എഐഎഡിഎംകെ, ഡിഎംകെ നേതൃത്വങ്ങളെ പിന്തള്ളി ഇത്തവണ തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആദ്യം  ആരംഭിച്ച രാഷ്ട്രീയ നേതാവായിരിക്കുകയാണ് നടൻ കമൽ ഹാസൻ. അടുത്ത വർഷം മേയിലാണ് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്. സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ പാർട്ടിയും തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടാവും. പ്രത്യയശാസ്ത്രപരമായി ഇരു പാർട്ടികൾക്കും യോജിക്കാനാവുമെങ്കിൽ രജനീകാന്തിന്റെ പാർട്ടിയുമായി കൈകോർക്കാൻ തയ്യാറാണെന്ന് കമൽ ഹാസൻ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

കമൽ ഹാസൻ എന്താണ് പറഞ്ഞത്?

2021 ജനുവരിയിൽ പുതിയ പാർട്ടി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന രജനീകാന്തുമായുള്ള സഖ്യ ചർച്ചയ്ക്ക് താൻ തയ്യാറാണെന്ന് കമൽ ഹാസൻ പറഞ്ഞു. “എന്നെപ്പോലെ രജനീകാന്തും മാറ്റത്തിനായി പോരാടുകയാണ്. എന്നാൽ അദ്ദേഹം തന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് വിശദമായി സംസാരിച്ചിട്ടില്ല. അദ്ദേഹം കൂടുതൽ വെളിപ്പെടുത്തട്ടെ. ഞങ്ങൾ ഒരു ഫോൺ കോൾ മാത്രമാണ് നടത്തിയത്. ഒരുമിച്ച് പ്രവർത്തിക്കാൻ പറ്റുമെങ്കിൽ, യാതൊരു പ്രശ്നവുമില്ലാതെ ഞങ്ങൾ അക്കാര്യം പരിഗണിക്കും,” കമൽ ഹാസൻ പറഞ്ഞു.

കമൽ ഹാസന്റെ പാർട്ടിയുടെ ശക്തിയും രജനീകാന്തിന്റെ സാധ്യതകളും

കമൽ ഹാസന്റെ മക്കൾ നീതി മയ്യം (എംഎൻഎം) നിലവിൽ ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടി സംസ്ഥാനത്ത് 3.77 ശതമാനം വോട്ട് നേടിയിരുന്നു. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഡി‌എം‌കെയുമായി സഖ്യമുണ്ടാക്കാനുള്ള കമലിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ഡിഎംകെ സഖ്യത്തിലുൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കമൽ സന്ദർശിച്ചതായും അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അത്തരത്തിൽ കമലിന്റെ പാർട്ടി മുന്നണിയിൽ പ്രവേശിക്കുകയാണെങ്കിൽ കോൺഗ്രസ്സിന്റെ സീറ്റുകൾ ആ പാർട്ടിക്ക് നൽകേണ്ടി വരുമെന്ന് ഡിഎംകെ നിലപാടെടുത്തതോടെ ഈ ശ്രമം പരാജയപ്പെടുകയായിരുന്നു.

Read More: ഉങ്കളുക്ക് രജനി പുടിക്കുമാ, കമല്‍ പുടിക്കുമാ?

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കമലിന്റെ പാർട്ടിയെ ബിജെപിയുടെ ബി ടീം എന്ന് കുറ്റപ്പെടുത്തുന്നുമുണ്ട്. രജനീകാന്തിൽ നിന്ന് വ്യത്യസ്തമായി, കമലിന് പിന്തുണ ലഭിക്കാൻ സാധ്യതയുള്ളവരിൽ പ്രതിപക്ഷവോട്ടുകൾ, അല്ലെങ്കിൽ എഐഎഡിഎംകെ വിരുദ്ധ വോട്ടുകൾ കൂടി ഉൾപ്പെടുന്നുണ്ട്. അത് ഡിഎംകെ ക്യാമ്പിനെ ദുർബലപ്പെടുത്തും.

അതേസമയം, പാർട്ടി ആരംഭിക്കാൻ വൈകുന്നു എന്നത് ഉൾപ്പെടെ നിരവധി കാരണങ്ങളാൽ രജനീകാന്തിന്റെ നിർദ്ദിഷ്ട രാഷ്ട്രീയ സംഘടനയ്ക്ക് തിരഞ്ഞെടുപ്പിൽ രണ്ട് അക്ക വോട്ടിങ് ശതമാനം നേടാൻ പാടുപെടേണ്ടിവരുമെന്ന് വിലയിരുത്തുപ്പെടുന്നു. രജനീകാന്ത് ഇതുവരെ തന്റെ പാർട്ടിക്ക് പേര് നൽകുകയോ ഒരു ചിഹ്നം തിരഞ്ഞെടുക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹം ഇതുവരെ പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പാർട്ടി നേതാക്കളും ജില്ലാ പ്രവർത്തകരുമായി തുടരുന്നത് അദ്ദേഹത്തിന്റെ ഫാൻസ് അസോസിയേഷനിലുള്ള പ്രശസ്തരല്ലാത്ത പലരുമാണ്.

അതിനാൽ, കമലും രജനിയും ചേർന്നാൽ വരാനിരിക്കുന്ന വോട്ടെടുപ്പിൽ പരമാവധി 10 മുതൽ 15 ശതമാനം വരെ വോട്ട് നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രജനി-കമൽ ഹാസൻ സഖ്യത്തെ ചില ബിജെപി നേതാക്കൾ പിന്തുണയ്ക്കുന്നതെന്തിന്?

രജനികാന്ത് എന്ന മാസ് ഹീറോയ്ക്ക് തമിഴ്‌നാട്ടിൽ വലിയ ആരാധകരുണ്ട്. എന്നാൽ, അത് എത്രത്തോളം വോട്ടാക്കി മാറ്റാനാവും എന്നത് വ്യക്തമല്ല, പ്രത്യേകിച്ചും അദ്ദേഹത്തെ സംസ്ഥാനത്ത് “ബിജെപിക്കാരൻ” ആയി കാണുന്നു എന്നതിനാൽ.

കമലിന് രജനിയെപ്പോലെ ഒരു ആരാധകവൃന്ദം ഉണ്ടായിട്ടില്ല. പക്ഷേ, ഒരു നിരീശ്വരവാദിയുടെയും ഇടതുപക്ഷ, ദ്രാവിഡ പ്രത്യയശാസ്ത്രങ്ങളോട് ശക്തമായ ആഭിമുഖ്യമുള്ള യുക്തിവാദിയുടെയും പ്രതിച്ഛായ അദ്ദേഹം സ്വയം ഉയർത്തിക്കാട്ടി.

Read More: വിജയ്: മൗനംപോലും മാസാക്കുന്ന നായകൻ

രണ്ട് അഭിനേതാക്കളും കൈകോർക്കുന്നത് തമിഴ്‌നാട്ടിൽ ശക്തമായ മൂന്നാം മുന്നണി സൃഷ്ടിക്കുമെന്ന് ഒരു ബിജെപി മുതിർന്ന നേതാവ് പറഞ്ഞു. രജനീകാന്തിന്റെ പാർട്ടി നേടിയ 70 ശതമാനം വോട്ടുകളും പരമ്പരാഗത എഐഎഡിഎംകെ, ബിജെപി ക്യാമ്പുകളിൽ നിന്നുള്ളതാണെന്ന് കണക്കാക്കപ്പെടുന്നതിനാലാണിത്. പക്ഷേ, അത് പ്രശ്നമല്ലെന്ന് ബിജെപി നേതാവ് പറഞ്ഞു. “ഈ തിരഞ്ഞെടുപ്പ് ഞങ്ങൾക്ക് ഒന്നുമല്ല. കഴിഞ്ഞ ചെന്നൈ സന്ദർശന വേളയിൽ അമിത് ഷായുടെ പ്രസ്താവനകൾ വ്യക്തമായിരുന്നു. 2026ന് വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്, ബിജെപി ഡിഎംകെയ്ക്ക് മുഖ്യ പ്രതിപക്ഷമാവുന്ന സമയത്തേക്ക്,” ബിജെപി നേതാവ് പറഞ്ഞു.

രജനിയുടെ പാർട്ടി കുറച്ച് ദലിത് വോട്ടുകൾ നേടുമെന്നും, കമലിന്റെ എം‌എൻ‌എം ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ നേടിയ നഗര വോട്ടുകൾ നിലനിർത്തുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കോയമ്പത്തൂരിലും ചെന്നൈ നഗരത്തിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലുമായി ഒരു ലക്ഷത്തിലധികം വോട്ടുകൾ എം‌എൻ‌എം നേടിയിരുന്നു. ഗ്രാമീണ ജനതയുടെ താൽപര്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിൽ കമൽ പരാജയപ്പെട്ടപ്പോൾ, ദ്രാവിഡ, ഇടത്, യുക്തിവാദി പ്രതിച്ഛായ ഉണ്ടായിരുന്നിട്ടും മേൽ ജാതി ഹിന്ദുക്കളുടെ പോക്കറ്റുകളിൽ നിന്ന് സുഗമമായി അദ്ദേഹം വോട്ടുകൾ നേടി.

രജനീകാന്തും കമൽ ഹാസനും തമ്മിലുള്ള തിരഞ്ഞെടുപ്പ് സഖ്യം എന്ന ആശയം ആരാധകർ വെറുക്കുന്നത് എന്തുകൊണ്ട്?

ഈ തിരഞ്ഞെടുപ്പ് സമവാക്യങ്ങൾ മാറ്റിനിർത്തിയാൽ, രണ്ട് അഭിനേതാക്കളുടെയും ആരാധകർ ഈ സഖ്യത്തെക്കുറിച്ച് ആവേശം കൊള്ളാൻ സാധ്യതയില്ല. കമലിന്റെ ആരാധകർ സമ്മതിച്ചാലും, കമൽ തങ്ങളുടെ സൂപ്പർസ്റ്റാറിനേക്കാൾ താഴെയാണെന്ന് കരുതുന്ന രജനീകാന്ത് ആരാധകർ ഈ ആശയത്തെ എതിർക്കും.

തന്റെ ദുർബലമായ അവസ്ഥ കാരണമാണ് കമൽ രജനിയോട് സഖ്യമുണ്ടാക്കാൻ ശ്രമിക്കുന്നതെന്നാണ് രജനീകാന്തിന്റെ ആരാധക സംഘടനയുടെ ഭാരവാഹിയായ ഒരാൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിച്ചപ്പോൾ പറഞ്ഞത്. “എന്റെ നേതാവ് എന്തുകൊണ്ടാണ് അദ്ദേഹവുമായി കൈകോർക്കേണ്ടത്? ഞങ്ങളുടെ ആളുകൾ വ്യത്യസ്തരാണ്, ഞങ്ങൾ നിരീശ്വരവാദികളോ അദ്ദേഹത്തെപ്പോലുള്ള പെരിയാർ ആരാധകരോ അല്ല,”എന്ന് അദ്ദേഹം പറഞ്ഞു.

ഫാൻസ് അസോസിയേഷൻ നേതാവായി മാറിയ മുൻ ജേണലിസ്റ്റും, രജനീകാന്തിന് വേണ്ടിയുള്ള വെബ്സൈറ്റ് നടത്തുന്നയാളുമായ എസ് ശങ്കർ കമലിന്റെ സഖ്യ നിർദേശത്തെ ചോദ്യം ചെയ്തു. “ഈ തിരഞ്ഞെടുപ്പിൽ രജനീകാന്ത് സുനാമിയാകാൻ പോകുമ്പോൾ, കമലിന്റെ പാർട്ടി പോലുള്ള ഒരു ചെറിയ തരംഗത്തിന്റെ ആവശ്യകത എന്താണ്? രജനീകാന്തിന്റെ സഖ്യത്തിൽ ചേരാൻ ആളുകളുണ്ടെങ്കിൽ, അത് ജി കെ വാസന്റെ തമിഴ് മാനില കോൺഗ്രസ് അല്ലെങ്കിൽ പട്ടാളി മക്കൽ കക്ഷി (പിഎംകെ) പോലുള്ള സമാന ചിന്താഗതിക്കാരായ പാർട്ടികളും ആളുകളും ആയിരിക്കും, ”അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook