ്റൂട്ട് (21), ബീന്‍സ് (28), പയര്‍ (34).
വാണിജ്യപരമായി ഉത്പാദിപ്പിക്കുന്നതും ഏറ്റവും വിലത്തകര്‍ച്ച നേരിടുന്നതുമായ ഉത്പന്നങ്ങള്‍ എന്ന നിലയ്ക്കാണ് ഈ 16 ഇനങ്ങള്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മറ്റു ഉത്പന്നങ്ങള്‍ക്കും വൈകാതെ തറവില നിശ്ചയിക്കും. പച്ചക്കറികള്‍ക്ക് വിപണിയില്‍ വിലത്തകർച്ചയുണ്ടാകുമ്പോൾ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കർഷകർക്കു നൽകും.
തറവില നിശ്ചയിക്കുന്നത് എങ്ങനെ?
ഓരോ വിളകളുടെയും ഉത്പ്പാദനച്ചെലവിനൊപ്പം ശരാശരി 20 ശതമാനം തുക അധികമായി ചേര്‍ത്താണ് തറവില നിശ്ചയിക്കുന്നത്. ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി ഗ്രേഡ് നിശ്ചയിക്കും. നിലവാരം ഇല്ലാത്തവയുടെ സംഭരണം ഒഴിവാക്കും. കാലാകാലങ്ങളില്‍ തറവില പുതുക്കി നിശ്ചയിക്കാനുള്ള വ്യവസ്ഥയും പുതിയ പദ്ധതിയിലുണ്ട്. കൃഷിവകുപ്പ് നല്‍കുന്ന ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന തല നിരീക്ഷണ സമിതിയാണു തറവില നിശ്ചയിക്കുക.
പദ്ധതിയുടെ പ്രവര്‍ത്തനം ഇങ്ങനെ
കൃഷി, സഹകരണം, തദ്ദേശഭരണം എന്നീ വകുപ്പുകള്‍ ചേര്‍ന്നാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളായിരിക്കും സംഭരണ-വിതരണ സംവിധാനങ്ങൾ ഏകോപിക്കുക. പ്രാദേശിക ഭക്ഷ്യ ഉത്പാദനത്തില്‍ തീരുമാനമെടുക്കുന്നതും കാര്‍ഷിക പദ്ധതികള്‍ തീരുമാനിക്കുന്നതും തദ്ദേശഭരണ സ്ഥാപനങ്ങളാണ്.
തറവില നിശ്ചയിക്കുന്ന സംസ്ഥാന തല നിരീക്ഷണ സമിതിയെ പോലെ ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും നിരീക്ഷണ സമിതികളുണ്ടാവും. പല പച്ചക്കറികള്‍ക്കും വിവിധ ജില്ലകളില്‍ വില വ്യത്യാസമുണ്ടാവും. ഇക്കാര്യം ജില്ലാ തല സമിതികള്‍ പരിശോധിക്കും. തറവില ആനുകൂല്യം കര്‍ഷകനു തന്നെയാണോ ലഭിക്കുന്നതെന്ന് പഞ്ചായത്ത് തല സമിതികള്‍ ഉറപ്പുവരുത്തും.
ആദ്യഘട്ടത്തില്‍ 550 കേന്ദ്രങ്ങൾ
പ്രാഥമിക കാര്‍ഷിക സഹകരണ സൊസൈറ്റികള്‍, കൃഷിവകുപ്പിനു കീഴിലുള്ള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, ഹോര്‍ട്ടികോര്‍പ്പ് ഉള്‍പ്പെടെയുള്ള സംഭരണ കേന്ദ്രങ്ങള്‍ എന്നിവ വഴിയാണു ഉത്പന്നങ്ങള്‍ ശേഖരിക്കുക. 1,670 പ്രാഥമിക കാര്‍ഷിക സൊസൈറ്റികളില്‍ 250 എണ്ണവും വിഎഫ്‌പിസികെ, ഹോര്‍ട്ടികോര്‍പ്പ്, കൃഷിവകുപ്പിന്റെ മറ്റു വിപണികള്‍ എന്നിങ്ങനെ 300 എണ്ണവും ഉള്‍പ്പെടെ 550 കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിലുള്ളത്. തുടര്‍ന്ന് മുഴുവന്‍ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
ഉത്പന്നങ്ങള്‍ കര്‍ഷകര്‍ നേരിട്ട് സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കണം. അവ കൃഷി വകുപ്പിന്റെ വിപണന കേന്ദ്രങ്ങളിലൂടെയും സഹകരണ സംഘങ്ങളുടെ ശൃംഖലകള്‍ മുഖേനയുമാണ് വിറ്റഴിക്കുക. പച്ചക്കറികൾ കേടുകൂടാതെ സൂക്ഷിക്കാന്‍ ശീതീകരിച്ച സംഭരണ കേന്ദ്രങ്ങള്‍, ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് റഫ്രിജറേറ്റര്‍ സൗകര്യമുള്ള വാഹനങ്ങള്‍ എന്നിവ സര്‍ക്കാര്‍ ഒരുക്കും. കൂടുതല്‍ ഉത്പാദനമുള്ള കര്‍ഷകരിൽനിന്ന് വിളകൾ കൃഷി വകുപ്പ് ഹോര്‍ട്ടികോര്‍പ്പ് വഴി സംഭരിച്ച് മറ്റ് കേന്ദ്രങ്ങളിലേക്ക് എത്തിക്കും.
ഉത്പന്നത്തിനു വിപണിയില്‍ വില കുറഞ്ഞാലും തറവില കാര്‍ഷിക സൊസൈറ്റികളില്‍നിന്നു കര്‍ഷകനു ലഭിക്കും. തറവില നല്‍കാന്‍ സൊസൈറ്റികള്‍ക്ക് അധിമായി ചെലവാകുന്ന തുക തദ്ദേശഭരണവകുപ്പ് ‘ഗ്യാപ് ഫണ്ട്’ എന്ന പേരില്‍ നല്‍കും. ഉദാഹരണത്തിന് എട്ടുരൂപ തറവിലയുള്ള തക്കാളിക്ക് ആറു രൂപയാണ് അപ്പോഴത്തെ വിലയെങ്കില്‍ വ്യത്യാസമുള്ള രണ്ടു രൂപ വീതം തദ്ദേശഭരണവകുപ്പ് സൊസൈറ്റികള്‍ക്ക് നല്‍കും. വിഎഫ്‌പിസികെ, ഹോര്‍ട്ടികോര്‍പ്പ് വഴിയുള്ള സംഭരണത്തിന് വ്യത്യാസമുള്ള തുക സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍നിന്ന് കൃഷിവകുപ്പ് കര്‍ഷകരുടെ അക്കൗണ്ടിലേക്കു നല്‍കും.
ഒരു കര്‍ഷകന് പരമാവധി ആറ് ഹെക്ടറി (15 ഏക്കര്‍)നാണു തറവില ആനുകൂല്യം ലഭിക്കുക. അതില്‍ കൂടുതല്‍ കൃഷിയുണ്ടെങ്കിലും ആറ് ഹെക്ടറിനുമാത്രമേ ആനുകൂല്യം ലഭിക്കൂ. ഓരോ വിളയ്ക്കും ഹെക്ടറിന് എത്ര ഉത്പാദനക്ഷത എന്ന പരിധിയും ഉണ്ട്. ഉദാഹരണത്തിന് നേന്ത്രപ്പഴത്തിനു നിശ്ചയിച്ചിരുന്ന ഉത്പാദനക്ഷത ഹെക്ടറിന് 10 ടണ്‍ ആണ്.
കര്‍ഷകര്‍ക്ക് എത്രമാത്രം ഗുണകരമാവും?
2019ല്‍ പ്രാദേശിക വിപണിയില്‍ തക്കാളിയ്ക്ക് കിലോയ്ക്ക് 25-28 രൂപ വിലയുണ്ടായിരുന്നപ്പോള്‍ പാലക്കാട് ജില്ലയിലെ വടകരപ്പതി, എരുത്തിയാമ്പതി മേഖലയിലെ കര്‍ഷകര്‍ക്കു ലഭിച്ചത് ഒന്നര മുതല്‍ രണ്ടു രൂപ വരെയാണ്. സംസ്ഥാനത്ത് 800 ഹെക്ടര്‍ തക്കാളി കൃഷിയില്‍ ഭൂരിഭാഗവും ഈ മേഖലകളിലാണ്. ഇടുക്കിയിലെ വട്ടവട, കാന്തല്ലൂര്‍ മേഖലയിലെ കാരറ്റ്, ബീറ്റ് റൂട്ട് കര്‍ഷകരുടെയും വയനാട്ടിലെ വാഴകര്‍ഷകരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇതിനൊരു പരിഹാരമാണ് തറവില പദ്ധതി.
രാജ്യത്തുടനീളം കാര്‍ഷികമേഖല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്കു കൈത്താങ്ങാവുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം. കൃഷിയിലേയ്ക്കു പുതുതായി വരുന്നവര്‍ക്കും പരമ്പരാഗത കര്‍ഷകര്‍ക്കും തൊഴിലുമായി മുന്നോട്ടു പോകാനുള്ള കരുത്തും ധൈര്യവും നല്‍കുന്നതായിരിക്കും ഈ പദ്ധതിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കാര്‍ഷികമേഖലയില്‍ കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനെതിരേ കോ-ഓപ്പറേറ്റീവ് വല്‍ക്കരണം എന്നതാണു സംസ്ഥാനസര്‍ക്കാരിന്റെ അടിസ്ഥാന ലക്ഷ്യമെന്നു മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു.
2014ലെ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം 6.08 ലക്ഷം ടണ്ണായിരുന്നെങ്കില്‍ ഇപ്പോഴത് 14.77 ലക്ഷം ടണ്‍ ആണ്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള കൃഷി കൂടി ഉള്‍പ്പെടുമ്പോള്‍ ആഭ്യന്തര ഉത്പാദനം 16.5 ലക്ഷം കടക്കും. കൃഷിസ്ഥലം 52,830 ഹെക്ടറില്‍ നിന്ന് 96,000 ഹെക്ടറായി വര്‍ധിച്ചിട്ടുമുണ്ട്. തറവില പദ്ധതി മൂലം 10 മുതല്‍ 20 ശതമാനം വരെ കര്‍ഷകര്‍ പുതുതായി പച്ചക്കറി കൃഷിയിലേക്കു കടക്കുമെന്നാണ് കൃഷിവകുപ്പിന്റെ പ്രതീക്ഷ.
സംസ്ഥാനം താങ്ങുവില പ്രഖ്യാപിക്കാത്തത് എന്തുകൊണ്ട്?
വിളകള്‍ക്കു താങ്ങുവില പ്രഖ്യാപിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണ്. അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ തറവില പ്രഖ്യാപിക്കുന്നത്. പാര്‍ലമെന്റ് അടുത്തിടെ പാസാക്കിയ പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപകമായി കര്‍ഷപ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണു തറവില പ്രഖ്യാപനവുമായി കേരളം രംഗത്തുവന്നിരിക്കുന്നത്.
കാര്‍ഷികോത്പന്നങ്ങളുടെ വില കുത്തനെ ഇടിയുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്കു നല്‍കുന്ന ഉറപ്പാണ് താങ്ങുവില. കാര്‍ഷികച്ചെലവ് കണക്കാക്കിയാണ് താങ്ങുവില നിശ്ചയിക്കുന്നത്. കമ്പോളത്തില്‍ ഉത്പന്നത്തിന് വിലയിടിവുണ്ടാകുമ്പോള്‍ കര്‍ഷകര്‍ക്കു താങ്ങുവിലയില്‍ വില്‍ക്കാനാവും. എന്നാൽ ഇതിൽനിന്നു വ്യത്യസ്തമായി ഉത്പാദനച്ചെലിനൊപ്പം ശരാശരി 20 ശതമാനം തുക (അടുത്ത വിളവിറക്കാനാവശ്യമായ ഏകദേശ തുക) കൂടി ചേർത്താണ് സംസ്ഥാന സർക്കാർ തറവില നിശ്ചയിച്ചിരിക്കുന്നത്.
പുതിയ കാര്‍ഷിക നിയമങ്ങള്‍ താങ്ങുവില സംവിധാനം ഇല്ലാതാക്കുമെന്നാണു പ്രതിപക്ഷത്തിന്റെയും കര്‍ഷകസംഘടനകളുടെയും ആരോപണം. എന്നാൽ താങ്ങുവില സംവിധാനം തുടരുമെന്നും എന്നാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിലയും കൂടുതല്‍ വിപണിയുമുണ്ടാകുന്നതും ലൈസന്‍സുകളോ ഫീസുകളോ പരിധികളോ ഇല്ലാത്ത സ്വതന്ത്ര വ്യാപാരം സാധ്യമാക്കുന്നതുമാണ് പുതിയ നിയമങ്ങളെന്നാണ് കേന്ദ്രം പറയുന്നത്.
പദ്ധതിയില്‍ എങ്ങനെ അംഗമാകാം?
പദ്ധതിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ കാര്‍ഷിക വിവര മാനേജ്‌മെന്റ് സിസ്റ്റം പോര്‍ട്ടലായ http://www.aims.kerala.gov.in. ല്‍ രജിസ്റ്റര്‍ ചെയ്യണം. ബന്ധപ്പെട്ട കാര്‍ഷിക ഉദ്യോഗസ്ഥന്‍ പരിശോധനയ്ക്കു വിധേയമായി അപേക്ഷ അംഗീകരിക്കും. കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായവരെ മാത്രമേ പരിഗണിക്കൂ. നവംബര്‍ ഒന്ന് മുതലാണ് പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ ആരംഭിക്കുക. പ്രാഥമിക കാർഷിക സഹകരണ സൊസൈറ്റികള്‍ വഴി സംഭരണം ഉദ്ദേശിക്കുന്ന കര്‍ഷകര്‍ക്ക് ആദ്യ ഘട്ടത്തില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.