Latest News

എന്താണ് ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട്?

2017 ജൂലൈയിലാണ് ജസ്റ്റിസ് കെ ഹേമ (റിട്ടയേർഡ്) അധ്യക്ഷയായി മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷൻ സർക്കാർ രൂപീകരിച്ചത്

Justice Hema commission, malayalam film industry sexual assault case, actor dileep, sexual assault news, kerala sexual assault, indian express, ഹേമ കമ്മീഷൻ, ഹേമ കമ്മീഷൻ റിപ്പോർട്ട്, Malayalam News, Kerala News, IE Malayalam

മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ ആഴത്തിൽ പരിശോധിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ പഠിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള പദ്ധതിക്ക് രൂപംനൽകാൻ സംസ്ഥാന സർക്കാർ ബുധനാഴ്ചയാണ് മൂന്നംഗ സമിതിക്ക് രൂപം നൽകിത്. 2019 ഡിസംബറിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് രണ്ട് വർഷത്തിന് ശേഷമാണ് ഈ നീക്കം.

എന്തുകൊണ്ടാണ് ജസ്റ്റിസ് ഹേമ കമ്മിഷൻ രൂപീകരിച്ചത്?

2017ലെ, നടിയെ ആക്രമിച്ച സംഭവത്തെത്തുടർന്ന് മലയാള ചലച്ചിത്ര രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ചകൾ ഉയർന്നു വന്നിരുന്നു.

നിയമപരമായ ചട്ടക്കൂടുകളില്ലാതെ പ്രവർത്തിക്കുന്ന പുരുഷമേധാവിത്വ ഇടമെന്ന നിലയിൽ കാണുന്ന ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളോടൊപ്പം സംസ്ഥാനത്തെ സ്ത്രീസുരക്ഷ സംബന്ധിച്ചും ഈ സംഭവം ഓർമിപ്പിച്ചു. ഈ സാഹചര്യത്തിൽ സിനിമാ വ്യവസായത്തെ കൂടുതൽ ലിംഗസൗഹൃദമാക്കുന്നതിന് മാറ്റങ്ങൾ വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) സ്ഥാപിച്ചത്. വനിതാ അഭിനേതാക്കൾ, നിർമ്മാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങുന്ന ഡബ്ല്യുസിസി, സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന വിവേചനത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു പാനലിനെ നിയോഗിക്കണമെന്ന് അന്നത്തെ ഇടതുപക്ഷ സർക്കാരിനോട് അഭ്യർത്ഥിച്ചു.

Also Read: സില്‍വര്‍ലൈന്‍ പദ്ധതി: തുറന്ന ചര്‍ച്ച വേണ്ടത് എന്തുകൊണ്ട്?

2017 ജൂലൈയിൽ ജസ്റ്റിസ് കെ ഹേമ (റിട്ടയേർഡ്) അധ്യക്ഷയായി മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷൻ സർക്കാർ രൂപീകരിച്ചു. ഒരു സിനിമാ വ്യവസായത്തിന്റെ ആന്തരിക പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഇന്ത്യയിൽ ഇത്തരത്തിലുള്ള ഒരു കമ്മീഷൻ രൂപീകരിക്കുന്നത് അത് ആദ്യമായിട്ടായിരുന്നു.

ജസ്റ്റിസ് ഹേമ കമ്മീഷൻ എന്താണ് ചെയ്തത്?

തൊഴിൽ അന്തരീക്ഷത്തിന്റെ ഗുണനിലവാരവും അവർ നിത്യേന അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ സ്വഭാവവും അന്വേഷിക്കാൻ, സ്ത്രീ-പുരുഷ അഭിനേതാക്കൾ, നിർമ്മാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെടെ ചലച്ചിത്ര രംഗത്തുനിന്നുള്ള നിരവധി പേരുമായി ജസ്റ്റിസ് ഹേമ കമ്മീഷൻ അഭിമുഖം നടത്തി. നിരവധി വനിതാ അഭിനേതാക്കൾ അവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കണമെന്ന വ്യവസ്ഥയിൽ സെറ്റിൽ നേരിടേണ്ടി വന്ന പീഡനത്തിന്റെ ഭീകര കഥകൾ കമ്മീഷനോട് വിവരിച്ചതായാണ് റിപ്പോർട്ടുകൾ. ലിംഗാടിസ്ഥാനത്തിലുള്ള വേതന വ്യത്യാസം, സെറ്റിൽ സ്ത്രീകൾക്ക് മതിയായ സൗകര്യങ്ങൾ നൽകാത്ത പ്രശ്നങ്ങൾ, പരാതി പരിഹാരത്തിനുള്ള ശരിയായ ഫോറത്തിന്റെ അഭാവം എന്നിവയും അവർ പരിശോധിച്ചു.

എപ്പോഴാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്?

കമ്മീഷൻ 2019 ഡിസംബർ 31 ന് കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് 300 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിലെ കണ്ടെത്തലുകൾ സാധൂകരിക്കുന്ന വലിയ രേഖകളും സ്ക്രീൻഷോട്ടുകളും ഓഡിയോ ക്ലിപ്പുകളും സഹിതമാണ് ഇത് സമർപ്പിച്ചത്. റിപ്പോർട്ട് പരസ്യമാക്കിയില്ലെങ്കിലും, അവസരങ്ങൾക്ക് പകരമായി അഭിനേതാക്കളോട് ലൈംഗിക ബന്ധത്തിലേർപ്പെടാൻ അടക്കം ആവശ്യപ്പെടുന്ന ‘കാസ്റ്റിംഗ് കൗച്ച്’ സിനിമാ വ്യവസായത്തിനുള്ളിൽ ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന തരത്തിലുള്ള കണ്ടെത്തലുകൾ കമ്മീഷൻ കണ്ടെത്തി. പുരുഷന്മാരും സ്ത്രീകളുമായ അഭിനേതാക്കളിൽ നിന്നുള്ള സാക്ഷ്യപത്രങ്ങൾ ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന തരത്തിൽ ലഭിച്ചു.

Also Read: ഭരണഘടനയിൽ വിശ്വസിച്ച സ്ത്രീയോട് കേരളം ചെയ്യുന്ന ക്രൂരതകൾ

സിനിമാ സെറ്റുകളിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സാന്നിധ്യം വ്യാപകമാണെന്നും കമ്മിഷൻ കണ്ടെത്തി. ഇത്തരം വീഴ്ചകളെല്ലാം അന്വേഷിക്കാൻ ഒരു ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും, പാനൽ സർക്കാരിനെ ഉപദേശിച്ചു. “ഈ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നതിലൂടെ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങളും ഈ രംഗത്തേക്ക് ചുവടുവെക്കാനുള്ള ധൈര്യവും നൽകാമെന്നും ഒപ്പം നമ്മുടെ സമൂഹത്തെ ലിംഗ സമത്വം എന്ന സ്വപ്നത്തിലേക്ക് അടുപ്പിക്കാൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഈ റിപ്പോർട്ട് സമർപ്പിക്കവെ ഡബ്ല്യുസിസി അഭിപ്രായപ്പെട്ടു.

കമ്മീഷൻ റിപ്പോർട്ടിന്റെ സ്ഥിതി എന്താണ്?

ഹേമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കപ്പെട്ട് രണ്ട് വർഷത്തിലേറെയായി നടപടികളില്ലാതെ തുടരുന്നതിനാൽ പിണറായി സർക്കാരിനെതിരെ വിമർശനം ഉയരുന്നതിനിടെയാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് കൂടുതൽ പഠിക്കാൻ ബുധനാഴ്ച മൂന്നംഗ സമിതി രൂപീകരിച്ചത്. റിപ്പോർട്ട് പൊതുസഞ്ചയത്തിൽ പ്രസിദ്ധീകരിക്കുകയോ അതിന്റെ ശുപാർശകൾ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല.

ലൈംഗികാതിക്രമത്തിന്റെ തെളിവുകൾ ഉള്ളതിനാൽ റിപ്പോർട്ടിലെ മുഴുവൻ ഉള്ളടക്കവും പരസ്യപ്പെടുത്തിയിട്ടില്ലെന്ന് കമ്മീഷൻ സർക്കാരിനോട് സൂചിപ്പിച്ചതായി അറിയുന്നു. എന്നാൽ അത്തരം ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ടിലെ കാതലായ കണ്ടെത്തലുകൾ വെളിപ്പെടുത്താൻ ആവശ്യമുയർന്നിരുന്നു. 1952 ലെ കമ്മീഷൻ ഓഫ് എൻക്വയറി ആക്‌ട് പ്രകാരമല്ല കമ്മീഷനെ നിയമിച്ചതെന്നതിനാൽ, റിപ്പോർട്ട് സംസ്ഥാന നിയമസഭയുടെ മുമ്പാകെ വയ്ക്കേണ്ടതില്ല. റിപ്പോർട്ടിലെ ശിപാർശകളിൽ നടപടി വൈകുന്നത് സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ വ്യക്തമായ മറുപടി വന്നിട്ടില്ല.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Justice hema commission and report malayalam film industry

The moderation of comments is automated and not cleared manually by malayalam.indianexpress.com