പലരും ഭയപ്പെട്ടതാണു കാബൂളില്‍ വ്യാഴാഴ്ച സംഭവിച്ചത്. ഹമീദ് കര്‍സായി വിമാനത്താവളത്തില്‍ നടന്ന സ്‌ഫോടനങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. വിശ്വസനീയമായ ഭീകരാക്രമണ ഭീഷണി ഉള്ളതിനാല്‍ വിമാനത്താവളത്തിലേക്കു പോകരുതെന്നു പൗരന്മാര്‍ക്കു പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണു സ്‌ഫോടനങ്ങള്‍ നടന്നത്.
‘ഇസ്ലാമിക് സ്റ്റേറ്റ്’ എന്ന ഭീകര സംഘടനയുടെ ഉപവിഭാഗമായ ഐഎസ്‌ഐസ്-ഖൊരാസന്‍, ഐഎസ്-കെ അല്ലെങ്കില്‍ ഐഎസ്‌ഐസ്-കെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ്. മധ്യകാലഘട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, മധ്യേഷ്യ എന്നിവിടങ്ങളിലെ വിശാലമായ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്ന ഖൊരാസന്‍ പ്രവിശ്യയില്‍നിന്നാണ് ഈ പേര് തീവ്രവാദ ഗ്രൂപ്പ് കടംകൊണ്ടത്.
യുഎസിനും താലിബാനുമെതിരായ തന്ത്രപരമായ ആക്രമണങ്ങളാണെന്ന് വിമാനത്താവളത്തില്‍ നടന്നതെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞത്. ആരുടെ നേതാക്കളാണ് രാജ്യത്തെ നിയന്ത്രിക്കുന്നുവെന്നത് ലോകത്തിനു മുന്നില്‍ തെളിയിക്കാനുള്ള ശ്രമമാണിതെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍നിന്ന് ഓഗസ്റ്റ് 31 നകം ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. അന്തിമ തിയതിയില്‍ ഉറച്ചുനില്‍ക്കാനുള്ള കാരണം താലിബാനല്ലെന്നും ഇസ്ലാമിക് സ്റ്റേറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: കാബൂള്‍ ഇരട്ട സ്ഫോടനം: മരണം 100 കടന്നു; ഉത്തരവാദികളെ വേട്ടയാടുമെന്ന് ബൈഡന്‍
”ഞങ്ങള്‍ താമസിക്കുന്ന ഓരോ ദിവസവും ഐസ്‌ഐസ്-കെ വിമാനത്താവളം ലക്ഷ്യമിടുന്നുവെന്നും അമേരിക്കക്കാരെയും സഖ്യകക്ഷികളെയും നിരപരാധികളായ സിവിലിയന്മാരെയും ആക്രമിക്കാന്‍ പോകുന്നുവെന്നും നമുക്കറിയാവുന്ന ഒരു പുതിയ ദിവസമാണ്,” വൈറ്റ് ഹൗസില്‍ സംസാരിക്കവെ ബൈഡന്‍ പറഞ്ഞു. ഭീകരസംഘടന, താലിബാന്റെ ‘പ്രഖ്യാപിത ശത്രു’ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ട് പാത, ഏറ്റുമുട്ടല്‍
പ്രത്യയശാസ്ത്രം, ഐഎസ്-കെ, താലിബാന്‍ എന്നീ ലക്ഷ്യങ്ങളാല്‍ വിഭജിക്കപ്പെട്ട ജിഹാദികള്‍ കുറച്ചുകാലമായി പരസ്പരം രക്തരൂക്ഷിതമായ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. വ്യാഴാഴ്ചത്തെ സ്‌ഫോടനങ്ങള്‍ക്ക് മുമ്പ്, വിമാനത്താവളത്തിനു ചുറ്റുമുള്ള താലിബാന്‍ ചെക്ക്‌പോസ്റ്റുകളില്‍ നിരവധി ഐഎസ് കൊലയാളികളെ താലിബാന്‍ തടഞ്ഞുവച്ച് കൊലപ്പെടുത്തിയതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി താലിബാന്‍ ഗാര്‍ഡുകള്‍ ബോംബാക്രമണത്തിലും മരിച്ചു.
ആശയപരമായ ആഴത്തിലുള്ള ഭിന്നത ഇരു തീവ്രവാദ ഗ്രൂപ്പുകളെയും വേര്‍തിരിക്കുന്നു. ഐഎസ് ഇസ്ലാമിന്റെ സലഫി പ്രസ്ഥാന പാത പിന്തുടരുമ്പോള്‍ താലിബാന്‍ ദിയോബന്ദി ആശയമാണു സ്വീകരിക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ തങ്ങള്‍ക്ക് ഒരു എമിറേറ്റ് ഉള്ളതില്‍ കുറഞ്ഞത് ഇപ്പോഴെങ്കിലും താലിബാന്‍ സംതൃപ്മാണെന്നാണ് കരുതുന്നത്. എന്നാല്‍ അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ദക്ഷിണ, മധ്യേഷ്യയിലുടനീളം ഖിലാഫത്ത് സ്ഥാപിക്കാന്‍ പരിശ്രമിക്കുകയും മുസ്ലിം ഇതര വിഭാഗങ്ങള്‍ക്കെതിരെ ലോകമെമ്പാടുമുള്ള ജിഹാദിന് ഇസ്ലാമിക് സ്റ്റേറ്റിന്റെ ആഹ്വാനം സ്വീകരിക്കുകയും ചെയ്തു.
ശരീഅത്ത് നിയമവും അത് എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നുവെന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്. ഐസ്-കെയെ സംബന്ധിച്ചിടത്തോളം, താലിബാന്റെ കാഴ്ചപ്പാടുകള്‍ വേണ്ടത്ര കര്‍ശനമല്ല. അമേരിക്കയുമായി സമാധാന കരാര്‍ ചര്‍ച്ച ചെയ്യാന്‍ തയാറായതിനാല്‍ താലിബാനെ
വിശ്വാസത്തെ പരിത്യജിക്കുന്നവരെന്നും മോശം മുസ്ലിങ്ങളെന്നുമാണ് ഐഎസുകാര്‍ വിശേഷിപ്പിക്കുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ താലിബാന്‍ ജിഹാദിന്റെ ലക്ഷ്യങ്ങളെ ഒറ്റിക്കൊടുത്തുവെന്നും ഐഎസ് ആരോപിക്കുന്നു.
Also Read: അഫ്ഗാന്‍ ജനതയെ കൊല്ലുന്നത് അവസാനിപ്പിക്കൂ; അപേക്ഷയുമായി റാഷിദ് ഖാന്‍
അതുകൊണ്ടാണ് രണ്ടാഴ്ച മുമ്പ് കാബൂളിലേക്ക് മാര്‍ച്ച് നടത്തിയ താലിബാനെ വിവിധ ജിഹാദി ഗ്രൂപ്പുകള്‍ അഭിനന്ദിച്ചപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകള്‍ അങ്ങനെ ചെയ്യാതിരുന്നത്. പകരം, താലിബാനെതിരായ പോരാട്ടം തുടരുമെന്ന് ഐഎസ്-കെ പ്രഖ്യാപിച്ചു. വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ താലിബാന്‍ തീവ്രവാദികള്‍ യുഎസ്, അഫ്ഗാന്‍ സര്‍ക്കാര്‍ സേനകളുമായി ചേര്‍ന്നിരുന്നു.
ഐഎസ്-കെയുടെ അംഗബലം
യുഎന്നിന്റെ ജൂലൈ 15ലെ റിപ്പോര്‍ട്ട് അനുസരിച്ച്, ഐഎസ്-കെയ്ക്ക് അഫ്ഗാനിസ്ഥാനില്‍ 500 മുതല്‍ 1,500 വരെ യോദ്ധാക്കളുണ്ട്. ഐഎസ്-കെ അതിന്റെ മിക്ക ആക്രമണങ്ങളും നടത്തുന്ന തലസ്ഥാനമായ കാബൂളിലും പരിസരങ്ങളിലും അതിന്റെ സ്ഥിതി ശക്തിപ്പെടുത്തിയിട്ടുമുണ്ട്. യുഎസുമായി അടുത്തിടെ താലിബാന്‍ നടത്തിയ സമാധാന ചര്‍ച്ചകളില്‍ അസംതൃപ്തരായ അവരുടെ യോദ്ധാക്കളെ റിക്രൂട്ട് ചെയ്ത് തങ്ങളുടെ അംഗബലം വിപുലീകരിക്കാമെന്ന പ്രതീക്ഷയിലാണ് ഐഎസ്-കെ.
സിറിയ, ഇറാഖ്, മറ്റ് സംഘര്‍ഷ മേഖലകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള യോദ്ധാക്കളുടെ വരവും ഐഎസ് പ്രതീക്ഷിക്കുന്നു. യുഎന്നിന്റെ ജൂണിലെ ഒരു റിപ്പോര്‍ട്ടില്‍, അഫ്ഗാനിസ്ഥാനില്‍ 8,000 മുതല്‍ 10,000 വരെ വിദേശ യോദ്ധാക്കളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഏപ്രില്‍ വരെ നടത്തിയത് 77 ആക്രമണം
ഈ വര്‍ഷത്തെ ആദ്യ നാല് മാസം മാത്രം 77 ആക്രമണം ഐഎസ് നടത്തിയതായാണ് അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭാ സഹായ ദൗത്യം (യുഎന്‍എഎംഎ) കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടത്തിയതിന്റെ മൂന്നിരട്ടിയാണ് ഇത്. കാബൂളിലെ ഷിയാ പെണ്‍കുട്ടികള്‍ പഠിച്ച ഒരു സ്‌കൂളില്‍ മേയില്‍ നടന്ന കാര്‍ ബോംബാക്രമണത്തില്‍ 85 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനു പിന്നില്‍ ഐഎസ്-കെയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു.
ഒരു മാസത്തിനുശേഷം വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ബാഗ്ലാന്‍ പ്രവിശ്യയില്‍, കുഴിബോംബ് വിരുദ്ധ എന്‍ജിഒയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 10 പേരെ ഐഎസ് തീവ്രവാദികള്‍ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തി. കുഴിബോംബുകള്‍ നീക്കംചെയ്തുകൊണ്ട് സംഘര്‍ഷങ്ങളില്‍നിന്ന് കരകയറാന്‍ രാജ്യങ്ങളെ സഹായിക്കുന്നതിനായി 1988 ല്‍ രൂപീകരിച്ച ബ്രിട്ടീഷ് സന്നദ്ധ സംഘടനയായ ഹാലോ ട്രസ്റ്റില്‍ പെട്ടവരാണ് മരിച്ചത്. അക്രമികളെ പ്രാദേശിക താലിബാന്‍ യോദ്ധാക്കള്‍ തുരത്തിയെന്ന് ഹാലോ ട്രസ്റ്റ് സിഇഒ പിന്നീട് ബിബിസിയോട് പറഞ്ഞു. ഇത് ഇരു ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിച്ചു.
Also Read: കഴിഞ്ഞ ആഴ്ച ഡൽഹിയിലെത്തി, പക്ഷേ നാടുകടത്തപ്പെട്ടു: അഫ്ഗാൻ വനിതാ എംപി
തോറ-ബോറ മേഖലയിലെ മലനിരകളില്‍നിന്ന് താലിബാനെ തുരത്താനായി 2017 ല്‍ ഐഎസ്-കെ ആയുധമെടുത്തിരുന്നു. 2001 സെപ്റ്റംബര്‍ 11-ന് നടത്തിയ ആക്രമണത്തെത്തുടര്‍ന്നുള്ള അമേരിക്കയുടെ തിരിച്ചടിയില്‍നിന്ന് രക്ഷ നേടി അല്‍-ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ ആദ്യം അഭയം പ്രാപിച്ച സ്ഥലമായിരുന്നു തോറ-ബോറയുടെ ആഴത്തിലുള്ള തുരങ്ക സംവിധാനം.
ആവിർഭാവം പാക്കിസ്ഥാനിൽ
തെഹ്‌രിക്-ഇ-താലിബാന്‍ പാക്കിസ്ഥാന്‍ എന്ന സംഘടനയുടെ ഭാഗമായുള്ള സായുധ വിദ്യാര്‍ത്ഥി ഗ്രൂപ്പായിട്ടാണ് ഐഎസ്-കെ പാകിസ്ഥാനില്‍ ഉയര്‍ന്നുവന്നത്. സ്വന്തം സ്ഥലത്ത് വേട്ടയാടല്‍ ഭയന്ന്, അവര്‍ അതിര്‍ത്തി കടന്ന് അഫ്ഗാനിസ്ഥാനിലേക്കു പലായനം ചെയ്യുകയായിരുന്നു. 2014 ല്‍ ഇസ്ലാമിക് സ്റ്റേറ്റിനോടും ഐഎസ് തലവന്‍ ബഗ്ദാദിയോടും കൂറ് പ്രഖ്യാപിച്ചു. അതിനുശേഷമാണു ബഗ്ദാദി കൊല്ലപ്പെട്ടത്.
തങ്ങളുടെ ശൃംഖലയിലേക്ക് തീവ്രവാദികളെ ആകര്‍ഷിച്ച ഐഎസ്, പ്രവര്‍ത്തനം ഐഎസ്-കെ ആയി മധ്യേഷ്യയിലേക്ക് വ്യാപിപ്പിക്കുമെന്നു പ്രഖ്യാപിച്ചു. ആ സമയത്ത് ഇറാഖിലും സിറിയയിലും അതിന്റെ ശക്തിയുടെ ഉന്നതിയിലായിരുന്ന ഐഎസ്, അഫ്ഗാനിസ്ഥാനിലെ ഉപവിഭാഗത്തിനു സാമ്പത്തിക സഹായവും യോദ്ധാക്കളെയും ലഭ്യമാക്കി. എന്നാല്‍ ആ പിന്തുണ പിന്നീട് വലിയ തോതില്‍ നിലച്ചു. സിറിയയിലെയും ഇറാഖിലെയും ഐഎസ് നേതൃത്വം ഒളിവിലാണെങ്കിലും ഇപ്പോഴും ഐഎസ്-കെയുമായി ബന്ധം നിലനിര്‍ത്തുന്നതായി യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.