ശനിയാഴ്ച രാവിലെയാണ് തനിക്ക് റാംസി ഹണ്ട് സിൻഡ്രോം ബാധിച്ചതായി വ്യക്തമാക്കി കനേഡിയൻ പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ രംഗത്തെത്തിയത്. വേൾഡ് ടൂറിന്റെ ഭാഗമായ മൂന്ന് സംഗീത പരിപാടികൾ റദ്ദാക്കിയതിന് പിന്നാലെ ആയിരുന്നു ഇത്. ശാരീരികമായി പരിപാടി അവതരിപ്പിക്കാൻ കഴിയാത്തതിനാലാണ് ഷോ റദ്ദാക്കിയതെന്ന് ബീബർ വ്യക്തമാക്കി.
ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് തന്റെ മുഖത്തിന്റെ വലതുഭാഗം പൂർണ്ണമായും തളർന്നെന്നും, ‘റാംസി ഹണ്ട് സിൻഡ്രോം’ എന്ന രോഗാവസ്ഥയാണ് തനിക്കെന്നും ബീബർ വെളിപ്പെടുത്തിയത്.
“നിങ്ങൾക്ക് കാണാനാകുന്നതുപോലെ, എനിക്ക് ഈ കണ്ണ് ചിമ്മുന്നില്ല. എനിക്ക് മുഖത്തിന്റെ ഈ വശം കൊണ്ട് പുഞ്ചിരിക്കാൻ കഴിയുന്നില്ല .എന്റെ മുഖത്തിന്റെ ഈ ഭാഗം തളർന്നിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
എന്താണ് റാംസി ഹണ്ട് സിൻഡ്രോം?
റാംസി ഹണ്ട് സിൻഡ്രോം, അല്ലെങ്കിൽ ഹെർപ്പസ് സോസ്റ്റർ ഒട്ടിക്കസ്, നാഡീകോശങ്ങളെ ബാധിക്കുന്ന ഒരു അപൂർവ രോഗമാണ്, ഇത് സാധാരണയായി മുഖത്തെ ഞരമ്പുകളെ ബാധിക്കുന്ന പക്ഷാഘാതത്തിനോ ചെവിയെയോ വായയെയോ ബാധിക്കുന്ന ചൂടുപൊങ്ങലിലേക്കോ വരെ നയിക്കുന്നു. ഇവ ചിലപ്പോൾ ചെവിയിൽ മുഴക്കം തോന്നുന്ന അവസ്ഥയിലേക്കോ, അല്ലെങ്കിൽ ടിന്നിടസ്, കേൾവിക്കുറവ് എന്നിവയ്ക്കോ കാരണമാകുന്നു.
“ഈ വൈറസാണ് എന്റെ ചെവിയിലെയും മുഖത്തെയും ഞരമ്പുകളെ ആക്രമിക്കുകയും എന്റെ മുഖത്തിന് പക്ഷാഘാതം സംഭവിക്കാൻ കാരണമാവുകയും ചെയ്തത്,” ബീബർ തന്റെ വീഡിയോയിൽ പറഞ്ഞു.
കുട്ടികളിൽ ചിക്കൻപോക്സിനും മുതിർന്നവരിൽ ഷിംഗിൾസ് എന്ന ത്വക്ക് രോഗത്തിനും കാരണമാകുന്ന വാരിസെല്ല സോസ്റ്റർ വൈറസാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്.
ചിക്കൻപോക്‌സ് വന്ന ആർക്കും ഈ അസുഖം വരാം, പ്രായമായവരിൽ, പ്രത്യേകിച്ച് 60 വയസ്സിനു മുകളിലുള്ളവരിൽ ഇത് സാധാരണമാണ്. സാധാരണയായി ചിക്കൻപോക്‌സിനൊപ്പം, ഈ വൈറസ് നിങ്ങളുടെ ഞരമ്പുകളിൽ വസിക്കുന്നത് തുടരും. വർഷങ്ങൾക്ക് ശേഷം, ഇത് വീണ്ടും സജീവമാക്കുകയും നിങ്ങളുടെ മുഖത്തെ ഞരമ്പുകളെ ബാധിക്കുകയും ചെയ്യും, അതിന്റെ ഫലമായാണ് റാംസി ഹണ്ട് സിൻഡ്രോം ഉണ്ടാകുന്നത്.
ദ ന്യൂയോർക്ക് ടൈംസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഓരോ വർഷവും 100,000 പേരിൽ അഞ്ച് മുതൽ 10 വരെ ആളുകൾക്ക് മാത്രമാണ് റാംസി ഹണ്ട് സിൻഡ്രോം ഉണ്ടാകാറുള്ളത്.
റാംസി ഹണ്ട് സിൻഡ്രോമിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ചെവിക്ക് ചുറ്റും വരുന്ന ചുവന്ന നിറത്തിലുള്ള ചൂടുപൊങ്ങൽ, മുഖത്തിന്റെ ബലഹീനത, പക്ഷാഘാതം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.
ചെവി വേദന, കേൾവിക്കുറവ്, ടിന്നിടസ്, വരണ്ട വായയും കണ്ണുകളും, ഒരു കണ്ണ് അടയ്ക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും ഈ അവസ്ഥയുടെ സാധാരണ ലക്ഷണങ്ങളാണ്.
റാംസി ഹണ്ട് സിൻഡ്രോം ഒരു പകർച്ചവ്യാധിയാണോ?
അല്ല, പക്ഷേ വൈറസ് വീണ്ടും സജീവമാക്കുന്നത് മുമ്പ് ചിക്കൻപോക്‌സ് ബാധിച്ചിട്ടില്ലാത്തവരിലും വാക്സിനേഷൻ എടുക്കാത്തവരിലും ചിക്കൻപോക്‌സിന് കാരണമാകും.
റാംസി ഹണ്ട് സിൻഡ്രോം ചികിത്സിക്കാൻ കഴിയുമോ?
ഇത് പലപ്പോഴും ബേധമാകാറുണ്ട്, എന്നാൽ അപൂർവ സന്ദർഭങ്ങളിൽ, മുഖത്തെ പക്ഷാഘാതവും കേൾവിക്കുറവും അതുപോലെ തുടരും, ഡോക്ടർമാർ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.
റാംസി ഹണ്ട് ബാധിച്ച ആളുകൾക്ക് സാധാരണയായി ആൻറി-വൈറൽ മരുന്നുകളും കൂടുതൽ ഗുരുതരമായ കേസുകളിൽ സ്റ്റിറോയിഡുകളും നൽകാറുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, താൻ മുഖ വ്യായാമങ്ങൾ പരിശീലിക്കുകയാണെന്ന് ബീബർ പറയുന്നുണ്ട്.
ഇതിന് കോവിഡുമായി ബന്ധമുണ്ടോ?
കോവിഡ് വാക്സിനും റാംസി ഹണ്ട് സിൻഡ്രോമും തമ്മിൽ ബന്ധമുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഗുജറാത്തിലെ അദാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യുക്കേഷൻ നടത്തിയ ഒരു പഠനം പറയുന്നത് “കോവിഡ് വാക്സിനും ഷിംഗിൾസും തമ്മിൽ ബന്ധമുണ്ടാകാം” എന്നാണ്.
തുലെയ്ൻ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ടുലെയ്ൻ സെന്റർ ഫോർ ക്ലിനിക്കൽ ന്യൂറോ സയൻസസിലെ ന്യൂറോ സർജറി ഡിപ്പാർട്ട്‌മെന്റ് ഓഫ് ന്യൂറോ സർജറിയിൽ നിന്നുള്ള ഒരു സംഘം നടത്തിയ മറ്റൊരു പഠനത്തിൽ, വാക്‌സിനുമായി ബന്ധപ്പെട്ട ഹെർപ്പസ് സോസ്റ്റർ കേസുകൾ ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്നു.