കേരളാ കോണ്‍ഗ്രസ്-എം ജോസ് കെ. മാണി വിഭാഗം എല്‍ഡിഎഫില്‍ ചേർന്നത് കേരളരാഷ്ട്രീയത്തിലുണ്ടാവുന്ന മാറ്റം എന്താവും ഇനി അറിയാനുള്ളത്. സംസ്ഥാനത്ത് തദ്ദേശഭരണ തിരഞ്ഞെടുപ്പും 2021 ഏപ്രിൽ-മേയ് മാസങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കേയാണ് ജോസ് കെ മാണി വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനം.

എന്തുകൊണ്ടാണ് ജോസ് കെ മാണി യുഡിഎഫ് വിട്ടത്?

2019 ഏപ്രിലിൽ കെ എം മണിയുടെ മരണശേഷം പാർട്ടിക്കുള്ളിൽ ഒരു അധികാര തർക്കം ആരംഭിച്ചു. പാർട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ജോസ് ആഗ്രഹിച്ചു. എന്നാൽ ആ നീക്കത്തെ പാർട്ടിയിലെ മുതിർന്ന നേതാവ് പി ജെ ജോസഫ് എതിർത്തു.

പാർട്ടിക്കകത്തെ തർക്കങ്ങൾ കഴിഞ്ഞ വർഷം സെപ്തംബറിൽ രൂക്ഷമായിരുന്നു. കെഎംമാണിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ സിറ്റിങ് സീറ്റായ പാലയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ സ്ഥാനാർഥി പരാജയപ്പെട്ടതോടെയാണ് സ്ഥിതിഗതികൾ വഷളായത്. 50 വർഷമായി പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്ന സീറ്റാണ് സെപ്റ്റംബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പിന് നഷ്ടപ്പെട്ടത്.

ജോസും ജോസഫും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്നതിനിടെ തന്നെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയും പാർട്ടിയിൽ വിഭാഗീയതയുടെ പുതിയ പ്രശ്നം തുടങ്ങി.

പ്രസിഡന്റ് സ്ഥാനങ്ങൾ തങ്ങളുടെ നോമിനികൾ തമ്മിൽ പങ്കിടണമെന്ന് ജോസും ജോസഫും തമ്മിൽ കരാറുണ്ടായിരുന്നു. അതനുസരിച്ച്, ജോസിന്റെ നോമിനി ഈ വർഷം ആദ്യം ജോസഫിന്റെ നോമിനിക്കു വേണ്ടി മാറിനിൽക്കേണ്ടതാണ്. എന്നാൽ കരാറിനെ മാനിക്കാൻ ജോസ് വിസമ്മതിച്ചു, ഇത് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഈ വിഷയത്തിൽ ഇടപെടുന്നതിലേക്ക് നയിച്ചു. എന്നാൽ ജോസ് വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. ഇത് കോൺഗ്രസിലും അതൃപ്തി സൃഷ്ടിച്ചു.

ഈ സംഭവങ്ങളുടെ തുടർച്ചയായി ഈ വർഷം ജൂണിൽ, ജോസഫുമായുള്ള കരാറിനെ മാനിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ ജോസിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) വിഭാഗത്തെ മുന്നണിയിൽനിന്ന് പുറത്താക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു. അതിനുശേഷം, കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ ജോസഫിന്റെ നോമിനിയെ നിർത്താൻ കോൺഗ്രസ് തീരുമാനിക്കുകയും ചെയ്തിരുന്നു. അന്നുമുതൽ, ജോസ് എൽഡിഎഫുമായി കൂടുതൽ അടുക്കാൻ തുടങ്ങി.

ജോസിന്റെ തീരുമാനം സംസ്ഥാന രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കും?

കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മിക്കവാറും ഡിസംബറിലും നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ-മേയ് മാസങ്ങളിലുമായിരിക്കും നടക്കുക. ഈ തിരഞ്ഞെടുപ്പുകളിൽ ജോസിനും ജോസഫിനും കൃത്യമായി സ്വാധീനം പ്രകടിപ്പിക്കാനാവും. കാരണം ഇരു നേതാക്കൾക്കും ക്രിസ്ത്യൻ വോട്ട്ബാങ്കിനുള്ളിൽ നിന്ന് തങ്ങൾക്കുള്ള പിന്തുണ പ്രകടിപ്പിക്കാൻ ശ്രമിക്കും.

കെ എം മാണിയുടെ പാരമ്പര്യത്തിന്റെ യഥാർത്ഥ അവകാശി എന്ന നിലയിലും തന്റെ അവകാശവാദം സ്ഥാപിക്കാൻ ജോസ് ശ്രമിക്കും. പാർട്ടിയുടെ ഒരു പ്രധാന പങ്ക് അദ്ദേഹത്തിന്റെ വിഭാഗത്തിനൊപ്പമാണ്. മാണിയെ പിന്തുണച്ചിരുന്ന വലിയൊരു വിഭാഗം തനിക്കൊപ്പമുണ്ടോയെന്ന കാര്യം ജോസ് തെളിയിക്കേണ്ടതുണ്ട്.

കേഡറുകൾക്കിടയിൽ ജോസിനേക്കാൾ ജനപ്രീതിയാർജിച്ചത് ജോസഫാണ്.  ജോസ് പുറത്തുപോയതിന്റെ ഭാഗമായി പാർട്ടി പ്രവർത്തകർ എൽഡിഎഫ് ക്യാമ്പിലേക്ക് പോയിട്ടില്ലെന്ന് തെളിയിക്കേണ്ടത് ജോസഫിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.

പരമ്പരാഗതമായി, കെസി (എം) വോട്ടർമാർ കോൺഗ്രസ് അനുകൂലികളാണ്. മധ്യകേരളത്തിലെ പല നിയമസഭാ മണ്ഡലങ്ങളിലും പ്രധാനമായും കോൺഗ്രസ് വോട്ട്ബാങ്കിന്റെ പിന്തുണയോടെയാണ് കെസി (എം) സ്ഥാനാർത്ഥികൾ വിജയിക്കുന്നത്. ജോസ് തന്റെ പക്ഷം മാറ്റുന്നതിനും സിപിഎമ്മുമായി കൈകോർക്കുന്നതിനും വോട്ടർമാർ എത്രത്തോളം അനുകൂലമാണ് എന്ന് ഈ തിരഞ്ഞെടുപ്പുകൾ വെളിപ്പെടുത്തും.

കോട്ടയം, ഇടുക്കി ജില്ലകളിൽ കത്തോലിക്കാ സഭ സ്വീകരിക്കുന്ന നിലപാട് ജോസിന്റെയും ജോസഫിന്റെയും വിധി നിർണയിക്കുന്നതിലും അവരുടെ രാഷ്ട്രീയത്തിലും പ്രധാനമാണ്.

ജോസിന്റെ പ്രവേശനം എൽ‌ഡി‌എഫിനുള്ളിൽ‌ ഏത് തരത്തിലുള്ള പ്രശ്‌നങ്ങൾ‌ക്ക് കാരണമാകും?

എൽ‌ഡി‌എഫിനുള്ളിൽ, ജോസ് വിഭാഗത്തിന്റെ പ്രവേശനം സീറ്റ് പങ്കിടലിൽ പ്രശ്‌നമുണ്ടാക്കും. 50 വർഷമായി പിതാവ് മാണി പ്രതിനിധീകരിച്ചിരുന്ന പാർട്ടിയുടെ പാലാ സീറ്റ് വിട്ടുകൊടുക്കാൻ ജോസ് തയാറാവില്ല. മാണിയുടെ മരണശേഷം 2019 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഘടകകക്ഷിയായ എൻസിപിയുടെ മാണി സി കാപ്പനാണ് പാലാ സീറ്റിൽ വിജയിച്ചത്. എൽ‌ഡി‌എഫിൽ ജോസിന് ഇടം നൽകുന്നതിനായി പാലാ സീറ്റ് വിട്ടുകൊടുക്കാൻ താനും പാർട്ടിയും തയാറല്ലെന്ന് മാണി സി കാപ്പൻ വ്യക്തമാക്കിയിട്ടുണ്ട്.

മാണി സി കാപ്പനുമായി കോൺഗ്രസ് ഇതിനകം ചർച്ചകൾ നടത്തിയതായി സൂചനയുണ്ട്. എൽഡിഎഫിൽ നിന്നുകൊണ്ട് പാല സീറ്റ് ലഭിക്കുക എന്നത് ജോസിന്റെ രാഷ്ട്രീയ ഭാവിക്ക് നിർണയകമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റിൽ മത്സരിക്കാൻ അദ്ദേഹം താൽപ്പര്യപ്പെടുന്നുണ്ട്. ഒപ്പം, അന്തരിച്ച പിതാവിനോടുള്ള വോട്ടർമാരുടെ വൈകാരികത പ്രയോജനപ്പെടുത്താനാവും ജോസ് ശ്രമിക്കുക.

എൽ‌ഡി‌എഫിനുള്ളിലെ പ്രശ്‌നം അവിടെ അവസാനിക്കാൻ സാധ്യതയില്ല. എൽ‌ഡി‌എഫിലെ രണ്ടാമത്തെ മുൻ‌നിര സഖ്യകക്ഷിയായ സി‌പി‌ഐ പൂർണമായും ജോസിന്റെ പ്രവേശനത്തിന് അനുകൂലമല്ല. ജോസിന്റെ പ്രവേശനം എൽഡിഎഫിന് വലിയ നേട്ടമുണ്ടാക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇതിനകം പറഞ്ഞിട്ടുണ്ട്.

യു‌ഡി‌എഫിന്റെ ഭാഗമായി പരമ്പരാഗതമായി മാണി ഗ്രൂപ്പ് നേടിയിരുന്ന നിരവധി സീറ്റുകളിൽ എൽ‌ഡി‌എഫിന്റെ ഭാഗമായി സി‌പി‌ഐയായിരുന്നു മത്സരിച്ചിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ജോസ് പക്ഷം കൂടുതൽ ശക്തമാവുകയാണെങ്കിൽ മുന്നണിയിൽ തങ്ങളുടെ പ്രാധാന്യത്തെ ബാധിക്കുമെന്ന് സിപിഐ ഭയപ്പെടാം.

Read More: Explained: Why has UDF veteran K M Mani’s son Jose decided to switch to the LDF in Kerala?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook